സച്ചിന്‍ ഇന്ത്യയുടെ ക്രിക്കറ്റ് ദൈവമായതെങ്ങനെ ?

സച്ചിന്‍ ഇന്ത്യയുടെ ക്രിക്കറ്റ് ദൈവമായതെങ്ങനെ ? 1

 

      ഒരു സാധാരണ മനുഷ്യന് നിരവധി കുറ്റങ്ങളും കുറവുകളുമുണ്ടാകും. പൊതുജീവിതത്തിലെ അയാളുടെ കൊള്ളരുതായ്മകള്‍ നാലാള്‍ പെട്ടെന്ന് അറിയുമെങ്കിലും സ്വകാര്യമായ ദൌര്‍ബല്യങ്ങള്‍ പാപ്പരാസികളുടെ കണ്ണില്‍പെടാത്തിടത്തോളം രഹസ്യങ്ങളായി തന്നെ നിലനില്‍ക്കും. മാനുഷികമായ അത്തരം ചാപല്യങ്ങളൊന്നുമില്ലാത്ത അതിപ്രശസ്തരായ വ്യക്തികള്‍ അപൂര്‍വമായിട്ടാണെങ്കിലും നമുക്കിടയില്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെയുള്ളവര്‍ പൊതു ജീവിതത്തില്‍ അത്ഭുതങ്ങള്‍ കൂടി ചെയ്യുമ്പോള്‍ ദൈവം എന്നു വിശേഷിപ്പിക്കപ്പെടുക സാധാരണമാണ്. ആധുനിക ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള മതമായ ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന അഞ്ചടി അഞ്ചിഞ്ചുകാരന്‍ ദൈവിക പരിവേഷത്തിലെത്തിയത് അങ്ങനെയാണ്.

കളിക്കളത്തിലെ മാസ്മരിക പ്രകടനത്തിന്‍റെ പേരില്‍ മറഡോണയെ പോലുള്ള ചിലര്‍ ദൈവിക പട്ടം നേരത്തെ നേടിയെടുത്തിട്ടുണ്ടെങ്കിലും ഏതെങ്കിലും ഒരു കളിയിലെ പ്രകടനമല്ല സച്ചിനെ സ്നേഹിക്കാന്‍ ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികളെ പ്രേരിപ്പിച്ചത്. 1988ല്‍ ഇന്‍റര്‍ സ്കൂള്‍ ടൂര്‍ണമെന്‍റില്‍ സെന്‍റ് സേവ്യേഴ്സ് സ്കൂളിനു വേണ്ടി കൂട്ടുകാരന്‍ വിനോദ് കാംബ്ലിയോടൊപ്പം 664 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത് മുതലാണ് സച്ചിന്‍ റെക്കോര്‍ഡ് പുസ്തകത്തില്‍ തന്‍റെ കയ്യൊപ്പ് ചാര്‍ത്താന്‍ തുടങ്ങിയത്. 15 വയസ്സില്‍ തുടങ്ങിയ ആ ശീലം ഈ നാല്‍പതാം വയസിലും അദ്ദേഹം അവസാനിപ്പിച്ചിട്ടില്ല. അവസാന രണ്ടു ടെസ്റ്റുകളില്‍ നിന്ന്‍ 163 റണ്‍സ് സ്കോര്‍ ചെയ്യാന്‍ സാധിച്ചാല്‍ ലോക ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി 16000 റണ്‍സ് തികയ്ക്കുന്ന കളിക്കാരന്‍ എന്ന വിശേഷണം കൂടി സച്ചിന് സ്വന്തമാകും. 198 മല്‍സരങ്ങളില്‍ നിന്നു നേടിയ 15,837 റണ്‍സാണ് ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള സമ്പാദ്യം. മറ്റുള്ള ക്രിക്കറ്റ് താരങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ടെണ്ടുല്‍ക്കര്‍ അത്യാഗ്രഹം കാണിച്ചിട്ടുള്ളതും ഈ ഒരൊറ്റ കാര്യത്തിലാണ്. റണ്‍സ്. ഇന്ത്യയെന്ന വികാരവും ക്രിക്കറ്റ് എന്ന കളിയോടുള്ള പ്രണയവും അദ്ദേഹത്തിന്‍റെ ഈ അത്യാഗ്രഹത്തിന് എക്കാലവും എരിവും ചൂടും പകര്‍ന്നു.

