നേതാജി സുഭാഷ് ചന്ദ്ര ബോസ് ജനനം : 23.01.1897 മരണം : ?

netaji-in-jermany2

 

ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടി 66 വര്‍ഷം പിന്നിടുന്ന ഈ വേളയിലും നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ മരണത്തെ കുറിച്ചുള്ള ദുരൂഹതകള്‍ തുടരുകയാണ്. സത്യത്തില്‍ ആ വിമാനപകടത്തില്‍ അദ്ദേഹം മരിച്ചോ ? അപ്പോള്‍ 1969ല്‍ വിയറ്റ്നാമിസ് പ്രതിനിധിസംഘത്തോടൊപ്പം പാരീസില്‍ വന്നത് ആരാണ് ? ഗുംനാമി ബാബ എന്ന അപരനാമധേയത്തില്‍ ഉത്തര്‍പ്രദേശില്‍ ജീവിച്ച് 1985ല്‍ മരിച്ച സന്ന്യാസി വേറെ ആരെങ്കിലുമാണോ ? സിനിമാക്കഥ പോലെ സംഭവബഹുലമായ ആ ജീവിതത്തിനു ശേഷം അദ്ദേഹത്തിന്‍റെ മരണത്തെ കുറിച്ചും ഉയരുന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഏറെയാണ്.

ടോക്കിയോയിലേക്കുള്ള മാര്‍ഗ്ഗമധ്യേ 1945 ആഗസ്റ്റ് 18നു തായ്വാന്‍റെ തലസ്ഥാനമായ തായ്പേയ്ക്ക് സമീപം വിമാനം തകര്‍ന്ന് സുഭാഷ് ചന്ദ്ര ബോസ് മരിച്ചു എന്നാണ് പൊതുവേയുള്ള വിശ്വാസം. അദ്ദേഹം സഞ്ചരിച്ചിരുന്ന ജപ്പാനീസ് വ്യോമസേനയുടെ മിട്സ്ബുഷി കെഐ-21 ബോംബര്‍ വിമാനം എഞ്ചിന്‍ തകരാര്‍ മൂലം തകരുകയും ഗുരുതരമായി പരുക്കേറ്റ ബോസ് ഏതാനും മണിക്കൂറുകള്‍ക്കകം അടുത്തുള്ള ആശുപത്രിയില്‍ വെച്ച് മരിക്കുകയും ചെയ്തു. തൈഹോക്കുവിലെ നിഷി ഹോങ്ഗഞ്ചി ക്ഷേത്രത്തിന് സമീപം അദ്ദേഹത്തിന്‍റെ ഭൌതിക ശരീരം ബുദ്ധമതാചാര പ്രകാരം സംസ്കരിക്കുകയും ചിതാഭസ്മം ജപ്പാനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ടോക്കിയോയിലെ റെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം നേതാജിയുടെതാണെന്നാണ് കരുതപ്പെടുന്നത്.

ബോസിന്‍റെ മരണത്തിലെ ദുരൂഹതയെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം മൂന്ന്‍ അന്വേഷണ കമ്മീഷനുകളെയാണ് നിയോഗിച്ചത്. 1956ലെയും 1970ലെയും കമ്മീഷനുകള്‍ വിമാനാപകടത്തില്‍ നേതാജി മരിച്ചു എന്ന്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍ വാജ്പേയ് സര്‍ക്കാര്‍ നിയോഗിച്ച എം.കെ മുഖര്‍ജി കമ്മീഷന്‍ അത് വസ്തുതാവിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് നല്‍കി. അക്കാലത്ത് തയ്വാനുമായി നയതന്ത്ര ബന്ധം ഇല്ലാതിരുന്നത് കൊണ്ട് ആദ്യ രണ്ടു കമ്മീഷനുകള്‍ക്ക് അവിടത്തെ സര്‍ക്കാരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തായ്വാന്‍ സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ കൂടി അവലംബിച്ചാണ് ജസ്റ്റിസ് എം.കെ മുഖര്‍ജി നേതാജി 1945ല്‍ മരിച്ചില്ല എന്ന നിഗമനത്തിലെത്തിയത്.

