അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ്സ് ദയനീയമായി തകർന്നടിഞ്ഞു.
ഒരു കാലത്ത് കോൺഗ്രസ്സ് ഭരണം കയ്യാളിയിരുന്ന സംസ്ഥാനങ്ങളാണ് ഉത്തർപ്രദേശും ഗോവയും മണിപ്പൂരും. അവിടെ ഒരു തിരിച്ചു വരവുണ്ടാകുമെന്ന് കടുത്ത കോൺഗ്രസ്സ് അനുഭാവികൾ പോലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ പഞ്ചാബിൻെറ കാര്യം അങ്ങനെയായിരുന്നില്ല.
കഴിഞ്ഞ അഞ്ചു വർഷമായി അവിടെ കോൺഗ്രസ്സാണ് അധികാരത്തിലുണ്ടായിരുന്നത്. മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിങ് അടുത്തിടെ പാർട്ടി വിട്ട് പോയെങ്കിലും ഭരണം നിലനിർത്തുമെന്ന് ചിലരെങ്കിലും കരുതിയിരുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിൻെറ പേരിൽ ഏറ്റവുമധികം പ്രക്ഷോഭങ്ങൾ നടന്നത് പഞ്ചാബിലാണ്. അവിടെ നിന്നുള്ള കർഷകരാണ് ആഴ്ചകളോളം ഡൽഹിയിൽ തമ്പടിച്ച് സമര പരിപാടികൾക്ക് നേതൃത്വം കൊടുത്തത്. കടുത്ത കർഷക രോഷത്തിൻ്റെ ഫലമായി അവസാനം നരേന്ദ്ര മോദി സർക്കാരിന് മുട്ടു മടക്കേണ്ടി വന്നു.
ബിൽ പിൻവലിച്ചെങ്കിലും പ്രക്ഷോഭത്തിനിടയിൽ മരണപ്പെട്ട കർഷകരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം അനുവദിക്കണം എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിരുന്നില്ല. സമരത്തിൻെറ ഭാഗമായി പഞ്ചാബിൽ നിന്ന് ട്രാക്റ്റർ ഓടിച്ചു വന്ന് കർഷകരുടെ മനസ് പിടിച്ചടക്കാൻ രാഹുൽ ശ്രമം നടത്തിയിരുന്നു. ദീർഘകാലം ബിജെപിയുടെ സഖ്യ കക്ഷിയായിരുന്ന അകാലിദൾ ബില്ലിൻെറ പേരിൽ മുന്നണി വിടുക വരെയുണ്ടായി.
പഞ്ചാബ് സംസ്ഥാനം രൂപീകൃതമായതിനു ശേഷം രണ്ടു പാർട്ടികളെ അവിടെ ഭരിച്ചിട്ടുള്ളു. കോൺഗ്രസ്സും അകാലിദളും. ചരിത്രത്തിൻെറയും ദളിത് രാഷ്ട്രീയത്തിൻെറയും കർഷക രോഷത്തിൻെറയും ബലത്തിൽ ഭരണം നിലനിർത്താമെന്നാണ് കോൺഗ്രസ്സ് ഹൈക്കമാൻഡ് കരുതിയത്. ആ ആത്മവിശ്വാസം കൊണ്ടാണ് തങ്ങളുടെ വരുതിയിൽ നിൽക്കാത്ത അമരീന്ദർ സിംഗിനെ നവജ്യോത് സിദ്ദുവിനു വേണ്ടി പിണക്കാൻ പോലും അവർ തയാറായത്. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായാൽ അമരീന്ദർ പാർട്ടി വിടുമെന്ന് അറിയാമായിരുന്നെങ്കിലും ആ വിടവ് പഞ്ചാബിൻെറ ആദ്യ ദളിത് മുഖ്യമന്ത്രിയായ ചരൺജിത്ത് സിങ് ഛന്നിയിലൂടെ മറികടക്കാമെന്ന് രാഹുലിൻ്റെ ഉപദേശകർ കണക്കൂകൂട്ടിയിട്ടുണ്ടാകും. പക്ഷെ അതൊന്നും ഫലം കണ്ടില്ലെന്ന് മാത്രം.
