തുളസിക്കതിര്‍ ചൂടിയ പെണ്‍കൊടി- കഥ

തുളസിക്കതിര്‍ ചൂടിയ പെണ്‍കൊടി- കഥ 1

അതിന് അവള്‍ക്ക് എങ്ങനെയാ നമ്മെ തിരിച്ചറിയാന്‍ പറ്റുക ? കണ്ടിട്ട് തന്നെ വര്‍ഷം ഒരുപാടായില്ലേ ? പോരാത്തതിന് ഇവള്‍ക്കത്ര പ്രായമൊന്നുമില്ല. : ആനന്ദന്‍ തുടക്കത്തില്‍ തന്നെ ഭാര്യയുടെ സംശയം തമസ്ക്കരിച്ചു. ഏറെ നേരം ആ ഇരുപ്പ് തുടര്‍ന്നതോടെ അയാളുടെ കാല്‍മുട്ട് വേദനിക്കാന്‍ തുടങ്ങി. അതോടെ അയാള്‍ എഴുന്നേറ്റു നിന്നു.

തിരിച്ചറിയുന്നതിന്‍റെ കാര്യമൊന്നും പറയണ്ട. രക്തം രക്തത്തെ തിരിച്ചറിയുമെന്നല്ലേ ? ഇവള്‍ സരോജിനിയേട്ടത്തിയുടെ മോള്‍ തന്നെ. അല്ലാതാരാ ഈ തിരക്കില്‍ നമ്മെ സഹായിക്കാന്‍ മാത്രമായി ഇവിടെ വരുന്നത് ? നമ്മുടെ ഓരോ കാര്യവും ഇവള്‍ക്കറിയാം. സ്കാനിങ് റൂമില്‍ വച്ച് ഇവള്‍ നമ്മുടെ മക്കളുടെ കാര്യങ്ങളൊക്കെ പറയുന്നത് കേട്ട് ഞാന്‍ അത്ഭുതപ്പെട്ടു. രാഹുലിനെ വരെ തിരക്കി…………. :

സുശീല പറഞ്ഞത് കേട്ട് അയാളൊന്നു ഞെട്ടി. എല്ലാം അറിയാവുന്ന എന്നാല്‍ തങ്ങള്‍ക്ക് അപരിചിതയായ പെണ്‍കുട്ടി. ലണ്ടനിലുള്ള അജിത്തിന്‍റെ നാലര വയസുകാരന്‍ മകനെ വരെ അവള്‍ക്കറിയാം. ആ മുഖം ഇതിനു മുമ്പ് എവിടെയോ കണ്ടതായി തോന്നിയെങ്കിലും അതെവിടെയാണെന്ന് കൃത്യമായി ഓര്‍ത്തെടുക്കാന്‍ അപ്പോഴും അയാള്‍ക്ക് സാധിച്ചില്ല.

കുറച്ചു കഴിഞ്ഞ് അവള്‍ മുന്നിലെത്തിയപ്പോള്‍ അയാള്‍ ഒരിക്കല്‍ കൂടി നടുങ്ങി. കാരണം അന്നേരം അവള്‍ മുടിയില്‍ തുളസിക്കതിര്‍ ചൂടിയിരുന്നു. നാട്ടിന്‍പുറത്തെ തറവാടിനു ചുറ്റും ഒരു തുളസിക്കാടു തന്നെ ഉണ്ടായിരുന്നത് മനസില്‍ വന്ന ആനന്ദന്‍ പതിവായി അവിടെ നിന്ന്‍ തുളസിക്കതിരെടുത്ത് ചൂടിയിരുന്ന സരോജിനിയേട്ടത്തിയെ ഓര്‍ത്തു. ഏട്ടത്തിയുടെയും ആ പെണ്‍കുട്ടിയുടെയും ചിരികള്‍ക്ക് ഒരേ ഛായയാണെന്ന് അപ്പോള്‍ അയാള്‍ക്ക് തോന്നി.

മോളെ ഇതിനുമുമ്പ് ഞങ്ങള്‍ ഇവിടെ കണ്ടിട്ടില്ല. എന്താ പേര് ? : വാല്‍സല്യത്തോടെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് സുശീല ചോദിച്ചപ്പോള്‍ അവള്‍ ആദ്യമായി പതറുന്നത് കണ്ടു.

പേര്…………….. : കുറെ ആലോചിച്ചെങ്കിലും പേര് പറയാന്‍ അവള്‍ക്ക് സാധിച്ചില്ല. അവളുടെ കണ്ണുകളില്‍ ഭയം നിറഞ്ഞു.

പേര് അറിയില്ല…………………. : അവസാനം അവള്‍ പറഞ്ഞത് കേട്ട് ഇരുവരും ഒരേപോലെ അത്ഭുതപ്പെട്ടു.

