പേയ്മെന്‍റ് സീറ്റ്-കഥ

malayalam short story blogs

 

എനിക്കൊരു സീറ്റ് വേണം :

ഒരു ആളില്ലാ പാര്‍ട്ടിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് കടന്നുവന്ന മദ്ധ്യ വയസ്ക്കന്‍ മുഖവുരയൊന്നുമില്ലാതെ തന്നെ പറഞ്ഞു.

ഇടിഞ്ഞു വീഴാറായ കെട്ടിടത്തിലെ ദ്രവിച്ചു തുടങ്ങിയ തന്‍റെ മരക്കസേരയിലിരുന്നുകൊണ്ട് ചുറ്റുമുള്ള ചുവര്‍ ചിത്രങ്ങളിലൂടെ ഓട്ട പ്രദക്ഷിണം നടത്തുകയായിരുന്ന പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി കൂടിയായ രാജപ്പന്‍ തെങ്ങുംമൂട് അയാളെ കണ്ട ഭാവം പോലും കാണിച്ചില്ല.

സാധ്യമല്ല, ഞങ്ങളുടെ എല്ലാ സീറ്റുകളിലും സ്ഥാനാര്‍ഥിയായി കഴിഞ്ഞു. ഇയാള്‍ പോയി അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വാ :

യാതൊരു ദയാ ദാക്ഷിണ്യവുമില്ലാതെ അദ്ദേഹം പറഞ്ഞു. ചുവര്‍ചിത്രങ്ങളുടെ കൂട്ടത്തില്‍ രണ്ടാമതായി കണ്ണട വച്ചിരിക്കുന്ന താടിക്കാരന്‍ ആരാണെന്ന്‍ എത്ര ആലോചിച്ചിട്ടും രാജപ്പന് മനസിലായില്ല.

ങാ പഴയ സെക്രട്ടറിയുടെ അപ്പനോ അപ്പാപ്പനോ ആയിരിയ്ക്കും……….. :

സ്വയം പിറുപിറുത്തുകൊണ്ട് നേതാവ് ശ്രമം ഉപേക്ഷിച്ചു. അപ്പോഴാണ് ആഗതന്‍ ഇനിയും സ്ഥലം വിട്ടില്ല എന്നയാള്‍ക്ക് മനസിലായത്.

അല്ല ഇയാള് ഇതുവരെ പോയില്ലേ ? അതോ മലയാളത്തില്‍ ഞാന്‍ പറഞ്ഞതൊന്നും മനസിലായില്ലേ ? :

സ്വല്പം പരുഷമായി തന്നെ സെക്രട്ടറി ചോദിച്ചു.

ആഗതനെ കണ്ടാല്‍ അധികം പ്രായമൊന്നും തോന്നില്ല. സ്വല്പം കഷണ്ടി കയറിയിട്ടുണ്ട്.ആകപ്പാടെ ഒരു പരിഷ്ക്കാരി ലുക്ക്. ഇതിനുമുമ്പ് എവിടേയും കണ്ടതായി ഓര്‍ക്കുന്നുമില്ല.

സര്‍ അങ്ങനെ പറയരുത്. എന്‍റെ അച്ഛന്‍ പാര്‍ട്ടിയുടെ വലിയ നേതാവായിരുന്നു. നാട്ടില്‍ പഞ്ചായത്ത് പ്രസിഡന്‍റ് വരെയായിട്ടുണ്ട് അദ്ദേഹം………….. :

സ്ഥാനമോഹി ദൈന്യതയോടെ പറഞ്ഞു. അതോടൊപ്പം തന്‍റെ ബയോഡേറ്റ അടങ്ങിയ ഫയല്‍ മേശപ്പുറത്ത് വയ്ക്കുകയും ചെയ്തു.

Also Read  ഇന്‍ഷുറന്‍സ്

അനിയാ, അങ്ങനെ പഴയ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ മക്കള്‍ക്കൊക്കെ സീറ്റ് കൊടുക്കാന്‍ തുടങ്ങിയാല്‍ ഈ ഇന്ത്യാ മഹാരാജ്യത്തുള്ള പാര്‍ലമെന്‍റ് സീറ്റുകളൊന്നും തികയില്ല……………….അതിന് പ്രവര്‍ത്തന പരിചയവും ജനസമ്മതിയും പിന്നെ തലവരയും വേണം, മനസിലായോ? :   നേതാവ് പരിഹാസത്തോടെ ചോദിച്ചു.

