പരസ്യങ്ങളും സ്പോണ്‍സര്‍ഷിപ്പും വാര്‍ത്തകളെ നിയന്ത്രിക്കുന്ന കാലത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. അറിയാനുള്ള നമ്മുടെ അവകാശത്തെ വെല്ലുവിളിച്ചുകൊണ്ട് മാധ്യമങ്ങളും ചില വ്യവസായികളും ഒത്തുകളിച്ചപ്പോള്‍ ജനശ്രദ്ധയിലെത്തേണ്ട എത്രയോ വിഷയങ്ങളാണ് അടുത്തിടെ ആരാലും അറിയപ്പെടാതെ പോയത് ?
അമിതാഭ് ബച്ചന്‍ എന്ന ഇന്ത്യന്‍ സിനിമയിലെ അതികായന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത് കല്യാണി ന്‍റെ പരസ്യങ്ങളിലൂടെയാണ്. അവരുടെ വിശ്വാസം പരമ്പരയിലെ പരസ്യചിത്രങ്ങളില്‍ ഏറെ ശ്രദ്ധേയമായത് ദിലീപും അമിതാഭും ഒന്നിച്ച പരസ്യമാണ്. ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ തുടക്കത്തില്‍ വിമുഖത കാട്ടിയ അമിതാഭ് പിന്നീട് അതിന്‍റെ തീമില്‍ ആകൃഷ്ടനായാണ് സമ്മതം മൂളിയതെന്ന് സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. സിനിമയിലെ പോലെ പരസ്യങ്ങളിലും തന്‍റെ ഘനഗാംഭീര്യം നിറഞ്ഞ ശബ്ദമെടുത്ത് അമ്മാനമാടിയിരുന്ന അദ്ദേഹത്തിന് സംഭാഷണമൊന്നുമില്ലാത്ത പരസ്യം ഒരു പുതുമയായിരുന്നു. പരസ്യം കണ്ടവരെല്ലാം പഴയ സ്കൂള്‍ അദ്ധ്യാപകന്‍റെയും അദ്ദേഹത്തിന്‍റെ പ്രിയ ശിഷ്യന്‍റെയും ആത്മബന്ധത്തെ ഹൃദയങ്ങളില്‍ ഏറ്റുവാങ്ങി.
മറുഭാഷാ അഭിനേതാക്കളും പരസ്യ താരങ്ങളും അരങ്ങുവാണിരുന്ന പരസ്യ ചിത്രങ്ങളിലേക്ക് മലയാള സിനിമാതാരങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് കണ്ണന്‍ ദേവന്‍ പരസ്യത്തിലൂടെയുള്ള മോഹന്‍ലാലിന്‍റെ കടന്നുവരവോടെയാണ്. മലയാളത്തിലെ ദൃശ്യമാധ്യമങ്ങളുടെ ഉദയവും അതിനു സഹായകമായി. അതോടെ പരസ്യങ്ങള്‍ കൂടുതല്‍ ജനകീയമാകുകയും കൂടുതല്‍ ആളുകളിലേക്ക് എത്തുകയും ചെയ്തു.
ഇന്നും മലയാള പരസ്യങ്ങളിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരം മോഹന്‍ലാലാണ്. പിന്നീട് കല്യാണ്‍ ജ്വല്ലേഴ്സ്, മലബാര്‍ ഗോള്‍ഡ്, ടെസ്റ്റ് എന്‍ ബഡ്സ്, മണപ്പുറം ഫിനാന്‍സ്, കെ.എല്‍.എഫ് കൊക്കോനാട് വെളിച്ചെണ്ണ, മാക്ഡവല്‍, എം.സി.ആര്‍ തുടങ്ങിയ നിരവധി പരസ്യങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. യാതൊരു മൂല്യവും നോക്കാതെയാണ് പരസ്യങ്ങള്‍ സ്വീകരിക്കുന്നതെന്ന ദുഷ്പേരും ഇതോടെ അദ്ദേഹം സമ്പാദിച്ചു.
ലാലില്‍ നിന്ന്‍ വിഭിന്നമായി പരസ്യങ്ങളുടെ കാര്യത്തില്‍ മമ്മൂട്ടി വളരെ കരുതലോടെയാണ് നീങ്ങിയത്. സൌത്ത് ഇന്ത്യന്‍ ബാങ്ക്, പോത്തീസ് തുടങ്ങിയ നിരുപദ്രവകാരിയായ കമ്പനികളുടെ പരസ്യങ്ങള്‍ മാത്രം തിരഞ്ഞെടുത്ത അദ്ദേഹം തുടക്കകാലത്ത് സ്വര്‍ണ്ണക്കടകളുടെ പരസ്യങ്ങളില്‍ അഭിനയിക്കാനും തയ്യാറായിരുന്നില്ല. പക്ഷേ സ്വന്തം ഇമേജിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തിയ അദ്ദേഹം തന്നെ സോളാറിന്‍റെ പിടിയില്‍ വീണു എന്നതാണ് വിധിവൈപരീത്യം.
