നൈജീരിയയിലെ ബൊക്കോ ഹറാം തീവ്രവാദികളെ കടത്തിവെട്ടുന്ന കാര്യങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ പ്രത്യേകിച്ച് ഉത്തര്‍ പ്രദേശില്‍ നടക്കുന്നത്. ഒരു മാസം മുമ്പ് കടത്തിക്കൊണ്ടു പോയ വിദ്യാര്‍ഥിനികളെ തീവ്രവാദികള്‍ അപായപ്പെടുത്തിയതായി ഇതുവരെ സൂചനയൊന്നുമില്ല. കുറെ കുട്ടികള്‍ ഇതിനിടയില്‍ രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ ഡല്‍ഹി കൂട്ട മാനഭംഗത്തെ നിഷ്പ്രഭമാക്കുന്ന ക്രൂര കൃത്യങ്ങള്‍ യുപിയില്‍ തുടര്‍ക്കഥയാവുകയാണ്. കുറ്റവാളികളില്‍ ചിലര്‍ പിടിയിലായെങ്കിലും ബലാല്സംഗങ്ങള് ഇനിയും നിലച്ചിട്ടില്ല.
ബഡോണില്‍ ദളിത് സഹോദരിമാരെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തോടെയാണ് അഖിലേഷ് യാദവിന്റെ സംസ്ഥാനം രാജ്യത്തെ ഞെട്ടിക്കാന്‍ തുടങ്ങിയത്. കുറ്റകൃത്യത്തില്‍ രണ്ട് പോലീസുകാരും ഉള്‍പ്പെട്ടിരുന്നു. അവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും അവര്‍ ഉള്‍പ്പടെ അഞ്ചു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തെങ്കിലും സ്ത്രീ പീഡകര്‍ അടങ്ങിയില്ല. തൊട്ടടുത്ത ദിവസം തര്വാരന്ഗഞ്ച് മേഖലയില്‍ മൂന്നു വയസുള്ള പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായി. അതേ ദിവസം തന്നെ ഒരു പതിനേഴു കാരിയെ ബലാല്‍സംഗം ചെയ്ത സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ബഹേരി മേഖലയില്‍ ഇരുപതുകാരിയെ കൂട്ട മാനഭംഗം ചെയ്തശേഷം ആസിഡ് കുടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവവുമുണ്ടായി. ആഗ്രയില്‍ പതിമൂന്നുകാരിയെ രണ്ടു യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ച വാര്‍ത്തയും വിന്ധ്യാചല്‍ മേഖലയില്‍ മുപ്പതുകാരിയായ മാധ്യമ പ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്ത വാര്‍ത്തയും ഇതിനിടയില്‍ പുറത്തു വന്നു. സംസ്ഥാനത്തിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ പതിനാലുകാരിയെ തോക്കിന് മുനയില്‍ നിര്‍ത്തി മാനഭംഗപ്പെടുത്തിയത് ഇന്നലെയാണ്. അമേഥിയിലും സമാന സംഭവമുണ്ടായി. സ്വന്തം വീടിനടുത്തു വച്ചാണ് യുവതി അവിടെ കൂട്ട ബലാല്‍സംഗത്തിനിരയായത്.
ബലാല്‍സംഗം എന്നത് യുവാക്കള്‍ക്ക് പറ്റുന്ന ഒരു കയ്യബദ്ധമാണെന്നും അതിന് അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നത് ശരിയല്ലെന്നും അടുത്തിടെ മുലായം സിങ് യാദവ് പറഞ്ഞിരുന്നു. പ്രസ്താവനയുടെ ചൂടാറും മുമ്പാണ് അദ്ദേഹത്തിന്റെ മകന് ഭരിക്കുന്ന ഉത്തര്‍ പ്രദേശ് വിവാദങ്ങളില്‍ ഇടം പിടിച്ചത്. മുലായത്തിന്റെ വാക്കുകളെയും സംസ്ഥാന സര്‍ക്കാരിനെയും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീന്‍ മൂണ്‍ കഴിഞ്ഞ ദിവസം നിശിതമായി വിമര്‍ശിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ അദ്ദേഹം ഉത്തര്‍പ്രദേശ് എല്ലാ സീമകളും ലംഘിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ബലാല്‍സംഗ പരമ്പരകള്‍ രാജ്യത്തെ ടൂറിസം വിപണിയെയും ബാധിക്കുമെന്ന് മൂണ്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഗ്രാമീണ മേഖലയുടെ 65 ശതമാനം പ്രദേശങ്ങളിലും മതിയായ ശൌചാലയങ്ങള്‍ ഇല്ലാത്തതാണ് ബലാല്‍സംഗ നിരക്ക് കൂടാനുള്ള ഒരു കാരണമായി യുണിസെഫ് പറയുന്നത്. തന്മൂലം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അസമയങ്ങളില്‍ വീടിന് പുറത്തിറങ്ങേണ്ടി വരുന്നു. ബഡോണിലെ പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായത് സമാനമായ സാഹചര്യത്തിലാണ്. രാത്രി ബാത്ത്റൂമില്‍ പോകാനായി ഇറങ്ങിയ അവരെ ചിലര്‍ പീഡനത്തിനിരയാക്കുകയായിരുന്നു.
