മോഹന്‍ലാലിന്‍റെ മോശം സിനിമകള്‍

മോഹന്‍ലാലിന്‍റെ മോശം സിനിമകള്‍ 1

മോഹന്‍ലാല്‍. ലളിതസുന്ദരമായ അഭിനയഭംഗിയുടെ അവസാന വാക്ക്. നവരസങ്ങളെല്ലാം അനായാസം അഭിനയിക്കുന്ന, ഏത് വേഷവും ഇത്ര തന്‍മയത്വത്തോടെ കൈകാര്യം ചെയ്യുന്ന ഒരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ വേറെയില്ല.

സാധാരണക്കാര്‍ മുതല്‍ വിഖ്യാതവ്യക്തികള്‍ വരെ ആ അഭിനയപ്രതിഭയുടെ സിനിമകള്‍ കണ്ട് വിസ്മയം കൊണ്ടിട്ടുണ്ട്. ശിവാജി ഗണേശനും രാജ് കുമാറും അമിതാഭ് ബച്ചനും കമല്‍ ഹാസനും രജനീകാന്തുമെല്ലാം അവരില്‍ ചിലര്‍ മാത്രം. ഇത്ര ലളിതമായി അഭിനയിക്കുന്ന ഒരു നടന്‍ ഇന്ത്യയില്‍ വേറെയില്ലെന്ന് അമിതാഭും രജനിയും പലപ്പോഴും പറഞ്ഞിട്ടുണ്ട്.

വാനപ്രസ്ഥവും താഴ്വാരവും കിരീടവും തന്‍മാത്രയും കിലുക്കവും ആ അഭിനയ ചാതുര്യത്തിന്‍റെ വിവിധ മുഖങ്ങള്‍ നമുക്ക് കാട്ടിത്തന്നു. എന്നാല്‍ മോഹന്‍ലാല്‍ എന്ന നടന്‍ ഒരിയ്ക്കലും ചെയ്യാന്‍ പാടില്ലായിരുന്നു എന്ന്‍ നമ്മള്‍ പറയാതെ പറഞ്ഞ ചില സിനിമകളുണ്ട്. ആ സിനിമകള്‍ ബോക്സ് ഓഫീസില്‍ മൂക്കും കുത്തി വീണതിനൊപ്പം അദേഹത്തിന്‍റെ കരിയറിലും കരിനിഴല്‍ വീഴ്ത്തി.

മോശം സിനിമകള്‍ ഒരു താരത്തിന്‍റെ അഭിനയജീവിതത്തില്‍ സാധാരണമാണ്. നമ്മുടെ എല്ലാ താരങ്ങളും സംവിധായകരും അങ്ങനെയുള്ള നിലവാരമ്മ കുറഞ്ഞ സിനിമകള്‍ ചെയ്തിട്ടുണ്ട്. സ്വാഭാവികമായും മോഹന്‍ലാലും അതില്‍ പെടും.

പക്ഷേ സദയത്തിലെ സത്യനാഥനെയും നാടോടിക്കാറ്റിലെ ദാസനെയും ഇരുപതാം നൂറ്റാണ്ടിലെ സാഗറിനെയും അത്ഭുതത്തോടെ കണ്ട മലയാള സിനിമാ പ്രേക്ഷകര്‍ക്ക് നിരാശ മാത്രമാണ് യുക്തിക്ക് നിരക്കാത്ത കോടികള്‍ മാത്രം മോഹിച്ചെടുത്ത ഇത്തരം സിനിമകള്‍ സമ്മാനിച്ചത്. അങ്ങനെയുള്ള ചില സിനിമകളേതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

1. എലോൺ

മോഹന്‍ലാലിന്‍റെ മോശം സിനിമകള്‍ 2

മോഹൻലാൽ മാത്രം അഭിനയിച്ച ഷാജി കൈലാസ് ചിത്രം. കോവിഡ് ലോക്ഡൗൺ പശ്ചാത്തലത്തിൽ എടുത്ത സിനിമയിൽ കാളിദാസ് എന്ന മോട്ടിവേഷണൽ സ്പീക്കറെയാണ് ലാൽ അവതരിപ്പിച്ചത്.

സാധാരണ ഒരു സിനിമ എത്ര മോശമായാലും മോഹൻലാൽ എന്ന അഭിനേതാവിന് അതിൽ എന്തെങ്കിലും സംഭാവന ചെയ്യാനുണ്ടാകും. പക്ഷെ ഒന്നും ചെയ്യാനാകാതെ കാഴ്ചക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന ലാലിനെയാണ് ഈ സിനിമയിൽ കാണാൻ കഴിയുക. ഒരു അപ്പാർട്ട്മെന്റിൽ നിർബന്ധിത ലോക്ഡൗൺ ചിലവഴിക്കുന്ന കാളിദാസും അയാൾ നടത്തുന്ന കുറ്റാന്വേഷണവുമാണ് എലോണിന്റെ പ്രമേയം.

