ഇന്‍ഷുറന്‍സ്

ഇന്‍ഷുറന്‍സ് 1

പ്രഭാത സവാരിക്കിടയിലാണ് ദൈവം ആ വൃദ്ധനെ ആദ്യമായി കണ്ടത്. മാര്‍ക്കറ്റില്‍ നിന്ന്‍ എന്നും ഒരു ലോഡ് സാധനങ്ങള്‍ വാങ്ങിവരുന്ന അയാളെ കണ്ടപ്പോള്‍ അദ്ദേഹത്തിന് ആദ്യം സഹതാപമാണ് തോന്നിയത്. ആ കൂടിക്കാഴ്ച പതിവായപ്പോള്‍ പരിചയഭാവത്തില്‍ അയാള്‍ ചിരിക്കാന്‍ തുടങ്ങി.

പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ വൃദ്ധനെ കാണാതായി. അന്വേഷിച്ചിറങ്ങിയ ദൈവം ഒരു സെമിത്തേരിയില്‍ അയാളെ കണ്ടെത്തി. ദൈവത്തിന്‍റെ കാരുണ്യം കൊണ്ട് ജീവന്‍ മടക്കികിട്ടിയ അയാള്‍ നിറഞ്ഞ സന്തോഷത്തോടെ മക്കളെയും കൊച്ചുമക്കളെയും കാണാനായി ഓടിപ്പോയി.

രണ്ടു ദിവസം കഴിഞ്ഞുള്ള ഒരു വൈകുന്നേരം കാറ്റ് കൊള്ളാനായി കടപ്പുറത്തിരിക്കുമ്പോള്‍ ദൈവം ദൂരെ നിന്ന്‍ നടന്നു വരുന്ന വൃദ്ധനെ കണ്ടു. അപ്പോഴും ഒരു ലോഡ് സാധനങ്ങള്‍ അയാള്‍ കയ്യിലെ സഞ്ചികളില്‍ തൂക്കിപ്പിടിച്ചിരുന്നു. ദൈവത്തെ കണ്ട മാത്രയില്‍ അയാള്‍ കരഞ്ഞുകൊണ്ട് ആ കാല്‍ക്കല്‍ വീണു.

എനിക്കീ ജീവിതം വേണ്ട. എന്‍റെ വീട്ടുകാര്‍ക്ക് ഒരു അച്ഛനെയോ അപ്പൂപ്പനെയോ അല്ല വേണ്ടത്, മറിച്ച് ഒരു വീട്ടുവേലക്കാരനെയാണ്. അതുകൊണ്ട് ദയവ് ചെയ്ത് ഈ ജീവന്‍ അങ്ങ് തിരിച്ചെടുക്കണം. : അയാള്‍ പറഞ്ഞു.

മരിച്ച് ജീവിച്ച് വന്നപ്പോൾ പ്രതീക്ഷിച്ച സ്വീകരണമല്ല വൃദ്ധന് വീട്ടിൽ ലഭിച്ചത്. ഒഴിഞ്ഞുപോയ ഭാരം വീണ്ടും വന്നത് പോലെയാണ് എല്ലാവരും അയാളെ കണ്ടത്. അതോടെ കഷ്ടപ്പെട്ട് പണിത വീട്ടിലും ലാളിച്ച് വളർത്തിയ മക്കൾക്കിടയിലും അയാൾ ഒറ്റപ്പെട്ടു.

ദൈവത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞു. പക്ഷേ അദ്ദേഹം നിസ്സഹായനായിരുന്നു.

ക്ഷമിക്കണം. ഒരിക്കല്‍ മടക്കി നല്‍കിയ ജീവന്‍ തിരിച്ചെടുക്കാന്‍ എനിക്ക് സാധിക്കില്ല. താങ്കള്‍ക്ക് ഇനിയും രണ്ടര വര്‍ഷവും മൂന്നു മാസവും പതിന്നാല് ദിവസവും അഞ്ച് മണിക്കൂറും ഇരുപത്തെട്ട് മിനിറ്റും ഒമ്പത് സെക്കന്‍റും പത്ത് മില്ലി സെക്കന്‍റും ആയുസ്സ് ബാക്കിയുണ്ട്. അത്ര നാള്‍ കൂടി താങ്കള്‍ ജീവിക്കണം. : മൃദുവും എന്നാല്‍ ഗാംഭീര്യവുമായ സ്വരത്തില്‍ ദൈവം പറഞ്ഞപ്പോള്‍ അയാള്‍ വാവിട്ടു കരഞ്ഞു. ദൈവത്തിൻറെ ആശ്വാസവാക്കുകളൊന്നും അയാളെ ശാന്തനാക്കിയില്ല.

പോകുന്ന വഴിക്ക് തോപ്പുംപടി പാലത്തിനടുത്ത് വച്ച് അയാളെ ഒരു കാറിടിച്ചു വീഴ്ത്തി. ആരുടേയും സഹായത്തിന് കാത്തു നില്‍ക്കാതെ അയാള്‍ അവിടെ കിടന്നു തന്നെ അന്ത്യശ്വാസം വലിച്ചു.

വിവരം അറിഞ്ഞ മാത്രയില്‍ വൃദ്ധന്‍റെ ബന്ധുക്കള്‍ ആര്‍ത്തലച്ച് ഓടിയെത്തി. ഏവരുടെയും കണ്ണ്‍ നനയിപ്പിച്ചുകൊണ്ട് അവര്‍ അയാളുടെ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

കാരണം……………………..

ആക്സിഡന്റ് ഇന്‍ഷുറന്‍സ്………………….

The End

Leave a Comment

Your email address will not be published. Required fields are marked *