സച്ചിന്‍ ഇന്ത്യയുടെ ക്രിക്കറ്റ് ദൈവമായതെങ്ങനെ ?

സച്ചിന്‍ ഇന്ത്യയുടെ ക്രിക്കറ്റ് ദൈവമായതെങ്ങനെ ? 1

             

 1999ല്‍ ഇംഗ്ലണ്ടിലെ ലോകകപ്പിനിടക്കാണ് സച്ചിന്‍റെ അച്ഛന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ മരണപ്പെട്ടത്. അച്ഛന്‍റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കാനായി നാട്ടിലെത്തിയ സച്ചിന്‍ അധികം വൈകാതെ തന്നെ ലോകകപ്പ് വേദിയില്‍ മടങ്ങിയെത്തി. തന്‍റെ അഭാവത്തില്‍ ടൂര്‍ണമെന്‍റിലെ  ടീമിന്‍റെ സാധ്യതകള്‍ മങ്ങിയതാണ് അങ്ങനെയൊരു തീരുമാനമെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ആ വരവ് വെറുതെയായില്ല. തുടര്‍ന്നു നടന്ന ആദ്യ മല്‍സരത്തില്‍ കെനിയക്കെതിരെ 140 റണ്‍സ് (101 പന്ത്) അടിച്ചുകൂട്ടിയ സച്ചിന്‍ ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകള്‍ നിലനിര്‍ത്തി. അല്ലെങ്കില്‍ തന്നെ വെല്ലുവിളികളെ സച്ചിന്‍ ഇതിനുമുമ്പും സമര്‍ത്ഥമായി നേരിട്ടിട്ടുണ്ട്. സച്ചിന്‍- വോണ്‍ യുദ്ധം എന്നു വിശേഷിപ്പിക്കപ്പെട്ട 1998ലെ ഷാര്‍ജ കപ്പില്‍ ആസ്ത്രേലിയക്കെതിരെ തന്‍റെ മാസ്മരിക പ്രകടനം പുറത്തെടുത്ത അദ്ദേഹം ഷെയ്ന്‍ വോണ്‍ തനിക്ക് പറ്റിയ എതിരാളിയേ അല്ലെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞു. 2008ല്‍ മുംബൈ തീവ്രവാദി ആക്രമണത്തിന് ശേഷം ചെന്നൈയില്‍ വച്ചു നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ 103 റണ്‍സ് അടിച്ച സച്ചിന്‍ രാജ്യത്തിനു നല്‍കിയ പ്രചോദനവും ആത്മവിശ്വാസവും ചെറുതല്ല.

ഒന്നോ രണ്ടോ മല്‍സരങ്ങള്‍ മാത്രം കളിച്ചവര്‍ രാജ്യത്തിന്‍റെ മുഴുവന്‍ പ്രതിപുരുഷനായി സ്വയം അവരോധിക്കുമ്പോള്‍ സച്ചിന്‍ കളിക്കളത്തിനു പുറത്തെ വാര്‍ത്തകളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും എക്കാലവും മാറിനിന്നു. എതിരാളികളോട് നാവിന് പകരം ബാറ്റു കൊണ്ട് മറുപടി നല്‍കാനാണ് അദ്ദേഹം താല്‍പര്യപ്പെട്ടത്. കളിയോടുള്ള അര്‍പ്പണമനോഭാവത്തിന് രാജ്യാന്തരമെന്നോ രഞ്ജി ട്രോഫിയെന്നോ ഉള്ള വകഭേദം അദ്ദേഹം ഒരിക്കലും കാണിച്ചില്ല. 