പതിനെട്ട് വയസ്സുള്ള പെണ്‍കുട്ടി. കാണാനും തെറ്റില്ല. മാനസിക വിഭ്രാന്തിയുടെയോ മറ്റു അസുഖങ്ങളുടെയോ ലക്ഷണമില്ല. പക്ഷേ സ്വന്തം പേര് ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അവള്‍ ആരാണെന്ന് അവര്‍ സ്വയം ചോദിച്ചു.

അപ്പോഴേക്കും ഒരു നഴ്സ് പുറത്തുവന്ന് സുശീലയെ പരിശോധനാ മുറിയിലേക്ക് വിളിച്ചു. ആനന്ദന്‍ അവരുടെ കയ്യില്‍ പിടിച്ച് അകത്തേക്ക് പോകുമ്പോഴും അവള്‍ നിശ്ചലയായി പ്രതിമ കണക്കേ അവിടെ തന്നെ നില്‍ക്കുകയായിരുന്നു. അകത്തേക്ക് വന്നതുമില്ല.

അവര്‍ പുറത്തേക്ക് വരുമ്പോള്‍ അവള്‍ നിന്ന സ്ഥലം ശൂന്യമായിരുന്നു. ആള്‍ക്കൂട്ടത്തില്‍ ഏറെ തിരഞ്ഞെങ്കിലും അവളെ കണ്ടെത്താനായില്ല. എന്നാല്‍ ഫാര്‍മസിയിലെ തിരക്കില്‍ മനസ് അസ്വസ്ഥമായപ്പോള്‍ അവള്‍ വീണ്ടും ഒരു മാലാഖയെ പോലെ പ്രത്യക്ഷപ്പെട്ടു. നേരത്തെ നടന്ന സംഭവങ്ങളെല്ലാം മറന്നത് പോലെയായിരുന്നു അപ്പോഴത്തെ അവളുടെ പെരുമാറ്റം. സ്റ്റിക്കര്‍ പൊട്ട് കുത്തിയ അവളുടെ നെറ്റിയിലെ കറുത്ത മറുക് ഒരു ഓര്‍മചിത്രം പോലെ ആനന്ദനെ വേട്ടയാടി. ഇടക്ക് മുഖത്തേക്ക് പാറി വീണ മുടിയിഴകള്‍ അവള്‍ കൈക്കൊണ്ട് ഒതുക്കുകയും ചെയ്തു.

ബില്‍ അടച്ചതിന് ശേഷം കൌണ്ടറിന് മുന്നിലെ നീണ്ട വിജനമായ ഇടനാഴിയിലൂടെ നടന്നു വരുമ്പോഴാണ് സുശീല അവളോട് അങ്ങനെ ചോദിച്ചത്.

മോള്‍ക്ക് ഞങ്ങളുടെ എല്ലാ കാര്യവും അറിയാം. എന്‍റെ കുടുംബത്തിലെ ഓരോരുത്തരേയും പരിചയമുണ്ട്. അവരൊന്നും കാണിക്കാത്ത വലിയ മനസാണ് നീ ഞങ്ങളോടു കാണിച്ചത്. സത്യത്തില്‍ നീ ആരാണ് ?

മറുപടിയായി അവള്‍ ചിരിച്ചു.

അമ്മയെന്താ അങ്ങനെ ചോദിക്കുന്നത് ? ഞാനും അമ്മയുടെ മകള്‍ തന്നെയല്ലേ ? അമ്മയുടെ വയറ്റില്‍ പിറന്ന സ്വന്തം മകള്‍ ? : സൌമ്യമായി ചോദിച്ചുകൊണ്ട് അവള്‍ മുന്നോട്ട് നടന്നു. ഒരു നിമിഷം ഞെട്ടിയ സുശീല പെട്ടെന്നു തന്നെ മനസാന്നിദ്ധ്യം വീണ്ടെടുത്ത് അവളുടെ മുന്നിലെത്തി തടസം നിന്നു. ആനന്ദന്‍ വെറുമൊരു കാഴ്ചക്കാരനായി.

നീ എന്താ പറഞ്ഞത് ? എന്‍റെ വയറ്റില്‍ പിറന്ന മകളോ ? എനിക്കങ്ങനെ ഒരു മകളില്ല…………….മൂന്ന്‍ ആണ്‍മക്കളാണ് ഞങ്ങള്‍ക്ക് :

അങ്ങനെ പറഞ്ഞതിന് ശേഷമാണ് അവര്‍ അവളുടെ മുഖം ശ്രദ്ധിച്ചത്.

