കേജ്രിവാള്‍
പിണറായിയെ നിനക്ക് ഇഷ്ടമാണോ ? :
പൂമുഖത്ത് പുതുതായി കണ്ട വീട്ടുകാരിയോട് അഭിമുഖകാരന്‍ ചോദിച്ചു.
അല്ല :
അവള്‍ പറഞ്ഞു.
വിഎസിനെ ? :
അയാളുടെ ചോദ്യം കേട്ട് അവള്‍ മുഖം തിരിച്ചു.
അല്ലേയല്ല…………
ഓ അപ്പോ നീ ആന്‍റണിയുടെ ആളാണല്ലേ ? :
ആ ചോദ്യം അവളെ ദേഷ്യം പിടിപ്പിച്ചെന്നു തോന്നി.
ഹും. അങ്ങേരാ പണ്ടെന്നെ അപമാനിച്ചത് :
അവള്‍ സ്വരം സ്വല്‍പം കടുപ്പിച്ചു പറഞ്ഞു.
പിന്നെ നിനക്കാരെയാ ഇഷ്ടം ?:
ആദ്യമായി അപ്പോള്‍ അവളൊന്നു ചിരിച്ചു.
കേജ്രിവാളിനെ………..
അതെന്താ ?
അടുക്കളയുടെ പിന്നാമ്പുറത്ത് എല്ലാവരാലും അവഗണിക്കപ്പെട്ടു കിടന്ന എന്നെ ഇപ്പോ ഈ പൂമുഖത്ത് കൊണ്ടുവന്ന് പ്രതിഷ്ഠിച്ചത് അങ്ങേരല്ലേ ? അതുകൊണ്ട് കേജ്രിവാള്‍ തന്നെ എന്‍റെ നേതാവ് :
വീട്ടുകാരിയുടെ ഭാവത്തില്‍ ആസനസ്ഥയായിരുന്ന കുറ്റിച്ചൂല്‍ ആവേശത്തോടെ പറഞ്ഞു.
The End
എക്സ്ചേഞ്ച് മേള
മൊബൈല്‍ എക്സ്ചേഞ്ച് ചെയ്യാനാണ് അയാള്‍ ആ കടയില്‍ കയറിയത്. പക്ഷേ അഞ്ചടി പൊക്കമുള്ള പച്ച ഷിഫോണ്‍ സാരി ധരിച്ച മോഡലില്‍ അയാളുടെ മനസുടക്കി. അതോടെ വീട്ടിലുള്ള തന്‍റെ പഴയ കോലം കെട്ട മോഡല്‍ ഒഴിവാക്കാന്‍ അയാള്‍ തീരുമാനിച്ചു.
രണ്ടു വട്ടം സര്‍വീസ് ചെയ്ത അഥവാ പ്രസവിച്ച മെയ്ഡ് ഇന്‍ കുന്നംകുളത്തിന് റീസെയില്‍ വാല്യു ഒന്നും കിട്ടില്ലെന്ന് അറിയാവുന്നത് കൊണ്ട് പാതിരാത്രിയുടെ മറവില്‍ പുഴയില്‍ തള്ളി അയാള്‍ അതിന്‍റെ ശല്യം തീര്‍ത്തു. അതോടെ അയാളുടെ ശനിദശ തുടങ്ങി.
പോലീസ് അയാളുടെ വീട്ടിലെ നിത്യ സന്ദര്‍ശകരായി. വിശ്വസിച്ച് കൂടെവന്ന മോഡലിനെ യഥാര്‍ത്ഥ നിര്‍മ്മാതാക്കളെ ഏല്‍പ്പിക്കുന്നതിന് പകരം പുഴയില്‍ തള്ളിയ കുറ്റത്തിന് കോടതി അയാളെ ജീവപര്യന്തം ശിക്ഷിച്ചു. ഈ തക്കത്തിന് പച്ച ഷിഫോണ്‍ സാരി സ്ത്രീധനമെന്ന പേരില്‍ മുപ്പത് വെള്ളിക്കാശിന് വിലക്കെടുത്ത പുതിയ ഏതോ ഡോബര്‍മാന്‍റെ കൂടെ പോകുകയും ചെയ്തു.
ഇന്ന്‍ പൂജപ്പുരയിലെ ഇരുണ്ട അകത്തളങ്ങളില്‍ കഴിയുന്ന അയാളും ഒരു മോഡലാണ്. ഒരാളുടെ ജീവിതം എങ്ങനെയാകരുത് എന്നതിന്‍റെ മോഡല്‍.
അയാള്‍ പക്ഷേ എല്ലാത്തിനും കൂട്ടം പറയുന്നത് എക്സ്ചേഞ്ച് മേളകളെയാണ്. പഴയത് മാറ്റി പുതിയവ വാങ്ങാന്‍ ശ്രമിക്കരുതെന്ന് ഇടക്കിടെ അയാള്‍ സഹതടവുകാരെ ഓര്‍മിപ്പിക്കും. ഒരു എക്സ്ചേഞ്ച് മേള മാറ്റിമറിച്ച ജീവിതം !
The End
തിരക്ക്
പ്രായമായ അച്ഛനെയും അമ്മയെയും കൊണ്ടാണ് അയാള്‍ ആദ്യമായി ആ വൃദ്ധസദനത്തില്‍ വന്നത്.
അയാള്‍ക്കും ഭാര്യക്കും ഡല്‍ഹിയില്‍ മുന്തിയ ജോലി. യുകെയില്‍ പഠിക്കുന്ന മക്കള്‍.
ജോലിത്തിരക്കുകള്‍ക്കിടയില്‍ അയാള്‍ക്ക് പിന്നീട് അങ്ങോട്ട് വരാന്‍ സാധിച്ചില്ല. അച്ഛന്‍ മരിക്കുമ്പോള്‍ അയാള്‍ ഹിമാലയത്തില്‍ ഒരു യാത്രയിലായിരുന്നു. മകനെ കാണണമെന്ന്‍ പിന്നീട് അമ്മ അവസാന ആഗ്രഹം പറഞ്ഞപ്പോള്‍ അയാള്‍ മൊബൈല്‍ ഫോണില്‍ കൂടി അമ്മയെ ആശ്വസിപ്പിച്ചു. പക്ഷേ സംസ്കാര സമയത്ത് നാട്ടിലെത്താന്‍ അഹമ്മദാബാദിലെ തിരക്കുകള്‍ അയാളെ അനുവദിച്ചില്ല.
പിന്നേയും ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നഗരത്തിന്‍റെ ഒച്ചയനക്കത്തില്‍ നിന്നു മാറി നില്‍ക്കുന്ന ആ സദനത്തിലേക്ക് അയാളും കുടുംബവുമെത്തിയത്. അപ്പോഴേക്കും അയാളുടെ തിരക്കൊഴിഞ്ഞിരുന്നു. അതുകൊണ്ടാവണം, മടങ്ങി പോയവരുടെ കൂട്ടത്തില്‍ അയാള്‍ മാത്രമുണ്ടായിരുന്നില്ല.