ചില തുണ്ട് കഥകള്‍ – ഭാഗം അഞ്ച്

Malayalam short stories

ഭക്തി

ദേവീ, എത്ര നാളായി ഞാന്‍ പറയുന്നു, എനിക്ക് ദേവിയെ നേരില്‍ കാണണമെന്ന്. ഇനിയും എന്‍റെ ആഗ്രഹം സാധിപ്പിച്ചില്ലെങ്കില്‍ ഞാന്‍ ഈ അമ്പല നടയില്‍ തലയിടിച്ച് ചാകും. :

ഒരു ഉത്തമ ഭക്തന്‍ ക്ഷേത്ര നടയില്‍ വച്ച് ദേവിവിഗ്രഹത്തോട് പറഞ്ഞു. ദേവി അനങ്ങിയില്ല. പക്ഷേ അടുത്തുള്ള കരിങ്കല്‍ തൂണില്‍ തലയിടിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു വെളിച്ചം അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

ഭക്താ, എന്നെ പ്രത്യേകമായി കാണാന്‍ സാധിക്കില്ല. കാരണം ഓരോ സ്ത്രീയിലും ഞാനുണ്ട്. നീ ഓരോ ദിവസവും അവഹേളിക്കുന്ന, മര്‍ദ്ദിക്കുന്ന ഭാര്യയില്‍ പോലും എന്‍റെ അംശമുണ്ട്. അവളെ ഉപദ്രവിക്കുമ്പോള്‍ സത്യത്തില്‍ വേദനിക്കുന്നത് എനിക്കാണ് : ആ വെളിച്ചം അയാളോട് പറഞ്ഞു.

അയാള്‍ക്ക് അത് ഒരു പുതിയ അറിവായിരുന്നു. അന്നു മുതല്‍ ഭാര്യയെ സ്നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങിയ അയാള്‍ ക്രമേണ അവളെ പൂജിക്കാനും തുടങ്ങി. അതോടെ അയാള്‍ ഭര്‍ത്താവെന്ന നിലയിലുള്ള തന്‍റെ കടമകള്‍ മറന്നു. ഭാര്യ എതിര്‍ക്കുകയും മറ്റുള്ളവര്‍ മാനസിക രോഗിയെന്ന് വിളിക്കുകയും ചെയ്തെങ്കിലും അയാളത് കാര്യമാക്കിയില്ല. തന്‍റെ സമ്പത്തെല്ലാം ഉപയോഗിച്ച് അവള്‍ക്കായി ഒരു അമ്പലം പണിയാന്‍ അയാള്‍ തീരുമാനിച്ചു.

ഒരു സുപ്രഭാതത്തില്‍ അയാളുടെ ഭാര്യ അന്യദേശക്കാരനായ ഒരു ആട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടി. വിവരമറിഞ്ഞു പരിഭ്രാന്തനായി ഭര്‍ത്താവ് ക്ഷേത്ര നടയിലുമെത്തി.

ദേവീ, അങ്ങ് പറഞ്ഞത് പോലെ എല്ലാം ഞാന്‍ ചെയ്തു. അവളെ സ്നേഹിച്ചു, പിന്നെ പൂജിച്ചു. ഒരു അമ്പലം കൂടി പണിയാന്‍ തീരുമാനിച്ചു. പക്ഷേ……………………… : ദേവിയുടെ മുന്നില്‍ അയാള്‍ സാഷ്ടാംഗം വീണു. അവസാനം തലയുയര്‍ത്തി നോക്കിയ അയാള്‍ നടുങ്ങി.

ശ്രീകോവിലില്‍ ആരുമില്ല. ദേവീ പീഠം ശൂന്യം.

അന്നു മുതല്‍ അയാള്‍ ദേവിയെ തേടി യാത്ര തുടങ്ങി. കാശി, ഹരിദ്വാര്‍ തുടങ്ങി പലയിടത്തും ദേവിയെ തിരഞ്ഞെങ്കിലും അയാള്‍ക്കു നിരാശനാകേണ്ടി വന്നു. ദേവിയാണെങ്കിലോ ഉത്തമ ഭക്തനെ ഭയന്ന്‍ ഓരോ സ്ഥലത്തു നിന്നും ഓടിയൊളിക്കാനും തുടങ്ങി.

The End


അച്ഛന്‍

അമ്മേ, ഒരു നൂറു രൂപ വേണം……….. :

കോളേജ് പഠനം കഴിഞ്ഞ് തേരാപ്പാരാ കറങ്ങി നടക്കുന്ന മകന്‍ വന്ന്‍ ചോദിച്ചപ്പോള്‍ അടുക്കളയില്‍ ജോലിയിലായിരുന്ന അമ്മ തിരിഞ്ഞു നോക്കി.

ഇന്നെന്താ ആവശ്യം എന്ന്‍ ചോദിച്ചില്ലെങ്കിലും അങ്ങനെയൊരു ഭാവത്തോടെ അവര്‍ അവനെ നോക്കി. ക്ലബ്ബും കളികളുമായി നടക്കുന്ന കിഷോര്‍ എന്നും പണച്ചിലവുള്ള കാര്യങ്ങളുമായി അമ്മയെ സമീപിക്കാറുണ്ട്.

നെയ്മര്‍ക്ക് പരുക്ക് പറ്റി. ധന്വന്തരി ക്ഷേത്രത്തില്‍ ഒരു ആയുരാരോഗ്യ പുഷ്പാഞ്ജലി കഴിപ്പിക്കണം. കൂടെ ഒരു ശത്രു സംഹാരവും. : അവന്‍ പറഞ്ഞു.

മോനേ, അച്ഛന് തീരെ സുഖമില്ല. ഇന്നെങ്കിലും ആശുപത്രിയില്‍ പോയില്ലെങ്കില്‍……….. : അരിപാത്രത്തില്‍ നിന്ന്‍ പണം എടുക്കുന്നതിനിടയില്‍ അമ്മ വിഷമത്തോടെ ഓര്‍മിപ്പിച്ചു.

ഓ അത് നാളെയെങ്ങാനും പോകാം……….. : തട്ടിപ്പറിക്കുന്നത് പോലെയാണ് കിഷോര്‍ നൂറിന്‍റെ നോട്ട് വാങ്ങിയത്. അതും മുറുകെ പിടിച്ച് അവന്‍ ധൃതിയില്‍ പുറത്തേക്ക് നടന്നു. നെയ്മര്‍ എത്രയും പെട്ടെന്ന് സുഖപ്പെടാന്‍ അവന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു.

The End

തുടര്‍ന്നു വായിക്കുക

About The Author