ഒരു ക്രിക്കറ്റ് ആരാധകന്‍ – കഥ

Tom Browne, Illustrated Sports Cricket

 

എല്ലാ ശനിയാഴ്ചകളിലും എന്‍റെ വീട്ടില്‍ മുടങ്ങാതെ വരുന്ന ഒരാളുണ്ട്. 

ഒരു ബംഗാളി. മുപ്പതിന് മുകളില്‍ പ്രായമുണ്ട് കക്ഷിക്ക്. തേപ്പുകാരനാണ്. പക്ഷേ നിങ്ങള്‍ ഉദ്ദേശിക്കുന്ന തേപ്പല്ല കേട്ടോ. അസ്സല്‍ തേപ്പ് തന്നെ. നഗരത്തിലെ ഏതോ അഴുക്കുചാലിനടുത്തുള്ള തെരുവില്‍ നിന്ന് രാവിലെ തന്നെ തന്‍റെ ഉന്തു വണ്ടിയും പണി സാധനങ്ങളുമായി അയാള്‍ വരും. അയാളുടെ വരവിനായാണ് ആ ദിവസം ഹൌസിംഗ് കോളനിയിലെ പല വീട്ടുകാരും കാത്തിരിക്കുന്നതെന്ന് തന്നെ പറയാം. അത്ര ആത്മാര്‍ഥമായും വെടിപ്പായുമാണ് ചെറുപ്പക്കാരന്‍ വസ്ത്രങ്ങള്‍ തേച്ചു തരുക. 

പേര് സമി. അയാള്‍ ജോലി ചെയ്യുന്നത് കാണാന്‍ തന്നെ ഒരു പ്രത്യേക ചന്തമുണ്ട്. ഓരോരോ നാട്ടു വിശേഷങ്ങള്‍ പറഞ്ഞ് സമി തേക്കുമ്പോള്‍ സമയം പോകുന്നത് അറിയില്ല. ഹിന്ദിയിലും ബംഗാളി ചുവയുള്ള മലയാളത്തിലുമാണ് സംസാരം. 

സിംഗൂരിനടുത്തുള്ള ഏതോ ഒരു കുഗ്രാമത്തില്‍ നിന്നാണ് സമി വരുന്നത്. സ്ഥലത്തിന്‍റെ പേര് അയാള്‍ പലതവണ പറഞ്ഞെങ്കിലും അത് എനിക്ക് ഇനിയും വഴങ്ങിയിട്ടില്ല. അല്ലെങ്കിലും ബംഗാളിനെ ചൊല്ലി ഊറ്റം കൊള്ളുമ്പോഴും നമുക്കറിയാവുന്ന അവിടത്തെ അപൂര്‍വ്വം സ്ഥലങ്ങളാണല്ലോ ഈ സിംഗൂരും നന്ദിഗ്രാമുമൊക്കെ. കൊല്‍ക്കത്തയും ഡാര്‍ജിലിങ്ങുമാണ് പിന്നെ ചില അപവാദങ്ങളായുള്ളത്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയതാണ് സമിയുടെ കുസുംബം. അടുത്തിടെ ഹൈദരാബാദില്‍ വച്ച് ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റ്‌ മത്സരം നടന്നപ്പോഴാണ് എനിക്ക് അക്കാര്യം മനസിലായത്. 

അയാള്‍ ബംഗ്ലാദേശിന് വേണ്ടി വീറോടെ വാദിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ആദ്യം അമ്പരന്നു. അപ്പോഴാണ്‌ സമി സ്വല്പം മടിയോടെയാണെങ്കിലും തന്‍റെ പൂര്‍വ്വ ചരിത്രം വെളിപ്പെടുത്തിയത്. നാട്ടിലെ സാഹചര്യം മോശമായപ്പോഴാണ് സമിയുടെ കുടുംബം മെച്ചപ്പെട്ട ജീവിതം തേടി അതിര്‍ത്തി കടന്നത്. വോട്ടു ബാങ്ക് ലക്ഷ്യമിട്ടെത്തിയ പ്രാദേശിക നേതാക്കള്‍ കണ്ണടച്ചതോടെ അവര്‍ക്ക് അധികം താമസിയാതെ ഇവിടത്തെ പൌരത്വ രേഖകള്‍ സ്വന്തമായി. 

