” ഇനി പറയൂ, നീ എന്തിനാണ് ആത്മഹത്യാ ചെയ്തത് ? ” : അല്പ നിമിഷത്തിനു ശേഷം അയാള്‍ അനൂപിന്‍റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. ചിത്രഗുപ്തന്‍റെ മുഖ ഭാവത്തില്‍ നിന്ന്‍ ഒന്നും പറയാതെ തന്നെ അയാള്‍ക്ക് എല്ലാം അറിയാമെന്നു വ്യക്തമായിരുന്നു.
” അത്……………….. അത്……….. അച്ഛന്‍, ബാംഗ്ലൂരില്‍ പഠിക്കാന്‍ വിടാതിരുന്നത് കൊണ്ട്………….. പെട്ടെന്നുള്ള ദേഷ്യത്തില്‍………………” : അനൂപിന്‍റെ വാക്കുകള്‍ വിറച്ചു. കോളേജ് പ്രിന്‍സിപ്പാളിന്‍റെ മുമ്പില്‍ പോലും നെഞ്ചു വിരിച്ചു നിന്ന് സമരം ചെയ്യാറുണ്ടായിരുന്ന അനൂപിന് പക്ഷേ ചിത്ര ഗുപ്തന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ ധൈര്യം ചോര്‍ന്നു പോകുന്നതു പോലെ തോന്നി.
” അതായത്, ഡിഗ്രി കഴിഞ്ഞപ്പോള്‍ നിന്‍റെ കൂട്ടുകാരെ പോലെ, അവരുടെ കൂടെ ബാംഗ്ലൂരില്‍ ഉപരിപഠനത്തിന് പോകാന്‍ നീ ആഗ്രഹിച്ചു. അതിനു സാധിക്കാതെ വന്നപ്പോള്‍ ആ നിരാശയില്‍ നീ വീട്ടില്‍ സൂക്ഷിച്ചിരുന്ന എലിവിഷമെടുത്ത് കഴിച്ചു, അല്ലേ ? ” : ചിത്രന്‍ ചോദിച്ചപ്പോള്‍ അനൂപ് കുറ്റബോധത്തോടെ തലയാട്ടി. വയറ്റില്‍ അപ്പോഴും എന്തോ അസ്വസ്ഥതയുള്ളതുപോലെ അവന് തോന്നി.
അനൂപ് വയര്‍ അമര്‍ത്തി പിടിക്കുന്നത് കണ്ടു കൊണ്ട് ചിത്രഗുപ്തന്‍ വീണ്ടും ചോദിച്ചു.
” നിന്‍റെ അച്ഛന്‍റെ ജോലി എന്തായിരുന്നു ? “
ചിത്രന്‍ എഴുന്നേറ്റ് അവന്‍റെ അടുത്തു വന്നു. അനൂപ് കൂടുതല്‍ ഭയന്നു. അപ്പോഴും ചിത്രഗുപ്തന്‍റെ കസേര കറങ്ങുന്നത് അവന്‍ കണ്ടു. കസേരയല്ല, ഈ ലോകമാണ് തനിക്ക് ചുറ്റും കറങ്ങുന്നതെന്ന് അനൂപിന് തോന്നി.
” ബസ് ഡ്രൈവറായിരുന്നു………………..” : അച്ഛന്‍റെ ഓര്‍മകളില്‍ അപ്പോള്‍ അവന്‍റെ കണ്ണുകള്‍ നിറഞ്ഞു.
” ഉം……….. ഒരു സാധാരണ ബസ്സ് ഡ്രൈവറുടെ വരുമാനം എത്രയാണെന്ന് നിനക്കറിയാമോ ? ” : ബാലെ നാടകങ്ങളിലെ കഥാപാത്രത്തെ പോലെ തോന്നിപ്പിച്ച ആ തടിച്ചുരുണ്ട കൊമ്പന്‍ മീശക്കാരന്‍റെ ചോദ്യത്തിന് മുന്നില്‍ അനൂപിന്‍റെ തല കുനിഞ്ഞു. മക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പലരുടേയും മുന്നില്‍ കൈ നീട്ടുന്ന നല്ലവനായ ഒരു പിതാവിന്‍റെ ചിത്രം അപ്പോള്‍ അയാളുടെ മുന്നില്‍ തെളിഞ്ഞു.