സുഭാഷ് ചന്ദ്ര ബോസ് സഞ്ചരിച്ചിരുന്ന ഒരു വിമാനവും തങ്ങളുടെ രാജ്യത്തുവെച്ച് അപകടത്തില്‍ പെട്ടിട്ടില്ല എന്ന്‍ തയ്വാന്‍ സര്‍ക്കാര്‍ കമ്മീഷനെ ഔദ്യോഗികമായി അറിയിച്ചു. ബോസ് മരിച്ചെന്ന് പറയുന്ന 1945 ആഗസ്റ്റ് 18നു തങ്ങളുടെ രാജ്യത്ത് ഒരു വിമാനപകടവും നടന്നിട്ടില്ല എന്ന അവരുടെ അവകാശവാദം പിന്നീട് അമേരിക്കയും ശരിവെച്ചു.

നേതാജിയുടെ തിരോധാനത്തെ കുറിച്ച് പല വാദഗതികളുണ്ട്. അദ്ദേഹത്തെ വിചാരണ ചെയ്യാന്‍ ബ്രിട്ടന് വിട്ടുകൊടുക്കാം എന്ന്‍ ഇന്ത്യയുടെ അക്കാലത്തെ നേതാക്കളും ബ്രിട്ടിഷ് ഭരണാധികാരികളും തമ്മില്‍ കരാറുണ്ടാക്കിയെന്നും അതറിഞ്ഞ് അദ്ദേഹം ഒളിവില്‍ പോകുകയായിരുന്നുവെന്നും ഒരു കൂട്ടര്‍ പറയുമ്പോള്‍ മറ്റൊരു കൂട്ടര്‍ അത് പാടെ നിഷേധിക്കുന്നു. രാഷ്ട്രീയം മടുത്ത നേതാജി സന്ന്യാസം സ്വീകരിക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. 1985 വരെ ഉത്തര്‍പ്രദേശില്‍ ഗുംനാമി ബാബ (പേരില്ലാ സന്ന്യാസി) എന്ന പേരില്‍ ജീവിച്ചിരുന്ന ആള്‍ യഥാര്‍ഥത്തില്‍ ബോസ് ആയിരുന്നുവെന്ന് വസ്തുതകള്‍ നിരത്തി അവര്‍ വാദിക്കുന്നു.

സുഭാഷ് ചന്ദ്ര ബോസും ഗുംനാമി ബാബ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സന്ന്യാസിയും (രേഖാചിത്രം)

1954ല്‍ നേതാജി ടിബറ്റില്‍ വെച്ച് സന്ന്യാസം സ്വീകരിക്കുകയും മാതൃരാജ്യത്ത് തന്നെ ജീവിക്കുകയോ അല്ലെങ്കില്‍ മരിക്കുകയോ വേണമെന്ന ആഗ്രഹം കാരണം നേപ്പാള്‍ വഴി ഇന്ത്യയില്‍ എത്തുകയായിരുന്നുവെന്നാണ് ചിലര്‍ കരുതുന്നത്. ഭഗവാന്‍—–ജി അഥവാ ഗുംനാമി ബാബ എന്ന പേരില്‍  ഗാസിയാബാദില്‍ കഴിഞ്ഞിരുന്ന സന്ന്യാസി അദ്ദേഹം തന്നെയാണെന്ന് അവര്‍ വിശ്വസിക്കുന്നു. സ്വാതന്ത്ര്യ സമര കാലത്ത് നേതാജിയുടെ സഹായികളായിരുന്ന പലരും ബാബയുടെ അനുയായി വൃന്ദങ്ങളിലും ഉണ്ടായിരുന്നു എന്നതാണ് രണ്ടും ഒരാള്‍ തന്നെയാണെന്ന് വിശ്വസിക്കാന്‍ ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത്. ബാബയുടെ ചിലവുകള്‍ മുഴുവന്‍ അന്ന്‍ വഹിച്ചിരുന്നത് അക്കാലത്തെ യു.പി മുഖ്യമന്ത്രിയായിരുന്ന ഡോക്ടര്‍ സംപൂര്‍ണാനന്ദ് ആയിരുന്നു എന്നത് ശ്രദ്ധേയമാണ്.1970ല്‍ ബാബ അയച്ച ഒരു കത്ത് വിദഗ്ധര്‍ പിന്നീട് പരിശോധിക്കുകയും അതിലെ കയ്യക്ഷരത്തിന് നേതാജിയുടെ കയ്യക്ഷരവുമായി അത്ഭുതകരമായ സാദൃശ്യമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