ഇന്ന് സമി വിവാഹിതനാണ്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അവര്‍ മാതാപിതാക്കളോടൊപ്പം ബംഗാളില്‍ സുഖമായി കഴിയുന്നു. 

എന്തൊക്കെയായാലും ഞങ്ങള്‍ ബംഗ്ലാദേശികള്‍ അല്ലേ സാബ് ? : എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ സമി കുറച്ച് ജാള്യതയോടെ ചോദിച്ചു. 

അതേ, തോല്‍ക്കാനായി മാത്രം ജനിച്ചവര്‍ : ഞാന്‍ കളിയാക്കി. 

സാബ് അങ്ങനെ കളിയാക്കുകയൊന്നും വേണ്ട, കഴിഞ്ഞ പ്രാവശ്യം നിങ്ങള്‍ ബംഗ്ലാദേശില്‍ വന്നപ്പോള്‍ തുടര്‍ച്ചയായ രണ്ടു കളികളില്‍ ഞങ്ങളല്ലേ ജയിച്ചത്? : അയാള്‍ ആവേശത്തോടെ ചോദിച്ചു. 

സമീ, ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഇതുവരെ മുപ്പത് ഏകദിനങ്ങളും ഒമ്പത് ടെസ്റ്റ്‌ മാച്ചും കളിച്ചിട്ടുണ്ട്. അതില്‍ ആകപ്പാടെ അഞ്ചു പ്രാവശ്യമാ നിങ്ങള്‍ ജയിച്ചത്. ഇന്നുവരെ ഒരു ടെസ്റ്റിലും നിലം തൊട്ടിട്ടുമില്ല. : ഞാന്‍ പറഞ്ഞു. 

സമിക്ക് അത് ഒരു കുറച്ചില്‍ പോലെ തോന്നി. മുഖം കുനിഞ്ഞു. പക്ഷേ പെട്ടെന്ന് സമനില വീണ്ടെടുത്ത അയാള്‍ പറഞ്ഞു. 

ഇപ്രാവശ്യം ഞങ്ങള്‍ ചരിത്രം തിരുത്തികുറിക്കും. സാബ് നോക്കിക്കോ. ഞങ്ങളുടെ കളിക്കാരെല്ലാം നല്ല ഫോമിലാണ്. ഈ ടെസ്റ്റ്‌ ബംഗ്ലാദേശ് ജയിക്കും.

ഒന്നുമില്ല, സമി. നിനക്കൊരു കാര്യം അറിയാമോ ? ഈ ടെസ്റ്റ്‌ വച്ചത് തന്നെ വിരാട്ടിന് ഡബിള്‍ സെഞ്ചുറി അടിക്കാനാ. ഓന്‍ വല്ലാതെ തരിച്ചു നില്‍ക്കുകയാണേ……………  : ഞാന്‍ നിസാര ഭാവത്തില്‍ പറഞ്ഞു. 

നമുക്ക് കാണാം സാബ്. : സമി ആത്മവിശ്വാസത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു. 

ഞാന്‍ പറഞ്ഞത് പോലെ സംഭവിച്ചു. ഇന്ത്യ 208 റണ്‍സിനു ജയിച്ച മത്സരത്തില്‍ വിരാട്ട് കോഹ്ലി ഡബിളും അടിച്ചു. 