പൃഥ്വിരാജ്, മഞ്ജു വാര്യർ, സിദ്ദിക്ക്, ആനി, മല്ലിക സുകുമാരൻ എന്നിവർ ശബ്ദ സാന്നിധ്യവുമായി എത്തുന്ന എലോൺ മുഴുവനായി കണ്ടു തീർക്കുന്നത് ‘ധീര’മായ പ്രവൃത്തിയായി വിശേഷിപ്പിക്കാം.

2. ബിഗ് ബ്രദർ

bigbrother

മോഹൻലാലിൻ്റെ  കടുത്ത ആരാധകർ പോലും ഒഴിവാക്കിയ സിനിമയാണ് ബിഗ് ബ്രദർ. ജയസൂര്യ നായകനായ ഫുക്രിക്ക് ശേഷം സിദ്ധിക്ക് രചനയും സംവിധാനവും നിർവഹിച്ച ബിഗ് ബ്രദറിൽ നൈറ്റ് വിഷൻ എന്ന വിചിത്രമായ കഴിവുള്ള സച്ചിദാനന്ദൻ എന്ന കഥാപാത്രമായാണ് ലാൽ എത്തിയത്.

തടവു പുള്ളിയാണെങ്കിലും ഇരുട്ടത്ത് കാഴ്ചശക്തിയുള്ളത് കൊണ്ട് തീവ്രവാദ ഓപ്പറേഷനുകൾക്ക് പോലും പോലീസ് അയാളെ ഉപയോഗിക്കുമത്രേ. അത്രയ്ക്ക് ദാരിദ്ര്യമാണോ പോലീസ് സേനയിലെന്ന് ആരും ചോദിക്കരുത്. നായകൻ സൂപ്പർതാരമാണെങ്കിൽ വില കുറഞ്ഞ വൺമാൻ ഷോയ്ക്ക് വേണ്ടി നമ്മൾ ഇതും ഇതിനപ്പുറവും കാണേണ്ടി  വരും.

ഇരട്ടകൊലപാതകക്കേസിൽ അകപ്പെട്ട് ഇരുപത് വർഷത്തിലേറെയായി ജയിൽ ശിക്ഷ അനുഭവിക്കുന്ന സച്ചിതാനന്ദൻ ഒരു അധോലോക നേതാവിൻ്റെ  സഹായത്തോടെ മോചിതനാകുന്നു. അധികം താമസിയാതെ സച്ചിയുടെ സഹോദരനെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോകുന്നു. പിന്നീട് അയാളെ രക്ഷിക്കാനായി സച്ചി നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.

ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രമായ കഹോ നാ പ്യാർ ഹെയിലെയും വിജയ്‌യുടെ പോക്കിരിയുടെയും ക്ളൈമാക്സ് സംവിധായകൻ അതേ  പടി  ബിഗ്ബ്രദറിലേക്കും പകർത്തിയിട്ടുണ്ട്. വിയറ്റ്‌നാം കോളനി പോലെ ആരാധകർ ഇന്നും ഓർത്തിരിക്കുന്ന നല്ല സിനിമകൾ ചെയ്ത സിദ്ദിക്കിന് ഇതെന്തു പറ്റിയെന്ന് ആ ചിത്രം കണ്ടവരെല്ലാം അത്ഭുതപ്പെടും. സിദ്ധിക്ക്‌ ഉൾപ്പടെ അഞ്ചു നിർമാതാക്കളാണ് ചിത്രത്തിനുള്ളത്.

സൽമാൻ ഖാൻ്റെ സഹോദരനും ബോളിവുഡ് സിനിമ നിർമാതാവുമായ അർബാസ്  ഖാൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ബിഗ് ബ്രദറിൽ അനൂപ് മേനോൻ, സിദ്ദിക്ക്, ഹണി റോസ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരാണ് മറ്റ് വേഷങ്ങൾ ചെയ്തത്.

