കാക്കിയുടെ പവര്‍ !

കാക്കിയുടെ പവര്‍ ! 1

മലയാളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ശേഷം ഏറ്റവും കൂടുതല്‍ പോലീസ് വേഷങ്ങള്‍ ചെയ്ത നായകന്‍ ആര് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. പൃഥ്വിരാജ്. ചെറുതും വലുതുമായ ഒരു ഡസനിലേറെ സിനിമകളിലാണ് അദ്ദേഹം കാക്കിയിട്ടത്. അതില്‍ പലതും വന്‍ വിജയവുമായി. സുരേഷ് ഗോപിക്ക് ശേഷം വന്ന നായകന്മാരില്‍ മിക്കവര്‍ക്കും പോലീസ് വേഷങ്ങള്‍ വഴങ്ങിയില്ലെങ്കിലും പൃഥ്വിരാജ് മലയാളം കടന്ന്‍ തമിഴിലും ഹിന്ദിയിലും വരെ കാക്കിയില്‍ അവതരിച്ചു. അവതരണത്തിലെ തന്‍മയത്വവും കഥാപാത്രങ്ങളുടെ വൈവിധ്യവുമാണ് അദ്ദേഹത്തെ തുണച്ചത്.

നന്ദനം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന പൃഥ്വിരാജ് 2003ലാണ് ആദ്യമായി കാക്കിയിട്ടത്. വിനയന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സത്യം എന്ന സിനിമയിലായിരുന്നു അത്. വിവാദങ്ങളുടെ അകമ്പടിയോടെ പുറത്തുവന്ന ചിത്രം സൂപ്പര്‍താര ചിത്രത്തിന് തുല്യമായ ഗംഭീര ഇനീഷ്യല്‍ കളക്ഷന്‍ നേടിയെങ്കിലും വന്‍ വിജയമായില്ല. പക്ഷേ അതിലെ സഞ്ജീവ് എന്ന പോലീസ് ഓഫീസറും തരുണി സച്ദേവ് എന്ന ബാലതാരവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴില്‍ ഹിറ്റായ കാക്ക കാക്ക എന്ന സിനിമയുടെ മാതൃകയില്‍ എടുത്ത ഗാനങ്ങളും ആസ്വാദക ഹൃദയങ്ങളില്‍ ഇടം നേടി. താര സംഘടനയായ അമ്മയും സിനിമ നിര്‍മ്മാതാക്കളും തമ്മില്‍ തര്‍ക്കം നില നിന്ന സമയത്താണ് പൃഥ്വി പ്രസ്തുത സിനിമയില്‍ അഭിനയിച്ചത്. അതിനാല്‍ മാസങ്ങളോളം അദ്ദേഹത്തിന് മലയാള സിനിമയില്‍ വിലക്കും നേരിടേണ്ടി വന്നു.

കാക്കി, വര്‍ഗ്ഗം, ദി ത്രില്ലര്‍ എന്നീ സിനിമകളിലാണ് പിന്നീട് അദ്ദേഹത്തെ പോലീസ് വേഷത്തില്‍ കണ്ടത്. കാക്കിയിലെ മുകേഷിന്‍റെ അനുജന്‍ വേഷത്തെയും വര്‍ഗ്ഗത്തിലെ പരുക്കന്‍ പോലീസ് ഓഫീസറെയും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. പോള്‍ മുത്തൂറ്റ് വധക്കേസിന്‍റെ പശ്ചാത്തലത്തില്‍ എടുത്ത ത്രില്ലര്‍ മികച്ച തിരക്കഥയുടെ പിന്തുണയുണ്ടായിട്ടും തിയറ്ററുകളില്‍ ചലനം ഉണ്ടാക്കിയില്ല. ബി ഉണ്ണികൃഷ്ണനാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ഒരുവന്‍, ബാച്ചിലര്‍ പാര്‍ട്ടി, മനുഷ്യമൃഗം എന്നീ ചിത്രങ്ങളിലും പൃഥ്വിരാജ് പോലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. ബാബുരാജ് സംവിധാനം ചെയ്ത മനുഷ്യമൃഗത്തില്‍ തമിഴ് നടന്‍ ശരത് കുമാര്‍ ചെയ്യാനിരുന്ന വേഷമാണ് അവസാന നിമിഷം അദ്ദേഹത്തെ തേടി വന്നത്.