അടുത്ത ശനിയാഴ്ച ഞാന്‍ സമിയെ കാത്തിരുന്നെങ്കിലും അയാള്‍ വന്നില്ല. സമിക്ക് പനിയാണെന്നും അതുകൊണ്ടാണ് വരാത്തതെന്നും പകരക്കാരനായെത്തിയ ആസാമി പറഞ്ഞെങ്കിലും എനിക്കത് വിശ്വാസ്യ യോഗ്യമായി തോന്നിയില്ല. എന്നോട് പറഞ്ഞത് പോലെ ക്രിക്കറ്റ് മത്സരത്തെ കുറിച്ച് സമി കോളനിയിലെ മറ്റ് പലരോടും പറഞ്ഞിട്ടുണ്ടാകുമെന്നും അവരെ നേരിടാനുള്ള വൈമുഖ്യം കൊണ്ടാണ് അയാള്‍ കൂട്ടുകാരനെ പറഞ്ഞു വിട്ടതെന്നും ഞാന്‍ ഊഹിച്ചു. 

പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ മറ്റ് ചില തിരക്കിലായത് കൊണ്ട് സമിയെ കാണാനൊത്തില്ല. ആഴ്ചകള്‍ക്ക് ശേഷം അയാളെ കണ്ടെങ്കിലും ആ വിഷമിപ്പിക്കുന്ന പഴയ ചോദ്യം ഞാന്‍ ബോധപൂര്‍വ്വം ഒഴിവാക്കി. വെറുതെ എന്തിനാ എന്നോ നടന്ന കാര്യത്തെ കുറിച്ച് പറഞ്ഞ് ഒരാളെ വിഷമിപ്പിക്കുന്നത് ? 

സമി നല്ലൊരു ക്രിക്കറ്റ് പ്രേമിയാണ്‌. ബംഗ്ലാദേശിയാണ്. പക്ഷേ നന്നായി പണിയെടുക്കുന്നുണ്ട്. മാത്രമല്ല വന്നു വന്ന് കേരളത്തിന്‍റെ പല മേഖലകളിലും ഈ ബംഗാളികളാണ് പിടിമുറുക്കുന്നത്. നാട്ടുകാര്‍ ഗള്‍ഫ് ഉള്‍പ്പടെയുള്ള വിശേഷ നാടുകളിലേക്ക് പലായനം ചെയ്യുമ്പോള്‍ നമ്മള്‍ മലയാളികള്‍ ക്രമേണ ഇവിടെ ന്യൂനപക്ഷമാകുമെന്നും ശ്രീലങ്കക്ക് സമാനമായ സ്ഥിതി വിശേഷങ്ങള്‍ കേരളത്തില്‍ രൂപം കൊള്ളുമെന്നും ഞാന്‍ മനക്കണ്ണില്‍ കണ്ടു. അപ്പോള്‍ വെറുതെയെന്തിനാ വടി കൊടുത്ത് അടി വാങ്ങിക്കുന്നത് ?

Read പാളം തെറ്റിയ വണ്ടികള്‍

ഞാന്‍ അങ്ങനെ വിചാരിച്ചെങ്കിലും ഇക്കൊല്ലത്തെ ചാമ്പ്യന്‍സ് ട്രോഫി തുടങ്ങിയപ്പോള്‍ സമിയുടെ ദേശസ്നേഹം വീണ്ടും തലപൊക്കി. 

സാബ്, ഇത്തവണത്തെ ഞങ്ങളുടെ സെമി ഒരു ഒന്നൊന്നര സെമി ആയിരിക്കും. കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് ഞങ്ങള്‍ പകരം വീട്ടും. : നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റ് റോഡില്‍ വച്ച് കണ്ടപ്പോള്‍ സമി എന്‍റെ അടുത്ത് വന്ന് പറഞ്ഞു. 

ആസ്ത്രേലിയയെ പിടിച്ചു കേട്ടാമെങ്കില്‍ ഞങ്ങള്‍ക്ക് ഇന്ത്യയെ തോല്‍പ്പിക്കാനാണോ പ്രയാസം ? : കയ്യിലുണ്ടായിരുന്ന കപ്പലണ്ടി കൊറിച്ചുകൊണ്ട് അയാള്‍ പഴയ ആത്മവിശ്വാസത്തോടെ പറഞ്ഞു. 

