ആറു ഭാഷകളിലായി നാന്നൂറിലേറെ സിനിമകൾ. നായകനായും പ്രതിനായകനായും അതിഥിയായും എണ്ണമറ്റ കഥാപാത്രങ്ങൾ. അഞ്ചു പതിറ്റാണ്ട് പിന്നിട്ട ആ അഭിനയ സപര്യയെ മമ്മൂട്ടി എന്ന ഒറ്റ വാക്കിൽ വിശേഷിപ്പിക്കാം.
പ്രായം എഴുപത് കഴിഞ്ഞെങ്കിലും പതിനേഴിൻ്റെ ചെറുപ്പമാണ് മമ്മൂട്ടിക്ക്. അഭിനയത്തോടുള്ള അടങ്ങാത്ത ദാഹവും വ്യത്യസ്ഥതക്കായുള്ള പരിശ്രമവുമാണ് അദ്ദേഹത്തെ മറ്റ് നടന്മാരിൽ നിന്ന് മാറ്റി നിർത്തുന്നത്.
പൊതുവെ സൂപ്പർതാരങ്ങൾ അവർക്കായി കല്പിച്ചിരിക്കുന്ന പ്രതിച്ഛായയുടെ തടവറയിൽ നിന്ന് പുറത്തു കടക്കാൻ ശ്രമിക്കാറില്ല. അഥവാ ശ്രമിച്ചാലും വിജയിക്കാറില്ല. അൽപാച്ചിനോയും ഡെൻസൽ വാഷിങ്ടണും റസൽ ക്രോവുമൊക്കെ അരങ്ങു വാണ ഹോളിവുഡിൽ നിന്ന് ഇതിന് ഒരുപാട് അപവാദങ്ങൾ ഉണ്ട്. പക്ഷെ താരങ്ങളുടെ പേരിൽ ഫാൻ ഫൈറ്റുകൾ നടത്തുകയും സിനിമ അഭിനയത്തെ രാഷ്ട്രീയം പോലുള്ള മറ്റ് മേഖലകളിലേക്ക് കടക്കാനുള്ള വൈൽഡ് കാർഡ് എൻട്രിയായി പോലും കരുതുന്ന ഇന്ത്യയിലെ കാര്യം അങ്ങനെയല്ല.
അഭിനയ ജീവിതത്തിൻ്റെ തുടക്കം മുതലേ അത്തരം ചട്ടക്കൂടുകളെ പൊളിച്ചെഴുതാനുള്ള ശ്രമങ്ങൾ മമ്മൂട്ടി ബോധപൂർവ്വം നടത്തിയിട്ടുണ്ടെന്ന് കാണാം. അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ സക്കറിയയും പടയോട്ടത്തിലെ കമ്മാരനും തുടങ്ങി ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി വരെ എത്തി നിൽക്കുന്ന അദ്ദേഹത്തിൻ്റെ വേഷപ്പകർച്ചകളിൽ മികച്ചവ ഏതൊക്കെയാണെന്ന് നോക്കാം.
1. പടയോട്ടത്തിലെ കമ്മാരൻ
നവോദയ അപ്പച്ചൻ നിർമിച്ച പടയോട്ടം മലയാളത്തിലെ ആദ്യത്തെ 70 എംഎം സിനിമയാണ്. ദി കൌണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ എന്ന വിഖ്യാത നോവലിനെ ആധാരമാക്കിയെടുത്ത ഈ ചിത്രം സംവിധാനം ചെയ്തത് ജിജോ പുന്നൂസാണ്. ഒരു കോടിയിലേറെ ചിലവഴിച്ചെടുത്ത പടയോട്ടം മലയാളത്തിലെ അന്ന് വരെയുള്ള ഏറ്റവും ചിലവേറിയ സിനിമയായിരുന്നു.
