ഇന്ത്യയിലെ മക്കള്‍ രാഷ്ട്രീയം

ഇന്ത്യയിലെ മക്കള്‍ രാഷ്ട്രീയം 1
മോത്തിലാല്‍ നെഹ്രു, ജവഹര്‍ലാല്‍ നെഹ്റുവിനും വിജയലക്ഷ്മി പണ്ഡിറ്റിനും ഇന്ദിരക്കും ഒപ്പം

ഇന്ത്യയിലെ മക്കള്‍ രാഷ്ട്രീയത്തിന് ഇവിടത്തെ ജനാധിപത്യത്തെക്കാളും പഴക്കമുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് രാജ്യസ്നേഹവും പോരാട്ടങ്ങളുമാണ് ഒരാള്‍ക്ക് രാഷ്ട്രീയത്തിലേക്കുള്ള വഴി തുറന്നതെങ്കില്‍ മുമ്പേ നടന്നുപോയവരുടെ സ്വാധീനമാണ് ഇന്ന്‍ പലര്‍ക്കും അധികാരത്തിലേക്കുള്ള ചവിട്ടുപടിയാകുന്നത്. അതിനിടയില്‍ സമരചരിത്രവും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അറിയാനുള്ള കഴിവും അവര്‍ക്ക് അന്യമാകുന്നു. രാഷ്ട്രീയം തന്നെ ഒരു കച്ചവടമായി മാറിയതുകൊണ്ട് തന്‍റെ മക്കളെയും മറ്റ് ബന്ധുക്കളെയുമൊക്കെ പിന്‍ഗാമികളാക്കാന്‍ ചില നേതാക്കള്‍ കാണിക്കുന്ന ഉത്സാഹം നമുക്ക് മനസിലാക്കാവുന്നതെയുള്ളൂ.

രാജ്യത്തിന് വേണ്ടി സ്വയമര്‍പ്പിച്ച ഗാന്ധിജി മക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്തിരുന്നില്ല. തന്‍റെ പിന്‍ഗാമികള്‍ എന്ന നിലയിലായിരിക്കും ലോകം അവരെ കാണുക എന്നതുകൊണ്ട് അവര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ അദ്ദേഹം താല്‍പര്യം കാണിച്ചതുമില്ല. പക്ഷേ സ്വതന്ത്രഭാരതത്തില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. വ്യാപാരത്തിലെ പിന്തുടര്‍ച്ച പോലെ തന്‍റെ സ്വാധീനവും അധികാരവും മക്കള്‍ക്ക് വീതിച്ചുകൊടുക്കാന്‍ നേതാക്കളില്‍ വലിയ ഒരു പങ്ക് മല്‍സരിച്ചു.

നെഹ്രുവിനെ പോലുള്ളവര്‍ മക്കള്‍ രാഷ്ട്രീയത്തിന്‍റെ ഭാഗമായിരുന്നെങ്കിലും ഏറെ കഷ്ടപ്പെട്ടാണ് അവര്‍ മുന്‍നിരയില്‍ എത്തിയത്. എന്നാല്‍ പുതിയ കാലത്ത് ജാതിയും മതവും ഭാഷയും വരെ വോട്ടര്‍മാരെ പകുത്തെടുത്തപ്പോള്‍ യുവതേജസ്വികളില്‍ പലരും ഒരു സുപ്രഭാതത്തില്‍ നേതാക്കളായി, മുഖ്യമന്ത്രിമാരായി. പ്രധാനമന്ത്രി പദം സ്വപ്നം കാണാനും തുടങ്ങി.

നെഹ്രു കുടുംബമാണ് രാജ്യത്തെ മക്കള്‍ രാഷ്ട്രീയത്തിന്‍റെ ഏറ്റവും വലിയ ഉപയോക്താക്കള്‍ എന്നു പറയാം. നെഹ്റുവിന് ശേഷം അദ്ദേഹത്തിന്‍റെ മകള്‍ ഇന്ദിരയും ഇന്ദിരയുടെ മക്കളായ സഞ്ജയും രാജീവും അവരുടെ ഭാര്യമാരും മക്കളും പാരമ്പര്യത്തിന്‍റെ പിന്തുടര്‍ച്ചാവകാശികളായി. നെഹ്റുവിന്‍റെ പ്രതിച്ഛായയും കുടുംബത്തിന്‍റെ ജനപ്രീതിയുമാണ് ഇക്കാര്യത്തില്‍ അവരെ തുണച്ചത്.