അതുപോലെ മഴ വരാന്‍ പ്രാര്‍ഥിക്ക് സമീ………… : ഞാന്‍ പെട്ടെന്ന് പച്ചക്കറി വാങ്ങുന്നതിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ട് പറഞ്ഞു. 

അതൊന്നും വേണ്ട സാബ്. ഞങ്ങള്‍ക്ക് ഇക്കുറി കൃത്യമായ ഗെയിം പ്ലാനുണ്ട്. അത് മൊര്‍ത്താസ ഇന്നലെയും പറഞ്ഞല്ലോ. കോഹ്ലിയെയും ധവാനെയുമൊന്നും ഞങ്ങള്‍ നിലം തൊടാന്‍ വിടില്ല. : പണം കൊടുത്ത് സാധനങ്ങളുമായി ഞാന്‍ പുറത്തേക്ക് നടന്നപ്പോള്‍ സമിയും എന്‍റെ കൂടെ വന്നു. 

ആത്മവിശ്വാസം വളരെ നല്ലതാണ്, സമീ. തോല്‍ക്കുന്നത് വരെ…… : ഞാന്‍ അയാളുടെ തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു. 

ഇത് ഏതോ സിനിമയില്‍ ലാലേട്ടന്‍ പറഞ്ഞ ഡയലോഗല്ലേ ? : സമിയുടെ ചോദ്യം എന്നെ ഞെട്ടിച്ചു കളഞ്ഞു. 

നിനക്കപ്പോള്‍ മോഹന്‍ലാലിനെയൊക്കെ അറിയാമോ ? : ഞാന്‍ ചോദിച്ചപ്പോള്‍ അയാളൊന്നു ചിരിച്ചു. 

പിന്നെ അറിയാതെ ? മോഹന്‍ലാല്‍, മമ്മൂട്ടി പിന്നെ പ്രിഥ്വിരാജ്…………… അങ്ങനെ എല്ലാവരെയും അറിയാം. വീടും കുടുംബവുമൊന്നും അടുത്തില്ലാത്തത് കൊണ്ട് എനിക്ക് ആകപ്പാടെ ഒരു എന്‍റര്‍ട്ടെയ്ന്മെന്റ് എന്നൊക്കെ പറയുന്നത് ഇതല്ലേ സാബ് ? : സമി തെല്ല് വിഷമത്തോടെ പറഞ്ഞു. അത് കണ്ടപ്പോള്‍ ഞാന്‍ വല്ലാതെയായി. 

നീ വീട്ടിലേക്ക് വിളിക്കാറുണ്ടോ ? : ഞാന്‍ അയാളെ ആശ്വസിപ്പിക്കാനെന്നോണം ചോദിച്ചു. പെട്ടെന്ന് സമിയുടെ മുഖം തെളിഞ്ഞു. 

എന്നും വിളിക്കാറുണ്ട്. രാത്രിയില്‍. അടുത്ത മാസം ഞാന്‍ അങ്ങോട്ട്‌ പോകുന്നുണ്ട്. പറ്റിയാല്‍ അവളെയും മക്കളെയും ഇവിടെ കൊണ്ടു വരണം. കുറച്ചു ദിവസമായി ഞാന്‍ അതിന്‍റെ ഓട്ടത്തിലാണ്. : അയാള്‍ പറഞ്ഞു. 

എനിക്ക് സമിയോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി. വീടും കുടുംബവും വിട്ട് രാജ്യത്തിന്‍റെ മറ്റൊരറ്റത്ത് വന്ന് ശരിക്ക് അധ്വാനിച്ച് ജീവിക്കുകയാണ് അയാള്‍. ഒരിക്കലും അയാള്‍ വെറുതെയിരിക്കാറില്ല. എന്ത് പണിയും ചെയ്യും. ശനി, ഞായര്‍ ഒഴിച്ചുള്ള ദിവസങ്ങളില്‍ വിവിധ പണി സ്ഥലങ്ങളില്‍ വച്ച് ഞാനയാളെ കണ്ടിട്ടുണ്ട്. റോഡ്‌, കെട്ടിടം, പാലം എന്നിവയുടെ നിര്‍മ്മാണത്തിന് കരാര്‍ അടിസ്ഥാനത്തില്‍ ആളെ കൊടുക്കുന്ന ഏതോ ഏജന്‍റിന്‍റെ കീഴിലാണ് സമിയുടെ ജോലി. അതുകൊണ്ട് എപ്പോഴും എവിടെയും അയാളെ കാണാം.

