സൌന്ദര്യത്തിന്റെ പര്യായവും മൂര്‍ത്തീഭാവവുമാണ് സ്ത്രീ. അവളുടെ സൌന്ദര്യവും വേഷഭൂഷാധികളും ആദിമകാലം മുതലേ പുരുഷനെ ആകര്‍ഷിച്ചിട്ടുണ്ട്. മഹര്ഷിമാരുടെയും അസുരന്മാരുടെയുമൊക്കെ തപസ് മുടക്കാന്‍ ഇന്ദ്രന് ദേവസദസ്സിലെ അപ്സരസ്സുകളെ നിയോഗിച്ചിരുന്ന കാര്യം പുരാണങ്ങള്‍ തന്നെ പറയുന്നുണ്ട്. സീതയുടെ അഴകില്‍ മയങ്ങി തന്റെ സാമ്രാജ്യവും ജീവന് തന്നെയും നഷ്ടപ്പെടുത്തിയ രാവണന്റെ കഥയും നമ്മള് പിന്നീട് കണ്ടു. സ്ത്രീകളുടെ നിത്യ ഹരിത കാമുകനായ ശ്രീകൃഷ്ണന് നമ്മുടെ ആരാധനാ മൂര്‍ത്തിയുമാണ്. ചുരുക്കത്തില്‍ സാധാരണക്കാര്‍ മുതല്‍ വീരശൂരപരാക്രമികളായ ഭരണാധികാരികള്‍ വരെ സ്ത്രീ സൌന്ദര്യത്തില്‍ മയങ്ങി സര്‍വ്വതും നഷ്ടപ്പെടുത്തിയിട്ടുണ്ട് അഥവാ കളഞ്ഞു കുളിച്ചിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങള്‍ നിരവധി തവണ നമ്മള് കണ്ടിട്ടുണ്ട്, ഇപ്പൊഴും കണ്ടു കൊണ്ടിരിക്കുന്നു.
ശത്രുരാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഹിറ്റ്ലറും മുസ്സോളനിയുമെല്ലാം സ്ത്രീ എന്ന ശക്തമായ ആയുധത്തെയാണ് ഏറ്റവും കൂടുതല്‍ ആശ്രയിച്ചത്. ശീതയുദ്ധകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും വിശ്വാസമര്‍പ്പിച്ചതും സ്ത്രീ എന്ന വശീകരണ ശക്തിയിലാണ്. പുറമെ എത്രയൊക്കെ പോരാട്ട വീര്യം പ്രകടിപ്പിച്ചാലും സ്ത്രീകളുടെ നഗ്ന സൌന്ദര്യത്തില്‍ വീണു പോകുന്ന പുരുഷന്റെ സഹജമായ ദൌര്‍ബല്യം തന്നെയായിരുന്നു ഇതിനൊക്കെ കാരണമായത്. ഇപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ രഹസ്യങ്ങള്‍ ചോര്‍ത്താനും സരിത എസ് നായരെ ഉപയോഗിച്ചിട്ടുണ്ടാവാം എന്ന അഭ്യൂഹമാണ് നിറം പീഡിപ്പിച്ച ചാരക്കഥകളുടെ ഏടുകള്‍ മറിക്കുമ്പോള്‍ ഏറ്റവും ഒടുവിലായി നമ്മള് കാണുന്നത്. കാലം എത്ര മാറിയാലും സാങ്കേതിക വിദ്യകള്‍ എത്ര കണ്ട് പുരോഗമിച്ചാലും പെണ്ണിന്റെ കടക്കണ്ണില്‍ അന്താരാഷ്ട്ര രഹസ്യങ്ങള്‍ വരെ ചോരുമെന്ന സ്ഥിതിക്ക് യാതൊരു മാറ്റവുമില്ലെന്ന് സാരം.