അകാലിദളിൻെറ ദുർഭരണവും കോൺഗ്രസ്സിലെ തമ്മിലടിയും കണ്ടു മടുത്ത പഞ്ചാബി ജനത ഒരു മാറ്റത്തിന് വേണ്ടി തൊട്ടടുത്ത സംസ്ഥാനമായ ഡൽഹിയിലേക്കാണ് നോക്കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പഞ്ചാബിൽ ആം ആദ്മി ജയിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കോൺഗ്രസ്സാണ് ജയിച്ചത്. പക്ഷെ ആ നേട്ടം വേണ്ട രീതിയിൽ ഉപയോഗിക്കാൻ അവർക്ക് കഴിയാതെ വന്നതോടെ ഇക്കുറി കെജ്‌രിവാളിൻെറ പാർട്ടിക്ക് നറുക്ക് വീണു. ആകെയുള്ള 117 സീറ്റിൽ 92 സീറ്റും ആം ആദ്മിക്ക് കിട്ടിയപ്പോൾ ഭരണകക്ഷിയായ കോൺഗ്രസ്സിന് 18 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
രാഹുലിന് പകരം പ്രിയങ്കയെ നേതൃസ്ഥാനത്ത് കൊണ്ടു വരണം എന്ന മുറവിളി കോൺഗ്രസ്സിൽ ഏറെ നാളായി കേൾക്കുന്നതാണ്. ഉത്തർപ്രദേശിൽ സ്ത്രീകൾക്ക് മുൻതൂക്കം നൽകുന്ന സ്ഥാനാർഥി പട്ടിക തയ്യാറാക്കിയതും നേതൃത്വം നൽകിയതും പ്രിയങ്കയാണ്. അതിനായി വ്യത്യസ്ഥങ്ങളായ പ്രചാരണ പരിപാടികൾ ആവിഷ്കരിച്ച അവർ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് സ്വയം അവരോധിക്കുകയും ചെയ്തു. പക്ഷെ രണ്ടു സീറ്റുകൾ മാത്രം നേടിയ പാർട്ടി അതിൻ്റെ ഇരട്ടിയിലധികം നഷ്ടപ്പെടുത്തുകയും ചെയ്തു. ജവഹർലാൽ നെഹ്‌റു മുതൽ രാഹുൽ ഗാന്ധി വരെയുള്ളവരുടെ പരമ്പരാഗത മണ്ഡലങ്ങളായ റായ്ബറേലിയും അമേഠിയും നഷ്ടമായതാണ് കോൺഗ്രസ്സിനെ കൂടുതൽ വിഷമിപ്പിക്കുന്നത്. അമേഠിയിൽ കോൺഗ്രസ്സ് സിറ്റിംഗ് എം എൽ എയായിരുന്ന അദിതി സിങ് ഇക്കുറി ബിജെപി ടിക്കറ്റിലാണ് മത്സരിച്ചത്. മികച്ച ഭൂരിപക്ഷത്തോടെ അവർ ജയിച്ചപ്പോൾ കോൺഗ്രസ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
കോൺഗ്രസ്സിന് ശക്തമായ നേതൃത്വം വേണമെന്ന് ഒരു വിഭാഗം നേതാക്കൾ ഏറെ കാലമായി പറയുന്നതാണ്. ലോകസഭ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് രാഹുൽ അധ്യക്ഷ സ്ഥാനമൊഴിഞ്ഞതോടെ സോണിയ ഗാന്ധിയാണ് താൽക്കാലിക അധ്യക്ഷയായത്. പക്ഷെ അനാരോഗ്യത്തെ തുടർന്ന് അവർ പ്രവർത്തനത്തിൽ സജീവമല്ല. നരേന്ദ്ര മോദിയെ നേരിടാൻ ഒരു മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന് ചില മുതിർന്ന നേതാക്കൾ പറഞ്ഞപ്പോൾ അവരെ ശത്രു പക്ഷത്തു പ്രതിഷ്ഠിക്കാനാണ് ഹൈക്കമാൻഡ് ശ്രമിച്ചത്. അവരെ ജി23 എന്ന ഓമനപ്പേരിട്ട് വിളിച്ച നെഹ്‌റു കുടുംബം വിഷയം ചർച്ച ചെയ്യാനോ വേണ്ട മാറ്റങ്ങൾ വരുത്താനോ ശ്രമിച്ചില്ല എന്നതാണ് സത്യം. സോണിയയോ രാഹുലോ കഴിഞ്ഞ അഞ്ചു വർഷമായി തന്നെ വിളിച്ചിട്ടില്ലെന്ന് ഒരു കാലത്ത് രാജീവിൻെറ വിശ്വസ്തനായിരുന്ന മണി ശങ്കർ അയ്യർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് പോലും അകറ്റി നിർത്തിയെങ്കിലും ജി 23 നേതാക്കളാരും പരസ്യ പ്രസ്താവന നടത്താനോ ബിജെപിയിലേക്ക് പോകാനോ ശ്രമിച്ചത് ശ്രദ്ധേയമാണ്. പക്ഷെ രാഹുൽ ബ്രിഗേഡിൻ്റെ ഭാഗമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും ജിതിൻ പ്രസാദയും പാർട്ടി വിട്ടു. സിന്ധ്യ ഇപ്പോൾ കേന്ദ്ര മന്ത്രിയാണ്. രാഹുലിൻ്റെ മറ്റൊരു വിശ്വസ്തനായ സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് പോകാൻ ശ്രമം നടത്തിയെങ്കിലും മുൻ മുഖ്യമന്ത്രിയായ വസുന്ധര രാജെയുടെ എതിർപ്പ് കാരണമാണ് നടക്കാതെ പോയത്.
നെഹ്‌റു കുടുംബം പ്രചാരണത്തിനെത്തിയാൽ വോട്ട് വീഴുന്ന കാലം കഴിഞ്ഞു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുലും പ്രിയങ്കയും ഒട്ടനവധി റോഡ് ഷോകളാണ് നടത്തിയത്. അതൊന്നും ഫലം കണ്ടില്ലെന്ന് മാത്രമല്ല കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പു കുത്തുകയും ചെയ്തു. അന്നത്തെ പോലെ തെറ്റുകളിൽ നിന്ന് പാഠം പഠിക്കുമെന്ന പതിവ് പല്ലവിയാണ് രാഹുൽ ഇക്കുറിയും നടത്തിയത്. അതിന് എത്രകാലം എടുക്കും എന്ന് മാത്രമറിയില്ല. ഒരു കാലത്ത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഭരിച്ചിരുന്ന കോൺഗ്രസ് ഇപ്പോൾ രാജസ്ഥാനിലും ചത്തിസ്‌ഗഡിലും മാത്രമാണ് അധികാരത്തിലുള്ളത്. ആ യാഥാർഥ്യം ഇന്ദ്രപ്രസ്ഥത്തിലെ ഉപജാപ വൃന്ദം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. പാർട്ടി നയങ്ങളിലും നേതൃ നിരയിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ കോൺഗ്രസ് എന്ന രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാർട്ടി വിസ്മൃതിയിലാകുന്ന കാലം അതി വിദൂരമല്ല.
അടിക്കുറിപ്പ്: അമേഠിക്ക് പിന്നാലെ റായ്ബറേലിയും കൈവിട്ടതോടെ പ്രിയങ്ക ഇനി എവിടെ മത്സരിക്കും അനുയായികളുടെ ആശങ്ക. കേരളമാണ് കോൺഗ്രസ്സിന് ആകെ പ്രതീക്ഷ നൽകുന്നത്. പക്ഷെ ഇവിടെയും കാര്യങ്ങൾ അതിവേഗം മാറുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് തന്നെ ഉദാഹരണം.
Image courtesy: DNA India & Deccan Herald