പ്രേംനസീർ, മധു, തിക്കുറിശ്ശി, മമ്മൂട്ടി, മോഹൻലാൽ, ശങ്കർ, ലക്ഷ്മി, പൂർണിമ ജയറാം എന്നിങ്ങനെയുള്ള ഒട്ടനവധി താരങ്ങൾ അഭിനയിച്ച സിനിമ 1982 ലെ ഓണക്കാലത്താണ് റിലീസ് ചെയ്തത്. കോലത്തിരി നാട്ടിലെ അഴിമതിക്കാരനും ദുരാഗ്രഹിയും ചതിയനുമായ കമ്മാരൻ എന്ന പ്രതിനായകനെയാണ് മമ്മൂട്ടി പടയോട്ടത്തിൽ അവതരിപ്പിച്ചത്. കിരീടാവകാശിയായ രാജകുമാരൻ ഉദയനെ (പ്രേംനസീർ) കുതന്ത്രങ്ങളിലൂടെ ചതിച്ച് പുറത്താക്കുന്ന കമ്മാരൻ അയാളെ കൊലപ്പെടുത്താനും ചട്ടം കെട്ടുന്നു. പക്ഷെ ശത്രുക്കളിൽ നിന്ന് സമർത്ഥമായി രക്ഷപ്പെടുന്ന ഉദയൻ കൊട്ടാരത്തിലെ ചതിയന്മാരെ തുറന്നു കാട്ടാനും അവരോട് പ്രതികാരം ചെയ്യാനും ഒരുങ്ങിയിറങ്ങുന്നു.
അന്നത്തെ മുതിർന്നതും സമകാലികരുമായ താരങ്ങളോട് മത്സരിച്ചഭിനയിക്കാനുള്ള അവസരം മമ്മൂട്ടി ശരിക്ക് പ്രയോജനപ്പെടുത്തി എന്നുവേണം പറയാൻ. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചെങ്കിലും ഉയർന്ന മുടക്കുമുതൽ കാരണം പടയോട്ടം പക്ഷെ സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല.
2. മൃഗയയിലെ വാറുണ്ണി
വേട്ടക്കാരൻ വാറുണ്ണിയെ ആരും അത്ര പെട്ടെന്ന് മറക്കില്ല. വെറ്റിലക്കറ പുരണ്ട പല്ലുകളും ചുരുണ്ട മുടിയും പതിഞ്ഞ സ്വരവുമുള്ള വാറുണ്ണി മമ്മൂട്ടിയുടെ ഏറ്റവും മികച്ച വേഷ പകർച്ചകളിൽ ഒന്നാണ്.
ലോഹിതദാസിൻ്റെ രചനയിൽ ഐ വി ശശി സംവിധാനം ചെയ്ത മൃഗയ 1989 ലെ ക്രിസ്തുമസ് കാലത്താണ് പുറത്തിറങ്ങിയത്. മലയോര ഗ്രാമത്തിലെ ജനങ്ങളുടെ പേടി സ്വപ്‌നമായിരുന്ന നരഭോജി പുലിയെ പിടിക്കാനായി എല്ലാവരും ചേർന്ന് പ്രശസ്ത വേട്ടക്കാരനായ വാറുണ്ണിയെ കൊണ്ടുവരുന്നു. പക്ഷെ മമ്മൂട്ടിയെ വിരൂപനാക്കിയാൽ സിനിമ പരാജയപ്പെടും നിര്മാതാവിനോട് ആരോ പറഞ്ഞു. അദ്ദേഹത്തിൻറെ നിർബന്ധം കാരണം ശശിക്ക് വാറുണ്ണിയെ സുമുഖനാക്കി ചിത്രീകരണം തുടങ്ങേണ്ടി വന്നു.
രണ്ടു ദിവസത്തിന് ശേഷം ലൊക്കേഷനിൽ എത്തിയപ്പോഴാണ് ലോഹിതദാസ് കാര്യമറിയുന്നത്. തൻ്റെ സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായി മമ്മൂട്ടിയെ പതിവ് രീതിയിൽ തന്നെ ചിത്രീകരിക്കാൻ ലോഹി സമ്മതിച്ചില്ല. അദ്ദേഹം നിർമാതാവിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി നായകനെ രൂപമാറ്റം വരുത്തി ആദ്യം മുതൽ ചിത്രീകരിച്ചു. അന്ന് ഷൂട്ടിങ് കാണാൻ വന്ന ഒരാളിൽ നിന്നാണ് തനിക്ക് വാറുണ്ണിയുടെ രൂപം കിട്ടിയതെന്ന് പിന്നീട് ലോഹി പറഞ്ഞിരുന്നു.