കോഴ വിവാദത്തില്‍ പെട്ട് മുഖം നഷ്ടപ്പെട്ട ക്രിക്കറ്റിനെ ജനം വെറുക്കാതിരുന്നത് കളിയെ ഇഷ്ടപ്പെടുന്നതു കൊണ്ടു മാത്രമല്ല, ആ മഹനീയ സാന്നിധ്യം അതില്‍ ഉണ്ടായിരുന്നത് കൊണ്ടു കൂടിയാണ്. ഹെല്‍മറ്റില്‍ ദേശീയ പതാക ആലേഖനം ചെയ്തത് പിന്നീട് വിവാദമായെങ്കിലും അതിലൂടെ തന്‍റെ അടങ്ങാത്ത ദേശസ്നേഹം പ്രകടിപ്പിച്ച സച്ചിന്‍ വിനയം നിറഞ്ഞ പെരുമാറ്റത്തിലൂടെ ഏത് പ്രായക്കാരുടെയും എന്തിന് ക്രിക്കറ്റ് അറിയാത്തവരുടെ പോലും ആരാധനയും സ്നേഹവും പിടിച്ചുപറ്റി. രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ ഡോക്ടറേറ്റ് ഉള്‍പ്പടെയുള്ള പുരസ്കാരങ്ങള്‍ സ്വീകരിക്കില്ലെന്ന് പറഞ്ഞ സച്ചിന്‍ അതുവഴി ലോകമെങ്ങുമുള്ള പുരസ്കാരപ്രേമികള്‍ക്ക് അപരിചിതമായ പുതിയൊരു കീഴ്വഴക്കവും സൃഷ്ടിച്ചു.

സച്ചിന്‍ ഇന്ത്യയുടെ ക്രിക്കറ്റ് ദൈവമായതെങ്ങനെ ? 2
നാല്‍പതാം ജന്മദിനത്തോടനുബന്ധിച്ച് സിഡ്നി ക്രിക്കറ്റ് ഗ്രൌണ്ടില്‍ സ്ഥാപിച്ച സച്ചിന്‍റെ മെഴുകു പ്രതിമ

 നവംബര്‍ 18ന് വാംഖഡേയില്‍ ലോകമൊന്നും അവസാനിക്കില്ല. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തില്‍ രൂപം കൊണ്ട ക്രിക്കറ്റ് എന്ന കായിക വിനോദം വിവിധ കാല ദേശ രൂപ പരിണാമങ്ങളിലൂടെ ലോകമുള്ള കാലത്തോളം നിലനില്‍ക്കും. സച്ചിനെ പോലെയുള്ള അല്ലെങ്കില്‍ അദ്ദേഹത്തെക്കാള്‍ പ്രതിഭയുള്ള കളിക്കാര്‍ നാളെ ഉദയം കൊള്ളുകയും അറിയപ്പെടാത്ത ദേശങ്ങളില്‍ വരെ അതിന്‍റെ പ്രശസ്തി എത്തിക്കുകയും ചെയ്യും. കളിയോടുള്ള ആത്മാര്‍ഥതയും അര്‍പ്പണമനോഭാവവും പക്ഷേ അപ്പോഴും ഒരു അപൂര്‍വതയായിരിക്കും. സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ എന്ന കുറിയ മനുഷ്യന് ആകാശത്തോളം പൊക്കം വക്കുന്നത് അവിടെയാണ്.

മാനുഷികമായ ചാപല്യങ്ങളിലൊന്നും ചെന്നുപെടാത്ത ഏതെങ്കിലും ഒരു വികാരത്തോടെ മാത്രം ജീവിക്കുന്നവരെ ആളുകള്‍ ആദരവോടെ കാണുകയും ക്രമേണ അവരെ ദൈവിക പരിവേഷത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നത് നമ്മള്‍ മുമ്പും കണ്ടിട്ടുണ്ട്. ആ അര്‍ഥത്തില്‍ സച്ചിനും ഒരു ദൈവമാണ്. ഏത് നിരീശ്വരവാദിയും വിശ്വസിക്കുന്ന ഇന്ത്യയുടെ ക്രിക്കറ്റ് ദൈവം. ആരാധനാമൂര്‍ത്തികള്‍ നിമിഷംപ്രതി മാറിമറയുന്ന ക്രിക്കറ്റ് എന്ന പറുദീസയില്‍ മറ്റൊരു ദൈവം പിറവിയെടുക്കുന്നതു വരെ നമ്മള്‍ ആ വിഗ്രഹത്തിനു ചുറ്റും ഭ്രമണം ചെയ്യുകയും ചെയ്യും. കാരണം നമുക്ക് ക്രിക്കറ്റ് കേവലം ഒരു വിനോദമല്ല, മറിച്ച് ഒരു വികാരമാണ്. അതിനു കാരണക്കാരന്‍ സച്ചിനാണ്.

 ആദ്യഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

4 thoughts on “സച്ചിന്‍ ഇന്ത്യയുടെ ക്രിക്കറ്റ് ദൈവമായതെങ്ങനെ ?”

Leave a Comment

Your email address will not be published. Required fields are marked *