മദ്യദേവന്‍ – കഥ

മദ്യദേവന്‍ - കഥ 1

മദ്യമാണ് എന്നെ ഈ അവസ്ഥയില്‍ ആക്കിയത്. ഇപ്പോള്‍ അത് നിര്‍ത്താനും പറ്റുന്നില്ല : ബാറിലെ ഇരുണ്ട വെളിച്ചത്തില്‍ ബ്രാന്‍റുകള്‍ മാറ്റി മാറ്റി പരീക്ഷിക്കുന്നതിനിടയില്‍ അയാള്‍ പരിതപിച്ചു.

കുപ്പിക്കുള്ളില്‍ വീര്‍പ്പുമുട്ടി കിടന്നിരുന്ന മദ്യദേവന് അതുകേട്ട് ദേഷ്യം വന്നെങ്കിലും സ്വയം നിയന്ത്രിച്ചു. പക്ഷേ തുടര്‍ന്നുള്ള സായാഹ്നങ്ങളിലും അയാള്‍ ആ പല്ലവി പതിവാക്കിയപ്പോള്‍ സഹികെട്ട മദ്യദേവന്‍ കൂടു തുറന്ന്‍ പുറത്തേക്ക് വരുകയും മനുഷ്യരൂപം പൂണ്ട് കുടിയന്‍റെ കരണത്തൊന്നു പൊട്ടിക്കുകയും ചെയ്തു.

മദ്യത്തിന്‍റെ ലഹരിയിലും അയാള്‍ ഞെട്ടിപ്പോയി.

എപ്പോഴെങ്കിലും എന്നെ കുടിക്ക് എന്നുപറഞ്ഞു ഞാന്‍ നിന്‍റെ പുറകെ വന്നിട്ടുണ്ടോ ? : ദേവന്‍ ചോദിച്ചു.

ഇല്ല: കരണം തടവിക്കൊണ്ട് മദ്യപാനി മൊഴിഞ്ഞു.

എന്നും ഒരു ഹാഫ് എങ്കിലും അടിക്കാതെ കിടന്നുറങ്ങരുതെന്ന് ഞാനോ അല്ലെങ്കില്‍ എന്‍റെ ഭൂതഗണങ്ങളോ നിന്നോട് കല്‍പ്പിച്ചോ ? : ക്രുദ്ധനായ ദേവന്‍ അയാളുടെ നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് ചോദിച്ചു. നിഷേധാര്‍ഥത്തില്‍ അയാള്‍ തല വെട്ടിച്ചു.

പിന്നെ ഭാര്യയെയും മക്കളെയും മറന്ന്‍ നീ എന്നും ഇവിടെ കുടിച്ചു മറിയുന്നതിന് ഞാനാണോ കുറ്റക്കാരന്‍ ? ആദ്യം സ്വയം നന്നാകാന്‍ നോക്ക്. എന്നിട്ടു മതി മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്……………….. : മദ്യ ദേവന്‍ ദേഷ്യം കൊണ്ട് വിറച്ചു.

പക്ഷേ ഒരു ദിവസമെങ്കിലും കഴിച്ചില്ലെങ്കില്‍ എനിക്കു വല്ലാത്ത തളര്‍ച്ചയാണ്. എന്നെ അങ്ങനെ എന്നും കുടിക്കാന്‍ പ്രേരിപ്പിക്കുന്നത് നീയല്ലേ ? : സമനില വീണ്ടെടുത്ത നായകന്‍ മറുചോദ്യം ഉന്നയിച്ചപ്പോള്‍ എതിരാളി പൊട്ടിച്ചിരിച്ചു.

അത് ഏത് കച്ചവടക്കാരനും ചെയ്യുന്ന കുടില തന്ത്രമാണ്. നിന്നെ പോലുള്ളവര്‍ കുടിച്ചു മരിച്ചില്ലെങ്കില്‍ എന്നെ പോലുള്ളവര്‍ പട്ടിണിയാകും. എല്ലാത്തിനുമുപരി ഞാന്‍ ദൈവമൊന്നുമല്ല, ചെകുത്താനാണ്. നിന്നെയും ഈ ഇരിക്കുന്നവന്മാരെയുമെല്ലാം കുടിപ്പിച്ച് നശിപ്പിക്കാനായി ദൈവിക രൂപം പൂണ്ടു വന്നിരിക്കുന്ന ചെകുത്താന്‍…………അതുകൊണ്ടു തന്നെ നിങ്ങളെയാരെയും സ്നേഹിക്കാനും എനിക്കാവില്ല. കണ്ടോ ? : ബാറിലെ തിങ്ങി നിറഞ്ഞ കസേരകളെ ഇരുണ്ട വെളിച്ചത്തില്‍ സാക്ഷി നിര്‍ത്തി എതിരാളി സുന്ദരരൂപം വെടിയുകയും ഘോരരൂപം പൂണ്ട് ആര്‍ത്തട്ടഹസിക്കുകയും ചെയ്തപ്പോള്‍ കുടിയന്‍ ഭയന്നു പോയി. എന്നാല്‍ ആ കാഴ്ച ഗോചരമല്ലാതിരുന്ന മറ്റുള്ളവര്‍ ഭാവവ്യത്യാസമൊന്നും കൂടാതെ തങ്ങളുടെ ക്രിയകള്‍ തുടര്‍ന്നു.

അന്നുമുതല്‍ മദ്യമുപേക്ഷിച്ച കുടിയന്‍ ഒരു സാത്വികനായി മാറി.

The End

Leave a Comment

Your email address will not be published. Required fields are marked *