തമിഴക രാഷ്ട്രീയവും സിനിമയും തമ്മില്‍

tamil cinema politics

ഒരു തട്ടുപൊളിപ്പന്‍ സിനിമയുടെ എല്ലാ ചേരുവകളും അടങ്ങിയതാണ് ഇന്നത്തെ തമിഴക രാഷ്ട്രീയം. ഉശിരന്‍ ഡയലോഗുകളും പ്രതികാരവും സംഘട്ടനവുമെല്ലാം അതില്‍ വേണ്ട പോലെ അടങ്ങിയിരിക്കുന്നു. ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് കരുണാനിധിയാണ് അന്‍പതുകളില്‍ സിനിമരാഷ്ട്രീയ ബന്ധത്തിനു തുടക്കമിട്ടതെങ്കിലും പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചിറക്കിയ എംജിആര്‍ മുതല്‍ അടുത്തകാലത്ത് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ വിജയ് വരെയുള്ളവര്‍ ആ കൂട്ടുകെട്ട് ഊട്ടിയുറപ്പിച്ചു.

പണ്ടുമുതലേ തമിഴ് മക്കള്‍ക്ക് കലയോടും കലയോടും ഒരു പ്രത്യേക വാല്‍സല്യമുണ്ട്. കവിയും എഴുത്തുകാരനുമായ മുത്തുവേല്‍ കരുണാനിധി ചെറുപ്പം മുതലേ നാടകത്തിലും സാഹിത്യത്തിലും സജീവമായിരുന്നു. തുടര്‍ന്നു രാഷ്ട്രീയത്തിലേക്കും സിനിമയിലേക്കും ചുവടുമാറ്റം നടത്തിയ അദ്ദേഹം തന്‍റെ സൃഷ്ടികളിലൂടെ വിപ്ലവകരമായ ആശയങ്ങള്‍ പങ്കു വയ്ക്കാനാണ് പലപ്പോഴും ശ്രമിച്ചത്. തമിഴ് സിനിമാ ചരിത്രത്തെ തന്നെ മാറ്റിമറിച്ച പ്രശസ്തമായ പരാശക്തി അദ്ദേഹത്തിന്‍റെ രചനാവൈഭവം വെളിപ്പെടുത്തുന്നു. കോണ്‍ഗ്രസുകാരനായിരുന്ന എംജിആറിനെ ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് പറിച്ചു നട്ട ആരാധകരുടെ കലൈഞ്ജര്‍ ആദ്യം നടന്‍റെ അടുത്ത സുഹൃത്തും പിന്നീട് ഏറ്റവും വലിയ ശത്രുവുമായി മാറി എന്നത് ചരിത്രം.

പഴയ മിത്രങ്ങളുടെ ശത്രുത ഇരുവരെയും എതിരാളികളുടെ ഭരണകാലത്ത് കാരാഗൃഹത്തില്‍ വരെ എത്തിച്ചു. ആ കൂട്ടുക്കെട്ടിന്‍റെയും പകപ്പോക്കലിന്‍റെയും കഥ മണിരത്നത്തിന്‍റെ ഇരുവര്‍ എന്ന ചിത്രം പറയുന്നുണ്ട്. എന്നാല്‍ റോജ എന്ന സിനിമയിലൂടെ പാക്കിസ്ഥാന്‍ തീവ്രവാദത്തെയും ബോംബെ എന്ന സിനിമയിലൂടെ ശിവസേനയെയും വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ച മണിരത്നം സമകാലിക തമിഴക രാഷ്ട്രീയത്തെ വരച്ചുകാട്ടിയപ്പോള്‍ പല കാര്യങ്ങളും മറച്ചുവയ്ക്കാനാണ് ശ്രമിച്ചത്. എന്നിട്ടും സിനിമ പുറത്തിറക്കാന്‍ അദ്ദേഹത്തിന് ഏറെ കടമ്പകള്‍ കടക്കേണ്ടി വന്നു. ഇരുവറിന്‍റെ തിരക്കഥ കരുണാനിധിയെയും ജയലളിതയെയും കാണിച്ചതിന് ശേഷമാണ് ചിത്രീകരണം തുടങ്ങാന്‍ പോലും അനുമതി ലഭിച്ചതെന്ന് അക്കാലത്ത് കോളിവുഡിലെ പാപ്പരാസികള്‍ എഴുതി.