അടുത്തകാലത്ത് വന്ന മുംബൈ പോലീസിലെ ആന്‍റണി മോസസ് എന്ന പ്രതിനായക കഥാപാത്രം പൃഥ്വിരാജിന് ഏറെ കയ്യടി നേടിക്കൊടുത്തു. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ എന്നാണ് ആദ്യം വാര്‍ത്തകള്‍ വന്നതെങ്കിലും തിരക്കഥയിലുള്ള അഭിപ്രായവ്യത്യാസം മൂലം മമ്മൂട്ടി പിന്മാറിയതോടെ അദ്ദേഹത്തിനായി മാറ്റിവച്ചിരുന്ന സുപ്പീരിയര്‍ ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ മാറ്റം വരുത്തി. ആ കഥാപാത്രത്തെ റഹ്മാനാണ് പിന്നീട് അവതരിപ്പിച്ചത്. ബോബിസഞ്ജയുടെ രചനയില്‍ റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയ്ത സിനിമ സൂപ്പര്‍ഹിറ്റായി. ഹിന്ദി ഉള്‍പ്പടെയുള്ള ഭാഷകളില്‍ പുനസൃഷ്ടിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടനെ തുടങ്ങും. തമിഴിലും ഹിന്ദിയിലും മലയാളത്തിലെ അണിയറക്കാര്‍ തന്നെയാണ് ചിത്രമൊരുക്കുന്നത്.

ജിത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറിസില്‍ മദ്യപാനിയായ പോലീസ് ഓഫീസറെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. കഴിഞ്ഞ ഓണക്കാലത്ത് പുറത്തിറങ്ങിയ സിനിമ ബോക്സ് ഓഫീസില്‍ തരംഗമായി. ഷെര്‍ലക്ക് ഹോംസ് മാതൃകയിലുള്ള കുറ്റാന്വേഷണ രീതിയും കഥ പറഞ്ഞ രീതിയും ഏറെ പ്രശംസിക്കപ്പെട്ടു. പൃഥ്വിരാജിന്‍റെ ഏറ്റവും പുതിയ സിനിമയായ സെവന്ത് ഡേയും ഒരു പോലീസ് കഥയാണ് പറഞ്ഞത്. ബിജു മേനോനോടൊപ്പം അദ്ദേഹം ചെയ്യുന്ന ഒരു കോമഡി പോലീസ് ത്രില്ലര്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

മണിരത്നം നൂറു കോടി ചിലവില്‍ തമിഴില്‍ രാവണ്‍ ഒരുക്കിയപ്പോള്‍ അതിലെ പ്രധാന പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കാനായി വിളിച്ചത് പൃഥ്വിരാജിനെയാണ്. ഏറെ വാര്‍ത്താപ്രാധാന്യം നേടിയെങ്കിലും സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു. ശ്രീകാന്തിനൊപ്പം അദ്ദേഹം അഭിനയിച്ച പോലീസ് പോലീസ് എന്ന സിനിമയും ശ്രദ്ധിക്കപ്പെട്ടില്ല. ഹിന്ദിയില്‍ യഷ് രാജ് ഫിലിംസ് നിര്‍മിച്ച ഔറംഗസേബിലും പൃഥ്വിരാജ് പോലീസ് വേഷത്തിലെത്തി.

മൂന്നു ഭാഷകളില്‍ പോലീസ് വേഷത്തിലെത്തിയ നായകന്‍മാര്‍ ഇന്ത്യയില്‍ അപൂര്‍വ്വമാണ്. കമല്‍ ഹാസനും മമ്മൂട്ടിയും മോഹന്‍ലാലും അങ്ങനെ മൂന്നു ഭാഷകളില്‍ കാക്കിയിട്ടവരാണ്. ഇപ്പോള്‍ ആ ഗണത്തിലേക്ക് പൃഥ്വിരാജും എത്തിയിരിക്കുന്നു. പക്ഷേ ഇത് ഒരു തുടക്കം മാത്രമാണ്. ഒരുപാട് വര്‍ഷത്തെ അഭിനയ ജീവിതം ബാക്കിയുള്ളതുകൊണ്ട് അദ്ദേഹത്തെ തേടി ഇതിലും വലിയ നേട്ടങ്ങള്‍ എത്തുമെന്ന് നിഷ്പ്രയാസം നമുക്ക് പറയാന്‍ സാധിയ്ക്കും.

 

The End

[ My article published in British Pathram, early July]

Leave a Comment

Your email address will not be published.