കൊതുക്- കഥ


കൊതുക്

എനിക്ക് നിന്‍റെ ചോര വേണം :

പാതിരാത്രിയിലെപ്പോഴോ കൊതുകിന്‍റെ മൂളല്‍ കാതില്‍ മുഴങ്ങിയപ്പോഴാണ് അയാള്‍ ഉറക്കമുണര്‍ന്നത്. അപ്പോഴേക്കും ഫാനിന്‍റെ കറക്കം നിലച്ചിരുന്നു. കറന്‍റ് പോയെന്ന് ശ്യാമളന് മനസിലായി.

അയാള്‍ക്ക് ചുറ്റും രക്തദാഹികളുടെ ഒരു വന്‍പട തന്നെയുണ്ടായിരുന്നു. കൊതുക് കൂട്ടം കൊച്ചിയുടെ പ്രത്യേകിച്ച് ചേരിപ്രദേശത്തിന്‍റെ മുഖമുദ്രയാണെന്ന് പണ്ടാരോ പറഞ്ഞതാണ് അയാള്‍ക്ക് പെട്ടെന്നോര്‍മ്മ വന്നത്. കോളനിയിലെ അടുത്തടുത്ത വീടുകളില്‍ നിന്ന്‍ കുഞ്ഞുങ്ങളുടെ ഉച്ചത്തിലുള്ള കരച്ചിലും മുതിര്‍ന്നവരുടെ ശാസനകളും കേട്ടു തുടങ്ങി.

എന്നെ ഒന്നും ചെയ്യരുത്. ഞാന്‍ ഒരു പാവം എയ്ഡ്സ് രോഗിയാണ്……….. :

പൊടുന്നനെയാണ് അലക്കുകാരന്‍ ശ്യാമളന്‍റെ ബുദ്ധിയില്‍ അങ്ങനെയൊരു ഉപായം തെളിഞ്ഞത്. പക്ഷേ അത് കേട്ടതും സംഘത്തലവന്‍ പൊട്ടിച്ചിരിച്ചു.

നിന്‍റെ അടവൊന്നും ഞങ്ങളോടു വേണ്ട. ഇന്ന്‍ ഇതും കൂട്ടി ആറാമത്തെ ആളാണ് എയ്ഡ്സാണെന്നും പറഞ്ഞ് ഞങ്ങളുടെ കയ്യില്‍ നിന്ന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. ഇതെന്താ എയ്ഡ്സ് രോഗികളുടെ നാടോ ? ഉം. അറ്റാക്ക്…………………… :

നേതാവ് കല്‍പ്പിച്ചതും  ചെങ്കിസ്ഖാന്‍റെ പടയാളികളെ പോലെ കൊതുക് പട അയാളെ വളഞ്ഞു.

ഒരു നിമിഷം നിക്കണേ. ഞാനൊരു രാഷ്ട്രീയക്കാരനാണ്. നിങ്ങളെല്ലാവരും കൂടി ഒറ്റയടിക്ക് രക്തമൂറ്റി കുടിച്ചാല്‍ നാളത്തെ എന്‍റെ പരിപാടിയെല്ലാം മുടങ്ങും. നിങ്ങളീ കുപ്പായം കണ്ടോ ? നാളെ പ്രചരണത്തിന് പോകാനായി എടുത്തു വച്ചിരിക്കുന്നതാണ്. അതുകൊണ്ട് കുറച്ചു പേര്‍ മാത്രം ഇന്ന്‍ കുടിച്ച് ബാക്കിയുള്ളവര്‍ നാളെ വന്നാല്‍ ഉപകാരമായിരിക്കും. :

പുറകിലെ അയയില്‍ തൂക്കിയിട്ടിരിക്കുന്ന ഖദര്‍ കുപ്പായത്തെ നോക്കി ശ്യാമളന്‍ ഭവ്യതയോടെ അപേക്ഷിച്ചു.

മറുപടിയായി അയാളെയും ഖദര്‍ കുപ്പായത്തെയും തലവന്‍ മാറി മാറി നോക്കി. അതിന്‍റെ കണ്ണുകളില്‍ രോഷം തിളച്ചു.

നാശം. രാഷ്ട്രീയക്കാരനായതുകൊണ്ട് ഇവന്‍റെ ഞരമ്പുകളില്‍ അപ്പടി വിഷമായിരിക്കും. ആള്‍ക്കാരെ പറ്റിച്ചും വെട്ടിച്ചുമല്ലേ ജീവിതം ? ഇവന്‍റെ ചോര കുടിച്ചാല്‍ നമ്മള്‍ കൂടി ചീത്തയാകും. വരിനെടാ, നമുക്ക് അപ്പുറത്തെ കാന്‍സര്‍ ആശുപത്രിയിലേക്ക് പോകാം………………. അവിടെ നമുക്ക് കുടിച്ച് ആര്‍മാദിക്കാം…………………. :

നേതാവ് പറഞ്ഞു തീര്‍ന്നതും കൊതുക് കൂട്ടം ആവേശത്തോടെ അടുത്ത ലക്ഷ്യത്തിലേക്ക് മാര്‍ച്ച്പാസ്റ്റ് ചെയ്തു.

വാര്‍ഡ് മെമ്പര്‍ പുഷ്കരന്‍ വൈകുന്നേരം അലക്കാനായി തന്ന അയാളുടെ ഖദര്‍ കുപ്പായത്തിന് നന്ദി പറഞ്ഞുകൊണ്ട് ഒരു ഗൂഢസ്മിതത്തോടെ ശ്യാമളന്‍ വീണ്ടും കട്ടിലിലേക്ക് മറിഞ്ഞു. ഒരു വലിയ അപകടത്തില്‍ നിന്ന്‍ രക്ഷിച്ചതുകൊണ്ട് ഇത്തവണ വോട്ട് പുഷ്കരന്‍റെ പാര്‍ട്ടിക്കു തന്നെയെന്ന് അയാള്‍ മനസിലുറപ്പിച്ചു.

The End

About The Author