ഗര്‍ഭിണി

ഗര്‍ഭിണി 1

താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡിന് പുറത്തുള്ള വരാന്തയില്‍ കിടന്ന യുവതി ഏറെ നേരമായി വേദന കൊണ്ട് പുളയുന്നത് അകത്ത് മകളുടെ പ്രസവമെടുക്കാനായി വന്ന അന്നമ്മ ചേട്ടത്തി ശ്രദ്ധിച്ചു.

യുവതിയുടെ കൂടെ വേറെ ആരും ഉണ്ടായിരുന്നില്ല. കാഴ്ചയില്‍ മാസം തികഞ്ഞതായി തോന്നിയതുമില്ല. പക്ഷേ അവരുടെ നിലവിളി അസഹ്യമായപ്പോള്‍ ചേട്ടത്തി അടുത്തേക്ക് ചെന്നു.

ഇത് എത്രയാ മാസം ? : വല്ല്യമ്മയുടെ ലോഹ്യം കേട്ടപ്പോള്‍ യുവതി മുഖം ചരിച്ച് അവരെ നോക്കി.

രണ്ടാഴ്ച ആയതെയുള്ളൂ……………… : യുവതിയുടെ മറുപടി അന്നമ്മ ചേട്ടത്തിയെ അത്ഭുതപ്പെടുത്തി. കാഴ്ചയില്‍ അതിനപ്പുറം പറയില്ല. പക്ഷേ ഈ വേദനയും നിലവിളിയും……………………..

ങേ രണ്ടാഴ്ചയോ ? എവിടെ കേട്ട്യോനും മറ്റുള്ളവരുമൊക്കെ ? ആരും കൂടെ വന്നില്ലേ ? അതോ പെട്ടെന്നാണോ വേദന തുടങ്ങിയത് ?: ഞെട്ടനിലിനിടയിലും ചേട്ടത്തി വിശേഷങ്ങള്‍ തിരക്കാന്‍ ശ്രമിച്ചു. പ്രണയ വിവാഹത്തിന്‍റെയും ഒളിച്ചോട്ടത്തിന്‍റെയും കഥയാവും യുവതിക്ക് പറയാനുണ്ടാവുക എന്ന്‍ സ്വാഭാവികമായും അവര്‍ സംശയിച്ചു.

എന്‍റെ കല്യാണമൊന്നും കഴിഞ്ഞിട്ടില്ല…………………… : ദേഷ്യത്തോടെ യുവതി ചീറി.

സ്തബ്ധയായ അന്നമ്മ ചേട്ടത്തി രണ്ടു ചുവട് പുറകോട്ടു മാറി.

Read  അവള്‍

ചേട്ടത്തിയേ, അവര് നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല. ഇത് കേസ് വേറെയാ…………. : അടുത്ത മുറിയിലെ പേഷ്യന്‍റിന് ഡ്രിപ്പിടാന്‍ പോകുന്നതിനിടയില്‍ ഡ്യൂട്ടി നഴ്സ് കോഴഞ്ചേരിക്കാരി സെലീന വിളിച്ചു പറഞ്ഞു.

അവര് ഗള്‍ഫില്‍ നിന്നു വരുന്ന വഴിക്ക് കടത്താനായി കുറച്ചു സ്വര്‍ണ്ണം വിഴുങ്ങി. ഒരു അറുന്നൂറു ഗ്രാം. ക്യാപ്സൂള്‍ പരുവത്തിലാക്കിയിട്ട്. പക്ഷേ രണ്ടാഴ്ചയായിട്ടും അത് പുറത്തേക്ക് വന്നിട്ടില്ല. അതിന്‍റെ വെപ്രാളമാ ഈ കാണിക്കുന്നത്. അല്ലാതെ നിങ്ങള്‍ ഉദേശിക്കുന്ന പോലെ ഗര്‍ഭമൊന്നുമല്ല. വയറിളകാനുള്ള മരുന്ന്‍ കുറച്ചു മുമ്പ് കൊടുത്തിട്ടുണ്ട്. ശരിയാകുന്നില്ലെങ്കില്‍ സര്‍ജറി ചെയ്യേണ്ടി വരും……………. : ചേട്ടത്തിയെ മാറ്റി നിര്‍ത്തി നഴ്സ് പതുക്കെ പറഞ്ഞു. അമ്പട ഭാവത്തില്‍ അന്നമ്മ ചേട്ടത്തി മൂക്കത്ത് വിരല്‍ വച്ചു. ന്യൂ ജനറേഷന്‍ ഗര്‍ഭിണിയെ ഒരു കൌതുക വസ്തുവിനെപ്പോലെ ഇമ വെട്ടാതെ അവര്‍ നോക്കിനിന്നു.

ദാണ്ടെ കണ്ടില്ലേ, രണ്ടു വനിതാ പോലീസുകാര് നില്‍ക്കുന്നത് ? ഇത് പുറത്തെടുത്തിട്ട് വേണം അവര്‍ക്ക് കേസ് ചാര്‍ജ് ചെയ്യാന്‍……………. : കുറച്ചു മാറി അക്ഷമയോടെ യുവതിക്ക് കാവല്‍ നില്‍ക്കുന്ന രണ്ടു വനിതാ കോണ്‍സ്റ്റബിള്‍മാരെ കാട്ടി സെലീന ചെറുചിരിയോടെ പറഞ്ഞു.

പോലീസുകാരുടെ കാര്യം ഓര്‍ത്തിട്ടോ എന്തോ യുവതിയുടെ വിളി പെട്ടെന്ന് ഉച്ചസ്ഥായിയിലായി.

അയ്യോ, അമ്മേ എന്നെ രക്ഷിക്കണേ……………. ഞാന്‍ ഇപ്പോ ചത്തു പോകുമേ………………

The End

About The Author

Leave a Comment

Your email address will not be published. Required fields are marked *