സിങ്കം 2 -മൂവി റിവ്യു

സിങ്കം 2 -മൂവി റിവ്യു 1

സിങ്കത്തിന്‍റെ വന്‍ വിജയത്തിനു ശേഷം സൂര്യയും ഹരിയും ഒന്നിച്ച ചിത്രമാണ് സിങ്കം 2. ഇന്‍സ്പെക്ടര്‍ ദൊരൈസിങ്കം (സൂര്യ) ചെന്നെയിലെ ക്രിമിനല്‍ നേതാവായ മയില്‍വാഹനത്തെ (പ്രകാശ് രാജ്) നേരിടുന്ന കഥയാണ് ആദ്യ ഭാഗം പറഞ്ഞതെങ്കില്‍ നായകനും അന്താരാഷ്ട്ര ക്രിമിനലുകളും തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ കഥയാണ് രണ്ടാം ഭാഗം പറയുന്നത്.

തൂത്തുക്കുടിയിലെ ക്രിമിനല്‍ സംഘത്തെ കണ്ടെത്താനുള്ള ആഭ്യന്തരമന്ത്രിയുടെ (വിജയകുമാര്‍) ദൌത്യവുമായി ദൊരൈസിങ്കം നഗരത്തില്‍ എത്തുന്നിടത്താണ് സിങ്കം-1 അവസാനിച്ചത്. തൂത്തുക്കുടി ഡി.എസ്.പിയായി നിയമിതനായ അദ്ദേഹം നഗരത്തിലെ ഒരു സ്കൂളിലെ എന്‍.സി.സി കമാന്‍ററുടെ വേഷം കെട്ടുന്നു.  ഭായ്( മുകേഷ് ഋഷി), തങ്കരാജ്(റഹ്മാന്‍), സഹായം( ‘ഞാന്‍ കടവുള്‍’ രാജേന്ദ്രന്‍) എന്നിവരുള്‍പ്പെട്ട മൂവര്‍ സംഘമാണ് നഗരത്തില്‍ ലഹരി മരുന്ന്‍ ഒഴുക്കുന്നതെന്ന് ദൊരൈ സിങ്കം മനസിലാക്കുന്നു. പക്ഷേ ഇവരെ നിയന്ത്രിക്കുന്നത് വിദേശിയായ ഡാനിയാണ്( ഡാനി സപാനി). അയാളെ കണ്ടെത്താനും ക്രിമിനല്‍ സംഘത്തെ അമര്‍ച്ച ചെയ്യാനുമുള്ള നായകന്‍റെ ശ്രമങ്ങളാണ് സിങ്കം 2  പിന്നീടങ്ങോട്ട്  പറയുന്നത്.

സിനിമയുടെ ആദ്യ ഭാഗത്തില്‍ നായകന്‍ കാവ്യയെ (അനുഷ്ക) വിവാഹം ചെയ്തെന്ന്‍ പറഞ്ഞ സംവിധായകന്‍ ഹരി ഗോപാലകൃഷ്ണന്‍ രണ്ടാം ഭാഗത്തില്‍ അഭിപ്രായം മാറ്റി. ദൊരൈ സിങ്കം ജോലി രാജി വെച്ചു എന്നു ധരിച്ച അച്ഛന്‍ (രാധാ രവി) മകനോട് സംസാരിക്കുകയോ വിവാഹത്തിന് അനുവാദം നല്‍കുകയോ ചെയ്യുന്നില്ല എന്നു പറഞ്ഞാണ് തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ കാവ്യയുമായുള്ള വിവാഹം നീട്ടിവെയ്ക്കുന്നത്. ഇതിനിടയില്‍ തമിഴകത്തെ പുതിയ നായികയായ ഹന്‍സികയെ സൂര്യയുടെ പ്രണയിനിയായി (വണ്‍ വേ) അവതരിപ്പിച്ചിട്ടുമുണ്ട്. സൂര്യയുടെ സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ഥിനിയായ സത്യ എന്ന മുഴുനീള വേഷത്തിലാണ് ഹന്‍സിക എത്തുന്നത്. ഇടക്ക് കണ്ണീരും പരിഭവവുമായെത്തുന്നതല്ലാതെ അനുഷ്കക്ക് ചിത്രത്തില്‍ കാര്യമായ റോളില്ല.