” അദേഹത്തിന്‍റെ തുച്ഛമായ വരുമാനം കൊണ്ട് ഇത്രയും ഭാരിച്ച ഒരു കാര്യം സാധിക്കില്ല എന്നറിയാവുന്നത് കൊണ്ട് നിന്‍റെ മാതാപിതാക്കള്‍ നിന്‍റെ ആവശ്യം അംഗീകരിച്ചില്ല. പക്ഷേ അത് നിന്നോടുള്ള സ്നേഹമില്ലായ്മയായി ചിത്രീകരിച്ച് നീ ആത്മഹത്യ ചെയ്തു……………….. ” : ചിത്രന്‍ രൂക്ഷമായി അവനെ നോക്കി. അയാളുടെ കണ്ണുകളിലെ തീഷ്ണത അവനെ ആഴത്തില്‍ ചിന്തിപ്പിച്ചു. അനൂപിന്‍റെ അപ്പോഴത്തെ ഭാവം കോടതിയില്‍ കുറ്റ വിചാരണ നേരിടുന്ന കൊലക്കേസിലെ പ്രതിയുടേതാണെന്ന് തോന്നിപ്പിച്ചു.
Read പേയ്മെന്‍റ് സീറ്റ്
” എന്നാല്‍ നിനക്കു വേണ്ടി വായ്പയെടുക്കാന്‍ ആ പിതാവ് നീ പോലുമറിയാതെ ബാങ്കുകള്‍ തോറും കയറിയിറങ്ങിയത് നിനക്കറിയാമോ ? ” : ചിത്രന്‍റെ ചോദ്യത്തിനു മുന്നില്‍ അവന്‍ ഞെട്ടലോടെ തലയുയര്‍ത്തി. പക്ഷേ ചിത്ര ഗുപ്തന്‍റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും കണ്ടില്ല. അയാളുടെ രൂപ ഭാവങ്ങള്‍ പലപ്പോഴും അതി ഭയങ്കരനായ ഒരു അസുരരാജാവിനെ ഓര്‍മിപ്പിച്ചു.
” എല്ലാം പോട്ടെ, നിന്‍റെ വൃദ്ധനായ പിതാവിനു കാന്‍സര്‍ ആണെന്ന കാര്യം എപ്പോഴെങ്കിലും അയാള്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടോ ? തന്‍റെ ചികില്‍സ പോലും മാറ്റിവെച്ചാണ് അയാള്‍ ഇത്ര നാള്‍ നിങ്ങള്‍ മക്കളുടെ കാര്യം ഒരു കുറവും വരാതെ നോക്കിയത്. ” :
ചിത്രഗുപ്തനും വികാരാധീനനാകുകയാണെന്ന് പെട്ടെന്ന് തോന്നി..
അനൂപ് ഭാസ്കരന്‍ എന്ന പഴയ ജന്മത്തിലെ ആ വ്യക്തിക്ക് ചിത്രന്‍ പറഞ്ഞതെല്ലാം പുതിയ അറിവായിരുന്നു. നടുങ്ങി വിറച്ച അവന്‍ വീഴാതിരിക്കാന്‍ എവിടെയെങ്കിലും പിടിച്ചുനില്ക്കാന്‍ ശ്രമിച്ചു. പക്ഷേ അതിനു കഴിയാതെ മദ്യപിച്ചു ലക്കു കെട്ടവനെപ്പോലെ ആടിക്കൊണ്ടിരുന്നു. കേട്ടതെല്ലാം വെറുതെയാവണേ എന്ന് ഒരുവേള അവന്‍ ആശിച്ചു.