3. ലോഹം

loham

സംവിധാനം രഞ്ജിത്ത് എന്ന പേര് മാത്രം കണ്ട് ആളുകൾ സിനിമയ്ക്ക് ടിക്കറ്റെടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. പലേരി മാണിക്യം, പ്രാഞ്ചിയേട്ടൻ, രാവണപ്രഭു, ഇന്ത്യൻ റുപ്പീ എന്നിങ്ങനെ എത്രയെത്ര ചിത്രങ്ങളാണ് ആ പ്രതിഭയുടെ കയ്യൊപ്പ് ചാർത്തി പുറത്തിറങ്ങിയത്. ആ സിനിമകൾ കണ്ടവർക്ക് ലോഹവും പുത്തൻപണവുമെല്ലാം വേറെ ആരെങ്കിലുമാണോ സംവിധാനം ചെയ്തതെന്ന് ന്യായമായും സംശയം  തോന്നാം.

സ്വർണ്ണക്കടത്തിൻ്റെ പശ്ചാത്തലത്തിലാണ് ലോഹം എടുത്തതെങ്കിലും വിഷയം എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന സംവിധായകൻ്റെ ആശയക്കുഴപ്പം ചിത്രത്തിൽ ആദ്യന്തം നിഴലിച്ചു നിന്നു. ആ ആശയക്കുഴപ്പം പ്രേക്ഷകരിലേക്കും വ്യാപിച്ചപ്പോൾ ലാലിന് പോലും സിനിമയെ രക്ഷിക്കാനായില്ല.

പണം കൊടുത്ത് വാങ്ങിക്കുന്ന അംഗീകാരങ്ങളുടെയും റിയൽ എസ്റ്റേറ്റ് മേഖലയിലെ കാണാപ്പുറങ്ങളുടെയും കഥ  രീതിയിൽ പറഞ്ഞിട്ടുള്ള രഞ്ജിത്തിന് കള്ളക്കടത്തിലെ ഇനിയും അനാവരണം ചെയ്യപ്പെടാത്ത സാധ്യതകളെ കുറിച്ച് ഒരു നല്ല സിനിമ എടുക്കാൻ സാധിക്കുമായിരുന്നു. മോഹൻലാലിൻ്റെ  സാന്നിധ്യം അതിന് ഒരു മുതൽക്കൂട്ടും ആകുമായിരുന്നു. പക്ഷെ എഴുത്തുകാരൻ കൂടിയായ സംവിധായകൻ അക്കാര്യത്തിൽ പരാജയപ്പെട്ടതോടെ ലാലിൻ്റെ  മോശം ചിത്രങ്ങളിൽ ഒന്നായി ലോഹം മാറി.

4. വെളിപാടിൻ്റെ പുസ്തകം

velipadinte pusthakam

മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെയും വച്ച്  ചെയ്തിട്ടുള്ള സംവിധായകൻ ലാൽ ജോസിൻ്റെ  സ്വപ്നമായിരുന്നു  മോഹൻലാൽ ചിത്രം ചെയ്യുക എന്നത്.  വിവിധ കഥകളുമായി അദ്ദേഹം  ലാലിനെ സമീപിച്ചെങ്കിലും അതിലൊന്നും പുതുമയില്ലെന്നു പറഞ്ഞു നടൻ ഒഴിവാക്കുകയായിരുന്നു. ഇക്കാര്യം  പിന്നീട് ഒരു അഭിമുഖത്തിൽ ലാൽജോസ് തന്നെയാണ് വെളിപ്പെടുത്തിയത്.  അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇഷ്ട നടനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചത്.

പക്ഷെ  പ്രതീക്ഷക്കൊത്തുയർന്നോ? മീശ മാധവൻ, ക്ലാസ്മേറ്റ്സ്, ഒരു മറവത്തൂർ കനവ്, അയാളും ഞാനും തമ്മിൽ തുടങ്ങിയ നല്ല സിനിമകൾ ചെയ്ത ലാൽ ജോസിൻ്റെ പേരിനോട് ചേർത്ത് വയ്‌ക്കേണ്ട സിനിമയാണോ വെളിപാടിൻ്റെ  പുസ്തകം? ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമിച്ച ചിത്രത്തിന് തിരക്കഥ എഴുതിയത് ബെന്നി പി നായരമ്പലമാണ്. അനൂപ് മേനോൻ, സലിം കുമാർ, അന്ന രാജൻ, ചെമ്പൻ വിനോദ് എന്നിവർ കൂടി അഭിനയിച്ച സിനിമ നാന്നൂറിൽ പരം തിയറ്ററുകളിലാണ് ഒരേ സമയം റിലീസ് ചെയ്തത്.