മമ്മൂട്ടിക്കും ഐ വി ശശിക്കും ആ വർഷത്തെ മികച്ച നടനും സംവിധായകനുമുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത മൃഗയ തിയറ്ററുകളിൽ മികച്ച വിജയവും നേടി.
3. വിധേയനിലെ ഭാസ്കര പട്ടേലർ
സൂപ്പർതാരങ്ങൾ നെഗറ്റീവ് ഷേയ്ഡുള്ള വേഷങ്ങൾ ചെയ്യുന്നത് ഇപ്പോൾ ട്രെൻഡാണ്. പക്ഷെ മമ്മൂട്ടി തൊണ്ണൂറുകളിൽ തന്നെ ഭാസ്കര പട്ടേലർ എന്ന ദുഷ്ടനായ ജന്മിയുടെ വേഷം ചെയ്ത് ദേശിയ അവാർഡ് വരെ വാങ്ങിച്ചിരുന്നു.
സക്കറിയയുടെ ഭാസ്ക്കര പട്ടേലരും എൻ്റെ ജീവിതവും എന്ന പ്രശസ്ത നോവലാണ് അടൂർ ഗോപാലകൃഷ്ണൻ വിധേയൻ എന്ന പേരിൽ സിനിമയാക്കിയത്. കന്നഡ ചുവയുള്ള മലയാളത്തിൽ സംസാരിക്കുന്ന, തെക്കൻ കർണ്ണാടകയിലെ ഉൾനാടൻ പ്രദേശത്ത് ജീവിച്ചിരുന്ന പട്ടേലരെ മമ്മൂട്ടി മികവുറ്റതാക്കി. വിധേയൻ, പൊന്തൻമാട എന്നി സിനിമകളിലെ അഭിനയത്തിന് അക്കൊല്ലത്തെ മികച്ച നടനുള്ള ദേശിയ സംസ്ഥാന അവാർഡുകൾ മമ്മൂട്ടിക്ക് ലഭിച്ചു.
വർഷങ്ങൾക്ക് ശേഷം കന്നഡ ചുവയുള്ള മലയാളത്തിൽ സംസാരിക്കുന്ന മറ്റൊരു ജന്മിയുടെ വേഷവും മമ്മൂട്ടി ചെയ്തു. ചട്ടമ്പിനാട്ടിൽ. വിധേയൻ ഗൗരവമുള്ള പ്രമേയമാണ് കൈകാര്യം ചെയ്തതെങ്കിൽ ചട്ടമ്പിനാട് കോമഡി സിനിമയായിരുന്നു. ആ വ്യത്യാസം മമ്മൂട്ടി ഭാഷ കൈകാര്യം ചെയ്ത രീതിയിൽ പോലും കാണാം. രാജമാണിക്യം, പ്രാഞ്ചിയേട്ടൻ, പുത്തൻപണം, ബസ് കണ്ടക്ടർ എന്നി സിനിമകളിലും സമാനമായ രീതിയിൽ വിവിധ പ്രദേശങ്ങളിലെ ഭാഷാ ശൈലി തന്മയത്വത്തോടെ അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത് കാണാം.
4. പൊന്തൻ മാടയിലെ മാട
വിധേയൻ ചെയ്ത അതേ സമയത്താണ് മമ്മൂട്ടി പൊന്തൻ മാടയിലെ അടിമയെയും അവതരിപ്പിച്ചത്. ജീവിതത്തിൻ്റെ വിവിധ ധ്രുവങ്ങളിൽ നിൽക്കുന്ന ആ കഥാപാത്രങ്ങളുടെ അവതരണത്തിന് അദ്ദേഹത്തിന് ദേശിയ അവാർഡ് ലഭിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം.
1940 ലെ ബ്രിട്ടീഷ് ഇന്ത്യയിൽ നിലനിന്നിരുന്ന അടിമത്ത വ്യവസ്ഥിതിയുടെ പശ്ചാത്തലത്തിൽ ഒരു അടിമയുടെയും തമ്പുരാൻ്റെയും സവിശേഷമായ ബന്ധം വരച്ചു കാട്ടിയ സിനിമയിൽ മമ്മൂട്ടി യൗവനം മുതൽ വാർദ്ധക്യം വരെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന വേഷമാണ് ചെയ്തത്. ഹിന്ദി നടൻ നസറുദീൻ ഷാ മറ്റൊരു പ്രധാന വേഷം ചെയ്ത പൊന്തൻ മാട സംവിധാനം ചെയ്തത് ടി വി ചന്ദ്രനാണ്.