1996 ല്‍ പുറത്തുവന്ന സൂര്യനെല്ലി കേസാണ് സ്ത്രീശരീരത്തിന്റെ വിപണന സാധ്യതകള്‍ കേരള സമൂഹത്തെ ആഴത്തില്‍ പഠിപ്പിച്ചത്. ഇടുക്കി ജില്ലയിലെ സൂര്യനെല്ലി സ്വദേശിയായ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി നിരവധി പേര് ചേര്‍ന്ന് ആഴ്ചകളോളം പീഡിപ്പിച്ച സംഭവം വന്‍ വിവാദമായത് കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന് ഉള്‍പ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലോടെയാണ്. നീണ്ട നിയമയുദ്ധത്തിന് ശേഷം തെളിവുകളുടെ അഭാവത്തില്‍ കോടതി കുര്യനെ വിട്ടയക്കുകയും മറ്റ് പ്രതികളെ ശിക്ഷിക്കുകയും ചെയ്തെങ്കിലും കേസിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. സൂര്യനെല്ലിയിലെ വീട് പലരുടേയും ടൂറിസം ഡെസ്റ്റിനേഷനായി മാറിയപ്പോള്‍ പെണ്‍കുട്ടിയും കുടുംബവും താമസം കോട്ടയത്തേക്ക് മാറ്റിയെങ്കിലും വിവാദങ്ങള്‍ അവരെ വെറുതെ വിട്ടില്ല. പലപ്പോഴും യു.ഡി.എഫും എല്‍.ഡി എഫും തമ്മിലുള്ള തുറന്ന പോരിനും കേസ് ഒരു കാരണമായി മാറി.
പെണ് വാണിഭത്തിന്റെ അനന്ത സാധ്യതകള്‍ ലോകത്തിന് പരിചയപ്പെടുത്തിയ ഐസ്ക്രീം കേസ് അക്ഷരാര്‍ഥത്തില്‍ കേരള രാഷ്ട്രീയത്തില്‍ ഒരു ഭൂകമ്പം തന്നെയുണ്ടാക്കി. മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കേസില്‍ ഉള്‍പ്പെട്ടതിന്റെ പേരിലുണ്ടായ വിവാദങ്ങളും കോലാഹലങ്ങളും ചില്ലറയല്ല. സംഭവത്തെ തുടര്‍ന്നു അദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലും ഉയര്‍ച്ച താഴ്ചകള്‍ ഏറെയുണ്ടായി. ഇരകളുടെയും സാക്ഷികളുടെയും കൂടെക്കൂടെയുള്ള മൊഴിമാറ്റത്തെയും വി.എസിന്റെ ഇടപെടലുകളെയും തുടര്‍ന്നു എന്നും വാര്‍ത്തകളില്‍ നിറഞ്ഞ ഐസ്ക്രീം കേസ് 2006 ല്‍ സുപ്രീം കോടതി വരെ തള്ളിയെങ്കിലും വിവാദങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെയും യു.ഡി.എഫിന്റെയും മേല്‍ വീഴ്ത്തിയ കരിനിഴല്‍ ഇനിയും മാഞ്ഞിട്ടില്ല.
ആദ്യ രണ്ടു കേസുകളും വലതുപക്ഷത്തെയാണ് ബാധിച്ചതെങ്കില്‍ എല്‍.ഡി.എഫിനായിരുന്നു അടുത്ത ഊഴം. നായനാര്‍ മന്ത്രിസഭയുടെ കാലത്ത് അന്നത്തെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന നീല ലോഹിതദാസന്‍ നാടാര്‍ തന്നോട് മോശമായി പെരുമാറി എന്നാരോപിച്ചത് അന്നത്തെ ഗതാഗത വകുപ്പ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയാണ്. വിവാദത്തെ തുടര്‍ന്നു അദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. സി.പി.എമ്മിന്റെ പ്രത്യേകിച്ച് വി.എസ് അച്യുതാനന്ദന്റെ എതിര്‍പ്പ് മൂലം സീറ്റ് നഷ്ടമായ അദ്ദേഹം വിവിധങ്ങളായ പാര്‍ടികളില്‍ പ്രവര്‍ത്തിച്ച് ഒടുവില്‍ ജനതാദളില്‍ തിരിച്ചെത്തിയത് അടുത്ത കാലത്താണ്.
സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ല സെക്രട്ടറിയായിരുന്ന പി. ശശിക്കും എറണാകുളം ജില്ല സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനുമൊക്കെ സ്ത്രീവിഷയത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ രാഷ്ട്രീയത്തില്‍ തിരിച്ചടിയുണ്ടാക്കി. അഴിമതിവിരുദ്ധനെന്ന പ്രതിച്ചായയില്‍ വിലസി നടന്നിരുന്ന ഗണേഷ് കുമാറിനെ വീഴ്ത്തിയതും സ്ത്രീ തന്നെയാണ്. കാമുകിയുടെ ഭര്‍ത്താവ് ഗണേഷിനെ തല്ലിയ കാര്യം മാധ്യമങ്ങളോട് ആദ്യം വെളിപ്പെടുത്തിയത് കേരള കോണ്‍ഗ്രസ് നേതാവ് പി.സി ജോര്‍ജാണ്. തൊട്ട് പുറകെ ആ കാമുകി തന്റെ മകന്റെ സഹപാഠിയുടെ അമ്മയാണെന്ന വെളിപ്പെടുത്തലുമായി ഗണേഷ് കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചിയും രംഗത്തെത്തി. വിവാദത്തെ തുടര്‍ന്നു മന്ത്രിസ്ഥാനം നഷ്ടമായ ഗണേഷ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇനിയും തിരിച്ചുകയറാന്‍ സാധിച്ചിട്ടില്ല.
സോളാര്‍ തട്ടിപ്പിലും സ്ത്രീ തന്നെയാണ് കേന്ദ്രബിന്ദു. സരിത എന്ന തുറുപ്പ്ചീട്ട് ഇറക്കിയാണ് ബിജു രാധാകൃഷ്ണന് വമ്പന്മാരില് പലരെയും വീഴ്ത്തിയത്. അതില്‍ നമ്മുടെ ഉന്നത രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയും സാഷ്ടാംഗം വീണത് കണ്ടുണ്ടായ ഞെട്ടലില്‍ നിന്ന് സംസ്ഥാനം ഇനിയും മുക്തമായിട്ടില്ല.
സ്ത്രീ സൌന്ദര്യത്തില്‍ മയങ്ങി വിശ്വാമിത്ര മഹര്‍ഷിയുടെ തപസ് മുടങ്ങിയില്ല എന്നു പുരാണങ്ങള്‍ പറയുന്നു. എന്നാല്‍ അഭിനവ വിശ്വാമിത്രന്മാരില് പലര്‍ക്കും ചുവട് പിഴക്കുകയാണെന്ന് വര്‍ത്തമാന സംഭവങ്ങള്‍ വ്യക്തമാക്കുന്നു. അതില്‍ മൊബൈല്‍ ക്യാമറയില്‍ സ്ത്രീയുടെ കണങ്കാലുകളും കുളിസീനും പകര്ത്തുന്നവന് മുതല്‍ വിവാഹ വാഗ്ദാനം നല്കി യുവതിയുമായി കിടക്ക പങ്കിട്ട ജോസ് തെറ്റയില്‍ വരെ പെടും. ഡല്‍ഹിയിലെയും മണിപ്പാലിലെയും പീഡനങ്ങളൊക്കെ ഇതിന് അനുബന്ധങ്ങളാണ്. എന്നാല്‍ എല്ലാവര്ക്കും പ്രതീക്ഷ നല്കുന്ന ഒരു വാര്‍ത്ത അടുത്ത കാലത്ത് ഇറ്റലിയില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. സ്ത്രീ പീഡനത്തിന്റെ പേരില്‍ അവിടത്തെ മുന്‍പ്രധാനമന്ത്രിയായ ബെര്ലുസ്ക്കോണിയെ കോടതി ഏഴു വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. എന്താ കഥ, അല്ലേ ?
ഏതു കാലത്തും ഏതു നാട്ടിലും അധികാരമുള്ളവനും ഇല്ലാത്തവനും സ്ത്രീ ഒരു ഉപഭോഗ വസ്തുവും ദൌര്‍ബല്യവുമാണ് എന്നു സാരം. അതില്‍ വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസമില്ല. കാലമെത്ര കഴിഞ്ഞാലും അതിനു മാറ്റവുമില്ല.എല്ലാവര്‍ക്കുമുള്ളത് ആസക്തി എന്ന ഒരൊറ്റ വികാരം മാത്രം.