സത്യമെന്തായാലും പ്രാദേശിക രാഷ്ട്രീയത്തിലെ അത്തരം അണിയറക്കഥകള്‍ തമിഴ് മക്കള്‍ക്ക് ഇന്നും അന്യമാണ്. എംജിആര്‍ എന്ന തങ്ങളുടെ കണ്‍ കണ്ട ദൈവം മലയാളിയാണെന്ന് പോലും ഭൂരിഭാഗം തമിഴര്‍ക്കും അറിയില്ല. ജീവിച്ചിരിക്കുമ്പോള്‍ ഒരിയ്ക്കലും പരസ്യമായി മലയാളത്തില്‍ സംസാരിക്കാതിരുന്ന അദ്ദേഹം അങ്ങനെയൊരു ധാരണ ജനങ്ങളില്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുകയും ചെയ്തു. പരസ്യമായി തമിഴില്‍ സംസാരിക്കുകയും എന്നാല്‍ ഒറ്റയ്ക്ക് കാണുമ്പോള്‍ ശുദ്ധ മലയാളത്തില്‍ സംസാരിക്കുകയും ചെയ്തിരുന്ന തലൈവരെകുറിച്ച് മുന്‍മുഖ്യമന്ത്രി ഇകെ നായനാരും നടന്‍ കൊച്ചിന്‍ ഹനീഫയും എഴുതിയിട്ടുണ്ട്. കേരള താല്‍പര്യങ്ങള്‍ക്ക് വിഘാതമായ മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കിയത് എംജിആര്‍ തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് എന്നത് ഇതിന്‍റെ മറ്റൊരു വശം.

തമിഴക രാഷ്ട്രീയവും സിനിമയും തമ്മില്‍ 1

നിയമം ലംഘിക്കുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്ത എംജിആറിന്‍റെ നായകവേഷങ്ങള്‍ അദ്ദേഹത്തിന് തമിഴ്സിനിമയിലെ ആദ്യ സൂപ്പര്‍താര പരിവേഷം നല്‍കിയപ്പോള്‍ അണ്ണാ ഡിഎംകെ എന്ന അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും സൂപ്പര്‍ഹിറ്റായി. രാഷ്ട്രീയമായി വിഭിന്ന ചേരികളില്‍ ആയിരുന്നെങ്കിലും കരുണാനിധിയും എംജിആറും ശ്രീലങ്കയിലെ തമിഴ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ യാതൊരു മടിയും കാണിച്ചില്ല. ആയുധം കൊണ്ടും പണം കൊണ്ടും പരസ്യപിന്തുണ കൊണ്ടും എല്‍ടിടിയെ വളര്‍ത്തിയ അവര്‍ അതുവഴി തമിഴ് ദേശീയതയുടെ വക്താക്കളാകാനും ശ്രദ്ധിച്ചു.

