ചില തുണ്ട് കഥകള്‍ – ഭാഗം മൂന്ന്

ചില തുണ്ട് കഥകള്‍ - ഭാഗം മൂന്ന് 1

ചൊവ്വാ മനുഷ്യന്‍

നീ എന്‍റെ ഈ പുതിയ തോക്ക് കണ്ടോ ? ജയിംസ് ബോണ്ട് സിനിമകളില്‍ കാണുന്ന തരം ലേറ്റസ്റ്റ് സയന്‍റിഫിക് വെപ്പണാണ്. ഞാനല്ലാതെ ആര് ഉപയോഗിച്ചാലും ഇത് സ്വയം വെടിവയ്ക്കും. അതിനായി എന്‍റെ ഫിംഗര്‍പ്രിന്‍റ് ഇതില്‍ ലോഡ് ചെയ്തിട്ടുണ്ട്. ഇതുപോലൊന്ന് ഈ ലോകത്ത് വേറെ ആര്‍ക്കുമില്ല. ഇനി ഞാന്‍ തന്നെ ഈ ലോകം ഭരിക്കും. ഹ ഹ ഹ : അയാള്‍ അട്ടഹസിച്ചു.

അയാളുടെ പൊട്ടിച്ചിരി ചൊവ്വയില്‍ മാറ്റൊലി മുഴക്കി. പ്രശാന്ത സുന്ദരമായ ഭൂമി വിട്ട് അന്യ ഗ്രഹത്തില്‍ കുടിയേറിയത് അബദ്ധമായെന്ന് സഹജീവികള്‍ക്ക് തോന്നി. ഇങ്ങനെയൊരു പ്രതിസന്ധി ആരും സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല.

പുതിയ ലോകത്തേക്ക് ഒളിച്ചു കടത്തിയ തോക്കിന്‍റെ പേരില്‍ ചെറുപ്പക്കാരന്‍ അവിടെ ഒരുപാട് അഹങ്കരിച്ചു, അതിക്രമങ്ങള്‍ കാട്ടിക്കൂട്ടി. എതിര്‍ക്കാന്‍ കത്തി പോയിട്ട് ഒരു ഇരുമ്പ് കഷണം പോലും കയ്യിലില്ലാത്ത മറ്റുള്ളവര്‍ എല്ലാം സഹിച്ചു, തങ്ങളുടെ നിസ്സഹായവസ്ഥയില്‍ കണ്ണീരൊഴുക്കി. പ്രതിഷേധിച്ച ചിലരെ അയാള്‍ വെടിവച്ചു കൊന്നതോടെ ബാക്കി വന്നവര്‍ എല്ലാ അര്‍ഥത്തിലും അയാളുടെ അടിമകളായി മാറി.

ചെറുപ്പക്കാരന്‍റെ വഴിവിട്ട പോക്കില്‍ വേദനിച്ച ഒരാള്‍ അയാളുടെ കൂടെ തന്നെയുണ്ടായിരുന്നു. അത് മറ്റാരുമായിരുന്നില്ല, അയാളുടെ നിഴല്‍ തന്നെയായിരുന്നു.

ഇനി ഒട്ടും വൈകണ്ട. നാളെ എന്‍റെ കിരീടധാരണമാണ്. മുസ്സോളിനിയെപ്പോലെ ഹിറ്റ്ലറെ പോലെ ഞാന്‍ നിങ്ങളെ അടിച്ചമര്‍ത്തി ഭരിക്കും : ഒരു വൈകുന്നേരം അയാള്‍ തന്‍റെ പ്രജകളോട് പറഞ്ഞു.

ആ വിടുവായത്തം സഹിക്കാനാവാതെ സ്വന്തം നിഴല്‍ മുന്നോട്ടുവന്ന് അയാള്‍ക്കുനേരെ നിറയൊഴിച്ചു. അടുത്ത നിമിഷം ചെറുപ്പക്കാരന്‍ മരിച്ചു നിലം പതിച്ചു.

The End

Read  എഡ്വേര്‍ഡ് സ്നോഡനും കേളുണ്ണി നായരും തമ്മിലെന്ത് ?


 അന്വേഷണം

ആലപ്പുഴ ചെറിയനാട് നിന്ന്‍ ചെന്നെയിലേക്ക്,

അവിടെ നിന്ന്‍ ഭൂട്ടാനിലെ നാല്‍ബാരിയിലേക്ക്,

തിരിച്ച് ബോംബെ വഴി ഗോവ ചുറ്റി കേരളത്തിലേക്ക്………….