ഇന്ദിരയോ അവരുടെ പരമ്പരകളോ ഇല്ലാത്ത കോണ്‍ഗ്രസിനെ കുറിച്ച് ചിന്തിക്കാന്‍ അടിയന്തിരാവാസ്ഥ കാലത്തൊഴിച്ച് ആരും തയ്യാറായതുമില്ല. ലാല്‍ ബഹദൂര്‍ ശാസ്ത്രി, ചരണ്‍ സിങ്ങ്, ഇ.എം.എസ് എന്നിങ്ങനെയുള്ള പ്രമുഖ നേതാക്കളുടെ മക്കള്‍ രാഷ്ട്രീയത്തിലെത്തിയെങ്കിലും വേണ്ടത്ര ശോഭിച്ചില്ല.

ഇന്ത്യയിലെ മക്കള്‍ രാഷ്ട്രീയം 2

കേരളത്തിലെ കാര്യമെടുത്താല്‍ കെ. കരുണാകരന്‍റെ മകന്‍ കെ മുരളീധരന്‍, ടി.കെ ദിവാകരന്‍റെ മകന്‍ ബാബു ദിവാകരന്‍, ബേബി ജോണിന്‍റെ മകന്‍ ഷിബു ബേബി ജോണ്‍, സി.എച്ച് മുഹമ്മദ് കോയയുടെ മകന്‍ എംകെ മുനീര്‍, ആര്‍ ബാലകൃഷ്ണപിള്ളയുടെ മകന്‍ ഗണേഷ് കുമാര്‍, ടി.എം ജേക്കബിന്‍റെ മകന്‍ അനൂപ്, കെ.എം മാണിയുടെ മകന്‍ ജോസ് കെ മാണി, പി.ടി ചാക്കോയുടെ മകന്‍ പിസി തോമസ്, എം പി വീരേന്ദ്ര കുമാറിന്‍റെ മകന്‍ ശ്രേയാംസ് കുമാര്‍, പാണക്കാട് തങ്ങള്‍ കുടുംബം എന്നിങ്ങനെ ആ പട്ടിക നീളുന്നു. ഇതില്‍ പലരും താഴെത്തട്ടില്‍ പ്രവര്‍ത്തിക്കാതെയും കഷ്ടപ്പെടാതെയുമൊക്കെയാണ് വിവിധ സ്ഥാനമാനങ്ങളില്‍ എത്തിയത്. മുന്‍ഗാമികളുടെ സ്വാധീനവും സ്വന്തം പാര്‍ട്ടിയും സംസ്ഥാനത്തെ മുന്നണി ബന്ധങ്ങളും അവര്‍ക്ക് ചെയ്തുകൊടുത്ത സഹായം ചില്ലറയല്ല.

കാലിത്തീറ്റ കുംഭകോണത്തില്‍ കുടുങ്ങി മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നപ്പോള്‍ ലാലു പ്രസാദ് യാദവ് പകരം ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചത് സ്വന്തം ഭാര്യയെയാണ്. അങ്ങനെ പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത റാബ്രി ദേവി ബിഹാര്‍ മുഖ്യമന്ത്രിയായി. ഭാര്യയുടെ മറവില്‍ ലാലു തന്നെ സംസ്ഥാന ഭരണ ചക്രം തിരിച്ചപ്പോള്‍ പേരുകേട്ട ഇന്ത്യന്‍ ജനാധിപത്യവും നിയമവ്യവസ്ഥയും കേവലം ഒരു നോക്കുകുത്തിയായി മാറി. പിന്നീട് മക്കളായ തേജസ്വി യാദവിനെയും മിസ ഭാരതിയെയും തന്‍റെ രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശികളാക്കാനും ലാലു മടിച്ചില്ല. ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കണ്ണടച്ച് വോട്ട് ചെയ്യുന്ന ഉത്തരേന്ത്യന്‍ ജാതി വോട്ട് ബാങ്കാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന് പിന്‍ബലമായത്.