ഞാന്‍ യാത്ര പറഞ്ഞ് അടുത്തുള്ള ഓട്ടോ സ്റ്റാന്‍റിലേക്ക് നടന്നപ്പോള്‍ സമി പെട്ടെന്ന് പുറകില്‍ നിന്ന് വിളിച്ചു.

സാബ്, അപ്പോള്‍ മറക്കണ്ട പതിനഞ്ചാം തീയതി. സെമി. സമിയല്ല സെമി. കോഹ്ലിയെയും കൂട്ടരെയും ഞങ്ങള്‍ പറപറത്തും. : അയാള്‍ പതിവ് പ്രസരിപ്പ് വീണ്ടെടുത്തുകൊണ്ട് പറഞ്ഞു.   

ഇല്ലെങ്കില്‍ ? : ഞാന്‍ ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു. അയാള്‍ ഒരു നിമിഷം ആലോചിച്ചു.

അന്നത്തെ പോലെ നിനക്ക് പണി പിടിക്കുമായിരിക്കും അല്ലേ ? : ഞാന്‍ കയ്യിലുണ്ടായിരുന്ന സഞ്ചി ഓട്ടോയില്‍ വച്ച് കൊണ്ട് വീണ്ടും ചോദിച്ചു. 

ഇല്ലെങ്കില്‍ ഞാന്‍ ഈ പകുതി മീശ എടുക്കും. അങ്ങനെയാണല്ലോ നിങ്ങള്‍ മലയാളികള്‍ സാധാരണ പന്തയം വയ്ക്കുന്നത് ? : സമി വെല്ലുവിളിയുടെ സ്വരത്തില്‍ പറഞ്ഞു. മറുപടിയായി ചിരിച്ചുകൊണ്ട് ഞാന്‍ ഓട്ടോയില്‍ കയറി. 

പതിനഞ്ചാം തീയതിയില്‍ എന്താണ് നടന്നതെന്ന് ഞാന്‍ പ്രത്യേകിച്ച് പറയണ്ടല്ലോ. ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത ഇന്ത്യ ഫൈനലില്‍ കടന്നു. രോഹിത് ശര്‍മ്മ 123, വിരാട്ട് കോഹ്ലി 96 എന്നിങ്ങനെ എടുത്ത് പുറത്താകാതെ നിന്നു. പത്ത് ഓവര്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ എതിരാളികള്‍ക്ക് മേല്‍ വിജയം കൊയ്തത്. 

അതിനുശേഷമുള്ള ശനിയാഴ്ച ഇന്നാണ്. പതിവ് പോലെ ഞാന്‍ സമിയെ കാത്തിരുന്നെങ്കിലും അയാള്‍ വന്നില്ല. ഇടയ്ക്ക് അപ്രതിക്ഷിതമായാണ് ആ തലവെട്ടം ഞാന്‍ മതിലിന് മുകളില്‍ കണ്ടത്. ഒറ്റ നോട്ടത്തില്‍ തന്നെ ഞാന്‍ ആളെ തിരിച്ചറിഞ്ഞു. സമി. എന്നെ നേരിടാനുള്ള വൈമനസ്യം കാരണം വീട്ടില്‍ കയറാതെ പോകുകയാണ് അയാള്‍. 