5. കാപ്പാൻ

kaapaan

ഒരു കാലത്ത് മോഹൻലാലിന് അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിക്കാൻ അത്ര താത്പര്യമുണ്ടായിരുന്നില്ല. മലയാളത്തിൽ ആവശ്യത്തിലധികം സിനിമകൾ ഉള്ളപ്പോൾ എന്തിനാണ് പരിചയമില്ലാത്ത ഭാഷകളിൽ അഭിനയിക്കുന്നത് എന്നാണ്  അക്കാലത്ത് ഒരു അഭിമുഖത്തിൽ അദ്ദേഹം ചോദിച്ചത്. പക്ഷെ അദ്ദേഹം ഇന്ന് എന്തിനാണ് തമിഴിലെയും തെലുഗുവിലെയും അപ്രധാനമായ വേഷങ്ങളിൽ തല വച്ചു കൊടുക്കുന്നതെന്നാകും ആരാധകർ ചോദിക്കുക.

മോഹൻലാൽ ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമുണ്ടാകില്ല. മലയാളത്തിലെ അദ്ദേഹത്തിൻ്റെ താരമൂല്യം അന്യഭാഷാ നായകന്മാരെയും നിർമാതാക്കളെയും മോഹിപ്പിക്കുക സ്വാഭാവികമാണ്.

പ്രാധാന്യം കുറഞ്ഞ വേഷത്തിലാണെങ്കിൽ പോലും മോഹൻലാലിനെ കാസ്റ്റ് ചെയ്ത്  കേരളത്തിൽ നിന്ന് പണം വാരാൻ മറുഭാഷാ സിനിമകൾ ശ്രമിച്ചു തുടങ്ങിയത് അടുത്ത കാലത്താണ്. കാപ്പാൻ എന്ന ചിത്രത്തിൽ പ്രധാനമന്ത്രിയായി അഭിനയിച്ച അദ്ദേഹത്തിന് വിരലിൽ എണ്ണാവുന്ന സീനുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അത് ഒരു മോഹൻലാൽ ചിത്രമായി കാണാനാവില്ലെങ്കിലും ഒരു രണ്ടാം കിട നടൻ ചെയ്യേണ്ട വേഷങ്ങൾ ഒഴിവാക്കുന്നതാണ് എന്തുകൊണ്ടും അദ്ദേഹത്തിന് നല്ലത്.

ഒരിക്കൽ തിലകൻ പറഞ്ഞു, ആനയ്ക്ക് അതിൻ്റെ  വലിപ്പം അറിയില്ല എന്ന് പറയുന്നത് പോലെയാണ് മോഹൻലാലിൻ്റെ കാര്യം. അദ്ദേഹത്തിന് സ്വന്തം കഴിവുകളെ കുറിച്ച് വേണ്ടത്ര ധാരണയില്ല. സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ, പ്രത്യേകിച്ച് മറ്റ് സൂപ്പർതാരങ്ങളുടെ സഹ നടൻ വേഷം കെട്ടുമ്പോൾ മോഹൻലാൽ മേൽപ്പറഞ്ഞ വാചകം ഓർക്കുന്നത് നന്നായിരിക്കും.

6. സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്

sagar-alias-Jackie-movie-poster

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടര്‍ച്ച എന്ന പേരിലെടുത്ത സാഗർ ഏലിയാസ് ജാക്കി 2009ലാണ് പുറത്തിറങ്ങിയത്. എസ്  എൻ സ്വാമിയുടെ തിരക്കഥയിൽ അമൽ നീരദ് ഒരുക്കിയ ചിത്രം പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാന്‍ പോന്നതായിരുന്നു.

ആശീര്‍വാദ് സിനിമാസിന് കോടികളുടെ നഷ്ടമുണ്ടാക്കിയ സിനിമയില്‍ മോഹന്‍ലാലിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കെ.മധു ഒരുക്കിയ ആദ്യഭാഗം പലവട്ടം കണ്ട പ്രേക്ഷകര്‍ പക്ഷേ ഈ സിനിമ ഒരു പ്രാവശ്യംപോലും കണ്ടു തീര്‍ക്കാന്‍ വിഷമിച്ചു. ശോഭന ഒരു ദു:ഖപുത്രിയായി ഒതുങ്ങിയ സാഗർ ഏലിയാസ് ജാക്കിയിൽ സുമൻ, മനോജ് കെ ജയൻ, ഭാവന, ജഗതി ശ്രീകുമാർ, നെടുമുടി വേണു, ഗണേഷ്  എന്നിവരാണ് മറ്റ്  വേഷങ്ങളിൽ എത്തിയത്.