ഇന്ന്‍ സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ്, കാവ്യ മാധവന്‍ ഉള്‍പ്പടെ നമ്മുടെ മുന്‍നിര താരങ്ങളില്‍ പലരും വിവിധ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. തങ്ങള്‍ പ്രതിനിധീകരിക്കുന്ന ബ്രാന്‍റുകളുടെ ഗുണമേന്‍മയെക്കുറിച്ച് ഇവര്‍ക്കെല്ലാം ബോധ്യമുണ്ടോ എന്നറിയില്ല. പക്ഷേ പരസ്യങ്ങളില്‍ അഭിനയിക്കുന്നവര്‍ക്ക് അതുവഴി നല്‍കുന്ന വിശ്വാസ-വാഗ്ദാനങ്ങളിലും ഉത്തരവാദിത്വമുണ്ട് എന്നതാണ് സത്യം. അടുത്തകാലത്ത് തമിഴ്നാട്ടില്‍ നടന്ന എമു ഫാം തട്ടിപ്പില്‍ അതിന്‍റെ പരസ്യങ്ങളില്‍ അഭിനയിച്ച തമിഴ് നടന്മാരായ ശരത് കുമാറിനും സത്യരാജിനുമെതിരെ വിശ്വാസവഞ്ചനയ്ക്ക് പോലീസ് കേസെടുത്തിരുന്നു. പരസ്യങ്ങളില്‍ എന്തെങ്കിലും പറഞ്ഞത് കൊണ്ടായില്ല, അതിന്‍റെ വരും വരായ്കകളെ കുറിച്ച് കൂടി ബോധ്യമുണ്ടാകണം എന്നു സാരം.
പക്ഷേ പരസ്യങ്ങള്‍ വഴി കോടികള്‍ വാരാന്‍ കഴിവുള്ള രജനീകാന്തിനെയും അജിത്തിനെയും പോലുള്ള വമ്പന്‍ താരങ്ങള്‍ അതിനൊന്നും തയാറാകാതെ മാറി നില്‍ക്കുകയാണ്. രജനികാന്ത് വന്ന്‍ കൊക്കക്കോളയാണ് എന്‍റെ പ്രസരിപ്പിന്‍റെ രഹസ്യം എന്നു പറഞ്ഞാല്‍ കോടികളുടെ കേയ്സ് അതുവഴി മാത്രം വിറ്റുപോകും. അതുകൊണ്ടു തന്നെ ചോദിക്കുന്ന പ്രതിഫലം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്യും. എന്നാല്‍ അത്തരം പ്രലോഭനങ്ങളിലൊന്നും പെടാതെ തമിഴകത്തിന്‍റെ ഈ സൂപ്പര്‍താരങ്ങളെങ്കിലും മാറിനില്‍ക്കുന്നത് ശ്ലാഘനീയമാണ്. കമലാഹാസന്‍ അടുത്തിടെ പോത്തീസിന്‍റെ പരസ്യങ്ങളില്‍ അഭിനയിച്ചു തുടങ്ങിയെങ്കിലും അതില്‍ നിന്ന് കിട്ടുന്ന വരുമാനം എയ്ഡ്സ് രോഗികളുടെ പുനരധിവാസത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. അജിത്താണെങ്കില്‍ സ്വന്തം സിനിമകളുടെ പ്രമോഷണല്‍ പരിപാടികളില്‍ പോലും പങ്കെടുക്കാറില്ല. അതില്‍ പങ്കെടുക്കുമ്പോള്‍ തനിക്ക് സിനിമയെക്കുറിച്ച് നല്ലത് മാത്രമേ പറയാന്‍ പറ്റൂ, അത് വിശ്വസിച്ച് തിയറ്ററിലെത്തുന്ന ജനം നിരാശരായാല്‍ എന്‍റെ വാക്കിന് വിലയില്ലാതാകും എന്നാണ് പ്രസ്തുത പരിപാടികളില്‍ വരാത്തതിന് കാരണമായി അദ്ദേഹം പറഞ്ഞത്. മോശം പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ തങ്ങളുടെ വിശ്വാസ്യതയ്ക്ക് കൂടിയാണ് കോട്ടം തട്ടുന്നതെന്ന് അതില്‍ അഭിനയിക്കുന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണ്.
