നിനക്കു നന്നായി പനിക്കുന്നുണ്ടല്ലോ, കുട്ട്യേ : രാത്രിയുടെ മയക്കത്തിലെപ്പോഴോ അയാളുടെ ചുട്ടുപൊള്ളുന്ന നെറ്റിയില്‍ കൈ വച്ചു കൊണ്ട് അവര്‍ ചോദിച്ചു.
അമ്മയുടെ ശബ്ദം കേട്ടപ്പോള്‍ പനിയുടെ അസ്വസ്ഥതക്കിടയിലും ചെറുപ്പക്കാരന്‍ ഒന്നു ഞരങ്ങി.
അമ്മ കുറച്ചു ചുക്കുക്കാപ്പി ഉണ്ടാക്കി തരട്ടെ ? : അവര്‍ നനഞ്ഞ ഒരു തുണിക്കഷണം മകന്‍റെ നെറ്റിത്തടത്തില്‍ വിരിച്ചുകൊണ്ട് ചോദിച്ചു. അയാള്‍ തലയാട്ടുക മാത്രം ചെയ്തു.
ചെറുപ്പക്കാരന്‍ ഒന്നും കാണുന്നുണ്ടായിരുന്നില്ല. തണുത്തു വിറച്ചു കൊണ്ടിരുന്ന അയാളെ ശരീര വേദനയും തലവേദനയും ഒരുപോലെ അലട്ടി.
അമ്മ കുറേശ്ശെ കുറേശ്ശെയായി ഒഴിച്ചു കൊടുത്ത ചൂടു കാപ്പി കുടിച്ചപ്പോള്‍ അയാള്‍ക്ക് വലിയ ആശ്വാസം തോന്നി. അവസാനം എപ്പോഴാണ് ഉറങ്ങിയതെന്ന് അയാള്‍ക്ക് തന്നെ നിശ്ചയമില്ല.
രാവിലെ നിര്‍ത്താതെയുള്ള ഫോണ്‍ ബെല്ലാണ് അയാളെ ഉണര്‍ത്തിയത്.
എടുത്തപ്പോള്‍ ഭാര്യയുടെ ശബ്ദമാണ്.
സേതുവേട്ടാ, ഇത് ഞാനാ പ്രിയ. അല്പം മുമ്പ് രാജേട്ടന്‍ വിളിച്ചിരുന്നു. ഇന്ന്‍ സേതുവേട്ടന്‍റെ അമ്മയുടെ ശ്രാദ്ധമല്ലേ ? നമ്മള്‍ എപ്പോഴാ ചെല്ലുന്നതെന്നറിയാനാ വിളിച്ചത്. സേതുവേട്ടനെ വിളിച്ചിട്ട് കിട്ടിയില്ല എന്നു പറഞ്ഞു……………… : പ്രിയ നിര്‍ത്താതെ സംസാരിച്ചുകൊണ്ടേയിരുന്നു.
ങാ, നോക്കട്ടെ………….. : അലക്ഷ്യമായി പറഞ്ഞുകൊണ്ട് സേതു റിസീവര്‍ താഴെവച്ചു. അതിനിടയിലാണ് എതിര്‍വശത്തെ മേശപ്പുറത്ത് ടേബിള്‍ ലാമ്പിനടുത്തായി അലക്ഷ്യമായി വച്ച സ്റ്റീല്‍ ഗ്ലാസും ചെറിയ പാത്രവും അയാളുടെ കണ്ണില്‍ പെട്ടത്. അതില്‍ അപ്പോഴും കുറച്ചു കാപ്പി ബാക്കിയുണ്ടായിരുന്നു.
The End
Read ഘാതകന്‍