സൂപ്പര്‍സ്റ്റാര്‍

img_81891

 

പുതു തലമുറയ്ക്ക് പ്രതികരണശേഷി നഷ്ടമായിരിക്കുന്നു. കണ്ണാടി മാളികകളില്‍ വസിക്കുന്നവര്‍ക്കാണെങ്കിലോ പാവപ്പെട്ടവരുടെ ജീവിതം കാണാനുള്ള മനസ്സുമില്ല. ചുമ്മാതല്ല നാട്ടില്‍ അരാജകത്വം വാഴുന്നത് : ബുദ്ധിജീവികള്‍ പ്രസംഗിച്ചു.

ആ വാക്കുകളില്‍ നിന്ന് ആവേശം കൊണ്ട സൂപ്പര്‍സ്റ്റാര്‍ ബ്ലോഗെഴുതാന്‍ തുടങ്ങി. സകലതിനെയും കുറിച്ച് കുത്തിക്കുറിക്കാന്‍ തുടങ്ങിയതോടെ അങ്ങ് പാക്കിസ്ഥാനില്‍ പോലും അയാള്‍ക്ക് ശത്രുക്കളുണ്ടായി. നാട്ടിലെ ശത്രുക്കളാണെങ്കിലോ ഉറഞ്ഞു തുള്ളുകയും ചെയ്തു.

എതിര്‍പ്പ് വകവയ്ക്കാതെ തൂലിക പടവാളാക്കാന്‍ തന്നെയായിരുന്നു അയാളുടെ തിരുമാനം. അതോടെ സഹിഷ്ണുക്കളും അസഹിഷ്ണുക്കളും തരാതരം പോലെ താരത്തെ ആക്രമിക്കാന്‍ തുടങ്ങി.

അവര്‍ അയാളെ വിളിച്ചു:

കള്ളപ്പണക്കാരന്‍ !

ബിനാമി ഇടപാടുകാരന്‍ !

നികുതി വെട്ടിക്കുന്നവന്‍ !

രാജ്യദ്രോഹി !

മുമ്പ് സമാനമായ സാഹചര്യങ്ങളില്‍ കൂടി കടന്നുപോയ സഹപ്രവര്‍ത്തകനായ മറ്റൊരു സൂപ്പര്‍താരം അയാളെ ഉപദേശിച്ചു : 

വായടയ്ക്കടാ മുണ്ടയ്ക്കല്‍ ശേഖരാ…………..

മുമ്പ് അറിയാതെ ഗുജറാത്ത് എന്ന് ഉച്ചരിച്ചു പോയതിന്‍റെ പേരില്‍ ഒരുപാട് കല്ലേറ് കിട്ടിയ ആളായിരുന്നു അദ്ദേഹം. അതിനുശേഷം ഇന്നേവരെ രാഷ്ട്രീയ കാര്യങ്ങളില്‍ കമാ എന്ന് മിണ്ടിയിട്ടുമില്ല. 

പറ്റില്ല. അതിര്‍ത്തിയില്‍ നമ്മുടെ പട്ടാളക്കാര്‍…………………… : ബ്ലോഗെഴുത്തുകാരന്‍ എന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ ജ്യേഷ്ഠ-തുല്യനായ രണ്ടാമന്‍ തടഞ്ഞു.  

മിണ്ടരുത്. നിനക്ക് പട്ടാളത്തില്‍ ആരോ കൈവിഷം തന്നിട്ടുണ്ട്…………….. : അത്രയും പറഞ്ഞ് ഉപദേശകന്‍ സ്ഥലം വിട്ടു. 

Also Read  കള്ളപ്പണക്കാരന്‍

താരം വാ തുറക്കുന്നത് എപ്പോഴാണെന്ന് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന കുറേ പേര്‍, അതിനയാള്‍ തുനിഞ്ഞതോടെ വാക്കുകളിലെ ഇടതും വലതും മദ്ധ്യവും ചികഞ്ഞെടുത്ത്, പലതായി തിരിഞ്ഞ് അയാളെ കല്ലെറിയാന്‍ തുടങ്ങി. ആ ഏറില്‍ അയാളുടെ കണ്ണാടി മാളിക തകര്‍ന്നു വീണു. എന്നിട്ടും മതിവരാത്ത അവര്‍ സൂപ്പര്‍താരത്തിന്‍റെ ബ്ലോഗ്‌ കത്തിച്ച് ചാരം പുഴയിലൊഴുക്കി. അതോടെ നടന്‍റെ എഴുത്ത് മുടങ്ങി. 

ബ്ലോഗ്ഗെഴുത്ത് നിലച്ചതോടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ അയാള്‍ പഴയതു പോലെ നാട്ടിലെ മുത്തശ്ശി പത്രങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി. വാക്കും തൂലികയും ശത്രുവായി കണ്ട അസഹിഷ്ണുക്കള്‍ സംഘടിക്കാന്‍ ഒട്ടും വൈകിയില്ല. അതോടെ പത്രങ്ങളുടെ കഷ്ടക്കാലവും തുടങ്ങി.  

മനസ്സ് മടുത്ത താരം വേട്ടക്കാര്‍ അത്ര പെട്ടെന്ന് എത്തിപ്പെടാന്‍ ഇടയില്ലാത്ത ഹിമാലയന്‍ മലനിരകളിലേക്ക് പലായനം ചെയ്യുകയും പൂട്ടിയ ബ്ലോഗ്‌ കട വീണ്ടും തുറക്കുകയും ചെയ്തു. കൂടെക്കൂട്ടിയ മാക് ബുക്കില്‍ നിന്ന് അയാളുടെ ചിന്തകള്‍ മംഗ്ലിഷ് അക്ഷരങ്ങളുടെ രൂപത്തില്‍ ലോകം മുഴുവന്‍ പ്രചരിച്ചു. ഇപ്പറഞ്ഞതിനെല്ലാം അയാളെ തുണച്ചത് വേദനിക്കുന്ന ഒരു പാവം കോടീശ്വരന്‍ അടുത്തിടെ ഹിമാലയ സാനുക്കളില്‍ തുടങ്ങിയ ഒരു പെട്ടിക്കടയാണ്- ജിയോ നെറ്റ് വര്‍ക്ക്. അതാകുമ്പോള്‍ ആരും വിളിച്ച് ചീത്ത പറയുമെന്ന് പേടിക്കണ്ടല്ലോ. എപ്പോഴും ബിസിയായിരിക്കും. 

The End


Image Credit:

tscarlettblogs