
ചാരുലതയുടെ ആദ്യരാത്രിയായിരുന്നു അന്ന്. അവള് ഒരു ഗ്ലാസ് പാലുമായി മുല്ലപ്പൂക്കള്‍ കൊണ്ടലങ്കരിച്ച തന്റെ മണിയറയിലേക്ക് നമ്രശിരസ്ക്കയായി പ്രവേശിക്കുമ്പോള്‍ അവളുടെ കാന്തന് പട്ടാളക്കാരന് ശങ്കരന്‍കുട്ടി അവളെയും പ്രതീക്ഷിച്ച്, അക്ഷമനായി, കണ്ണിലെണ്ണയൊഴിക്കാതെ കാത്തിരിക്കുകയായിരുന്നു. അവളെ കണ്ടപ്പോള്‍ അയാളുടെ മുഖം വിടര്‍ന്നു. ചാരുലത നാണത്തോടെ പാല് ഗ്ലാസ് അയാള്‍ക്ക് നീട്ടി. ശങ്കരന് കുട്ടി അത് വാങ്ങി അടുത്തുള്ള മേശപ്പുറത്ത് വെച്ചു.
ലത ഇരിക്കൂ………………….. : അയാള്‍ അവളുടെ കൈ പിടിച്ച് കിടക്കയില്‍ തന്റെ അടുത്തിരുത്തി.
എന്തേ വൈകിയത് ? ഞാന്‍ എത്ര നേരമായി ലതയെയും പ്രതീക്ഷിച്ച് ഇരിക്കുന്നു………………….. : ശങ്കരന് കുട്ടി പരിഭവത്തോടെ പറഞ്ഞു.
അതു പിന്നെ………….. അയല്‍ക്കാര്‍………………… : പരസ്യത്തിലെ നവ വധുവിനെ പോലെ ചാരുലത നാണത്തോടെ മുഖം മറച്ചു. അതിലെ വരനെ പോലെ അയാള്‍ തന്റെ കൈ പിടിച്ചു മാറ്റുമെന്നവള് പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല.
തന്റെ ഭാര്യ എന്തു മാത്രം സുന്ദരിയും സുശീലയുമാണെന്ന് ശങ്കരന് കുട്ടിക്ക് തോന്നി. അവളെ കിട്ടിയതില്‍ അയാള്‍ അഭിമാനം കൊണ്ടു. നാട്ടിലെ അറിയപ്പെടുന്ന ബ്ലേഡ് പലിശക്കാരനായ ശ്രീധരന് നായരുടെ ഏക മകളാണ് ചാരുലത.
ശങ്കരന് കുട്ടിയാണെങ്കില്‍ പട്ടാളക്കാരനാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി മിസോറാമിലാണ് അയാള്‍ ജോലി ചെയ്യുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ലീവില്‍ വന്ന അയാള്‍ ഏതാനും ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ തിരിച്ചുപോകും. അതിനു മുമ്പായി അയാളുടെ വിവാഹം നടത്തണം എന്ന് അച്ഛനും അമ്മയും നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. ശങ്കരന് കുട്ടിയുടെ ജ്യേഷ്ഠനായ കൃഷ്ണന് കുട്ടി മുന്‍കയ്യെടുത്ത് ചില ബ്രോക്കര്‍മാരെ ഏര്‍പ്പാടാക്കി, ചില വിവാഹ ബ്യൂറോകളിലും പേര് രജിസ്റ്റര്‍ ചെയ്തു. അടുത്ത വരവില്‍ മതി കല്യാണമെന്ന് ശങ്കരന് കുട്ടി ഒരുപാട് പറഞ്ഞെങ്കിലും മറ്റുള്ളവര്‍ വഴങ്ങിയില്ല. ഒടുവില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ വിവാഹത്തിന് സമ്മതം മൂളി. ഒരുപാടു പേരെ പെണ്ണ് കണ്ടെങ്കിലും അയാള്‍ക്കെന്തോ ചാരുലതയെ മാത്രമാണ് ബോധിച്ചത്.
എനിക്കു തോന്നി. അങ്ങനെ സ്ഥല കാല ബോധമില്ലാത്ത കുറച്ചു പേര് എവിടേയും ഉണ്ടാകും. ഞാനും ഒരു വിധത്തിലാ ഫ്രണ്ട്സിന്റെ അടുത്തു നിന്ന് രക്ഷപ്പെട്ടത്. നമ്മുടെ ഇന്നത്തെ രാത്രിയുടെ രസം കൊല്ലാനായിരുന്നു അവരുടെ പ്ലാന്‍……………… : ശങ്കരന്‍കുട്ടി ചിരിച്ചു കൊണ്ടു പറഞ്ഞു. ചാരുലതയും ആ ചിരിയില്‍ പങ്കു ചേര്‍ന്നു. ചിരിക്കുമ്പോള്‍ അവള്‍ക്ക് ഏഴഴകാണെന്ന് അയാള്‍ക്ക് തോന്നി.