പക്ഷേ കൂടുതല്‍ തെളിവുകള്‍ ഇല്ലാതിരുന്നതുകൊണ്ട് രണ്ടും ഒരാള്‍ തന്നെയാണെന്ന വ്യക്തമായ നിഗമനത്തിലെത്താന്‍ മുഖര്‍ജി കമ്മീഷന് കഴിഞ്ഞില്ല. പക്ഷേ അങ്ങനെയാവാന്‍ സാധ്യതയുണ്ടെന്ന് ജസ്റ്റിസ് മുഖര്‍ജി ഒരു അനൌദ്യോഗിക ടിവി അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇത് നേതാജിയുടെ ദുരൂഹമായ തിരോധനത്തെ കുറിച്ച് “ഇന്ത്യാസ് ബിഗ്ഗെസ്റ്റ് കവര്‍ അപ്പ് ” എന്ന വിവാദ പുസ്തകം എഴുതിയ അനുജ് ധര്‍ സ്ഥിരികരിക്കുന്നു. 1969ല്‍ അമേരിക്കയുമായുള്ള ചര്‍ച്ചക്കായി പാരീസില്‍ എത്തിയ വിയറ്റ്നാം പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്ന താടിയും മുടിയും നീട്ടി വളര്‍ത്തിയിരുന്ന ആള്‍ ബോസ് അല്ലാതെ വേറെ ആരുമല്ലെന്ന് ചിത്രങ്ങള്‍ വിലയിരുത്തി ധര്‍ സമര്‍ഥിക്കുന്നു. മുഖത്തിന്‍റെ ഏറിയ പങ്കും മീശയും താടിയും കണ്ണടയും വെച്ച് മറച്ചിരുന്ന അയാളുടെ വേഷവിധാനം ഒരിക്കലും ഒരു നയതന്ത്ര പ്രതിനിധിയുടെതോ തെക്ക് കിഴക്കന്‍ ഏഷ്യക്കാരന്‍റെയോ അല്ല എന്നാണ് അദ്ദേഹം പറയുന്നത്. താന്‍ പ്രസ്തുത സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് ഭഗവാന്‍ ജി പിന്നീട് തന്‍റെ അനുയായികളോട് സമ്മതിച്ചത് ഇതിനോട് ചേര്‍ത്തു വായിക്കാം. 

1945 ആഗസ്റ്റ് 18നുശേഷവും താന്‍ നേതാജിയെ നേരില്‍ കണ്ടിട്ടുണ്ടെന്ന് ദീര്‍ഘകാലം അദ്ദേഹത്തിന്‍റെ ഡ്രൈവറായിരുന്ന നിസാമുദ്ദീന്‍ അടുത്തകാലത്ത് വെളിപ്പെടുത്തിയിരുന്നു.

“ 1945 നവംബര്‍-ഡിസംബര്‍ മാസത്തില്‍ ഞാന്‍ നേതാജിയെ ബര്‍മ-തായ് ലന്‍റ് അതിര്‍ത്തിയിലുള്ള സീതാപുര്‍ നദിക്കരയില്‍ കൊണ്ടുവിട്ടിരുന്നു. ആ ആളെങ്ങനെയാണ് മൂന്നോ നാലോ മാസം മുമ്പ് മരിക്കുന്നത് ? “ ഒരിക്കല്‍ അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയുമായുള്ള ഒരു അഭിമുഖത്തില്‍ ചോദിച്ചു.

“ഗുംനാമി ബാബ എന്ന പേരില്‍ ഗാസിയാബാദില്‍ ജീവിച്ചിരുന്ന സന്ന്യാസി നേതാജി തന്നെയായിരുന്നു. ഞാന്‍ ബാബയെ കണ്ടിട്ടില്ല. പക്ഷേ ബാബയുടെ വലം കയ്യായിരുന്ന എസ്.വി സ്വാമി (നേതാജി സ്ഥാപിച്ച ആസാദ് ഹിന്ദ് ഫൌജിന്‍റെ ചെയര്‍മാന്‍ കൂടിയായിരുന്നു ഇദ്ദേഹം) രണ്ടും ഒരാള്‍ തന്നെയാണെന്ന് എന്നോടു പറഞ്ഞിട്ടുണ്ട്” നിസാമുദ്ദിന്‍ പറഞ്ഞു.

