അനീഷിന്‍റെ കാളരാത്രി – കഥ

malayalam story bloggers

വൈകുന്നേരം വന്നതു മുതല്‍ ജെസ്സിയുടെ മുഖം കടന്നല്‍ കുത്തിയത് പോലെയാണല്ലോ എന്ന്‍ അനീഷ് ഓര്‍ത്തു. വിവാഹ വാര്‍ഷികമായതു കൊണ്ട് അന്ന്‍ നേരത്തെ വരാമെന്നും വൈകുന്നേരം ഒരുമിച്ച് പുറത്തു പോകാമെന്നും അയാള്‍ വാക്ക് കൊടുത്തിരുന്നുവെങ്കിലും കമ്പ്യൂട്ടര്‍ സെന്‍ററിലെ തിരക്ക് മൂലം അതിനു സാധിച്ചില്ല.

ഒരു സാരിയും ഒരു സിനിമയുമാണ് പിണക്കം മാറ്റാനായി സാധാരണ ജെസ്സി ഈടാക്കുന്നത്. അതോര്‍ത്തപ്പോള്‍ തന്നെ അനീഷിന്‍റെ നെഞ്ച് പിടച്ചു. അയാള്‍ പല പൊടിക്കൈകളും ഇറക്കുകയും മാപ്പിരക്കുകയും ചെയ്തെങ്കിലും അന്ന് അവള്‍ അതൊന്നും അറിഞ്ഞതായി പോലും ഭാവിച്ചില്ല.

രാത്രി ഒമ്പത് മണിയോടടുത്ത് ജെസ്സി അത്താഴത്തിനുള്ള ചപ്പാത്തിയും സ്റ്റൂവും ടേബിളില്‍ നിരത്തുമ്പോഴാണ് ലാന്‍ഡ് ഫോണ്‍ അടിക്കുന്നത് കേട്ടത്.

ഹലോ : അനീഷ് വേഗം റിസീവറെടുത്തു. സ്ഥാപനത്തില്‍ രാത്രി ഡ്യൂട്ടിക്ക് നില്‍ക്കുന്ന ജയനാണ് മറുവശത്തെന്നു ശബ്ദത്തില്‍ നിന്ന്‍ അയാള്‍ക്ക് മനസിലായി.

എന്താ ജയാ ? : അനീഷ് ആകാംക്ഷയോടെ ചോദിച്ചു. ജോലി കൂടുതലുള്ള സമയത്ത് കമ്പ്യൂട്ടര്‍ സെന്‍ററില്‍ രാത്രി ജോലിക്ക് ആരെങ്കിലുമുണ്ടാകും. ജയന്‍ വന്നിട്ട് ഒരാഴ്ചയെ ആയിട്ടുള്ളൂ. അതിന്‍റെ പരിചയക്കുറവുണ്ട്.

ഓ അതോ ? എനിക്കിഷ്ടം കാര്‍ത്തികയാണ്. രേവതി അത്ര പോര. എന്താ നിന്‍റെ അഭിപ്രായം ? : അനീഷിന്‍റെ വാക്കുകള്‍ കേട്ടതും ജെസ്സി വെറുതെ കാതോര്‍ത്തു. എന്തോ സംശയം തീര്‍ക്കാനാണ് ജയന്‍ വിളിക്കുന്നതെന്ന് അവള്‍ ഊഹിച്ചു.

ഫോണിന്‍റെയും  ഇന്‍റര്‍നെറ്റിന്‍റെയും കാലമായത് കൊണ്ട് ആളുകള്‍ വല്ലപ്പോഴുമാണ് ലാന്‍ഡ് ലൈനിലേക്ക് വിളിക്കുന്നത്ബാറ്ററി തീര്‍ന്നത് കൊണ്ട് അനിഷിന്റെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ടിരിക്കുകയാണ്അതുകൊണ്ടാണ് ജയന് അനിഷിന്റെ വീട്ടിലെ ലാന്‍ഡ് ഫോണിനെ ആശ്രയിക്കേണ്ടി വന്നത്.

 

അതു മനസിലായി. പക്ഷേ ശ്രുതിയുടെ ഷെയ്പ് അത്ര ശരിയല്ല എന്ന് തോന്നിയത് കൊണ്ടാ ഞാന്‍ ഒഴിവാക്കിയത്.  ആണോ? അങ്ങനെയൊരു തോന്നലുണ്ടെങ്കില്‍ നീ മീര ഉപയോഗിച്ച് നോക്ക്. 

പക്ഷെ പുറത്തറിഞ്ഞാല്‍ പ്രശ്നമാകും. നിനക്കത്രക്ക് വിശ്വാസമുണ്ടെങ്കില്‍ ആയിക്കോട്ടെ. ഇക്കാര്യത്തില്‍ നിനക്കാണല്ലോ മുന്‍പരിചയം കൂടുതല്‍. ഏത്? : ഡൈനിങ് റൂമില്‍ നിന്ന്‍ ഹാളിനെ വേര്‍തിരിക്കുന്ന കര്‍ട്ടന്‍ മാറ്റി ജെസ്സി മുന്നോട്ടു വന്നു.

തൊട്ടടുത്ത് ചുവരില്‍ തൂങ്ങുന്ന ക്ലോക്ക് മണിയടിക്കാന്‍ തുടങ്ങിയപ്പോള്‍ അനിഷിന്റെ കേള്‍വി മുറിഞ്ഞു. അയാള്‍ അസ്വസ്ഥതയോടെ ഘടികാരത്തെ നോക്കി.മണിയൊച്ച നിലച്ചപ്പോള്‍ അയാള്‍ വീണ്ടും ഫോണിലേക്ക് ശ്രദ്ധ തിരിച്ചു.