5. അമരത്തിലെ അച്ചൂട്ടി
മകളെ ജീവന് തുല്യം സ്നേഹിക്കുന്ന, അവൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന മുക്കുവൻ. അതാണ് അമരത്തിലെ അച്ചൂട്ടി. അയാൾക്ക് വിദ്യാഭ്യാസമില്ല. മകളെ പഠിപ്പിച്ച് ഡോക്ടർ ആക്കണം എന്നാണ് അയാളുടെ ഒരേയൊരു ആഗ്രഹം.
മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് അച്ചൂട്ടി. കൂടെ മുരളിയും കെപിഎസി ലളിതയും മത്സരിച്ചുള്ള അഭിനയം കാഴ്ച്ച വച്ചപ്പോൾ ആസ്വാദകർക്ക് മറക്കാനാവാത്ത അനുഭവമായി ഈ ചിത്രം. ലോഹിതദാസിൻ്റെ രചനയിൽ ഭരതനാണ് അമരം സംവിധാനം ചെയ്തത്.
6. സൂര്യമാനസത്തിലെ പുട്ടുറുമീസ്
ആറു വയസുകാരൻ്റെ ബുദ്ധിയും ആറു പേരുടെ തീറ്റയും. അതാണ് സൂര്യമാനസത്തിലെ പുട്ടുറുമീസിന് നൽകിയിരുന്ന ടാഗ് ലൈൻ. ബുദ്ധിവളർച്ചയില്ലാത്ത, നിഷ്‌ക്കളങ്കനായ പുട്ടുറുമീസ് മമ്മൂട്ടിയുടെ ഞെട്ടിപ്പിക്കുന്ന വേഷ പകർച്ചയാണ്.
മമ്മൂട്ടിയുടെ ഏറ്റവും വിരൂപനായ കഥാപാത്രം വാറുണ്ണിയാണോ പുട്ടുറുമീസ് ആണോ എന്ന കാര്യത്തിൽ രണ്ടു പക്ഷങ്ങളുണ്ടാകാം. രൂപത്തിൽ മാത്രമല്ല അതിനനുസരിച്ച് സൗണ്ട് മോഡുലേഷനിൽ പോലും ഏറെ മാറ്റങ്ങൾ വരുത്തിയാണ് അദ്ദേഹം രണ്ടു വേഷങ്ങളും ചെയ്തത്.
7. ബാബാസാഹേബ് അംബേദ്‌കർ
വൈക്കം മുഹമ്മദ് ബഷീർ, പഴശ്ശിരാജ, അംബേദ്ക്കർ എന്നിങ്ങനെ വിവിധ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന മഹദ് വ്യക്തികളെ പുനരാവിഷ്‌ക്കരിക്കാനുള്ള അപൂർവ ഭാഗ്യം മമ്മൂട്ടിക്ക് കിട്ടിയിട്ടുണ്ട്. കേന്ദ്ര സർക്കാർ സഹകരണത്തോടെ ഭരണഘടനാ ശില്പി അംബേദ്ക്കറുടെ ജീവചരിത്രം സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ മമ്മൂട്ടിയാണ് നായകനായത്.
ഹോളിവുഡ് നടൻ റോബർട്ട് ഡീ നീറോ ഉൾപ്പടെ നൂറുകണക്കിന് അഭിനേതാക്കളെ പരിഗണിച്ചതിനു ശേഷമാണ് മമ്മൂട്ടിയെ തിരഞ്ഞെടുത്തത്. ഹിന്ദിയിലും ഇംഗ്ലീഷിലും ഒരേ സമയം ചിത്രീകരിച്ച അംബേദ്ക്കർ സംവിധാനം ചെയ്തത് ജബ്ബാർ പട്ടേലാണ്. മമ്മൂട്ടിക്ക് മികച്ച നടനുള്ള മൂന്നാമത്തെ ദേശിയ അവാർഡ് ഈ ചിത്രത്തിലൂടെ ലഭിച്ചു.