തന്‍റെ സഹോദരന്‍ ജീവിച്ചിരിക്കുന്നു എന്ന്‍ നേതാജിയുടെ ജ്യേഷ്ഠനായിരുന്ന സുരേഷ് ബോസ്1972ല്‍ തന്‍റെ മരണമൊഴിയില്‍ പറഞ്ഞത് ഇത്തരം വാര്‍ത്തകള്‍ ഏറെക്കുറെ സ്ഥിരികരിക്കുന്നുണ്ട്. 1983 ജൂലൈ ആറിന് സമര്‍ ഗുഹയുടെ “നേതാജി: ഡെഡ് ഓര്‍ എലൈവ്” എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ മൊറാര്‍ജി ദേശായ് പറഞ്ഞത് ഇന്നും പ്രസക്തമാണ്. “ബോസ് ജീവിച്ചിരിക്കുന്നു.അദ്ദേഹം ഇപ്പോള്‍ ഒരു സന്ന്യാസിയാണ്” എന്നാണ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം അന്ന്‍ പറഞ്ഞത്.

1985 സെപ്റ്റംബര്‍ 17നാണ് ബാബയുടെ വിയോഗം സംഭവിച്ചത്. സരയു നദിക്കരയിലെ ഗുപ്തര്‍ ഘട്ടില്‍ സംസ്കരിക്കുന്നതിന് മുമ്പായി അദ്ദേഹത്തിന്‍റെ മുഖമൊന്ന് കാണാന്‍ പക്ഷേ ആരെയും അനുവദിച്ചില്ല. അത് യാഥാര്‍ഥത്തില്‍ ബാബയായിരുന്നില്ല, അതുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്നാണ് അതേക്കുറിച്ച് ഡോക്ടര്‍ മുഖര്‍ജി പിന്നീട് വിശദീകരിച്ചത്. 

നേതാജി സുഭാഷ് ചന്ദ്ര ബോസിനെ കുറിച്ചുള്ള 33 രഹസ്യ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും എന്നാല്‍ വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കും എന്നത് കൊണ്ട് അവ പുറത്തുവിടാനാവില്ലെന്നും അടുത്ത കാലത്ത് മിഷന്‍ നേതാജി എന്ന ട്രസ്റ്റ് ആര്‍.ടി.ഐ ആക്റ്റ് പ്രകാരം നല്‍കിയ ഒരു അപേക്ഷക്കുള്ള മറുപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വിവാദത്തിന് പുതിയ മാനം നല്‍കിക്കൊണ്ട് 2013 ജനുവരി 31 ന് അലഹബാദ് കോടതിയുടെ ലക്നൌ ബഞ്ച് നേതാജിയും ബാബയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ പലത് പിന്നിടുമ്പോഴും അന്നത്തെ സമര പോരാട്ടങ്ങളുടെ മുന്നണി പോരാളിയായിരുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ മരണത്തെ കുറിച്ചുള്ള ദുരൂഹതകള്‍ ഇന്നും തുടരുകയാണ്. കേട്ടതെല്ലാം സിനിമാകഥകളെക്കാള്‍ അവിശ്വസനീയം, സംഭവ ബഹുലം. അതിന്‍റെ ഉദ്വേഗജനകമായ ക്ലൈമാക്സ് എന്നെങ്കിലും പുറത്തുവരുമെന്ന പ്രതീക്ഷയില്‍ ആ നിമിഷത്തിനുവേണ്ടി കാത്തിരിക്കുക മാത്രമാണ് നമുക്കിനി ചെയ്യാനുള്ളത്. 


[This article is first published on Aug 15th, 2013 and modified later]

Manoj is a writer, blogger from Palakkad-Kerala. He writes contents on current affairs, technology, cinema, health, social media and WordPress. His posts and stories appeared across magazines and websites since 1998. Get in touch with him via Twitter and Facebook.

Leave a Reply

Your email address will not be published. Required fields are marked *