പരസ്യങ്ങളുടെ അതിപ്രസരത്തിനൊപ്പം അവ ദൃശ്യ പത്ര മാധ്യമങ്ങളിലെ വാര്‍ത്തകളെ നിയന്ത്രിക്കുന്ന കാഴ്ചയും നമ്മള്‍ കണ്ടു. കൂടുതല്‍ പരസ്യങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കെതിരായ വാര്‍ത്തകള്‍ മുക്കുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ മല്‍സരിച്ചപ്പോള്‍ വിലപ്പെട്ട പല മുന്നറിയിപ്പുകളും ജനങ്ങളിലെത്താതെ പോയി. പ്രമുഖ പാര്‍പ്പിട നിര്‍മ്മാണ കമ്പനികളും നിക്ഷേപ സ്ഥാപനങ്ങളും നടത്തിയ തട്ടിപ്പുകള്‍ മാധ്യമങ്ങള്‍ പരസ്യങ്ങളുടെ മൂല്യം നോക്കാതെ വേണ്ട സമയത്ത് ജനങ്ങളിലെത്തിച്ചിരുന്നുവെങ്കില്‍ കോടികളുടെ വെട്ടിപ്പ് ഒരു പരിധി വരെ ഒഴിവാക്കാമായിരുന്നു.
ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ഉല്‍പന്നങ്ങളില്‍ തൊലിപ്പുറത്തെ ക്യാന്‍സറിന് കാരണമായേക്കാവുന്ന വിഷവസ്തുക്കള്‍ കണ്ടെത്തിയതും ഈസ്റ്റേണ്‍ കമ്പനിയില്‍ ആരോഗ്യവകുപ്പ് നടത്തിയ റെയ്ഡുമൊന്നും വേണ്ടത്ര വായനക്കാരിലോ പ്രേക്ഷകരിലോ എത്തിയില്ല. ആട്ട ഉല്‍പ്പന്നങ്ങളില്‍ അപകടകരമായ രാസവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിനും ഇടതൂര്‍ന്ന തലമുടി വളരാന്‍ സഹായിക്കും എന്ന അവകാശവാദവുമായി എത്തുന്ന ന്യൂ ജനറേഷന്‍ എണ്ണകളുടെ സത്യാവസ്ഥ, ഹോര്‍ലിക്ക്സ്, ബൂസ്റ്റ്,കോമ്പ്ലാന്‍ തുടങ്ങിയ ഹെല്‍ത്ത് ഡ്രിങ്കുകളെ സംബന്ധിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് എന്നിവയ്ക്കും സമാനമായ അവസ്ഥയാണ് ഉണ്ടായത്.
പരസ്യങ്ങള്‍ വഴി കിട്ടുന്ന കോടികളുടെ കിലുക്കത്തിനാണ് വായനക്കാരുടെ വിശ്വാസത്തേക്കാള്‍ മൂല്യമെന്ന്‍ പല മാധ്യമ മേധാവികളും കല്‍പ്പിച്ചപ്പോള്‍ തകര്‍ന്നു വീണത് ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള അരക്കിട്ടുറപ്പിച്ച സങ്കല്‍പ്പത്തിനാണ്. സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെ ജനങ്ങള്‍ക്കൊപ്പം നിന്ന്‍ ഫോര്‍ത്ത് എസ്റ്റേറ്റ് ശബ്ദമുയര്‍ത്തും എന്നത് ഫ്രഞ്ച് വിപ്ലവകാലം മുതലേയുള്ള വിശ്വാസമാണ്. ചിലരുടെ മാത്രം നിക്ഷിപ്ത താല്‍പര്യം ആ വിശ്വാസത്തിനാണ് വിള്ളല്‍ വീഴ്ത്തിയത്. ഇതുപോലുള്ള ചില മാധ്യമ കച്ചവട സ്ഥാപനങ്ങളുടെയും പ്രതിഫലം മാത്രം നോക്കി പരസ്യങ്ങളില്‍ അഭിനയിക്കുന്നവരുടെയും ഇടയില്‍ കോളകള്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവയാണെന്നും അതിനാല്‍ അതിന്‍റെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നും പറഞ്ഞ ബാഡ്മിന്‍റണ്‍ താരം ഗോപിചന്ദും മദ്യം എന്‍റെ വിശ്വാസത്തിനെതിരാണ്, അതിനാല്‍ അതിന്‍റെ ലോഗോ ജഴ്സിയില്‍ ധരിക്കില്ല എന്നു പറഞ്ഞ ക്രിക്കറ്റ് താരം പര്‍വേശ് റസൂലും ഒരപവാദമാണ്. ഒരുപക്ഷേ ഇവരൊക്കെയാകാം ഫോര്‍ത്ത് എസ്റ്റേറ്റിന്‍റെ ന്യൂ ജനറേഷന്‍ അവതാരം !
Its up to the customer that what to select,but the celebrities should think before acting in such ads
celebrities are not caring about their images. all the caring attitude will go after money.
yes , ofcourse. but it shouldn’t be like that
yes , ofcourse. but it shouldn’t be like that