Image Credit : The Indian Express
ഭരണപക്ഷം തന്റെ വാക്കുകളെ ഭയപ്പെടുകയാണെന്നും അതുകൊണ്ടാണ് അവര്‍ തന്നേ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നുമാണ് രാഹുല്‍ ഒരാഴ്ച മുമ്പ് പറഞ്ഞത്. പുതിയ കറന്‍സി നയവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി നടത്തിയ വന്‍ അഴിമതിയുടെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് പ്രഖ്യാപിച്ച അദ്ദേഹം അവ സഭയില്‍ വയ്ക്കുമെന്നും പറഞ്ഞിരുന്നു. പക്ഷേ ഭരണ-പ്രതിപക്ഷ ബഹളത്തില്‍ പെട്ട് സഭ തുടര്‍ച്ചയായി മുടങ്ങുകയും പിന്നീട് സമ്മേളനം അവസാനിക്കുകയും ചെയ്തതോടെ ഒന്നും നടന്നില്ല.
സമ്മേളനം അവസാനിക്കുന്ന ദിവസം പാര്‍ലമെന്റ് കവാടത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബദല്‍ സമ്മേളനം നടത്തി അവിടെ വച്ച് രാഹുല്‍ തെളിവുകള്‍ പുറത്തു വിടുമെന്ന് കേട്ടെങ്കിലും പ്രതിപക്ഷ നിരയിലെ അനൈക്യം തിരിച്ചടിയായി. കറന്‍സി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രാഷ്ട്രപതിയെ നേരില്‍ കണ്ട് പരാതി നല്‍കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ കൂട്ടായി തിരുമാനിച്ചിരുന്നു. പക്ഷെ യുപിയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് നിവേദനം കൊടുക്കാന്‍ കോണ്‍ഗ്രസ് തിരുമാനിച്ചത് അപ്രതിക്ഷിതമായാണ്. സര്‍ക്കാരിനെതിരെ രാഷ്ട്രപതിക്ക് പരാതി കൊടുക്കാന്‍ തുനിയുമ്പോള്‍ പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിന്റെ വൈരുദ്ധ്യം കോണ്‍ഗ്രസ്സിനകത്തും പുറത്തുമുള്ള പരിചയസമ്പന്നര്‍ ചൂണ്ടിക്കാണിച്ചെങ്കിലും രാഹുല്‍ വഴങ്ങിയില്ല. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദിന്റെ സമ്മര്‍ദവും അടുത്തു വരുന്ന യുപി നിയമസഭ തിരഞ്ഞെടുപ്പുമാണ് രാഹുലിനെക്കൊണ്ട് അങ്ങനെയൊരു തിരുമാനം എടുപ്പിച്ചതെന്ന് പറയപ്പെടുന്നു. ഏതായാലും പക്വതയില്ലാത്ത ആ തിരുമാനം പ്രതിപക്ഷ നിരയില്‍ വിള്ളല്‍ വീഴ്ത്താനേ ഉപകരിച്ചുള്ളൂ. അതോടെ രാഷ്ട്രപതിയെ നേരില്‍ കാണുന്ന സംഘത്തില്‍ നിന്ന് സിപിഎം, സിപിഐ, എസ് പി, തൃണമൂല്‍ ഉള്‍പ്പടെയുള്ള പ്രമുഖ പാര്‍ട്ടികള്‍ പിന്മാറി.
താന്‍ സംസാരിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്ന രാഹുലിന്റെ പ്രസ്താവനയെ ഏറെ പ്രതിക്ഷയോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കണ്ടത്. സര്‍ക്കാരിനെ വീഴ്ത്താന്‍ പറ്റിയ ഏതോ വലിയ കുംഭകോണത്തിന്റെ തെളിവുകള്‍ അദ്ദേഹത്തിന്റെ കയ്യിലുണ്ടെന്നും അത് നരേന്ദ്ര മോദിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായ തകര്‍ക്കുമെന്നും അവര്‍ കരുതി. അതുകൊണ്ടാണ് സഭക്കകത്ത് വച്ച് നടന്നില്ലെങ്കില്‍ പുറത്ത് ഏതെങ്കിലും പൊതു സമ്മേളനത്തില്‍ വച്ചെങ്കിലും തെളിവ് പുറത്തു വിടണമെന്ന് യച്ചൂരിയടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടത്. പക്ഷെ കഴിഞ്ഞ ദിവസം ഗോവയില്‍ പാര്‍ട്ടിയുടെ ഒരു പൊതുയോഗത്തില്‍ പങ്കെടുത്തെങ്കിലും രാഹുല്‍ ആരോപണത്തെക്കുറിച്ച് ഒന്നും പറയാതിരുന്നത് ബിജെപി വിരുദ്ധരെ തീര്‍ത്തും നിരാശരാക്കി. അതോടെ രാഹുല്‍ ഉന്നയിക്കാനിരുന്നത് തെളിവുകള്‍ ഒന്നുമില്ലാത്ത വെറും ഒരാരോപണം മാത്രമായിരുന്നുവെന്ന സംശയം ബലപ്പെടുകയാണ്.
സഭയില്‍ ഒരു ആരോപണം ഉന്നയിച്ചാല്‍ അതിന്റെ തെളിവ് കണ്ടെത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. പക്ഷെ പുറത്ത് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ആരെങ്കിലും കോടതിയിലേക്ക് വലിച്ചിഴച്ചാല്‍ വ്യക്തമായ തെളിവ് നല്കാന് കഴിഞ്ഞില്ലെങ്കില്‍ അത് രാഹുലിന് ക്ഷീണമുണ്ടാക്കും. അതാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ മൌനത്തിന് കാരണമെന്ന് കരുതുന്നവര്‍ ഏറെയാണ്. ഏതായാലും വരും ദിവസങ്ങളില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്ന ശക്തമായ തെളിവുകള്‍ പുറത്തു വിട്ടില്ലെങ്കില്‍ പക്വതയില്ലാത്തവന്‍ എന്ന ചീത്തപ്പേര് ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുകയാവും രാഹുല്‍ ചെയ്യുക.
സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കാന്‍ വിസ്സമ്മതിക്കുന്നതിന്റെ പേരില്‍ രാഹുല്‍ പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. മന്മോഹന് സര്‍ക്കാരിലെ മന്ത്രി സ്ഥാനം മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വരെ അതില്‍ പെടും. പക്ഷെ സര്‍ക്കാരിനെതിരെ ഗുരുതരമായ ഒരാരോപണം ഉന്നയിച്ചതിന് ശേഷം പിന്‍വലിയുന്നത് ഒരു വ്യക്തിയുടെ വിശ്വാസ്യതയെക്കൂടിയാണ് ബാധിക്കുക. അത് ഒരു പാര്‍ട്ടിയുടെ ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ഥി കൂടിയാകുമ്പോള്‍ സ്ഥിതി ഗുരുതരമാകും. പറഞ്ഞ വാക്ക് വിഴുങ്ങുന്ന ഒരാളെ എത്ര പാര്‍ട്ടികള്‍ വിശ്വാസത്തില്‍ എടുക്കും എന്നതും ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത ആധുനിക രാഷ്ട്രീയ കാലഘട്ടത്തില്‍ പരമപ്രധാനമാണ്. അതുകൊണ്ട് പറഞ്ഞ വാക്ക് പാലിക്കാനും ഉറപ്പുള്ള കാര്യങ്ങളെക്കുറിച്ച് മാത്രം സംസാരിക്കാനും രാഹുല്‍ ഇനിയെങ്കിലും ശ്രദ്ധിക്കണം.
The End