1989 നവംബറില്‍ പാക്കിസ്ഥാനെതിരെ കറാച്ചിയില്‍ ടെസ്റ്റ് മല്‍സരത്തില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ സച്ചിന് പ്രായം 16 വയസ്. അരങ്ങേറ്റ മല്‍സരത്തില്‍ ഇമ്രാന്‍ ഖാന്‍, വഖാര്‍ യൂനിസ് ഉള്‍പ്പടെയുള്ള പാക്ക് പേസ് ബൌളര്‍മാരുടെ തീ പാറുന്ന പന്തുകള്‍ നേരിട്ട് 15 റണ്‍സിന് പുറത്തായെങ്കിലും പര്യടനത്തിലുടനീളം 215 റണ്‍സ് സ്കോര്‍ ചെയ്ത് സച്ചിന്‍ തന്‍റെ വരവറിയിച്ചു. 1990 ല്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ വച്ച് ഇംഗ്ലണ്ടിനെതിരെ കന്നി ടെസ്റ്റ് സെഞ്ചുറി (119) നേടിയ സച്ചിന്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം മാതൃ രാജ്യത്തു വച്ചുള്ള ആദ്യ ടെസ്റ്റ് സെഞ്ചുറി(165) നേടി. ഇംഗ്ലണ്ട് തന്നെയായിരുന്നു ഇക്കുറിയും എതിരാളികള്‍.

1994 സെപ്തംബറില്‍ കൊളോംബോയില്‍ വച്ച് ആസ്ത്രേലിയക്കെതിരെ ആദ്യ ഏകദിന സെഞ്ചുറി നേടിയ ടെണ്ടുല്‍ക്കര്‍ ഇതിനകം 51 ടെസ്റ്റ് സെഞ്ചുറികളും 49 ഏകദിന സെഞ്ചുറികളും നേടിയിട്ടുണ്ട്. ജാക്ക് കാലിസ്(44), റിക്കി പോണ്ടിങ്(41) എന്നിവരാണ് ടെസ്റ്റ് മല്‍സരങ്ങളിലെ സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിന് പുറകിലായുള്ളത്. ഏകദിനത്തില്‍ റിക്കി പോണ്ടിങ് 30ഉം ജയസൂര്യ 28ഉം സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ക്രിക്കറ്റില്‍ ഇപ്പോള്‍ സജീവമായുള്ളവര്‍ സച്ചിന്‍റെ പരിസരത്തൊന്നും ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തിന്‍റെ റെക്കോര്‍ഡ് അടുത്തൊന്നും ഭേദിക്കപ്പെടില്ല എന്നു ചുരുക്കം.

സച്ചിന്‍ ഇന്ത്യയുടെ ക്രിക്കറ്റ് ദൈവമായതെങ്ങനെ ? 2

 കരിയറിലെ തിളക്കം പരസ്യചിത്രങ്ങളിലെ സച്ചിന്‍റെ ഗ്രാഫ് സ്വാഭാവികമായും ഉയര്‍ത്തി.അടുത്തകാലത്ത് മഹേന്ദ്രസിങ് ധോണിയും വിരാട്ട് കോഹ്ലിയും മറികടക്കുന്നത് വരെ സച്ചിനായിരുന്നു പരസ്യരംഗത്തെ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരം. പക്ഷേ അവിടെയും കോടികളുടെ ബാങ്ക് ബാലന്‍സിനുവേണ്ടി വ്യക്തി സ്വാതന്ത്ര്യം അദ്ദേഹം പണയം വച്ചില്ല. 1995ല്‍ അഞ്ജലിയെ വിവാഹം കഴിക്കുമ്പോള്‍ ചടങ്ങുകളുടെ തല്‍സമയ സംപ്രേക്ഷണ അവകാശത്തിനുവേണ്ടി ചാനലുകളില്‍ നിന്ന്‍ കോടികളുടെ വാഗ്ദാനം ഉണ്ടായെങ്കിലും സച്ചിന്‍ അത് നിരസിച്ചു. വിവാഹം ഒരാളുടെ സ്വകാര്യതയുടെ ഭാഗമാണെന്നും അത് ടി‌വി ചാനലുകളില്‍ കൂടി പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വിശ്വസിച്ചു. 1999ല്‍ പിതാവിന്‍റെ മരണാനന്തര ചടങ്ങുകളുടെ കാര്യത്തിലും അദ്ദേഹം സമാനമായ തീരുമാനമാണ് കൈക്കൊണ്ടത്. വ്യക്തിജീവിതത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ചാനല്‍ ക്യാമറകള്‍ക്ക് നേരെ സച്ചിന്‍ വാതിലുകള്‍ കൊട്ടിയടച്ചു.

                                                                                            തുടര്‍ന്നു വായിക്കുക 

4 thoughts on “സച്ചിന്‍ ഇന്ത്യയുടെ ക്രിക്കറ്റ് ദൈവമായതെങ്ങനെ ?”

Leave a Comment

Your email address will not be published. Required fields are marked *