തെലങ്കാനയുടെ പേരില്‍ വര്‍ഷങ്ങളോളം ആന്ധ്രയെ കലാപ കലുഷിതമാക്കിയ ചന്ദ്രശേഖര്‍ റാവു പിന്നീട് തെലങ്കാനയുടെ പ്രഥമ മുഖ്യമന്ത്രിയായി. മകനും മരുമകനും നിര്‍ണ്ണായക വകുപ്പുകള്‍ പതിച്ചുകൊടുത്ത അദ്ദേഹം മക്കള്‍ രാഷ്ട്രീയത്തിന്‍റെ കാര്യത്തിലും താന്‍ ഒട്ടും പിന്നിലല്ലെന്ന് അതുവഴി തെളിയിച്ചു.

കരുണാനിധിയുടെ പിന്‍ഗാമിയെ ചൊല്ലി തമിഴ്നാട്ടില്‍ ആളുകളെ ചുട്ടെരിച്ചത് മറക്കാറായിട്ടില്ല. ചേട്ടനനിയന്‍മാര്‍ തമ്മില്‍ വധഭീഷണി മുഴക്കുന്നത് വരെയെത്തി ഒടുവില്‍ കാര്യങ്ങള്‍. ഏതായാലും പിതാവിന്‍റെ അപ്രീതിയ്ക്ക് മാത്രമായ അഴഗിരി അധികം വൈകാതെ പാർട്ടിയിൽ നിന്ന് തന്നെ പുറത്തായി. കാര്യമായ വെല്ലുവിളികളൊന്നും കൂടാതെ മുഖ്യമന്ത്രിയായ സ്റ്റാലിൻ ഇപ്പോൾ മകൻ ഉദയനിധിയെ പിൻഗാമിയായി വാഴിക്കാനുള്ള ഒരുക്കത്തിലാണ്.

രാജമാത വിജയരാജെ സിന്ധ്യയുടെ മക്കളായ മാധവറാവു, വസുന്ധര രാജെ അവരുടെ മക്കളായ ജ്യോതിരാദിത്യ, ദുഷ്യന്ത്, രാജേഷ് പൈലറ്റിന്‍റെ മകന്‍ സച്ചിന്‍ പൈലറ്റ്, ഫറുക്ക് അബ്ദുള്ളയുടെ മകന്‍ ഒമര്‍ അബ്ദുള്ള, എച്ച്ഡി ദേവഗൌഡയുടെ മകന്‍ കുമാരസ്വാമി, അദ്ദേഹത്തിന്‍റെ ഭാര്യ അനിത, മുലായം സിങ്ങിന്‍റെ മകന്‍ അഖിലേഷ് സിങ്ങ് യാദവ്, അദ്ദേഹത്തിന്‍റെ ഭാര്യ ഡിംപിള്‍, സുനില്‍ ദത്തിന്‍റെ മകള്‍ പ്രിയ ദത്ത്, പ്രമോദ് മഹാജന്‍റെ മകള്‍ പൂനം, ജികെ മൂപ്പനാരുടെ മകന്‍ ജികെ വാസന്‍, വൈ എസ് രാജശേഖര റെഡ്ഡിയുടെ ഭാര്യ വിജയലക്ഷ്മി, മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി, മകള്‍ ശര്‍മിള, ശരദ് പവാറിന്‍റെ മകള്‍ സുപ്രിയ സുളെ, പി എ സാങ്മയുടെ മകള്‍ അഗത സാങ്മ, രാം വിലാസ് പാസ്വാന്‍റെ മകന്‍ ചിരാഗ് പാസ്വാന്‍, പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തിക് എന്നിങ്ങനെയുള്ള വന്‍ മക്കള്‍പ്പടയാണ് ദേശീയ രാഷ്ട്രീയത്തില്‍ വിരാജിക്കുന്നത്.

ഇന്ത്യയിലെ മക്കള്‍ രാഷ്ട്രീയം 3
ലാലു പ്രസാദ് യാദവ് കുടുംബത്തോടൊപ്പം

സ്വന്തം കുടുബാംഗങ്ങളെ രാഷ്ട്ര സേവനത്തിനായി നിയോഗിക്കുന്നത് തെറ്റല്ല. മറിച്ച് അത് മഹത്തരമായ ഒരു കാര്യവുമാണ്. എന്നാല്‍ മക്കളെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കുന്നവര്‍ അവര്‍ക്കായി ഏറ്റവും സുരക്ഷിതമായ സീറ്റ് കരുതി വയ്ക്കുന്നതാണ് ഒരു പ്രശ്നം.

പതിനാറാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച വരുണ്‍ ഗാന്ധി അതിനായി കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റായിരുന്ന സുല്‍ത്താന്‍പൂര്‍ തിരഞ്ഞെടുത്തത് മനസിലാക്കാം. കാരണം കഷ്ടപ്പെട്ട് നേടുന്ന വിജയത്തിനേ വിലയുള്ളൂ. എതിരാളികളുടെ സീറ്റില്‍ മല്‍സരിച്ച അദ്ദേഹം വിജയിക്കുകയും ചെയ്തു. എന്നാല്‍ പവാറും വസുന്ധരയുമൊക്കെ മക്കള്‍ക്കായി ശക്തികേന്ദ്രങ്ങള്‍ തന്നെ മാറ്റിവച്ചപ്പോള്‍ അവര്‍ ജനസേവകര്‍ എന്നതിലപ്പുറം സ്വന്തം മക്കളുടെ ഭാവിയെക്കുറിച്ച് വ്യാകുലപ്പെടുന്ന രക്ഷാകര്‍ത്താക്കള്‍ മാത്രമായി. രാഷ്ട്രീയം എന്നത് മറ്റേതൊരു ജോലിയെയും പോലെ കേവലം ഒരു കരിയറായും ചുരുങ്ങി.

ഡോക്ടറുടെ മക്കള്‍ക്ക് ഡോക്ടറും സിനിമാക്കാരുടെ മക്കള്‍ക്ക് സിനിമാക്കാരും ആകാമെങ്കില്‍ നേതാക്കളുടെ മക്കള്‍ക്ക് എന്തുകൊണ്ട് അങ്ങനെ ആയിക്കൂട എന്നു ചോദിക്കുന്നവരുണ്ട്. അതിനുള്ള ഉത്തരം ലളിതമാണ്. ഡോക്ടറാകണമെങ്കില്‍ വിദ്യാഭ്യാസവും സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ കഴിവും വേണം. ഇത് രണ്ടും ആവശ്യമില്ലാത്ത ഒരു പ്രധാന മേഖല രാഷ്ട്രീയമാണ്.

ജാതിയും മതവും മുതല്‍ ഗുണ്ടായിസം വരെയാണ് പലപ്പോഴും ജനാധിപത്യത്തിന്‍റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. അങ്ങനെ വരുമ്പോള്‍ യോഗ്യരായവരെ പിന്തള്ളി ജാതിസമവാക്യങ്ങള്‍ അനുകൂലമാകുന്ന നേതാക്കള്‍ നിയമനിര്‍മ്മാണ സഭകളില്‍ എത്തുന്നു, ഭരണം നടത്തുന്നു.

മക്കള്‍ക്ക് ജനസേവനത്തില്‍ താല്‍പര്യമില്ലെങ്കിലും അവരെ ഉന്തിത്തള്ളി ചില മാതാപിതാക്കള്‍ രാഷ്ട്രീയത്തില്‍ ഇറക്കുന്നത് വെറുതെയല്ല. അത് ഒരു സേവനമല്ല മറിച്ച് മറ്റെന്തിനെക്കാളും നല്ല ഒരു തൊഴില്‍മേഖലയാണെന്ന് അനുഭവം വഴി അവര്‍ക്ക് നന്നായറിയാം. പറ്റിക്കപ്പെടാന്‍ ഒരു ജനതയുള്ളിടത്തോളം കാലം ജോലി സ്ഥിരതയും ഉണ്ടാവും. ചുരുക്കത്തില്‍ സര്‍ക്കാര്‍ സര്‍വീസിലെ ആശ്രിത നിയമനവും മക്കള്‍ രാഷ്ട്രീയവും രണ്ടല്ല, ഒന്നാണ്.

The End 


[This article first published on June 29, 2014]

Leave a Comment

Your email address will not be published. Required fields are marked *