7. കാസനോവ

മോഹന്‍ലാലിന്‍റെ മോശം സിനിമകള്‍ 3

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ കാസനോവയാണ് മോഹൻലാലിൻ്റെ മറ്റൊരു മോശം സിനിമ. ആൻറണി പെരുമ്പാവൂരും റോയ് സിജെയും ചേർന്ന് നിർമിച്ച ചിത്രത്തിൽ കാസനോവ എന്ന കോടീശ്വര കാമുകനായാണ് ലാൽ അഭിനയിച്ചത്.

ഇവിടം സ്വര്‍ഗ്ഗമാണ്, ഉദയനാണ് താരം, നോട്ട്ബുക്ക് തുടങ്ങിയ മികച്ച ചിത്രങ്ങളെടുത്ത റോഷന്‍ ആന്‍ഡ്രൂസും എന്‍റെ വീടും അപ്പൂന്‍റെയും, ട്രാഫിക്ക് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ബോബി-സഞ്ജയും മോഹന്‍ലാലുമായി കൈകോര്‍ത്തപ്പോള്‍ മോളിവുഡിലെ ആ വര്‍ഷത്തെ ഏറ്റവും വലിയ ദുരന്തമാണ് സംഭവിച്ചത്. ശ്രിയ ശരൺ നായികയായ സിനിമയിൽ റായ് ലക്ഷ്മി, റോമ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.

8. പ്രജ

praja-poster

ജോഷി-മോഹന്‍ലാല്‍-രഞ്ജി പണിക്കര്‍ ടീമിന്‍റെ ബിഗ്ബഡ്ജറ്റ് ചിത്രം. വന്‍ താരനിരയും കോടികളുടെ മുടക്കുമുതലും ഉണ്ടായിട്ടും സിനിമ തിയറ്ററില്‍ യാതൊരു ചലനവുമുണ്ടാക്കിയില്ല.

സംവിധായകനും തിരക്കഥാകൃത്തും ചേർന്ന് നിർമിച്ച പ്രജയിൽ സക്കീർ ഹുസൈൻ എന്ന അധോലോക നായകൻറെ വേഷത്തിലാണ് സൂപ്പർതാരം എത്തിയത്. അധോലോകവും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടിന്‍റെ പതിവ് കഥ വീണ്ടും പറഞ്ഞ സിനിമയിലെ പല രംഗങ്ങളും ഉസ്താദ് എന്ന മറ്റൊരു മോഹൻലാൽ ചിത്രത്തെ അനുസ്മരിപ്പിച്ചു. ഐശ്വര്യ, മനോജ് കെ ജയൻ, ബിജു മേനോൻ, കൊച്ചിൻ ഹനീഫ, എൻ എഫ്  വർഗീസ്, ബാബു നമ്പൂതിരി എന്നിങ്ങനെയുള്ള ഒരു വമ്പൻ താരനിരയാണ് ചിത്രത്തിൽ അണി നിരന്നത്.

9. താണ്ഡവം

മോഹന്‍ലാലിന്‍റെ മോശം സിനിമകള്‍ 4

മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും മോശം സിനിമകളുടെ കണക്കെടുത്താൽ നിസ്സംശയം പറയാവുന്ന പേരാണ് താണ്ഡവം. നരസിംഹത്തിൻ്റെ റെക്കോർഡ് വിജയത്തിന് ശേഷം മോഹൻലാൽ- ഷാജി കൈലാസ് ടീം ഒന്നിച്ചത്  ഈ ചിത്രത്തിലൂടെയാണ്. നൂറിൽ പരം തിയറ്ററുകളിൽ ഒരേ  റിലീസ് ചെയ്യുന്നത് ഇന്ന് സർവ്വസാധാരണമാണെങ്കിലും അന്ന് അതല്ലായിരുന്നു സ്ഥിതി. അമ്പതിൽ പരം റിലീസിംഗ് സെന്ററുകളുമായി താണ്ഡവമാണ് വൈഡ് റിലീസിങ്ങിന് തുടക്കമിട്ടതെന്ന് പറയാം. വമ്പൻ  കളക്ഷനോടെ  തുടങ്ങിയ സിനിമ പക്ഷെ പിന്നീട് നിരാശപ്പെടുത്തി.

