മമ്മൂട്ടിയും ന്യൂ ജനറേഷന്‍ സിനിമകളും

മമ്മൂട്ടിയും ന്യൂ ജനറേഷന്‍ സിനിമകളും

ഇത് ന്യൂജനറേഷന്‍ സിനിമയുടെ കാലമാണ്. വ്യത്യസ്തങ്ങളായ പരീക്ഷണങ്ങൾ നടത്തുന്ന, മുമ്പ് പലരും ചർച്ച ചെയ്യാൻ മടിച്ചിരുന്ന പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളെയാണ് പുത്തൻ കാലത്തിൻറെ പ്രതിരൂപങ്ങളായി ചിലർ വിശേഷിപ്പിക്കുന്നത്. അതിനിടയില്‍ പതിവ് ചട്ടക്കൂട്ടിൽ പുറത്തിറങ്ങുന്ന വമ്പൻ ചിത്രങ്ങള്‍ വരെ തകര്‍ന്നടിയുന്നു. കണ്ടു മടുത്ത പ്രമേയങ്ങളും നിലവാരതകര്‍ച്ചയുമാണ് അത്തരം സിനിമകളുടെ പരാജയത്തിന് കാരണമെന്ന് എല്ലാവര്‍ക്കും അറിയാം.

മമ്മൂട്ടി കേവലം ഒരു സൂപ്പര്‍താരമല്ല. താരപരിവേഷം തുളുമ്പുന്ന അമാനുഷിക കഥാപാത്രമായി ഇടക്കിടെ അവതരിക്കുന്നുണ്ടെങ്കിലും എപ്പോഴും മണ്ണിൽ ചവിട്ടി നിൽക്കുന്ന വേഷങ്ങള്‍ ചെയ്യാനിഷ്ടപ്പെടുന്ന, അതിനായി പരിശ്രമിക്കുന്ന ഒരു നല്ല നടന്‍ കൂടിയാണ് അദ്ദേഹം. വിധേയനും പാലേരിമാണിക്യവും ഡാനിയും പേരൻമ്പുമൊക്കെ അതിന്‍റെ സാക്ഷ്യപത്രങ്ങളാണ്. മമ്മൂട്ടി ‘നോ’ പറഞ്ഞിരുന്നെങ്കില്‍ കയ്യൊപ്പ്, പലേരിമാണിക്യം, പ്രാഞ്ചിയേട്ടന്‍ എന്നീ സിനിമകള്‍ ഉണ്ടാകുമായിരുന്നില്ല എന്ന് സംവിധായകന്‍ രഞ്ജിത് ഒരിക്കൽ പറഞ്ഞിരുന്നു.

നവരസങ്ങളില്‍ രണ്ടോ മൂന്നോ ഒഴിച്ച് ബാക്കിയൊന്നും വഴങ്ങില്ലെന്ന് നിരൂപകര്‍ ഒന്നടങ്കം പറഞ്ഞ ഒരു നടന്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി മലയാളത്തില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്നു, വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്നു എന്നത് തെന്നിന്ത്യയെ അറിയാത്ത മറുനാട്ടുകാരില്‍ അത്ഭുതങ്ങള്‍ ഉളവാക്കിയേക്കാം. പക്ഷേ യാഥാര്‍ഥ്യമതാണ്. ഭാസ്കര പട്ടേലറായും അച്ചൂട്ടിയായും ജി.കെ യായും പ്രേക്ഷകരെ വിസ്മയിപ്പിച്ച ആ മഹാനടന്‍റെ ഭാവപ്പകര്‍ച്ചകള്‍ ഇപ്പോള്‍ നൻപകലിലെ ജയിംസ് എന്ന സുന്ദരത്തിൽ വരെ എത്തി നില്‍ക്കുന്നു.

