ചില തുണ്ട് കഥകള്‍ – ഭാഗം മൂന്ന്

ചില തുണ്ട് കഥകള്‍ - ഭാഗം മൂന്ന് 1

കൊലയാളി

അയാള്‍ക്ക് വഴിയില്‍ നിന്ന്‍ ഒരു കണ്ണ് കളഞ്ഞുകിട്ടി.

എന്നെ ഒരാള്‍ കൊലപ്പെടുത്തിയതാണ്. അയാളെ കണ്ടാല്‍ എനിക്കറിയാം…………… :

കണ്ണ് പറഞ്ഞപ്പോള്‍ അയാള്‍ ഭയന്നുപോയി.

കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് ഒരു മൂക്ക് കളഞ്ഞുകിട്ടി.

കണ്ണ്‍ പറഞ്ഞത് സത്യമാണ്. അയാളെ മണം പിടിച്ച് കണ്ടുപിടിക്കാന്‍ എനിക്കു പറ്റും. ഞങ്ങളെ വേഗം പോലീസിന്‍റെ അടുത്തെത്തിക്കൂ : മൂക്ക് കൂടി പറഞ്ഞപ്പോള്‍ അയാള്‍ക്ക് വിശ്വാസമായി.

ആരോ നടത്തിയ ക്രൂരമായ കൊലപാതകം. സത്യം വെളിച്ചത്ത് വരണം. അയാള്‍ അവരെയും കൊണ്ട് അടുത്തുള്ള സ്റ്റേഷനിലേക്ക് നടന്നു. പോകുന്ന വഴിക്ക് അയാള്‍ക്ക് ഒരു ചെവി കൂടി കളഞ്ഞു കിട്ടി.

എനിക്ക് അയാളുടെ ശബ്ദം കേട്ടാല്‍ അറിയാം. : ചെവി പറഞ്ഞു.

ശരി : അയാള്‍ വേഗം സ്റ്റേഷനിലെത്തി.

സര്‍. ക്രൂരമായ കൊലപാതകം. ഇതാ തെളിവുകള്‍ : അയാള്‍ മൂവരെയുമെടുത്ത് മേശപ്പുറത്ത് വച്ചു.

പോലീസുകാര്‍ ആ കാഴ്ച കണ്ട് വിറച്ചുപോയി. പക്ഷേ നിര്‍ഭാഗ്യവശാല്‍ മൂവരും അതിനകം മരിച്ചുപോയിരുന്നു.

റാസ്ക്കല്‍. ഒരാളെ തുണ്ടം തുണ്ടമാക്കി കൊന്നിട്ട് സ്റ്റേഷനില്‍ വന്ന്‍ ഷൈന്‍ ചെയ്യുന്നോടാ ? : എസ്ഐ അയാളുടെ കൂമ്പിനിട്ടിടിച്ചു.

തുടര്‍ന്നു പോലീസുകാരെല്ലാം ചേര്‍ന്ന് ചവിട്ടിക്കൂട്ടി..

അവസാനം കൊലക്കുറ്റം ചുമത്തി ജയിലിലുമാക്കി.

The End


 

രാഷ്ട്രീയം

നേതാവ് പറഞ്ഞു :

സമരം ചെയ്യൂ………

അണികള്‍ സമരം ചെയ്തു.

നേതാവ് ആക്രോശിച്ചു :

കല്ലെറിയൂ………..

അണികള്‍ കല്ലെറിഞ്ഞു.

അവന്‍ നമ്മുടെ ശത്രു. അവനെ വകവരുത്തൂ…….. :

നേതാവ് ആഹ്വാനം ചെയ്തു.

അണികള്‍ അവനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി.

അധികം താമസിയാതെ അവര്‍ ഓരോരുത്തരേയും പോലീസ് കൊലപാതകകുറ്റത്തിന് അറസ്റ്റ് ചെയ്തു.

അപ്പോള്‍ നേതാവ് പറഞ്ഞു :

അവര്‍ കൊടും ക്രിമിനലുകള്‍. പാര്‍ട്ടി അവരെ അറിയുക പോലുമില്ല. നിയമം അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കട്ടെ.

അണികള്‍ അന്തം വിട്ടു. അതാണ് രാഷ്ട്രീയം.

The End 

അടുത്ത പേജിലേക്ക് പോകാം

About The Author