ഓ….. വാതിലടച്ചില്ലല്ലോ…………… ഞാനത് അടക്കട്ടെ : അയാള്‍ എഴുന്നേറ്റ് വാതിലടച്ച് കുറ്റിയിട്ടു.
ഇല്ലെങ്കില്‍ ചേട്ടന്റെ മോനുണ്ടപ്പുറത്ത്……………. കിച്ചു…………. ആറു വയസ്സേയുള്ളൂ. ഭയങ്കര വികൃതിയാ. എന്നാലും ഞങ്ങള്‍ നല്ല കമ്പനിയാ കേട്ടോ. ഇന്നലെ വരെ അവന് ഇവിടെ എന്റെ കൂടെയാ കിടന്നിരുന്നത്. ഇന്നു മുതല്‍ അതു പറ്റില്ലല്ലോ……………..പക്ഷേ അതൊന്നും പറഞ്ഞാല്‍ അവന് ചിലപ്പോള്‍ മനസ്സിലാകില്ല : ശങ്കരന് കുട്ടി പറഞ്ഞു.
Also Read കുറ്റവും ശിക്ഷയും
ചാരുലതയുടെ മുഖത്ത് ആദ്യ രാത്രിയുടെ അങ്കലാപ്പുണ്ടെന്ന് അയാള്‍ക്ക് തോന്നി. അയാള്‍ അടുത്തിരുന്ന് പതുക്കെ അവളുടെ കൈകള്‍ക്ക് മേലെ തന്റെ കൈ വെച്ചു. ഒന്നു പകച്ച അവള് പെട്ടെന്നു തന്നെ തന്റെ കൈകള്‍ പിന്‍വലിച്ചു. അത് ആസ്വദിച്ചു കൊണ്ട് ശങ്കരന് കുട്ടി ചോദിച്ചു.
ലതയ്ക്ക് ഈ വീട് ഇഷ്ടപ്പെട്ടോ ?
അവള് തലയാട്ടി.
ഞാനിത്രയൊക്കെ പറഞ്ഞിട്ടും ലതയെന്താ ഒന്നും മിണ്ടാത്തത് ? എന്നോടൊന്നും പറയാനില്ലേ ? : അയാളുടെ ചോദ്യം കേട്ടപ്പോള്‍ ചാരുലത പതുക്കെ മുഖമുയര്‍ത്തി അയാളുടെ കണ്ണുകളിലേക്ക് നോക്കി.
ചേട്ടന് പറഞ്ഞോളൂ, ഞാന്‍ എല്ലാം കേള്‍ക്കുന്നുണ്ട്…………….. : അവള് പറഞ്ഞു.
പെണ്‍കുട്ടികള്‍ കല്യാണം കഴിഞ്ഞു വരുമ്പോള്‍ ആദ്യമൊക്കെ ഇങ്ങനെയായിരിക്കും, അല്ലേ ?……………… വീടും വീട്ടുകാരെയും വിട്ട് പുതിയ ഒരു സ്ഥലത്തേക്ക് വരുമ്പോഴുള്ള അങ്കലാപ്പ്………….. എനിക്ക് നിങ്ങളുടെ മനശാസ്ത്രമൊന്നും അറിയില്ല………….. അതാ ചോദിച്ചത്. അതൊക്കെ പോട്ടെ, ഇവിടെയുള്ള ബാക്കിയുള്ളവരെയൊക്കെ ലത പരിചയപ്പെട്ടോ ? : ശങ്കരന് കുട്ടി അവളുടെ മുഖം തന്റെ നേരെ തിരിച്ചു കൊണ്ട് ചോദിച്ചു. കണ്ടു മറന്ന ഏതോ പ്രണയ സിനിമയിലെ നായികയുടെ മുഖഛായ അവള്‍ക്കുണ്ടെന്ന് അപ്പോള്‍ അയാള്‍ക്ക് തോന്നി.
ഉവ്വ്………… : അവള് പതുക്കെ പറഞ്ഞു.