താന്‍ ചെയ്തത് വലിയ തെറ്റായി പോയെന്ന് അപ്പോള്‍ അനൂപിന് തോന്നി. അസുഖബാധിതനായ പിതാവിനെ സംരക്ഷിക്കാതെ സ്വന്തം കാര്യം മാത്രം നോക്കി ജീവനൊടുക്കിയ താന്‍ എന്തു മാത്രം മ്ലേച്ഛനാണെന്ന് അവന്‍ ഓര്‍ത്തു. എല്ലാ കാര്യങ്ങളും മാറ്റി വെച്ച് തന്‍റെ ഏത് ആഗ്രഹവും സാധിപ്പിച്ചു തന്നിരുന്ന തന്‍റെ നല്ലവരായ മാതാപിതാക്കളെ കുറിച്ചോര്‍ത്തപ്പോള്‍ അവന്‍റെ കണ്ണുകള്‍ നിറഞ്ഞു. ഒരുപാട് വഴിപാടുകള്‍ക്ക് ശേഷമാണ് താന്‍ ജനിച്ചത് എന്ന് അമ്മ ഇടക്കിടെ പറയാറുണ്ടായിരുന്നത് അനൂപിന്‍റെ മനസിലെത്തി.
സ്നേഹ നിധികളായ തന്‍റെ മാതാപിതാക്കളെ കാണണമെന്ന് അനൂപിന് ആഗ്രഹം തോന്നി. ജന്മനാ ഹൃദയവാല്‍വിനു തകരാറുള്ള തന്‍റെ കുഞ്ഞനുജത്തിക്ക് ഉമ്മ കൊടുക്കാന്‍ അവന്‍ വെമ്പല്‍ കൊണ്ടു.
” നിനക്കു വേണ്ടി ജീവിച്ച, നീ വിഷം കഴിച്ച് മരണാസന്നനായി കിടക്കുമ്പോള്‍ നിനക്കു പകരം തന്‍റെ സ്വന്തം ജീവന്‍ എടുക്കാന്‍ കണ്ണീരോടെ ദൈവത്തോട് പ്രാര്‍ഥിച്ച ആ പാവം അമ്മയ്ക്കും, അച്ഛനുമെല്ലാം തോരാത്ത കണ്ണീരാണ് നീ ഇപ്പോള്‍ സമ്മാനിച്ചിരിക്കുന്നത്. അതുകൊണ്ട് നിനക്ക് നരക ശിക്ഷ തന്നെയാണ് വേണ്ടത്. നീ ചെയ്ത ഏതു പുണ്യ പുണ്യപ്രവൃത്തിക്കും അതില്‍ നിന്നു നിന്നെ രക്ഷിക്കാനും കഴിയില്ല. കൊണ്ടു പൊയ്ക്കോ, ഇവനെ……………… ” :
ചിത്രന്‍ കോപാകുലനായി അലറി.
അതുവരെ അക്ഷമരായി നിന്ന തടിയന്മാര്‍ കല്‍പന കേള്‍ക്കേണ്ട താമസം, കൊടുംകുറ്റവാളികളെ വലിച്ചു കൊണ്ടു പോകുന്നത് പോലെ അനൂപിനെ പിടിച്ചു വലിച്ചു കൊണ്ടു പോയി………… ഒന്നു പ്രതിരോധിക്കാന്‍ പോലും ശേഷിയില്ലാത്ത അനൂപിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മാപ്പര്‍ഹിക്കാത്ത തെറ്റാണ് താന്‍ ചെയ്തതെന്ന് അവന് മനസിലായി. പക്ഷെ അപ്പോഴേക്കും സ്വര്‍ഗ്ഗവാതില്‍ അവനു മുമ്പില്‍ കൊട്ടിയടക്കപെട്ടിരുന്നു.
അങ്ങകലെ, ഒരു പൊടിപടലം പോലെ നരക വാതില്‍ ദൃശ്യമായി…………………..
THE END