നാടിനെ നടുക്കിയ അറുംകൊലക്കു പിന്നിലെ കുറ്റവാളിയെ തേടിയുള്ള പോലീസിന്‍റെ യാത്രകള്‍ കാലദേശങ്ങള്‍ കടന്ന്‍ മുന്നേറി. പ്രതി ചെല്ലാന്‍ ഇടയുണ്ടെന്ന് സംശയിക്കുന്ന സ്ഥലത്തെല്ലാം അന്വേഷക സംഘം പറന്നു ചെന്നെങ്കിലും അയാളുടെ പൊടി പോലും കിട്ടിയില്ല. കാരണം അപ്പോഴെല്ലാം പീരുമേടിനടുത്തുള്ള സുഹൃത്തിന്‍റെ തേയിലത്തോട്ടത്തിലെ ഒരു ഒറ്റമുറി വീട്ടില്‍ അയാള്‍ വിശ്രമത്തിലായിരുന്നു.

കാലം കടന്നു പോയപ്പോള്‍ അയാള്‍ താവളം ആന്ധ്ര പ്രദേശിലെ കടപ്പക്കടുത്തുള്ള ഒരു കുഗ്രാമത്തിലേക്ക് മാറ്റി. അവിടെ വച്ച് തിരിച്ചറിയാനാവാത്ത ഏതോ അസുഖം ബാധിച്ച് ഒരുനാള്‍ മരണപ്പെടുകയും ചെയ്തു.എന്നാല്‍ ഇതൊന്നുമറിയാത്ത പാവം കേരള പോലീസ് കുറ്റവാളിയെ തേടിയുള്ള തങ്ങളുടെ യാത്ര അനുസ്യൂതം തുടര്‍ന്നു കൊണ്ടേയിരുന്നു.

ഒരു ദിവസം.

ക്രൈം ബ്രാഞ്ച് എസ്പി തന്‍റെ നേരെ നീട്ടിയ ഫയലിലെ വാചകങ്ങളിലൂടെ മേലധികാരി രണ്ടു വട്ടം കണ്ണോടിച്ചു. എന്നിട്ട് മുഖമുയര്‍ത്തി അദ്ദേഹത്തോട് ചോദിച്ചു. :

ആര്‍ യു ഷുവര്‍ ?

യെസ് സര്‍. ആള്‍മോസ്റ്റ്. കിട്ടിയ വിവരങ്ങളും സാക്ഷിമൊഴികളും വച്ച് നോക്കുമ്പോള്‍ അത് കുറുപ്പ് തന്നെയാകാനാണ് സാധ്യത. മലേഷ്യയിലെ പെനാങ്ങിനടുത്തുള്ള ഒരു ലേബര്‍ ക്യാമ്പിലാണ് അയാളെ കണ്ടതായി വിവരം ലഭിച്ചിരിക്കുന്നത്. എത്രയും വേഗം ചെന്നാല്‍ ആ കൊടും കുറ്റവാളിയെ കയ്യോടെ പൊക്കാം. : എസ്പി ജേക്കബ് കോശി ആവേശത്തോടെ പറഞ്ഞു.

എങ്കില്‍ വൈകണ്ട. ഫണ്ടിന്‍റെ കാര്യം ഞാന്‍ എത്രയും പെട്ടെന്ന് ശരിയാക്കാം. മന്ത്രി വഴി മലേഷ്യന്‍ സര്‍ക്കാരിനെ ഞാന്‍ ഇന്നുതന്നെ ബന്ധപ്പെടുന്നുണ്ട്.നിങ്ങള്‍ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കോളൂ : ഫയല്‍ മടക്കിക്കൊണ്ട് മേലാളന്‍ ഉരുവിട്ടു.

കോശിയുടെ നേതൃത്വത്തിലുള്ള ഉന്നതതല ക്രൈം ബ്രാഞ്ച് സംഘം അടുത്ത ദിവസത്തെ എയര്‍ ഏഷ്യ വിമാനത്തില്‍ മലേഷ്യയിലേക്ക് പുറപ്പെട്ടു. കുറുപ്പിന്‍റെ ശ്രാദ്ധമുണ്ട ബാലികാക്കകള്‍ പോകുന്ന വഴിക്ക് ഭാരതപ്പുഴയുടെ തീരത്തു വച്ച് അവരെ നോക്കി കളിയാക്കി ചിരിച്ചെങ്കിലും സമയത്ത് ഫ്ലൈറ്റ് പിടിക്കാനുള്ള തത്രപ്പാടിലായിരുന്ന സംഘം കണ്ടകങ്ങളെ കണ്ടഭാവം കാണിച്ചില്ല.

The End

ആദ്യ പേജിലേക്ക് മടങ്ങാം

Leave a Comment

Your email address will not be published. Required fields are marked *