ഇന്ത്യ ആഘോഷമാക്കിയ മൂന്നു ലോകകപ്പ് വിജയങ്ങള്‍

1983ലെ ലോകകപ്പ് വിജയം

1975ല്‍ ലോക കപ്പ് നിലവില്‍ വന്നത് മുതല്‍ വമ്പന്‍ പരാജയങ്ങളാണ് ഇന്ത്യ കളിക്കളത്തില്‍ ഏറ്റു വാങ്ങിയത്. ആദ്യ ലോക കപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ 202 റണ്‍സിന് ഇംഗ്ലണ്ടിനോട് തോറ്റു. ഈ മല്‍സരത്തിലാണ് സുനില്‍ ഗവാസ്ക്കറിന്‍റെ പിന്നീട് ഏറെ വിവാദമായ 36 റണ്‍സ് പിറന്നത്. 60 ഓവര്‍ ബാറ്റ് ചെയ്ത് 174 പന്തുകളില്‍ നിന്നാണ് ഗവാസ്ക്കര്‍ അത്രയും റണ്‍സ് നേടിയത്. ഇംഗ്ലണ്ടിന്‍റെ 334 റണ്‍സിന് മറുപടിയായി ഇന്ത്യ 132 റണ്‍സിന് പുറത്തായി.

അടുത്ത ലോക കപ്പും വ്യത്യസ്തമായില്ല. 1979 ലെ ലോക കപ്പില്‍ കളിച്ച എല്ലാ മല്‍സരങ്ങളും ഇന്ത്യ തോറ്റു. രണ്ടു പ്രാവശ്യവും ഒരു കളി പോലും തോല്‍ക്കാത്ത വെസ്റ്റ് ഇന്‍റീസ് ആയിരുന്നു ചാമ്പ്യന്മാര്‍.

 അതുവരെ നടന്ന ലോക കപ്പ് മല്‍സരങ്ങളില്‍ ഒരു കളി മാത്രം ജയിച്ച് ‘താര തിളക്ക’ത്തോടെയാണ് ഇന്ത്യ 1983 ല്‍ ഇംഗ്ലണ്ടിലെത്തിയത്. ഹാട്രിക്ക് നേട്ടം ആവര്‍ത്തിക്കാനെത്തിയ വെസ്റ്റ് ഇന്‍റീസിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. ലോയ്ഡിന്‍റെ കുട്ടികള്‍ ചരിത്രം കുറിക്കും എന്നുതന്നെ എല്ലാവരും പ്രതീക്ഷിച്ചു. ആകെ 8 ടീമുകളാണ് ഇംഗ്ലണ്ടില്‍ നടന്ന ആ ലോക കപ്പില്‍ പങ്കെടുത്തത്. വെസ്റ്റ് ഇന്‍റീസിനും ആസ്ത്രേലിയക്കും ഒപ്പം ബി ഗ്രൂപ്പിലായിരുന്നു ഇന്ത്യയുടെ സ്ഥാനം.

 ആദ്യ മല്‍സരത്തില്‍ തന്നെ നിലവിലുള്ള ചാമ്പ്യന്മാരായ വിന്‍റീസിനെ തകര്‍ത്തു കൊണ്ട് ഇന്ത്യ എല്ലാവരെയും ഞെട്ടിച്ചു. 34 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. രണ്ടാം മല്‍സരത്തില്‍ ഇന്ത്യ സിംബാബ് വേ യെ 5 വിക്കറ്റിന് തോല്‍പ്പിച്ചെങ്കിലും അടുത്ത മല്‍സരത്തില്‍ ആസ്ത്രേലിയയോട് 162 റണ്‍സിന്‍റെ തോല്‍വി ഏറ്റുവാങ്ങി. നാലാം മല്‍സരത്തില്‍ ഇന്ത്യയെ 62 റണ്‍സിന് തോല്‍പ്പിച്ച് വിന്‍റീസ് പകരം വീട്ടി. അവസാന രണ്ടു മല്‍സരങ്ങളില്‍ സിംബാബ് വേയെയും ആസ്ത്രേലിയയെയും തോല്പ്പിച്ചു ഇന്ത്യ സെമി ഉറപ്പിച്ചെങ്കിലും കപിലിന്‍റെ ചെകുത്താന്‍മാര്‍ ചരിത്രം കുറിക്കുമെന്ന് അപ്പോഴും ആരും സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല

 സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ 6 വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ എല്ലാവരെയും ഒരിക്കല്‍ കൂടി ഞെട്ടിച്ചു. ഇംഗ്ലണ്ടിന്‍റെ 213 റണ്‍സ് 32 പന്തുകള്‍ ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. മോഹിന്ദര്‍ അമര്‍നാഥ് ആയിരുന്നു പ്ലേയര്‍ ഓഫ് ദ മാച്ച്. സെമിയില്‍ പാക്കിസ്ഥാനെ 8 വിക്കറ്റിന് തകര്‍ത്ത് കൊണ്ടാണ് വിന്‍റീസ് ഫൈനലിലെത്തിയത്. ഇന്ത്യയുടെ പടയോട്ടം സെമി കൊണ്ടവസാനിച്ചു എന്നാണ് വിഖ്യാത ക്രിക്കറ്റ് നിരൂപകര്‍ പോലും വിലയിരുത്തിയത്. കപ്പ് വിന്‍റീസിന് തന്നെ എന്ന് ഏറെക്കുറെ എല്ലാവരും ഉറപ്പിച്ചു.

 ടോസ്സ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്തു. വിന്‍റീസ് ബൌളര്‍മാരുടെ ആക്രമണത്തിന് മുന്നില്‍ ശ്രീകാന്തിനും അമര്‍നാഥിനും സന്ദീപ് പാട്ടിലിനും മാത്രമാണ് പിടിച്ച് നില്‍ക്കാനായത്. 183 റണ്‍സ് എടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. മൂന്ന് സിക്സ് മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്സില്‍ പിറന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍റീസ് ബാറ്റ്സ്മാന്മാരെ നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത കപിലിന്‍റെ ചെകുത്താന്‍മാര്‍ വരിഞ്ഞു കെട്ടി. അമര്‍നാഥും മദന്‍ലാലും മൂന്നു വിക്കറ്റ് വീതമെടുത്തു. വിന്‍റീസിന്‍റെ ടോപ് സ്കോറര്‍ ആയ റിച്ചാര്‍ഡ്സ് ഉയര്‍ത്തിയടിച്ച പന്ത് 20 വാര പുറകിലേക്കൊടി കപില്‍ കയ്യിലൊതുക്കിയതോടെ അവരുടെ അവസാന പ്രതീക്ഷയും അറ്റു. വിന്‍റീസിനെ 43 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ചരിത്രം കുറിച്ചു. ലോകം മുഴുവന്‍ കീഴടക്കിയ പ്രതീതിയാണ് അന്ന് ഇന്ത്യന്‍ തെരുവുകളിലും ഇന്ത്യക്കാര്‍ ഉള്ള ലോകത്തിന്‍റെ മുക്കിലും മൂലയിലും കണ്ടത്. ഒരൊറ്റ കളിയിലൂടെ ഇന്ത്യ ലോക ക്രിക്കറ്റിന്‍റെ നെറുകയിലെത്തുന്ന അത്ഭുതവും അന്ന്‍ സംഭവിച്ചു.

സ്കോര്‍ കാര്‍ഡ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

2007ലെ 20/20 ലോകകപ്പ് കിരീടം

1983 നു ശേഷം സമാനമായ ഒരു വിജയം ആവര്‍ത്തിക്കാന്‍ ഇന്ത്യക്കു 2007 ലെ ആദ്യ ട്വെന്‍റി – ട്വെന്‍റി ലോകകപ്പ് വരെ കാത്തിരിക്കേണ്ടി വന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്‍റില്‍ പാക്കിസ്ഥാനും സ്കോട്ട്ലന്‍റിനുമൊപ്പം ഡി ഗ്രൂപ്പിലായിരുന്നു ഇന്ത്യ. സ്കോട്ട്ലന്‍റുമായുള്ള ഇന്ത്യയുടെ മല്‍സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നു. പാക്കിസ്ഥാനുമായുള്ള മല്‍സരം സമനിലയിലായതുകൊണ്ട് ബൌള്‍ ഔട്ട് പരീക്ഷിച്ചു. അതില്‍ വിജയിച്ചാണ് ഇന്ത്യ സൂപ്പര്‍ എട്ടില്‍ കടന്നത്.

 സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ ന്യൂസിലന്‍റിനോട് തോറ്റ ഇന്ത്യ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും തോല്പ്പിച്ചു. ഇന്ത്യയ്ക്കും ന്യൂസിലന്‍റിനും ദക്ഷിണാഫ്രിക്കയ്ക്കും പോയിന്‍റ് തുല്യമായിരുന്നുവെങ്കിലും നെറ്റ് റണ്‍റേറ്റ് കുറവായിരുന്നതുകൊണ്ട് ആതിഥേയരായ ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്തായി. 

ആദ്യ സെമിയില്‍ ഇന്ത്യ 15 റണ്‍സിന് ആസ്ത്രേലിയയെ തോല്പ്പിച്ചു. ഇന്ത്യയുടെ 188 റണ്‍സിന് മറുപടിയായി 173 റണ്‍സ് എടുക്കാനെ ഓസീസിന് കഴിഞ്ഞുള്ളൂ. മറുവശത്ത് ന്യൂസിലന്‍റിനെ തോല്‍പ്പിച്ച് പാക്കിസ്ഥാനും ഫൈനലിലെത്തി. 

അത്യന്തം ആവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 157 റണ്‍സാണെടുത്തത്.75 റണ്‍സ് എടുത്ത ഗൌതം ഗംഭീര്‍ ആയിരുന്നു ടോപ് സ്കോറര്‍. പാക്കിസ്ഥാന്‍റെ മറുപടി പോരാട്ടം അവസാന ഓവര്‍ വരെ നീണ്ടു നിന്നു. മല്‍സരം ഇന്ത്യയുടെ കയ്യില്‍ നിന്ന്‍ പോയെന്ന്‍ഒരു ഘട്ടത്തില്‍ തോന്നിയെങ്കിലും മിസ്ബാ ഉള്‍ഹക്കിന്‍റെ ക്യാച്ച് പറന്നെടുത്ത ശ്രീശാന്തിന്‍റെ മാസ്മര പ്രകടനം ഇന്ത്യയെ ജയിപ്പിച്ചു. അഞ്ചു റണ്‍സ് ജയവും ആദ്യ ട്വെന്‍റി ട്വെന്‍റി ലോകകപ്പും ഇന്ത്യ സ്വന്തമാക്കി. 1983ലെ ലോകകപ്പ് ജയം പോലെയാണ് ഈ വിജയവും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ നെഞ്ചിലേറ്റിയത്. മിസ്ബായുടെ പന്ത് കയ്യിലൊതുക്കിയ ശ്രീശാന്ത് കുറെ കാലത്തെക്കെങ്കിലും ആരാധകരുടെ സൂപ്പര്‍ഹീറോയുമായി.

സ്കോര്‍ കാര്‍ഡ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

2011ലെ ലോകകപ്പ് വിജയം

 

 

2011 ല്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ് ലോകകപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും പാക്കിസ്ഥാനിലെ തീവ്രവാദി ആക്രമണം കാരണം അവിടത്തെ വേദികള്‍ റദ്ദാക്കുകയും ആ മല്‍സരങ്ങള്‍ കൂടി മറ്റു മൂന്നു രാജ്യങ്ങളില്‍ നടത്തുകയും ചെയ്തു. ഗ്രൂപ്പ് തല മല്‍സരങ്ങളില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോടു മാത്രമാണു തോറ്റത്. ഇംഗ്ലണ്ടുമായുള്ള മല്‍സരം സമനിലയിലാകുകയും ചെയ്തു. 