Read  കൊതുക് – കഥ

നേരത്തെ കണ്ട സൌമ്യ ഭാവമല്ല അപ്പോള്‍ അവള്‍ക്ക്. വെളിച്ചം കുറഞ്ഞ ആ ഭാഗത്ത് മുടിയെല്ലാം പാറി പറന്ന്‍ നിശ്ചലയായി മുഖം കുനിച്ചു നിന്ന അവളുടെ രൌദ്രത അവരെ ഭയപ്പെടുത്തി. ആള്‍ക്കാരൊന്നും വരുന്നതോ പോകുന്നതോ കണ്ടില്ല.

പത്ത് ആഴ്ചകള്‍. അമ്മയുടെ എബി നെഗറ്റീവ് രക്തത്തിന്‍റെ ചൂടും പറ്റി ഈ വയറ്റില്‍ ഞാന്‍ കഴിഞ്ഞത് അത്രയും നാളാണ്. അമ്മ ശ്വസിച്ചപ്പോള്‍ കൂടെ ഞാനും ശ്വസിച്ചു. കുഞ്ഞു ലോകമായിരുന്നെങ്കിലും ഞാനും ഒരുപാട് സ്വപ്നങ്ങള്‍ കണ്ടു. പക്ഷേ എട്ടാമത്തെ ആഴ്ചയില്‍ എനിക്ക് കണ്ണും ചെവിയും മുളച്ചു തുടങ്ങുമ്പോഴാണ് എന്നെ ഒഴിവാക്കുന്നതിനെ കുറിച്ച് നിങ്ങള്‍ ആദ്യമായി പറയുന്നത് കേട്ടത്. അന്ന്‍ ഞാന്‍ ഒരുപാട് കരഞ്ഞു. അരുതേ എന്ന്‍ കുഞ്ഞു ശബ്ദത്തില്‍ കെഞ്ചി………………… : ആ അച്ഛനമ്മമാരെ തീക്ഷ്ണമായി നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു. ആ വാക്കുകള്‍ ഇരുവരുടെയും മനസ്സുകളില്‍ കൊടുങ്കാറ്റു തന്നെയാണ് വിതച്ചത്. പെണ്‍കുഞ്ഞാണ് വരാന്‍ പോകുന്നതെന്ന് അറിഞ്ഞപ്പോള്‍ അബോര്‍ഷന്‍ ചെയ്തത് ഒരു ദുസ്വപ്നം പോലെ അവരുടെ മുന്നില്‍ തെളിഞ്ഞു.

ബിസിനസിലും ജീവിതത്തിലും കര പറ്റാനായി പാടുപെടുന്ന നാളുകളായിരുന്നു അത്. അതിനിടയില്‍ ഒരു പെണ്‍കുഞ്ഞ് കൂടി വരുന്നത് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. സുഹൃത്തുക്കളാണ് ആദ്യം ഉപദേശിച്ചത്, പിന്നെ ആനന്ദനും അതേറ്റെടുത്തു. ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ മനസ്സില്ലാമനസ്സോടെ സുശീലയും സമ്മതം മൂളി.

പക്ഷേ ഇവള്‍……….. ഈ രൂപം……………. അത് അവരുടെ മുന്നില്‍ ഒരു ചോദ്യ ചിഹ്നമായി തന്നെ നിന്നു.

ഞാന്‍ എന്‍റെ ഈ അച്ഛനമ്മമാരെ സ്നേഹിച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അന്ന്‍ ആ ഓപ്പറേഷന്‍ ടേബിള്‍ വച്ച് വാക്വംക്ലീനര്‍ ഉപയോഗിച്ച് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന്‍ പുറം തള്ളുമ്പോള്‍ പിടിച്ച് നില്‍ക്കാന്‍ ഞാന്‍ കുറെ ശ്രമിച്ചതാ. പക്ഷേ കഴിഞ്ഞില്ല…………… : കരഞ്ഞുകൊണ്ട് അവള്‍ അടുത്തുള്ള കസേരയില്‍ ഇരുന്നു. ദുഖത്തോടെയും പശ്ചാതാപത്തോടെയും സുശീല അവളുടെ തോളില്‍ കൈ വച്ചെങ്കിലും അവള്‍ അതറിഞ്ഞില്ലെന്ന് തോന്നി.

അങ്ങനെ ആ നശിച്ച ആശുപത്രിയില്‍ ആ ഒക്ടോബര്‍ പതിനാലിന് എന്‍റെ മരണം സംഭവിച്ചു………… : അവള്‍ കണ്ണ്‍ തുടച്ചുകൊണ്ട് എഴുന്നേറ്റു.