ഫ്യുഡൽ മാടമ്പി  കഥാപാത്രങ്ങൾ ഷാജി കൈലാസ് സിനിമകളിലെ അവിഭാജ്യ ഘടകമാണ്. നരസിംഹം, വല്യേട്ടൻ, ഉസ്താദ്, സിംഹാസനം, നാട്ടുരാജാവ് എന്നിങ്ങനെയുള്ള സിനിമകളെ ആ ഗണത്തിൽപ്പെടുത്താം. കാശിനാഥൻ എന്ന അങ്ങനെയൊരു മാടമ്പി കഥാപാത്രത്തെയാണ് ലാൽ താണ്ഡവത്തിലും അവതരിപ്പിച്ചത്. നെടുമുടി വേണു, സായ്  കുമാർ, കിരൺ, മനോജ് കെ ജയൻ, ജഗതി ശ്രീകുമാർ എന്നിവർ  മറ്റ്  വേഷങ്ങൾ ചെയ്തു. 2002 ജൂലായിൽ പുറത്തിറങ്ങിയ ചിത്രം നിർമാതാവായ ജോണി സാഗരികയ്ക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തി വച്ചത്.

10. കാണ്ഡഹാര്‍

kandahar-poster

അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിച്ച മലയാള ചിത്രം. മോഹൻലാലിൻ്റെ  മേജർ മഹാദേവൻ്റെ  മൂന്നാം വരവാണ് കാണ്ഡഹാറിൽ കണ്ടത്. തമിഴ് നടൻ സൂര്യയും സിനിമയിലെ ഒരു പ്രധാന  വേഷത്തിലെത്തുമെന്ന്  അണിയറപ്രവർത്തകർ ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് എന്തുകൊണ്ടോ അത് നടന്നില്ല.

1999ൽ  താലിബാൻ തീവ്രവാദികൾ എയർ  ഇന്ത്യ വിമാനം റാഞ്ചി അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ കാണ്ഡഹാറിൽ   ഇറക്കിയ സംഭവം ലോകം  മുഴുവൻ വാർത്തയായതാണ്. ആ  സംഭവത്തെ അടിസ്ഥാനമാക്കിയെടുത്ത സിനിമ പക്ഷെ പ്രേക്ഷകരുടെ  പ്രതീക്ഷയ്‌ക്കൊത്തുയർന്നില്ല. മേജർ രവി രചനയും സംവിധാനവും നിർവഹിച്ച കാണ്ഡഹാർ സുനിൽ സി നായരും മോഹൻലാലും ചേർന്നാണ് നിർമിച്ചത്.

11. ഒന്നാമന്‍

മോഹന്‍ലാലിന്‍റെ മോശം സിനിമകള്‍ 5

മോഹൻലാലിനെ നായകനാക്കി തമ്പി കണ്ണന്താനം  ചെയ്ത ചിത്രം. രവിശങ്കർ എന്ന പാവപ്പെട്ടവരുടെ മിശിഹ അഥവാ നേതാവായി മോഹൻലാൽ അവതരിച്ച സിനിമ തിയറ്ററുകളിൽ യാതൊരു ചലനവും ഉണ്ടാക്കിയില്ല. ആര്യൻ, ഇരുപതാം നൂറ്റാണ്ട്, രാജാവിൻറെ മകൻ തുടങ്ങിയ സിനിമകളിലെ അധോലോക  നായക വേഷങ്ങൾ മികവുറ്റതാക്കിയ അദ്ദേഹത്തിന് പക്ഷെ ഇതിൽ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. രമ്യ കൃഷ്ണൻ, ബിജു മേനോൻ, ലാലു അലക്സ്, എൻ എഫ് വർഗീസ്, കാവ്യ മാധവൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.

12. ലോക്പാല്‍

Lokpal-poster

റൺ ബേബി റണ്ണിന് ശേഷം മോഹൻലാലിനെ നായകനാക്കി ജോഷി ചെയ്ത ചിത്രം. നാടുവാഴികള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകനും നായകനും തിരക്കഥാകൃത്ത് എസ് എൻ സ്വാമിയും ഒന്നിച്ച ലോക്പാൽ പക്ഷെ വികലമായ തിരക്കഥയും യുക്തിഹീനമായ കഥാ സന്ദർഭങ്ങളും കാരണം ബോക്സ്  നിലംപൊത്തി.

മോഹന്‍ലാലിന്‍റെ വേഷ പ്രച്ഛന്ന മല്‍സരമായാണ് സിനിമയെ പലരും വിലയിരുത്തിയത്. മനോജ്  കെ ജയൻ, കാവ്യ മാധവൻ, മീര നന്ദൻ, സായ് കുമാർ എന്നിവർ കൂടി അഭിനയിച്ച ലോക്പാൽ ആൻഡ് റൂബി സിനിമാസാണ് നിർമിച്ചത്.

