ആധാറും വോട്ടര്‍ ഐഡിയും ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍

ആധാറും വോട്ടര്‍ ഐഡിയും ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍ 1

    കാലം മാറുകയാണ്. പഴയത് പോലെ ആധാര്‍ കാര്‍ഡിന് വേണ്ടി ഫോട്ടോയെടുത്ത് കാര്‍ഡ് കയ്യില്‍ കിട്ടാന്‍ ഇനി മാസങ്ങളോ വര്‍ഷങ്ങളോ കാത്തിരിക്കണ്ട. നെറ്റില്‍ നിന്ന്‍ അത് നിഷ്പ്രയാസം ഡൌണ്‍ലോഡ് ചെയ്തെടുക്കാം. അതുപോലെ നീണ്ട ക്യൂവില്‍ മണിക്കൂറുകളോളം കാത്തിരുന്ന്‍ വോട്ടര്‍ ഐ.ഡി കാര്‍ഡിന് വേണ്ടി ഫോട്ടോയെടുത്ത കാലവും നമുക്കിനി മറക്കാം. പുതിയ ഇ-യുഗത്തില്‍ വീട്ടിലെ കമ്പ്യൂട്ടറില്‍ നിന്ന്‍ അപേക്ഷ നല്‍കിയാല്‍ മാത്രം മതി, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ നിങ്ങളെ തേടി വീട്ടില്‍ വരും. കാലം പോയ പോക്ക് എത്ര മനോഹരം, സൌകര്യപ്രദം അല്ലേ ?

ഇന്നത്തെ കാലഘട്ടത്തില്‍ കംപ്യൂട്ടറും ഇന്‍റര്‍നെറ്റും അറിയാത്ത ആരും തന്നെയുണ്ടാവില്ല. അറിയാത്തവരെ പഠിപ്പിക്കാനായി സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങിയിട്ടുമുണ്ട്. താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ നിന്ന്‍ ലഭിക്കുന്ന വിവിധ തരം സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാക്കിയതും പുതിയ ഇ-യുഗത്തിന്‍റെ സംഭാവനയാണ്. ആള്‍ക്കൂട്ടത്തില്‍ ഗുസ്തി പിടിച്ചും കരിഞ്ചന്തയില്‍നിന്നും എടുത്തിരുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇ-ലോകത്തിലേക്കു മാറിയിരുന്നു. അടുത്ത കാലത്ത് അതിന്‍റെ മൊബൈല്‍ രൂപാന്തരവും പ്രത്യക്ഷപ്പെട്ടെങ്കിലും അതിനിയും ജനകീയമായിട്ടില്ല. ഏതായാലും ഇപ്പോള്‍ ആധാറും വോട്ടര്‍ ഐ.ഡിയും ഓണ്‍ലൈനില്‍ കൂടി എടുക്കുന്ന വിധം നമുക്കൊന്ന് പരിശോധിക്കാം.

സര്‍ക്കാര്‍ പദ്ധതികള്‍ക്കും മറ്റ് വിവിധതരം ആവശ്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് അത്യന്താപേക്ഷിതമാണ്. നമ്മുടെ കണ്ണുകളുടെ അതി സൂക്ഷ്മമായ ചിത്രങ്ങളും വിരലടയാളങ്ങളും എടുക്കുന്നതിനാല്‍ ഇത് 100% സുരക്ഷിതവുമാണ്. റേഷന്‍, ഗ്യാസ് സബ്സിഡി തുകകള്‍ ഉപഭോക്താവിന്‍റെ ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നടപടിക്രമങ്ങള്‍ക്ക് ആധാര്‍ കൂടിയേ തീരൂ. എന്നാല്‍ കാര്‍ഡ് കിട്ടുന്നതിനുള്ള മാസങ്ങളും വര്‍ഷങ്ങളും നീളുന്ന കാത്തിരിപ്പാണ് സംവിധാനത്തിന്‍റെ ഏറ്റവും വലിയ പോരായ്മ. പുതിയ ഇ-ആധാര്‍ നിലവില്‍ വരുന്നതോടെ ഇതിന് വലിയൊരളവ് വരെ പരിഹാരമാകും.