സിനിമയില്‍ ഒരുമിച്ചു ഹരിശ്രീ കുറിച്ച പലരും ഇതിനിടക്ക് അഭ്രപാളിയുടെ വിസ്മയക്കാഴ്ചകളില്‍ ഭ്രമിച്ച് പരാജയം സമ്മതിച്ച് കാലിടറി വീണെങ്കിലും അറുപത് കഴിഞ്ഞ ഈ ‘യുവ’ നടന്‍ ചെറുപ്പക്കാരെ പോലും നിഷ്പ്രഭരാക്കിക്കൊണ്ട്  ഇപ്പൊഴും മലയാള സിനിമയുടെ നെടുംതൂണായി നില്‍ക്കുന്നു. അതിനിടയില്‍ മറ്റെല്ലാവരെയും പോലെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനും തെറ്റു പറ്റിയിട്ടുണ്ട്. കുട്ടനാട് ബ്ലോഗ്ഗും സ്ട്രീറ്റ് ലൈറ്റ്‌സുമൊക്കെ അദ്ദേഹത്തിന്‍റെ കരിയറിലെ വമ്പന്‍ പരാജയങ്ങളായപ്പോള്‍ ഗാനഗന്ധർവ്വനും പരോളുമൊന്നും പ്രേക്ഷകരില്‍ യാതൊരു ചലനവും ഉണ്ടാക്കിയില്ല.

Mammootty

ഇന്ത്യന്‍ സിനിമയുടെ സമീപകാല ചരിത്രം പരിശോധിച്ചാല്‍ പുതുമുഖങ്ങളെ ഇത്രമാത്രം പ്രോല്‍സാഹിപ്പിച്ച- അവര്‍ക്കൊപ്പം ഇത്രയധികം തവണ പ്രവര്‍ത്തിച്ച- ഒരു നായകനടന്‍ വേറെയില്ലെന്ന് നിസ്സംശയം പറയാം. പരസ്യ ചിത്രങ്ങളില്‍ മാത്രം പ്രവര്‍ത്തിച്ചു പരിചയമുള്ള മാര്‍ട്ടിന്‍ പ്രക്കാട്ടും പ്രമോദും പപ്പനുമൊക്കെ സംവിധായകരായത് മെഗാസ്റ്റാറിന്‍റെ മാത്രം ബലത്തിലാണ്.

തമിഴും ഹിന്ദിയും ഉള്‍പ്പടെ സിനിമകളിലെ സൂപ്പര്‍താരങ്ങള്‍ പ്രശസ്ത സംവിധായകരോടും എഴുത്തുകാരോടുമൊപ്പം മാത്രം പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെട്ടപ്പോള്‍ മമ്മൂട്ടി പുതിയ എഴുത്തുകാരിലാണ് പ്രതീക്ഷയര്‍പ്പിച്ചത്. അദ്ദേഹത്തിനും ‘ന്യൂ ജനറേഷന്‍ സിനിമ’യിലാണ് താല്‍പര്യം എന്നു ചുരുക്കം.

മലയാള സിനിമയിലെ ഇപ്പോഴത്തെ ഹിറ്റ് മേക്കര്‍ ലാല്‍ജോസും ആഷിക് അബുവും അന്‍വര്‍ റഷീദുമെല്ലാം മമ്മൂട്ടി ചിത്രങ്ങളില്‍ കൂടിയാണ് സിനിമയില്‍ അരങ്ങേറിയത്. അമല്‍ നീരദ്, മാര്‍ട്ടിന്‍ പ്രക്കാട്ട്, റോബി വർഗീസ് രാജ്, ഡിനോ ഡെന്നിസ് എന്നിങ്ങനെ ആ പട്ടിക നീളുന്നു. മമ്മൂട്ടിയുടെ പടത്തില്‍ തുടക്കമിട്ടില്ലെങ്കിലും ഷാഫി, ജോണി ആന്‍റണി തുടങ്ങിയ പുതിയ കാലത്തിന്‍റെ സംവിധായകര്‍ പല തവണ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചു.

യുവത്വത്തിന്‍റെ ഈ സാമീപ്യം തന്നെയാവാം മലയാളത്തിന്‍റെ നിത്യ വസന്തമായി മമ്മൂട്ടി നിലനില്‍ക്കുന്നതിന്‍റെ ഒരു പ്രധാന കാരണം. കല്‍പനകളെ വാര്‍ദ്ധക്യം ബാധിച്ച ആളുകളോടൊപ്പം സ്ഥിരമായി പ്രവര്‍ത്തിക്കുന്നത് നമ്മുടെ ചിന്തകളെയും പ്രവര്‍ത്തികളെയും ഒരു പരിധി വരെ സ്വാധീനിക്കും. അങ്ങനെയൊരു വേലിക്കെട്ടിനുള്ളില്‍ ഒതുങ്ങി നില്‍ക്കാതിരുന്നതാണ് മമ്മൂട്ടി എന്ന നടന്‍റെ ഏറ്റവും വലിയ സവിശേഷത.