അമ്പിളിയെ ഞാന്‍ പരിചയപ്പെട്ടു വരുന്നതല്ലേയുള്ളൂ. നമുക്ക് ശരിയാക്കാം. നീ പിന്നെ ബാച്ചലര്‍ ആയത് കൊണ്ട് കുഴപ്പമില്ല. ഈ രാത്രി മുഴുവന്‍ ഉണ്ടല്ലോ. എല്ലാം മാറി മാറി പരിക്ഷിക്കാം. എന്‍റെ കാര്യം അങ്ങനെയാണോ ? ഹാ ഹാ, ഇക്കാര്യത്തില്‍ നിനക്ക് ഇന്‍ററസ്റ്റ് കൂടുതലാണെന്ന് എനിക്ക് ആദ്യമേ തോന്നി : അത്രയും പറഞ്ഞ് തിരിഞ്ഞപ്പോഴാണ് സംശയം നിറഞ്ഞ കണ്ണുകളോടെ തന്നേ തന്നെ നോക്കിക്കൊണ്ടു നില്‍ക്കുന്ന ഭാര്യയെ അയാള്‍ കണ്ടത്.

അപകടം മനസിലായ അനീഷ്  എടീ ഞാന്‍………… ‘ എന്നു പറഞ്ഞുകൊണ്ട് ജെസ്സിയെ തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ അവള്‍ അകത്തേക്ക് തിരിഞ്ഞു. ഏതാനും സെക്കന്‍റുകള്‍ക്കകം ഡൈനിങ് റൂമിലെ എന്തൊക്കെയോ സാധനങ്ങള്‍ പൊട്ടിച്ചിതറുന്ന ശബ്ദവും കേട്ടു. റിസീവര്‍ താഴെ വച്ച് അയാള്‍ അങ്ങോട്ടോടി.

എടീ അത് വേറൊന്നുമല്ല. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്‍ ആ ജയനാ വിളിച്ചത് : താഴെ പൊട്ടിച്ചിതറി കിടക്കുന്ന പാത്രത്തിലേക്കും നിലത്ത് പരന്നൊഴുകുന്ന കറിയിലേക്കും നോക്കിക്കൊണ്ട് അയാള്‍ അവളെ സമാശ്വസിപ്പിക്കാനായി പറഞ്ഞു.

ആരാണെങ്കിലും അനീഷേട്ടന്‍ വരാന്‍ വൈകിയതിന്‍റെ കാരണമെന്താണെന്ന് ഇപ്പോ എനിക്കു മനസിലായി. പലരും പലതും പറഞ്ഞിട്ടും ഞാന്‍ വിശ്വസിച്ചിരുന്നില്ല. ഇന്ന്‍ ദൈവം എല്ലാം എന്‍റെ കണ്‍മുന്നില്‍ തന്നെ കാട്ടി തന്നു. : നിറഞ്ഞ കണ്ണുകളോടെ ജെസ്സി അയാളോട് പൊട്ടിത്തെറിച്ചു.

അയ്യോ എന്തു പറഞ്ഞിട്ടാ ഞാന്‍ നിന്നെ വിശ്വസിപ്പിക്കേണ്ടത് ? എടീ സ്കൂളില്‍ നിന്നു കിട്ടിയ പ്രോജക്ടിന് ഏത് ഫോണ്ട് ഉപയോഗിക്കണം എന്നറിയാനാ അവന്‍ വിളിച്ചത്. അല്ലാതെ കണ്ട പെണ്ണുങ്ങളുടെ കാര്യമൊന്നുമല്ല ഞങ്ങള്‍ ചര്‍ച്ച ചെയ്തത്……………….. : അനീഷ് താഴ്മയോടെ പറഞ്ഞെങ്കിലും അയാളുടെ വാക്കുകള്‍ വിശ്വസിക്കാതെ ജെസ്സി ചവിട്ടിത്തുള്ളി അകത്തേക്ക് പോയി.

എടാ ജയാ, നിന്നെ നാളെ തന്നെ ഞാന്‍ പിരിച്ചുവിടും, നോക്കിക്കൊ. ഒരുവിധത്തില്‍ എല്ലാം ശരിയാക്കി വരുകയായിരുന്നു. അതിനിടയില്‍ ആ കാലമാടന്‍ എല്ലാം കുളമാക്കി. അവന്‍റെ ഒടുക്കത്തെ ഒരു സംശയം.

ഇനി ഒരു സാരിയിലൊന്നും നില്‍ക്കില്ല. കുറഞ്ഞത് ഒരു തേക്കടി യാത്ര, തിരിച്ചു വരുമ്പോള്‍ അവളുടെ വീട്ടില്‍ ഒന്നു രണ്ടു ദിവസം, എല്ലാം വേണ്ടി വരും. എന്നാലേ എല്ലാം കലങ്ങിത്തെളിയൂ……………….. :

അങ്ങനെ മനസില്‍ പറഞ്ഞുകൊണ്ട് അനീഷ് അടുത്തുള്ള സോഫയിലേക്ക് ചാഞ്ഞു.

അത് വിവാഹ വാര്‍ഷിക രാത്രിയല്ല മറിച്ച് കാള രാത്രിയാണെന്ന് അയാള്‍ക്ക് തോന്നി.

The End

Leave a Comment

Your email address will not be published. Required fields are marked *