പക്ഷേ ഇതുകൊണ്ടൊന്നും മുലായമോ അഖിലേഷോ കുലുങ്ങുന്ന മട്ടില്ല. പേടിയുള്ളവര്‍ സംസ്ഥാനത്തേക്ക് വരേണ്ടതില്ലെന്നാണ് മുലായം ഇന്നലെ പറഞ്ഞത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ പേരില്‍ യുപിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന കേന്ദ്ര മന്ത്രി ഉമ ഭാരതിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ട് മുഖം മിനുക്കാന്‍ അഖിലേഷ് ശ്രമിക്കുകയാണെങ്കിലും അതൊന്നും ഫലിച്ചതായി കാണുന്നില്ല. ഉത്തര്‍ പ്രദേശിനെ ഉദ്ധാരണ് പ്രദേശ് ആക്കാന്‍ തന്നെയാണ് ചിലരുടെ ശ്രമം.
യുപി പോലുള്ള വലിയ സംസ്ഥാനങ്ങളില്‍ ബലാല്സംഗങ്ങള് സാധാരണയാണെന്ന് സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ അസം ഖാന് ഇന്നലെ പറഞ്ഞത് നടന്നതെല്ലാം സാധൂകരിക്കുന്നു. പീഡനങ്ങളിലെ കുറ്റവാളികള്‍ക്കൊപ്പം ഇരകളെയും തൂക്കിക്കൊല്ലണമെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. മേഘാലയ പോലുള്ള ചെറിയ സംസ്ഥാനങ്ങളും വല്ല്യേട്ടനായ യുപിക്ക് ആവും വിധം പിന്തുണ കൊടുക്കുന്നുണ്ട്. ഷില്ലോങില്‍ അഞ്ചു കുട്ടികളുടെ അമ്മയായ യുവതിയെ ഭര്‍ത്താവിന്റെയും കുട്ടികളുടെയും മുന്നില്‍ വച്ചാണ് കഴിഞ്ഞ ദിവസം തീവ്രവാദികള്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത്. എതിര്‍ക്കാന്‍ ശ്രമിച്ചതോടെ അവര്‍ യുവതിയെ വെടിവച്ചു കൊന്നു. വെടിയേറ്റ് സ്ത്രീയുടെ തലച്ചോര്‍ ചിതറിപ്പോയതായി വിവിധ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രതി എന്നത് പാവനമായ കൃത്യമാണ്. പക്ഷേ അവിടെ അക്രമങ്ങളും പീഡനങ്ങളും കടന്നു വരുന്നതോടെ അത് ക്രൂരതയോ അല്ലെങ്കില്‍ ഒരുകൂട്ടം മാനസിക രോഗികളുടെ വൈകൃതമോ ആയി മാറുന്നു. മേല്പറഞ്ഞ സംഭവങ്ങളില്‍ ഇരകളുടെ വികാരം ആരും പരിഗണിച്ചില്ല. തങ്ങളുടെ ദാഹം അടക്കാനുള്ള ഉപകരണങ്ങള്‍ മാത്രമായാണ് അവര്‍ സ്ത്രീകളെ കണ്ടത്. മുട്ടിലിഴയുന്ന പിഞ്ചുകുഞ്ഞ് മുതല്‍ പ്രായം ചെന്നവര്‍ വരെ അത്തരക്കാര്‍ക്ക് വെറും സ്ത്രീകള്‍ മാത്രമായിരുന്നു. അങ്ങനെയുള്ള ചില മനോരോഗികളും എല്ലാം നിസ്സംഗതയോടെ കണ്ടു നില്ക്കുന്ന ഭരണകൂടവും ചേര്‍ന്നപ്പോള്‍ നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണു പോയിരിക്കുന്നു സ്വതന്ത്ര സുന്ദര ഭാരതം. ഡല്‍ഹി പീഡനത്തിന്റെ ക്ഷീണം മാറും മുമ്പാണ് ഒന്നിന് പുറകെ ഒന്നായി നടന്ന ദാരുണകൃത്യങ്ങള്‍ രാജ്യത്തിന്റെ യശസിന് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. കേന്ദ്രം ഇടപെട്ട് എത്രയും പെട്ടെന്ന് കാര്യമായെന്തെങ്കിലും ചെയ്തില്ലെങ്കില്‍ നൈജീരിയയെക്കാളും സ്ത്രീകള്‍ പോകാനും ജീവിക്കാനും ഭയപ്പെടുന്ന നാടായി മാറും ഭാരതം.