കുറ്റബോധം കൊണ്ട് കാലിടറിയ ആനന്ദന്‍ വീഴാന്‍ തുടങ്ങിയെങ്കിലും അപ്പോഴേക്കും ഓടിവന്ന അവള്‍ അയാളെ താങ്ങിപ്പിടിച്ചു.

മോളെ എന്ന നേര്‍ത്ത ഇടറിയ വിളി അയാളില്‍ നിന്ന്‍ പുറത്തെക്കൊഴുകി.

ജീവിച്ചിരുന്നെങ്കില്‍ എനിക്ക് ഇപ്പോള്‍ ഈ പ്രായം ഉണ്ടാകുമായിരുന്നു. അല്ലേ അച്ഛാ ? : മുഖം അടുപ്പിച്ച് അവള്‍ അങ്ങനെ ചോദിച്ചത് ഒരു ചാട്ടുളി പോലെ അയാളുടെ നെഞ്ചില്‍ തറച്ചു. ആ കണ്ണുകളിലെ തിളക്കം കയ്യെത്തി പിടിക്കാന്‍ അയാള്‍ ശ്രമിച്ചെങ്കിലും അവള്‍ അറിയാതെ പുറകോട്ടു മാറി. ഇരുവരെയും ഒന്നു കൂടി നോക്കി അവള്‍ തിരിഞ്ഞു നടന്നു. ആനന്ദനും സുശീലയും നിശ്ചലരായി നോക്കി നില്‍ക്കേ അവള്‍ ക്രമേണ അദൃശ്യയായി അവസാനം ഒരു പൊടിപടലമായി എതിരെ വന്ന ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു ചേര്‍ന്നു. പിന്നെ ഒരു ശൂന്യത മാത്രം. ആളൊഴിഞ്ഞ ഇരുട്ട് വീണു തുടങ്ങിയ ആ ഇടനാഴി മാത്രം അവര്‍ക്ക് മുന്നില്‍ അവശേഷിച്ചു.

അതിനുശേഷമുള്ള ഒരു പകല്‍ നേരം.

കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുകയായിരുന്ന ആനന്ദന്‍ നെഞ്ചു വേദന കൊണ്ടു പുളഞ്ഞ് സഹായത്തിനായി ഭാര്യയെ വിളിച്ചെങ്കിലും ആരും വിളി കേട്ടില്ല. മരണത്തെ മുഖാമുഖം കണ്ട അയാളുടെ നേരെ ഒരു ഗ്ലാസ് വെള്ളവുമായി ഒരു കൈ നീണ്ടു വന്നു. അത് കുടിക്കുമ്പോഴേക്കും ഏതാനും ടാബ്ലറ്റുകളും അയാളുടെ കയ്യില്‍ വച്ചു കൊടുത്തു. ഒന്നും നോക്കാതെ അയാള്‍ അതെടുത്ത് വായിലിട്ട് ഗ്ലാസില്‍ ബാക്കി വന്ന വെള്ളം കുടിച്ചു. ആനന്ദന് സ്വല്‍പം ആശ്വാസം തോന്നി. പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോഴേക്കും അവിടെ ആരുമില്ല. അയാളൊന്നു ഞെട്ടി.

സുശീലേ………….. : അയാള്‍ നീട്ടി വിളിച്ചപ്പോഴേക്കും അവര്‍ വാതില്‍പ്പടി കടന്ന്‍ അകത്തേക്ക് വന്നു.

എന്താ, എന്തു പറ്റി ? സുഖമില്ലേ ? ഞാന്‍ പുറത്ത് തുണി വിരിക്കുകയായിരുന്നു. : സോപ്പ് വെള്ളത്തില്‍ മുങ്ങിയ കൈകള്‍ തുടച്ചുകൊണ്ട് അവര്‍ പറഞ്ഞു. അയാള്‍ സ്തബ്ദനായി നോക്കിയതെയുള്ളൂ.

അപ്പോള്‍ മുറിയുടെ പുറത്ത് എല്ലാം ശ്രദ്ധിച്ചുകൊണ്ടു നിന്ന ഒരു നിഴല്‍ അനങ്ങിയത് അവര്‍ കണ്ടില്ല. ചുരിദാറും അതിനു മുകളില്‍ മഞ്ഞ ഷാളും ധരിച്ച ആ രൂപം അകത്തുള്ളവരുടെ ഓരോ ശ്വാസഗതിയും വീക്ഷിച്ചുകൊണ്ട് ഒരു കാവലാള്‍ കണക്കേ അവിടെ തന്നെ നിന്നു.

The End


Image Credit : Litsegard etsy

 

1 thought on “തുളസിക്കതിര്‍ ചൂടിയ പെണ്‍കൊടി- കഥ”

Leave a Comment

Your email address will not be published. Required fields are marked *