മമ്മൂട്ടിയും ന്യൂ ജനറേഷന്‍ സിനിമകളും 1

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനുള്ളില്‍ മലയാളത്തില്‍ അരങ്ങേറിയ സംവിധായകരും മമ്മൂട്ടിയോടൊപ്പം അവര്‍ ചെയ്ത ചിത്രങ്ങളുടെ എണ്ണവും.

 • ലാല്‍ ജോസ്- ഒരു മറവത്തൂര്‍ കനവ് (4 ചിത്രങ്ങള്‍)
 • അന്‍വര്‍ റഷീദ്- രാജമാണിക്യം (2ചിത്രങ്ങള്‍)
 • ഷാഫി – മായാവി (4 ചിത്രങ്ങള്‍)
 • ജോണി ആന്‍റണി – തുറുപ്പുഗുലാൻ (3 ചിത്രങ്ങള്‍)
 • വൈശാഖ്- പോക്കിരിരാജ (2 ചിത്രങ്ങള്‍)
 • ബ്ലെസ്സി- കാഴ്ച (2 ചിത്രങ്ങള്‍)
 • പ്രമോദ് പപ്പന്‍- വജ്രം (2 ചിത്രങ്ങള്‍)
 • ആഷിക് അബു- ഡാഡി കൂള്‍ (2 ചിത്രങ്ങൾ)
 • അമല്‍ നീരദ്- ബിഗ് ബി (2 ചിത്രങ്ങൾ)
 • മാര്‍ട്ടിന്‍ പ്രക്കാട്ട്- ബെസ്റ്റ് ആക്ടര്‍
 • മാര്‍ത്താണ്ഡന്‍- ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് (2 ചിത്രങ്ങൾ)
 • സഞ്ജീവ് ശിവന്‍- അപരിചിതന്‍
 • മോഹന്‍- കഥ പറയുമ്പോള്‍
 • ബാബു ജനാര്‍ദ്ദന്‍- ബോംബെ മാര്‍ച്ച് 12
 • പ്രമോദ് പയ്യന്നൂര്‍- ബാല്യകാലസഖി
 • അനൂപ് കണ്ണന്‍- ജവാന്‍ ഓഫ് വെള്ളിമല
 • അജയ് വാസുദേവ്- രാജാധിരാജ (3 ചിത്രങ്ങള്‍)
 • ഷിബു ഗംഗാധരന്‍- പ്രെയ്സ് ദി ലോര്‍ഡ്‌
 • നിതിന്‍ രണ്‍ജി പണിക്കര്‍- കസബ
 • ഉദയ് അനന്തന്‍- വൈറ്റ്
 • ഹനീഫ് അദേനി – ദി ഗ്രേറ്റ് ഫാദര്‍
 • സേതു – ഒരു കുട്ടനാടൻ ബ്ലോഗ്
 • ഷാജി പാടൂർ – അബ്രഹാമിന്‍റെ സന്തതികൾ
 • ശരത് സന്ദിത് – പരോൾ
 • ഷംദത്ത് സൈനുദിന്‍ – സ്ട്രീറ്റ് ലൈറ്റ്‌സ്
 • ജോഫിൻ ടി ചാക്കോ – ദി പ്രീസ്റ്റ്
 • റത്തീന – പുഴു
 • റോബി വർഗീസ് രാജ് – കണ്ണൂർ സ്‌ക്വാഡ്
 • ഡിനോ ഡെന്നിസ് – ബസൂക്ക
 • സലിം അഹമ്മദ് – കുഞ്ഞനന്തന്റെ കട (2nd movie)
 • ശ്യാംധർ – പുള്ളിക്കാരൻ സ്റ്റാറാ (do)
 • ഖാലിദ് റഹ്‌മാൻ – ഉണ്ട (do)
 • രമേഷ് പിഷാരടി – ഗാനഗന്ധർവൻ (do)
 • സന്തോഷ് വിശ്വനാഥ് – വൺ (do)
 • നിസാം ബഷീർ – റോഷാക് (do)

[This post first published on 21st, October 2013]

Leave a Comment

Your email address will not be published. Required fields are marked *