13. വാമനപുരം ബസ് റൂട്ട്

Vamanapuram_Bus_Route

വാമനപുരം ബസ് റൂട്ടാണ് മോഹൻലാലിൻ്റെ മറ്റൊരു മോശം ചിത്രം. സോനു ശിശുപാൽ  സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥ എഴുതിയത് സുധീഷ് ജോണാണ്.

നിലവാരമില്ലാത്ത കോമഡിയും സംവിധാനവും മലയാളത്തിലെ മൂന്നാം കിട സിനിമകളിലൊന്നാക്കി ചിത്രത്തെ മാറ്റി. ഇങ്ങനെയൊരു പ്രഹസനത്തില്‍ അഭിനയിച്ചതിന്‍റെ പേരില്‍ ലാലിന് തന്നെ പിന്നീട് കുറ്റബോധം തോന്നിയിട്ടുണ്ടാവും. ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ജഗദിഷ്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും അഭിനയിച്ചു.

14. ഏഞ്ചല്‍ ജോണ്‍

angel john

മോഹന്‍ലാല്‍ മാലാഖയായി അഭിനയിച്ച സിനിമ. സ്പീഡ്ട്രാക്ക് എന്ന ആദ്യ ചിത്രത്തിലൂടെ പ്രതീക്ഷയുണര്‍ത്തിയ തിരക്കഥാകൃത്തും സംവിധായകനുമായ എസ്.എല്‍ പുരം ജയസൂര്യ പക്ഷെ ഇക്കുറി ഏവരെയും  നിരാശപ്പെടുത്തി. ഒരു സൂപ്പർതാരത്തിൻ്റെ ഡെയ്റ്റ് ലഭിച്ചിട്ടും അത് വേണ്ട വിധത്തിൽ ഉപയോഗിക്കാനോ  ഉണ്ടാക്കാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ശന്തനു ഭാഗ്യരാജ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സിനിമയിൽ ജഗതി ശ്രീകുമാർ, ലാലു അലക്സ്, നിത്യ മേനോൻ എന്നിവരാണ് മറ്റ് വേഷങ്ങൾ ചെയ്തത്.

15. ശ്രദ്ധ

Sradha

ദേവാസുരം, വര്‍ണ്ണപ്പകിട്ട് എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ശേഷം മോഹന്‍ ലാലും ഐ.വി ശശിയും ഒന്നിച്ച ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്ത് മടങ്ങിയെത്തിയ ശോഭന ചിത്രത്തില്‍ ഒരു കരച്ചില്‍ കഥാപാത്രമായി ഒതുങ്ങി. സിനിമയുടെ ആദ്യ പകുതിയില്‍ നായകനെ നിഷ്പ്രഭമാക്കിക്കൊണ്ട് സീമ നിറഞ്ഞുനിന്നപ്പോള്‍ (?) രണ്ടാം പകുതിയില്‍ മൂന്നാം കിട തീവ്രവാദ രംഗങ്ങള്‍ക്ക് മുന്നില്‍ ഒന്നും ചെയ്യാനില്ലാതെ ലാല്‍ നിസ്സഹായനായി നില്‍ക്കുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്.

അഭിരാമി, ഇന്ദ്രജ, അരുൺ പാണ്ട്യൻ, സീമ എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ ചെയ്ത ശ്രദ്ധയുടെ തിരക്കഥ എഴുതിയത് ടി ദാമോദരനും ഡോ. രാജേന്ദ്ര ബാബുവും ചേർന്നാണ്.

16. ജില്ല

Jilla-poster

വിജയ് ആരാധകരുടെ ഇഷ്ട സിനിമകളിൽ ഒന്നാണ്  ജില്ല. മോഹൻലാൽ-വിജയ് കോംബോയാണ് സിനിമയുടെ ഏറ്റവും വലിയ ആകർഷണ ഘടകം. ഇരുവരും ഒന്നിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട് കോടികളുടെ ഇനിഷ്യൽ കളക്ഷനാണ് കേരളത്തിൽ നിന്ന് മാത്രം ചിത്രത്തിന് കിട്ടിയത്.