എംജിആര്‍ രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന ജയലളിതയ്ക്ക് പക്ഷേ അദ്ദേഹത്തിന്‍റെ മരണശേഷം പാര്‍ട്ടിയില്‍ നിന്നും ആ കുടുംബത്തില്‍ നിന്നും ഏറെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു. എംജിആറിന്‍റെ ഭാര്യ ജാനകി രാമചന്ദ്രനും ജയലളിതയും പാര്‍ട്ടിയിലെ വിരുദ്ധ ചേരികളിലായി. കരുണാനിധിയുടെ ഭരണകാലത്ത് നിയമസഭയില്‍ നിന്ന്‍ അപമാനിതയായി പുറത്തുപോയ അവര്‍ 1991ല്‍ ആദ്യമായി അധികാരത്തിലെത്തി. അഴിമതിക്കഥകളും തന്‍പ്രമാണിത്വവും വഴി കുപ്രസിദ്ധി നേടിയ അക്കാലത്ത് രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ഏറെ കരുതപ്പെട്ടുവെങ്കിലും അതുണ്ടായില്ല. എങ്കിലും ജയയെ പരസ്യമായി എതിര്‍ത്ത അദ്ദേഹം അടുത്ത തിരഞ്ഞെടുപ്പില്‍ ഡിഎംകെടിഎംസി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് അവരുടെ ഗംഭീര വിജയത്തില്‍ ഭാഗഭാക്കായി. അതേ രജനികാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിത നേടിയ ഏകപക്ഷീയ ജയത്തില്‍ സന്തോഷം പ്രകടിപ്പിക്കാനും മറന്നില്ല. ഡിഎംകെയുടെ ദുര്‍ഭരണത്തില്‍ നിന്ന്‍ സംസ്ഥാനം രക്ഷപ്പെട്ടിരിക്കുന്നു എന്നാണ് അന്ന്‍ അദ്ദേഹം പറഞ്ഞത്.

തത്ത്വചിന്തകനും ആത്മീയവാദിയുമായ രജനി രാഷ്ട്രീയ പ്രവേശം നടത്തിയില്ലെങ്കിലും അദ്ദേഹത്തിന്‍റെ പിന്‍ഗാമികളില്‍ പലരും അധികാരത്തിലേക്കുള്ള വഴിയില്‍ ഭാഗ്യം പരീക്ഷിച്ചവരാണ്. വിജയകാന്ത്, ശരത് കുമാര്‍, കാര്‍ത്തിക് തുടങ്ങി വിജയ് വരെ അവരില്‍ പെടും. 2011ലെ തിരഞ്ഞെടുപ്പില്‍ വിജയ് ഫാന്‍സ് അസോസിയേഷന്‍റെ പേരില്‍ രണ്ടുപേര്‍ അണ്ണാഡിഎംകെ സഖ്യത്തില്‍ നിന്ന്‍ മല്‍സരിച്ചു ജയിച്ചിരുന്നു. എന്നാല്‍ തലൈവ സിനിമ പുറത്തിറങ്ങുന്ന സമയത്ത് വിജയിന്‍റെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖരന്‍ നടത്തിയ ഒരു പ്രസ്താവന ജയയെയും വിജയെയും അകറ്റി. ഉലകം ചുറ്റും വാലിബന്‍ പുറത്തിറങ്ങിയപ്പോള്‍ എംജിആര്‍ മുഖ്യമന്ത്രിയായതുപോലെ തലൈവ വരുന്നതോടെ വിജയും മുഖ്യമന്ത്രിയാകും എന്നാണ് അദ്ദേഹം പറഞ്ഞത്.

ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ സിനിമ ചരിത്രം ഇവിടെ അവസാനിക്കുന്നില്ല. അഴിക്കുള്ളിലായാലും ഭരണത്തിന്‍റെ താക്കോല്‍ ജയലളിതയുടെ കയ്യില്‍ തന്നെയായിരിക്കുമെന്ന് അവരുടെ ശത്രുക്കള്‍ക്ക് പോലുമറിയാം. തലൈവര്‍ക്കും തലൈവിക്കും കലൈഞ്ജര്‍ക്കുമെല്ലാം പുതിയ രൂപഭേദങ്ങളില്‍ പിന്‍ഗാമികള്‍ അവതരിക്കും. സിനിമ വിട്ട് മറ്റൊരു ജീവിതമില്ലാത്ത തമിഴര്‍ അവരെ നെഞ്ചോട് ചേര്‍ക്കുകയും ചെയ്യും. പക്ഷേ അതില്‍ നിന്ന്‍ നെല്ലും പതിരും തിരഞ്ഞെടുക്കുക എന്നത് ശ്രമകരമാണ്.

[ My article published in KVartha on 29.09.2014]

Leave a Comment

Your email address will not be published. Required fields are marked *