സൂര്യ പ്രതീക്ഷിച്ചത് പോലെ തന്‍റെ വേഷം ഉജ്ജ്വലമാക്കി. നീതിമാനായ പോലീസ് ഓഫീസറായിട്ടും, മകനായിട്ടും, കാമുകനായിട്ടും, അദ്ധ്യാപകനായിട്ടും അദ്ദേഹം തകര്‍ത്തഭിനയിച്ചു. സൂര്യയുടെ അര്‍പ്പണബോധത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും നല്ലൊരു ഉദാഹരണമാണ് ഡി.എസ്.പി ദൊരൈസിങ്കം.

ഹരിയുടെ തിരക്കഥ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും പല ഘട്ടങ്ങളിലും അടുത്തതായി എന്താണ് സംഭവിക്കുക എന്ന്‍ കാണികള്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിയുന്നത് രചനയിലെ ബലഹീനതയാണ് കാണിക്കുന്നത്. സിനിമയുടെ വേഗം മിക്കപ്പോഴും പ്രേക്ഷകന്‍റെ കണ്ണുകളുടെയും മനസിന്‍റെയും വേഗത്തിനുമപ്പുറമാണ്. 4 മണിക്കൂര്‍ സിനിമയാണ് രണ്ടര മണിക്കൂര്‍ കൊണ്ട് കണ്ടു തീര്‍ക്കേണ്ടത് എന്നു ചുരുക്കം.

സിങ്കം-1 ലെ പ്രകാശ് രാജിന്‍റെ വില്ലന്‍ വേഷം സൂര്യയോട് കിട പിടിക്കാന്‍ പോന്നതായിരുന്നു. നായകനും വില്ലനും ഒപ്പത്തിനൊപ്പം നിന്നതാണ് ആ സിനിമയുടെ വിജയത്തെ സഹായിച്ചത്. എന്നാല്‍ സിങ്കം 2 വില്‍ ഹോളിവുഡ് നടന്‍ ഉള്‍പ്പടെ നാല് വില്ലന്‍മാര്‍ ഉണ്ടായിട്ടും അവരൊന്നും ദൊരൈ സിങ്കത്തിനൊത്ത എതിരാളികളായില്ല. ‘ഞാന്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിന്‍റെ രാജാവാണ്’ എന്ന ഡയലോഗില്‍ ഒതുങ്ങുന്നു പ്രധാന വില്ലനായ ഡാനിയുടെ വീരസ്യം. വില്ലന്‍മാരുടെ കൂട്ടത്തില്‍ മികച്ചു നിന്നത് റഹ്മാന്‍റെ വേഷമാണ്.

വിവേക് കോമഡിയില്‍ നിരാശപ്പെടുത്തിയെങ്കിലും സന്താനം താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വെച്ചത്. അദേഹത്തിന്‍റെ എന്തിരന്‍ വേഷം, ഗഗ്നം ഡാന്‍സ്, വിശ്വരൂപം ഫൈറ്റ് എന്നിവ ശ്രദ്ധിക്കപ്പെട്ടു.

സിങ്കത്തിലെ ഗാനങ്ങള്‍ സിനിമ പോലെ തന്നെ വന്‍ ഹിറ്റായിരുന്നു. എന്നാല്‍ പുതിയ സിനിമയില്‍ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതം വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല.

സൂര്യയുടെ ചടുലമായ ഡയലോഗുകള്‍ കൊണ്ടും ത്രസിപ്പിക്കുന്ന സംഘട്ടനരംഗങ്ങള്‍ കൊണ്ടും സമ്പന്നമായ ചിത്രം പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന നല്ലൊരു ആക്ഷന്‍-മസാല പാക്കേജാണ്. പക്ഷേ സിനിമയുടെ വേഗത്തിനൊപ്പം നമ്മുടെ മനസ്സെത്തണമെന്ന്‍ മാത്രം !

Leave a Comment

Your email address will not be published. Required fields are marked *