എന്നെ കൂടാതെ, ഇവിടെ അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയുമൊക്കെയുണ്ട്. പിന്നെ ഞാന്‍ നേരത്തെ പറഞ്ഞ കിച്ചുവും…………. ചേട്ടന് മെഡിക്കല്‍ കോളേജില്‍ അറ്റണ്ടറാണ്. സുഖമില്ലാത്ത അച്ഛന്റെയും അമ്മയുടെയും കാര്യങ്ങള്‍ ഇതുവരെ നോക്കി നടത്തിയിരുന്നത് ഏട്ടത്തിയാണ്. ഇനി ലത വേണം അതെല്ലാം ചെയ്യാന്‍……… തനിക്കത് ബുദ്ധിമുട്ടാവുമോ ? : പാല് പകുതി കുടിച്ചു കൊണ്ട് അയാള്‍ ചോദിച്ചു.
പുറത്തെ കനത്ത നിശബ്ദതയില്‍, ഈ ലോകത്ത് അപ്പോള്‍ തങ്ങള്‍ മാത്രമാണു ഉണര്‍ന്നിരിക്കുന്നത് എന്ന് ശങ്കരന് കുട്ടിക്ക് തോന്നി. പടയാളിയാണെങ്കിലും അയാള്‍ക്ക്, സാധാരണ പട്ടാളക്കാരെ പോലെ, പേടിപ്പെടുത്തുന്ന കൊമ്പന് മീശയില്ലല്ലോ എന്ന് ചാരുലത ഇടക്ക് ഓര്‍ത്തു. പക്ഷേ ആ മുഖത്ത് നല്ല ഗാംഭീര്യമുണ്ട്. സ്നേഹസമ്പന്നനുമാണെന്ന് അവള്‍ക്ക് തോന്നി.
ഇല്ല……….. ചേട്ടന്റെ അച്ഛനമ്മമ്മാര്‍ എനിക്ക് എന്റെ അച്ഛനമ്മമാരെ പോലെത്തന്നെയാണ്. എനിക്കൊരു ബുദ്ധിമുട്ടുമില്ല : ഒടുവിലെപ്പോഴോ അവള് പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ശങ്കരന് കുട്ടിയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. അയാള്‍ നീട്ടിയ ഗ്ലാസ് വാങ്ങി ബാക്കി കുടിച്ചതിനു ശേഷം അവള് തിരിഞ്ഞപ്പോഴേക്കും അയാള്‍ അത് വാങ്ങി മേശപ്പുറത്ത് വെച്ചു. എന്നിട്ട് പതുക്കെ അവളെ തന്നിലേക്കടുപ്പിച്ചു. ചാരുലത സാവധാനം അയാളുടെ മാറിലേക്ക് മുഖം ചായ്ച്ചു. അവളെ ഒന്നുകൂടി ചേര്‍ത്തു പിടിച്ച് അയാള്‍ പുറകോട്ട് മറിഞ്ഞു.
സമയത്തിന്റെ നാഴിക പിന്നിടുമ്പോഴേക്കും ശങ്കരന്‍കുട്ടിയെ നിദ്രയുടെ ബലിഷ്ഠമായ കരങ്ങള്‍ വരിഞ്ഞു മുറുക്കി കഴിഞ്ഞിരുന്നു. ആദ്യം ഉറങ്ങിയെങ്കിലും ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചില് കേട്ട് ചാരുലത പലപ്പോഴും ഞെട്ടിയുണര്‍ന്നു. അപ്പോഴൊക്കെ മംഗലാപുരത്തെ ഏതോ സ്വകാര്യ ആശുപത്രിയുടെ അകത്തളങ്ങളില്‍ ജനിക്കും മുമ്പേ ഒടുങ്ങേണ്ടി വന്ന ഒരു കുഞ്ഞിലേക്കാണ് അവളുടെ മനസ്സ് പോയത്. എല്ലാം ഇട്ടെറിഞ്ഞു ജയകാന്തന്റെ കൂടെ മൈസൂറിലേക്ക് തീവണ്ടി കയറിയ ആ രാത്രി അവളുടെ കണ്ണുകളില്‍ മിന്നി മറഞ്ഞു. അവസാനം ശ്രീധരന് നായരുടെ ഗുണ്ടകള്‍ കാലുകള്‍ വെട്ടി മാറ്റിയ ജയകാന്തന്റെ അപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഓര്‍ത്ത് ചാരുലതയുടെ നെഞ്ച് പിടച്ചു. ഒടുവില്‍ ഭൂതകാലമറിയാതെ തന്നേ സ്നേഹിക്കുന്ന ശങ്കരന് കുട്ടി ചേട്ടനെ കുറിച്ചോര്‍ത്തപ്പോള്‍ അവള്‍ക്ക് വല്ലാത്ത കുറ്റബോധം തോന്നി.