സമീ…………; കണ്ട മാത്രയില്‍ ഞാന്‍ നീട്ടി വിളിച്ചു. അതോടെ അയാളുടെ ഉന്തുവണ്ടിയുടെ വേഗം കൂടിയെന്ന് ശബ്ദത്തില്‍ നിന്ന് എനിക്ക് മനസിലായി. ഞാന്‍ ഓടി ഗെയ്റ്റില്‍ എത്തിയപ്പോഴേക്കും സമി കുറച്ചകലെ എത്തിക്കഴിഞ്ഞിരുന്നു. 

സമീ, അവിടെ നില്‍ക്ക് : ഞാന്‍ വിടാതെ പുറകെ പിടിച്ചു. 

എന്തായി നമ്മുടെ പന്തയത്തിന്‍റെ കാര്യം ? : പിന്നാലെ ഓടുന്നതിനിടയില്‍ ഞാന്‍ വിളിച്ചു ചോദിച്ചു. സമി അതോടെ വീണ്ടും വേഗം കൂട്ടി. 

സാബ്, കണ്ടതല്ലേ. കോഹ്ലിക്ക് സെഞ്ചുറി അടിക്കാന്‍ കഴിഞ്ഞോ ? അതാ ഞങ്ങളുടെ പവര്‍. : സ്പീഡില്‍ പോകുന്നതിനിടയില്‍ ഇടയ്ക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് സമി ചോദിച്ചു. പക്ഷേ ഞാന്‍ വിട്ടില്ല. അല്ലെങ്കിലും ഈയിടെയായി ചേസ് ചെയ്ത് പിടിക്കാന്‍ നമുക്ക് ഒരു പ്രത്യേകം ഒരു ആവേശമുണ്ടല്ലോ. ഏത്? ക്രിക്കറ്റ് പ്രേമികള്‍ക്ക് ഈ പറഞ്ഞത് പെട്ടെന്ന് മനസിലാകും. അവസാനം വിരാട്ടിനെ പോലെ പിന്തുടര്‍ന്ന് സമിയെയും ഞാന്‍ പിടിച്ചു. 

വണ്ടി പിടിച്ചെങ്കിലും സമി എനിക്ക് മുഖം തരാതെ തല വെട്ടിച്ചു. 

എന്താ ? : ഞാന്‍ ചോദിച്ചു. അയാള്‍ മുഖം പൊത്തിക്കൊണ്ട് എന്‍റെ നേരെ തിരിഞ്ഞു. കൈ മാറ്റിയപ്പോള്‍ ക്ലീന്‍ ഷേവ് ചെയ്ത മുഖം. ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.

അല്ല, നിങ്ങളല്ലേ പറഞ്ഞത് വിരാട്ട് ഭയങ്കര പ്ലേയറാണ്, ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാണ് എന്നൊക്കെ. എന്നിട്ട് പത്ത് ഓവര്‍ ബാക്കിയുണ്ടായിട്ട് അങ്ങേര്‍ക്ക് സെഞ്ചുറി അടിക്കാന്‍ കഴിഞ്ഞോ ?

അതുകേട്ടപ്പോള്‍ ഞാന്‍ ചിരിച്ചു. മീശയില്ലാതെ മുഖത്തേയ്ക്ക് കൈ ചൂണ്ടി ഞാന്‍ ചോദിച്ചു.

ഇതെന്താ ഈ കാണിച്ചു വച്ചിരിക്കുന്നത് ?

അത് സാബിനോട് ഞാന്‍ പന്തയം വച്ചതല്ലേ, തോറ്റാല്‍ പകുതി മീശ എടുക്കാമെന്ന്…….: അയാളുടെ വാക്കുകള്‍ പകുതി മുറിഞ്ഞു.

അത് പകുതി എടുക്കാമെന്നല്ലേ നീ പറഞ്ഞത്, പിന്നെ എന്തിനാ മുഴുവന്‍ എടുത്തത് ? : ഞാന്‍ ചോദിച്ചു.