8. പലേരി മാണിക്യത്തിലെ അഹമ്മദ് ഹാജി
പലേരി മാണിക്യത്തിൽ മൂന്ന് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഹരിദാസ് എന്ന കുറ്റാന്വേഷകൻ, മുരിക്കിൻകുന്നത്ത് അഹമ്മദ് ഹാജി എന്ന ഭൂപ്രഭു, ഖാലിദ് അഹമ്മദ് എന്ന അയാളുടെ മൂത്ത മകൻ.
ടി പി രാജീവൻ്റെ പ്രശസ്ത നോവലായ പലേരി മാണിക്യം, ഒരു പാതിരാകൊലപാതകത്തിൻ്റെ കഥ എന്ന നോവലിനെ അവലംബമാക്കിയെടുത്ത സിനിമ രഞ്ജിത്താണ് സംവിധാനം ചെയ്തത്. 1950കളിൽ നടന്ന ഒരു കൊലപാതകവും പിന്നീട് അമ്പത് വർഷങ്ങൾക്ക് ശേഷം നടന്ന അതിൻ്റെ അന്വേഷണവും കാഴ്ചക്കാർക്ക് പുതുമയുള്ള അനുഭവമായിരുന്നു. മമ്മൂട്ടി ചെയ്ത ഏറ്റവും ശക്തമായ നെഗറ്റിവ് വേഷമായി അഹമ്മദ് ഹാജിയെ വിശേഷിപ്പിക്കാം.
9. തനിയാവർത്തനത്തിലെ ബാലൻ മാഷ്
ലോഹിതദാസ് കഥയും തിരക്കഥയും എഴുതി, സിബി മലയിൽ സംവിധാനം ചെയ്ത സിനിമയാണ് തനിയാവർത്തനം. സമാധാനവും സന്തോഷവും നിറഞ്ഞ ബാലൻ മാഷുടെ ജീവിതത്തെ സമൂഹത്തിൻ്റെ തെറ്റായ ധാരണകളും അന്ധ വിശ്വാസങ്ങളും എങ്ങനെയാണ് ബാധിക്കുന്നതെന്ന് ചിത്രം കാണിച്ചു തരുന്നു.
മാനസികാരോഗ്യത്തെ കുറിച്ച് ഇന്ത്യൻ സിനിമയിൽ വന്നിട്ടുള്ള ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്ന തനിയാവർത്തനത്തിൽ അധ്യാപകനായ ബാലഗോപാലനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. പാരമ്പര്യത്തിൻ്റെ പേരിൽ കാരണവന്മാരും സമൂഹവും ഭ്രാന്തനായി മുദ്ര കുത്തുന്ന മാഷുടെ ജീവിതത്തിലെ വിവിധ അവസ്ഥാന്തരങ്ങളെ കയ്യടക്കത്തോടെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
10. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി
നെഗറ്റിവ് ഷെയ്ഡുള്ള കൊടുമൺ പോറ്റി എന്ന മഹാമാന്ത്രികൻ്റെ വേഷത്തിലും മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം 17th നൂറ്റാണ്ടിലെ മലബാറിൻ്റെ പശ്ചാത്തലത്തിൽ അധികാര ഭ്രമത്തിൻറെയും ദുഷ്പ്രഭുത്വത്തിൻ്റെയും കഥയാണ് പറഞ്ഞത്.
ബ്ലാക്ക് & വൈറ്റ് ഫോർമാറ്റിൽ പുറത്തിറങ്ങിയ സിനിമയിൽ അർജുൻ അശോകനാണ് നായകൻ. മമ്മൂട്ടി നിർണ്ണായക വേഷത്തിലെത്തിയ ഭ്രമയുഗം ദേശിയ തലത്തിൽ വരെ ചർച്ചയായി. സ്ലോ പേസിലുള്ള പരീക്ഷണ ചിത്രമാണെങ്കിലും ഭ്രമയുഗം തിയറ്ററുകളിൽ നിന്ന് കോടികളാണ് വാരിയത്.