ക്വാര്‍ട്ടറില്‍ ആസ്ത്രേലിയയെ 5 വിക്കറ്റിന് തോല്‍പ്പിച്ച ഇന്ത്യ ഫൈനലുകള്‍ക്ക് മുമ്പുള്ള ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പാക്കിസ്ഥാനുമായുള്ള പോരാട്ടത്തിനായി സെമിയിലെത്തി. ആവേശോജ്ജ്വലമായ മല്‍സരത്തില്‍ 29 റണ്‍സിനാണ് ധോണിയുടെ പട്ടാളം പാക്കിസ്ഥാനെ തകര്‍ത്തത്. 85 റണ്‍സെടുത്ത സച്ചിനായിരുന്നു മാന്‍ ഓഫ് ദ മാച്ച്. കൊളംബോയില്‍ നടന്ന രണ്ടാം സെമിയില്‍ ന്യൂസിലന്‍റിനെ 5 വിക്കറ്റിന് തകര്‍ത്ത ശ്രീലങ്കയും കലാശപ്പോരാട്ടത്തിനായി മുംബെയില്‍ എത്തി.

 ആദ്യം ബാറ്റ് ചെയ്ത ലങ്ക ജയവര്‍ദനെയുടെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ 274 റണ്‍സാണ് എടുത്തു. ആദ്യമായി രണ്ടു ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ലോകകപ്പ് ഫൈനല്‍, 1992 നുശേഷം ആസ്ത്രേലിയ ഇല്ലാത്ത ഒരു ലോകകപ്പ് ഫൈനല്‍ എന്നിവ 2011 ലെ ഫൈനല്‍ മല്‍സരത്തിന്‍റെ പ്രത്യേകതകളായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 10 പന്തുകള്‍ ബാക്കി നിര്‍ത്തി ലക്ഷ്യം കണ്ടു. ടീം ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ധോണിയായിരുന്നു മാന്‍ ഓഫ് ദ മാച്ച്. ടൂര്‍ണമെന്‍റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ച വെച്ച യുവരാജ് സിങ്ങ് മാന്‍ ഓഫ് ദ ടൂര്‍ണമെന്‍റുമായി. ഒരു ആതിഥേയ രാജ്യം അന്നുവരെ ലോകകപ്പ് നേടിയിട്ടില്ല എന്ന ചരിത്രവും ഇന്ത്യ ഇതോടെ തിരുത്തിക്കുറിച്ചു.

 ക്രിക്കറ്റ് ഒരു മതമായി കാണുന്ന നൂറു കോടി ജനത ആവേശത്തോടെ 2011ലെ ലോക വിജയം ഏറ്റു വാങ്ങി. 28 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ലോകകപ്പ് വിജയം ധോണിയെയും കൂട്ടരെയും ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളുടെ അത്യുന്നതങ്ങളിലാണ് പ്രതിഷ്ഠിച്ചത്. അല്ലെങ്കിലും ക്രിക്കറ്റ് എന്നത് ഭാരതീയര്‍ക്ക് ഒരു സാധാരണ കായിക വിനോദമല്ല, ഒരു വികാരം തന്നെയാണ്. അത് കൊണ്ടാണ് ആ കളിയിലെ വിജയങ്ങളില്‍ ഓരോരുത്തരും അത്യധികം സന്തോഷിക്കുകയും പരാജയങ്ങളില്‍ വളരെ വ്യസനിക്കുകയും കുറെപേരെങ്കിലും അക്രമാസക്തരാകുകയും ചെയ്യുന്നത്.രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതയുടെ ആഴം കുറക്കാന്‍ ക്രിക്കറ്റിന് കഴിയും എന്നു പൊതുവേ കരുതുന്നതിന്‍റെ കാരണവും വേറൊന്നല്ല.

സ്കോര്‍ കാര്‍ഡ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 


[This article is first published on July 17, 2013 and modified later]

Manoj is a writer, blogger from Palakkad-Kerala. He writes contents on current affairs, technology, cinema, health, social media and WordPress. His posts and stories appeared across magazines and websites since 1998. Get in touch with him via Twitter and Facebook.

Leave a Reply

Your email address will not be published. Required fields are marked *