സാബിനോട് പന്തയം വച്ചത് പോലെ ഞാന്‍ അടുത്ത സ്ട്രീറ്റിലെ ചില ഫ്രീക്ക് പയ്യന്മാരോടും പന്തയം വച്ചിരുന്നു. ബാക്കി പകുതി അവര്‍ക്ക് വേണ്ടിയാ. : സമി നിഷ്കളങ്കമായി പറഞ്ഞപ്പോള്‍ ഞാനും ചിരിച്ചുപോയി.

നീ ഏതായാലും വീട്ടിലേക്ക് വാ. അവിടെ ആരും ഇതേകുറിച്ചൊന്നും ചോദിക്കില്ല. : ഞാന്‍ അയാളുടെ തോളില്‍ കൈ വച്ചുകൊണ്ട് തിരികെ നടന്നു. വീട്ടില്‍ ഒരു കെട്ട്  ഡ്രസ്സ് തേയ്ക്കാനുണ്ടെന്നും അയാള്‍ വന്നില്ലെങ്കില്‍ എനിക്ക് പണിയാകുമെന്നും പക്ഷേ ഞാന്‍ പറഞ്ഞില്ല. ദൈനം ദിന ജോലികള്‍ മുതല്‍ മെട്രോ വരെയുള്ള കാര്യങ്ങളില്‍ നമ്മള്‍ ബംഗാളികളോട് എത്ര മാത്രം കടപ്പെട്ടിരിക്കുന്നു എന്ന് ഇത് വായിക്കുന്ന എല്ലാവര്‍ക്കും അറിയാമല്ലോ. തൃണമൂല്‍ കോണ്‍ഗ്രസ്സിന്‍റെ കേരള ഘടകവും അധികം താമസിയാതെ നമുക്ക് പ്രതിക്ഷിക്കാം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരള നേതാക്കള്‍ ഗള്‍ഫിലേക്ക് പോകുന്നത് പോലെ വോട്ട് പിടിക്കാനായി ബംഗാളിലെ നേതാക്കള്‍ ഇവിടെയും വരും. 

സമി വണ്ടി തള്ളിക്കൊണ്ട് എന്‍റെ പുറകെ വന്നു. 

സമീ, ഏതായാലും ഇതുപോലുള്ള പന്തയങ്ങള്‍ നീ ഇനി വയ്ക്കരുത്. : ഞാന്‍ തിരിഞ്ഞു നോക്കാതെ തന്നെ പറഞ്ഞു. 

അതെന്താ സാബ് ? : അയാള്‍ ആകാംഷയോടെ ചോദിച്ചു. 

പിന്നെ മീശ വയ്ക്കാന്‍ നിനക്ക് സമയമുണ്ടാകില്ല. അതുകൊണ്ടാ……… : ഞാന്‍ നിസാരഭാവത്തില്‍ പറഞ്ഞു. 

സാബ്…………..: ചങ്ക് പിളരുന്ന വേദനയോടെ സമി നീട്ടി വിളിച്ചു. അയാള്‍ പെട്ടെന്ന് സഡന്‍ ബ്രേക്കിട്ടു. ഞാന്‍ ഒന്നും അറിയാത്ത ഭാവത്തില്‍ ആദ്യം മുന്നോട്ട് നടന്നെങ്കിലും പിന്നെ തിരിഞ്ഞു നോക്കി. അതോടെ സമചിത്തത വീണ്ടെടുത്ത അയാള്‍ വണ്ടിയുമായി എന്‍റെ പിന്നാലെ പാഞ്ഞെത്തി. 

ഞങ്ങളുടെ കളിചിരികളും നേരമ്പോക്കുകളും കോളനിയുടെ അന്തരിക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നു. ഞാന്‍ ഇപ്പോള്‍ ഇതെഴുതുമ്പോഴും എന്‍റെ പുതിയ കഥയ്ക്ക് പ്രചോദനമായതറിയാതെ അയാള്‍ പുറത്ത് തേപ്പ് തുടരുകയാണ്. 

The End

 

 

Leave a Comment

Your email address will not be published. Required fields are marked *