സീറ്റ് തേടിവന്നയാളുടെ മുഖം മങ്ങി, കണ്ണുകള്‍ നിറഞ്ഞു. വിഷമത്തോടെ അയാള്‍ തന്‍റെ കഥ പറഞ്ഞു :

ങും. അച്ഛന്‍റെ വാക്ക് തട്ടിക്കളഞ്ഞ് ബിസിനസ്സെന്നും പറഞ്ഞ് ഒരു കാലത്ത് ഇറങ്ങിപ്പുറപ്പെട്ടതാ ഞാന്‍. മരുഭൂമിയില്‍ കിടന്ന്‍ കഷ്ടപ്പെട്ട് കുറെ കാശുണ്ടാക്കുകയും ചെയ്തു. നല്ല കുടുംബം, ബംഗ്ലാവ്, ഷോപ്പിങ് സെന്‍റര്‍………….. കോടികള്‍ കയ്യിലുണ്ടെങ്കിലും ഒന്നുമായില്ല എന്നൊരു തോന്നല്‍. അതാ മല്‍സരിക്കാനെന്നും പറഞ്ഞ് ഇറങ്ങിപ്പുറപ്പെട്ടത്. ശരി………………………. :

നിരാശയോടെ കോടീശ്വരന്‍ എഴുന്നേല്‍ക്കാന്‍ ഭാവിച്ചു. എന്നാല്‍ കോടികള്‍ എന്നു കേട്ടപ്പോള്‍ കണ്ണ്‍ മഞ്ഞളിച്ചുപോയ രാജപ്പന്‍റെ കണ്ണുകളിലെ തിളക്കം അയാള്‍ കണ്ടില്ല. ഒരു ചാകരയാണ് തന്‍റെ മുന്നില്‍ വന്നു പെട്ടിരിക്കുന്നതെന്ന് നേതാവിന് തോന്നി.

പോ, അവിടന്ന്……………….. ഒരു തമാശ പറഞ്ഞാലും മനസിലാവില്ല എന്നുവച്ചാല്‍……………………… : രാജപ്പന്‍ ചാടിയെണീറ്റ് ഒരു ചിരപരിചിതനെ പോലെ അയാളുടെ അടുത്തേയ്ക്ക് ഓടിവന്ന്‍ കെട്ടിപ്പിടിച്ചു.

ഇത്രേ ഉള്ളൂ കാര്യം ? അനിയന് ഏത് സീറ്റാ വേണ്ടതെന്ന് പറഞ്ഞാല്‍ പോരേ ? അല്ലെങ്കില്‍ പിന്നെ സെക്രട്ടറിയെന്നും പറഞ്ഞ് ഞാന്‍ എന്തിനാ ഇവിടെയിരിക്കുന്നത് ? :

രാജപ്പന്‍ സീറ്റ്മോഹിയെ ചേര്‍ത്തുപിടിച്ചുകൊണ്ട് ചോദിച്ചു.

അല്ല, അപ്പോ പ്രവര്‍ത്തന പരിചയം ? :

നവയുഗ സ്ഥാനാര്‍ഥിക്ക് അപ്പോഴും സംശയം ബാക്കിയായിരുന്നു.

ഓ അതൊക്കെ ഇങ്ങനെയല്ലേ ഉണ്ടാകുന്നത് ? :

നിസ്സാര മട്ടില്‍ രാജപ്പന്‍ മൊഴിഞ്ഞു. പെട്ടെന്ന് എന്തോ ഓര്‍ത്തത് പോലെ അയാള്‍ പുറത്തേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു :

എടാ പുഷ്ക്കരാ, ഇന്ന്‍ പത്രിക കൊടുക്കേണ്ടിയിരുന്ന വേലായുധന്‍ മാഷിനോട് അത് കൊടുക്കണ്ടെന്ന് പറഞ്ഞെക്ക്. നമുക്ക് എല്ലാം തികഞ്ഞ പുതിയൊരാളെ കിട്ടി…………………..

അയാള്‍ ഞങ്ങളുടെ ആദ്യകാല നേതാവാ. എന്തു പറഞ്ഞാലും കേട്ടോളും………………….:

കോടീശ്വരന്‍റെ തോളില്‍ പിടിച്ചുകുലുക്കിക്കൊണ്ട് രാജപ്പന്‍ രഹസ്യം പോലെ പറഞ്ഞു. നോട്ടുകെട്ടുകള്‍ കൊണ്ട് ജനാധിപത്യത്തെ തുലാഭാരം നടത്തുന്ന കാഴ്ച അയാളുടെ മനസിനെ പുളകം കൊള്ളിച്ചു.

The End

Also Read  ഹര്‍ത്താലുകള്‍ ഉണ്ടാകുന്നത്– കഥ 

Leave a Comment

Your email address will not be published.