ആധാര്‍ കാര്‍ഡിന് വേണ്ടി ഫോട്ടോയെടുത്തവര്‍ http://uidai.gov.in/index.php/check-your-aadhaar-status.html എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇവിടെ നമ്മുടെ വിവരങ്ങള്‍ ലഭ്യമാകാന്‍ ഫോട്ടോയെടുത്തതിന് ശേഷം ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലുമെടുക്കും. അതുവരെ വിവരങ്ങള്‍ ലഭ്യമല്ല, പ്രോസ്സസിങ്ങിലാണ് എന്നൊക്കെയാവും കാണിക്കുക. ഇവിടെ നിങ്ങളുടെ ആധാര്‍ കാര്‍ഡ് എന്‍റ്റോള്‍മെന്‍റ് നമ്പര്‍, തിയതി, സമയം എന്നിവ രജിസ്ട്രേഷന്‍ സ്ലിപ്പില്‍ ഉള്ളത് പോലെ ടൈപ്പ് ചെയ്യുക. അതിനു ശേഷം താഴെ ബോക്സിലുള്ള അക്ഷരങ്ങളും നമ്പറുകളും ചേര്‍ന്ന കോഡ് തെറ്റാതെ കൊടുക്കുക.

നിങ്ങളുടെ ആധാര്‍ കാര്‍ഡ് തയാറായിട്ടുണ്ടെങ്കില്‍ അടുത്ത പേജില്‍ രജിസ്ട്രേഷന്‍ സമയത്ത് നല്‍കിയ മൊബൈല്‍ നമ്പറിന്‍റെ അവസാന അക്കങ്ങള്‍ കാണിക്കും. അത് ശരിയാണെങ്കില്‍ യെസ് കൊടുക്കുക. നോ കൊടുത്ത് പുതിയ നമ്പര്‍ കൊടുക്കാനും സൌകര്യമുണ്ട്. ഏതാനും നിമിഷങ്ങള്‍ക്കകം ഇ-ആധാര്‍ ലെറ്റര്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള പാസ് വേഡ് മൊബൈലില്‍ എസ്.എം.എസായി ലഭിക്കും. നിങ്ങളുടെ പോസ്റ്റല്‍ പിന്‍കോഡ് നല്‍കിയാല്‍ ഇതിന്‍റെ പി.ഡി.എഫ് ഫോര്‍മാറ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിയ്ക്കും. പി.ഡി.എഫിന്‍റെ പ്രിന്‍റ് ഔട്ട് ആധാര്‍ കാര്‍ഡിന് തുല്യമാണ്. ബാങ്കുകള്‍, വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ എന്നിങ്ങനെ എവിടേയും ഇതുപയോഗിക്കാം. ആധാര്‍ സംബന്ധിച്ച എന്തു സംശയങ്ങള്‍ക്കും 1800 4251 1800 എന്ന നമ്പറില്‍ വിളിക്കുക.

ആധാറും വോട്ടര്‍ ഐഡിയും ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍ 2

 