പ്രകാശ് രാജോ നാസറോ ചെയ്യേണ്ട വേഷമാണ് മോഹൻലാൽ ചെയ്തതെന്ന് ജില്ല കണ്ടവർക്കെല്ലാം അറിയാം. ദൃശ്യവും പുലി മുരുകനുമെല്ലാം ചെയ്ത അതേ ലാലാണ് ജില്ലയിലെ സഹനടൻ്റെ വേഷത്തിൽ ഒതുങ്ങിയത് എന്നതാണ് ദയനീയം. ദളപതിയിൽ മമ്മൂട്ടിയും ഉനൈ പോൽ ഒരുവനിൽ മോഹൻലാലും മറുഭാഷയിലെ സൂപ്പർതാരങ്ങളോടൊപ്പം സ്‌ക്രീൻ സ്‌പെയ്‌സ് പങ്കിട്ടെങ്കിലും നായകനെക്കാൾ ഒരുപടി മുകളിലായിരുന്നു അവരുടെ സ്ഥാനം. അഭിനയത്തികവിൽ മോഹൻലാൽ രജനിയെക്കാളും കമലിനെക്കാളും ഏറെ മുകളിലാണെന്ന് എല്ലാവർക്കും അറിയാം. അങ്ങനെയുള്ള ഒരാൾ അവർ പോലും ചെയ്യാൻ ഇഷ്ടപ്പെടാത്ത വേഷങ്ങളുടെ പിന്നാലെ പോകുന്നത് ദു:ഖകരമാണ്.  ജില്ലയിലെ വിജയുടെ രക്ഷിതാവിൻ്റെ വേഷത്തിൽ മറ്റേതെങ്കിലും സൂപ്പർതാരത്തെ നമുക്ക് സങ്കല്പിക്കാനാവുമോ?

കാജൽ അഗർവാൾ, സമ്പത്ത്, പൂർണിമ ഭാഗ്യരാജ് എന്നിവരും അഭിനയിച്ച ജില്ല സംവിധാനം ചെയ്തത് നേശനാണ്. നിർമാണം സൂപ്പർഗുഡ് ഫിലിംസ്.

മേല്‍പറഞ്ഞവ കൂടാതെ കോളേജ് കുമാരന്‍, അലിഭായ്, ഹരിഹരന്‍ പിള്ള ഹാപ്പിയാണ്, ദി പ്രിന്‍സ്, ചതുരംഗം, റോക്ക് ആന്‍റ് റോള്‍, ഫ്‌ളാഷ്, ഉടയോന്‍, റെഡ് വൈൻ, പെരുച്ചാഴി, ഭഗവാൻ, തുടങ്ങിയ നിരവധി ചിത്രങ്ങള്‍ മോഹന്‍ലാല്‍ എന്ന വിസ്മയത്തെ അപഹാസ്യമാക്കികൊണ്ട് പുറത്തുവന്നിട്ടുണ്ട്.

നടന്‍ ശ്രീനിവാസന്‍ ഒരിക്കല്‍ പറഞ്ഞു “ഞാന്‍ ചെയ്യാതെ പോയ അഞ്ഞൂറ് സിനിമകളാണ് മലയാള സിനിമയ്ക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവന”. മോശം സിനിമകള്‍ ചെയ്യേണ്ടിവരുന്നത് ഒരു നടന്‍റെ തെറ്റല്ല. അതിന് ഒരുപാട് കാരണങ്ങളുണ്ടാകാം. പക്ഷേ ഇതുപോലുള്ള സിനിമകള്‍ ചെയ്യാതിരുന്നാല്‍ ഒരുപാട് പേരുടെ പണവും സമയവും ലാഭിക്കാം. അതും മലയാള സിനിമയ്ക്ക് നല്‍കുന്ന സംഭാവനകളില്‍ പെടും.

വാൽക്കഷണം: ജില്ലയുടെ വിജയത്തിന് ശേഷം വിജയ് നായകനായെത്തിയ ഭൈരവയിലെ വില്ലൻ വേഷത്തിനു വേണ്ടി അണിയറപ്രവർത്തകർ മമ്മൂട്ടിയെ സമീപിച്ചിരുന്നു എന്ന വാർത്ത വന്നിരുന്നു. തനി ഒരുവനിലെ  പ്രതിനായക വേഷത്തിലൂടെ അരവിന്ദ് സ്വാമി തരംഗം  അലയടിക്കുന്ന സമയമാണ്. പകരം എട്ട് കോടിയുടെ റെക്കോർഡ് പ്രതിഫലവും മമ്മൂട്ടിക്ക് വാഗ്ദാനം ചെയ്തത്രേ. വാർത്ത സത്യമാണോ എന്നറിയില്ല. ഏതായാലും അദ്ദേഹം വഴങ്ങിയില്ല. മറ്റ് സൂപ്പർതാരങ്ങളുടെ നിഴലായി അഭിനയിക്കാൻ അന്യഭാഷകളിൽ നിന്ന് വിളി വരുമ്പോൾ മോഹൻലാലും ഈ മാതൃക പിന്തുടരുന്നത് നല്ലതാണ്.

Read മോഹന്‍ലാലിന്‍റെ മികച്ച 25 സിനിമകള്‍