ചില തുണ്ട് കഥകള്‍

ചില തുണ്ട് കഥകള്‍ 1

ഒരു ന്യൂ ജനറേഷന്‍ പ്രണയം

മിസ്സ്ഡ് കാളിലാണ് തുടങ്ങിയത്.

ഫെയ്സ്ബുക്കില്‍ കൂടി അത് വളര്‍ന്നു.

ട്വിറ്റര്‍ അവരുടെ ബന്ധം കൂടുതല്‍ ദൃഡമാക്കി.

വാട്ട്സ് ആപ്പ് ആ പ്രണയത്തെ കയ്യും മെയ്യും മറന്ന്‍ പ്രോല്‍സാഹിപ്പിച്ചു.

ഇടക്ക് തങ്ങളെ ആരൊക്കെയോ യൂട്യൂബില്‍ കണ്ടെന്ന് പറഞ്ഞെങ്കിലും അവളത് കാര്യമാക്കിയില്ല.

പിന്നീട് മറുവശത്തു നിന്ന്‍ പതിവായി ‘നോട്ട് റീച്ചബിള്‍’ വന്നപ്പോള്‍ അവള്‍ ടെന്‍ഷനടിച്ചു, കരഞ്ഞു. ഗൂഗിളില്‍ ഒരുപാട് പരതിയെങ്കിലും മാപ്പിലില്ലാത്തിടത്തേക്കാണ് അവന്‍ പലായനം ചെയ്തതെന്ന് മറുപടി കിട്ടി.

ഇപ്പോള്‍ അവള്‍ ഗര്‍ഭിണിയാണ്. പിറന്നു വീഴുന്ന കുഞ്ഞിനെ ആമസോണില്‍ കൂടി വില്‍ക്കാന്‍ വീട്ടുകാര്‍ ശ്രമിക്കുന്നു.

The End 


ഒരു കൊറിയന്‍ പടം

എനിക്ക് കുറച്ചു കൊറിയന്‍ സിനിമകളുടെ സിഡി വേണം. അതെവിടെ കിട്ടും ? : അയാള്‍ ഗൂഗിള്‍ അമ്മാവനോട് ചോദിച്ചു.

എന്താ കാര്യം ?

ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നു. എനിക്ക് ആദ്യമേ തന്നെ പേരെടുക്കണം. അതിന് കൊറിയ തന്നെ ശരണം. : അയാള്‍ പറഞ്ഞു.

അമ്മാവന്‍ ചില വഴികള്‍ പറഞ്ഞുകൊടുത്തു.

മാസങ്ങള്‍ക്കകം അയാളുടെ സിനിമ പുറത്തു വന്നു. മഹത്തരം എന്ന്‍ നിരൂപകര്‍ പാടിപ്പുകഴ്ത്തിയ ചിത്രം അക്കൊല്ലത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും അയാള്‍ക്ക് നേടിക്കൊടുത്തു.

പിന്നീട് സിനിമകള്‍ എടുക്കുന്ന സമയത്ത് അയാള്‍ കൊറിയയിലേക്ക് കണ്ണും നട്ടിരിക്കുക പതിവായി. ക്രമേണ അയാള്‍ മലയാളം മറന്നു. കൊറിയന്‍ വാമൊഴി ശീലമാക്കിയ അയാളുടെ രൂപഭാവങ്ങള്‍ അടിമുടി മാറി. മുഖം പരന്നു, കണ്ണ്‍ ചെറുതാകുകയും ചെവി വലുതാകുകയും ചെയ്തു. എല്ലാ അര്‍ഥത്തിലും കൊറിയക്കാരനായ അയാള്‍ നാടും വീടും വിട്ട് പ്രഭാതശാന്തതയുടെ നാട്ടിലേക്ക് പലായനം ചെയ്തു. 


അവള്‍

അന്ന് അയാളുടെ ആദ്യരാത്രിയായിരുന്നു.

കാത്തിരുന്ന്‍ മയങ്ങിപ്പോയ അയാളുടെ അടുത്തേക്ക് ശബ്ദമുണ്ടാക്കാതെയാണ് അവള്‍ ചെന്നത്. തന്‍റെ വരവ് അയാള്‍ അറിഞ്ഞില്ലെന്ന് മനസിലായപ്പോള്‍ അവള്‍ പതുക്കെ കട്ടിലില്‍ കയറി അയാളുടെ അടുത്ത് കിടന്നു.

കുറച്ചു കഴിഞ്ഞ് ഞെട്ടിയുണര്‍ന്നപ്പോഴാണ് അയാള്‍ അവളെ കണ്ടത്.അയാള്‍ സ്നേഹത്തോടെയും അധികാരത്തോടെയും അവളുടെ വെളുത്ത് തുടുത്ത ശരീരത്തിലൂടെ വിരലോടിച്ചു. അയാളുടെ തലോടല്‍ ഇഷ്ടമായപ്പോള്‍ മസാജ് ചെയ്യാന്‍ പാകത്തില്‍ അവള്‍ തന്‍റെ കഴുത്ത് ചരിച്ചു കൊടുക്കുകയും ചെയ്തു. ആ രാത്രി മുഴുവന്‍ അയാളുടെ ചൂടും പറ്റി അങ്ങനെ കിടക്കാന്‍ അവളുടെ മനസ്സ് കൊതിച്ചു.

അവളുടെ കണ്ണുകളില്‍ കണ്‍മഷി എഴുതിയത് പോലെയാണ് അയാള്‍ക്ക് തോന്നിയത്. പതിവിലും സുന്ദരിയാണല്ലോ അവള്‍ എന്ന്‍ അയാള്‍ ഇടക്ക് ഓര്‍ക്കുകയും ചെയ്തു. വാല്‍സല്യത്തോടെ അവളെ ചേര്‍ത്ത് കിടത്തുന്നതിനിടയിലാണ് വാതില്‍ തുറക്കുന്ന ശബ്ദം കേട്ടത്.

അതോടെ ഞെട്ടിത്തരിച്ച അവള്‍ കുതറിമാറി താഴോട്ടിറങ്ങി. എന്നിട്ട് ദേഷ്യത്തോടെ അയാളെയും വാതില്‍ തുറന്നു വന്ന അയാളുടെ ഭാര്യയെയും നോക്കിക്കൊണ്ട് പറഞ്ഞു :

മ്യാവൂ……….. മ്യാവൂ…………

[ഈ കഥക്കു കടപ്പാട് : എന്‍റെ സുഹൃത്ത് അജേഷ് ഡി, മുഹമ്മ, ആലപ്പുഴ ജില്ല]

The End


[This collection of stories published first on December 6th, 2013 and republished later]