തിരഞ്ഞെടുപ്പ് വോട്ടര്‍ ഐ.ഡി കാര്‍ഡിന് വേണ്ടി അപേക്ഷിക്കാന്‍ http://www.ceo.kerala.gov.in/eregistration.html എന്ന വെബ്സൈറ്റാണ് സന്ദര്‍ശിക്കേണ്ടത്. ഇവിടെ നിങ്ങള്‍ താമസിക്കുന്ന ജില്ല, വില്ലേജ്, വാര്‍ഡ് നമ്പര്‍, ഹൌസ് നമ്പര്‍, വിലാസം, ജനന സ്ഥലം, ജനന തിയതി, നേരത്തെ വോട്ടര്‍ ഐ.ഡി കാര്‍ഡെടുത്തതാണെങ്കില്‍ അതിന്‍റെ നമ്പര്‍ എന്നിവ കൊടുക്കുക. പ്രസ്തുത സ്ഥലത്ത് നിങ്ങള്‍ പുതിയ താമസക്കാരനാണെങ്കില്‍ പ്രദേശത്തുള്ള ആരുടെയെങ്കിലും; സുഹൃത്തിന്‍റെയോ ബന്ധുവിന്‍റെയോ അയല്‍ക്കാരന്‍റെയോ, വോട്ടര്‍ ഐ.ഡി നമ്പര്‍ കൂടി കൊടുക്കണം. പേര് വിവരങ്ങള്‍ മലയാളത്തിലും ടൈപ്പ് ചെയ്യണം. അതിനായി സൈറ്റില്‍ തന്നെയുള്ള വിര്‍ച്ച്വല്‍ കീബോര്‍ഡ് ഉപയോഗിക്കാം.

അപേക്ഷയോടൊപ്പം ഫോട്ടോയും അപ്ലോഡ് ചെയ്യാം. അപേക്ഷകന്‍റെ മുഖവും തോളും ഫോട്ടോയില്‍ വ്യക്തമായി പതിഞ്ഞിരിക്കണം. വെളുത്തത് അല്ലെങ്കില്‍ ഇളം നിറത്തിലുള്ള പശ്ചാത്തലം നിര്‍ബന്ധമാണ്. സൈസ് 180 കെബിയില്‍ കൂടാന്‍ പാടില്ല. അപേക്ഷകന്‍ കൂളിങ് ഗ്ലാസ്, മതാചാരത്തിന്‍റെ ഭാഗമല്ലാത്ത തൊപ്പി, ശിരോവസ്ത്രം എന്നിവ ധരിക്കാന്‍ പാടില്ല.

ഇത്രയും കാര്യങ്ങള്‍ ചെയ്ത് അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഏതാനും ദിവസങ്ങള്‍ക്കകം പഞ്ചായത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ നിങ്ങളെ സന്ദര്‍ശിച്ച് നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പ് വരുത്തും. നെറ്റില്‍ ഫോട്ടോ അപ്ലോഡ് ചെയ്തിട്ടില്ല എങ്കില്‍ അത് തദവസരത്തില്‍ അദേഹത്തിന് നല്‍കിയാലും മതിയാകും. വോട്ടര്‍ ഐ.ഡി കാര്‍ഡ് പിന്നീട് ബ്ളോക്ക് ഓഫീസ്/വില്ലേജ് ഓഫീസില്‍ നിന്ന്‍ നേരിട്ട് കൈപറ്റാം. 25 രൂപ സ്റ്റാമ്പൊട്ടിച്ച സ്വന്തം വിലാസമെഴുതിയ കവര്‍ വെരിഫിക്കേഷന്‍ സമയത്ത് കൊടുത്താല്‍ കാര്‍ഡ് തപാലിലും കിട്ടും.

ചുരുക്കത്തില്‍, സാങ്കേതിക വിദ്യയുടെ പുരോഗതിയനുസരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപഭോക്താവിന്‍റെ വീട്ടുപടിക്കല്‍ എത്തുകയാണ്. അതിനെക്കുറിച്ച് അജ്ഞരാകാതെ കാലത്തിന്‍റെ പോക്കിനെ തങ്ങളുടെ കൈപ്പിടിയിലൊതുക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്.

1 thought on “ആധാറും വോട്ടര്‍ ഐഡിയും ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍”

  1. akshaya,online reg.ns janangale kuduthal valaykkunnu,munpu 2week eduthalum crtfts kittumayirunnu,ennal innu onlne sevanam ennalathe ithu kondu janagalku yathoru benifitum lafikkunnilla ennethanu vasthavam.

Leave a Comment

Your email address will not be published. Required fields are marked *