റോഡ് നിര്‍മ്മാണം മുതല്‍ ആശുപത്രികളുടെയും കോളേജുകളുടെയും രൂപീകരണം വരെയുള്ള ഒരു പാട് വികസന പ്രവര്‍ത്തനങ്ങള്‍ മാറി വന്ന നമ്മുടെ സര്‍ക്കാരുകള്‍ ചെയ്തിട്ടുണ്ട്. അത് അവരുടെ കടമയുമാണ്. അതിനുള്ള തുക എവിടെ നിന്നാണെന്ന്‍ ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ– ജനങ്ങളുടെ നികുതിപ്പണം. കോടിക്കണക്കിനു വരുന്ന സാധാരണക്കാരും ഉന്നത ശ്രേണിയരും അടങ്ങുന്ന പൊതുസമൂഹം നല്‍കുന്ന നികുതിയാണ് സര്‍ക്കാരിന്‍റെ പ്രധാന വരുമാന സ്രോതസ്. ആ തുക വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നു. എന്നാല്‍ നിങ്ങള്‍ പണമടച്ചോളൂ, പക്ഷേ പദ്ധതികള്‍ക്ക് ഞങ്ങളുടെ ആളുകളുടെ പേര് മാത്രമേ നല്‍കൂ എന്ന്‍ ഒരു ഭരണകൂടം പറഞ്ഞാലോ ? വിശ്വസിച്ചാലും ഇല്ലെങ്കിലും അതാണ് കാലങ്ങളായി നമ്മുടെ നാട്ടില്‍ നടക്കുന്നത്.
മഹാത്മാ ഗാന്ധി മുതല്‍ സുഭാഷ് ചന്ദ്ര ബോസ്, ഗോപാല്‍ കൃഷ്ണ ഗോഖലെ, ലാലാ ലാജ്പത് റായ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഭഗത് സിങ് എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ധീര ദേശാഭിമാനികളുടെ ആത്മാര്‍പ്പണത്തിന്‍റെ ഫലമാണ് നമ്മള്‍ ഇന്ന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം. എന്നാല്‍ സ്വാതന്ത്ര്യം കിട്ടി ആറ് പതിറ്റാണ്ട് പിന്നിടുമ്പോഴും നേതാജിയുടെയോ പട്ടേലിന്‍റെയോ ടാഗോറിന്‍റെയോ പേരില്‍ ഏതെങ്കിലും വന്‍കിട പദ്ധതിയോ യൂണിവേഴ്സിറ്റിയോ നമുക്ക് ചൂണ്ടിക്കാട്ടാനില്ല. പഞ്ചായത്തുകളോ നഗരസഭകളോ നാമകരണം ചെയ്യുന്ന റോഡുകളുടെ പേരുകളില്‍ പലപ്പോഴും അവര്‍ക്ക് ഒതുങ്ങേണ്ടി വന്നു. മറ്റുചിലര്‍ക്ക് നാട്ടിന്‍പുറങ്ങളിലെ വായനശാലകളാണ് അഭയമായത്. ടാഗോര്‍ അല്ലെങ്കില്‍ ആസാദ് സ്മാരക വായനശാലകളെ ഈ ഘട്ടത്തില്‍ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.
പക്ഷേ നേരെ തിരിച്ചാണ് നെഹ്രു കുടുംബത്തിന്‍റെ കാര്യം. കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ 450ല്‍ പരം പദ്ധതികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് നെഹ്രുവിന്‍റെയും ഇന്ദിരയുടെയും രാജീവിന്‍റെയും പേരുകള്‍ നല്‍കിയത്. മനേകയും കുടുംബവും പാര്‍ട്ടിയുമായി അകല്‍ച്ചയിലായത് കൊണ്ടാവണം സഞ്ജയ് ഗാന്ധിയുടെ പേര് ഇക്കാര്യത്തില്‍ പിന്നോക്കം പോയത്. നെടുമ്പാശേരി എയര്‍പോര്‍ട്ടിന് അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍റെ പേര് നല്‍കണമെന്ന ആവശ്യം ഏറെ നാളായി നിലവിലുണ്ടെങ്കിലും പാര്‍ട്ടിയും സര്‍ക്കാരും വേണ്ടത്ര താല്‍പര്യം കാണിക്കാത്തതുകൊണ്ട് അത് ഫലവത്തായില്ല. എന്നാല്‍ എയര്‍പോര്‍ട്ടുകള്‍ക്കും ആശുപത്രികള്‍ക്കും വേണ്ടി ഏറെ പരിശ്രമിച്ചതു കൊണ്ടാണോ എന്നു വ്യക്തമല്ല, നാല്‍പ്പതിലേറെ സമാന സ്ഥാപനങ്ങള്‍ക്കാണ് ഇന്ദിരയുടെയും രാജീവിന്‍റെയും പേരുകള്‍ നല്‍കിയത്.
നെഹ്രു കുടുംബത്തിന്‍റെ പേരിലുള്ള പ്രധാന പദ്ധതികളും സ്ഥാപനങ്ങളും
പദ്ധതികള്‍
1. രാജീവ് ഗാന്ധി ഗ്രാമിന്‍ വിദ്യുതികരണ്‍ യോജന
2. രാജീവ് ഗാന്ധി ദേശീയ കുടിവെള്ള പദ്ധതി
3. ജവഹര്‍ലാല്‍ നെഹ്രു നാഗരിക പുനരുദ്ധാരണ പദ്ധതി
4. ഇന്ദിര ആവാസ് യോജന
5. ഇന്ദിര ഗാന്ധി ദേശീയ വാര്‍ദ്ധക്യ പെന്‍ഷന്‍ പദ്ധതി
6. രാജീവ് ഗാന്ധി ക്രെച്ചേ പദ്ധതി(കുട്ടികള്‍ക്ക്)
7. രാജീവ് ഗാന്ധി ഉദ്യമി മിത്ര യോജന
8. ജവഹര്‍ലാല്‍ നെഹ്രു റോസ്ഗാര്‍ യോജന
9. രാജീവ് ഗാന്ധി ശ്രമിക് കല്യാണ്‍ യോജന
10. ഇന്ദിര ഗാന്ധി കനാല്‍ പദ്ധതി
11. രാജീവ് ഗാന്ധി ശില്പി സ്വസ്ഥ്യ ഭീമാ യോജന
12. ഇന്ദിര വികാസ് പത്ര
13. രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ്സ് സ്കീം
14. ഇന്ദിര ഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍
15. രാജീവ് ഗാന്ധി ബിപിഎല്‍ ഉപഭോക്താക്കള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി
രണ്ടു കോടി രൂപ മുതല്‍ 70000 കോടി രൂപ വരെയാണ് മേല്‍പറഞ്ഞ പദ്ധതികള്‍ക്ക് ഇതുവരെ വന്ന ചെലവ്. ഇതുകൂടാതെ 49 സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍, 26 പ്രമുഖ ടൂര്‍ണമെന്‍റുകള്‍, 17 സ്റ്റേഡിയങ്ങള്‍, 9 വിമാനത്താവളങ്ങള്‍ / തുറമുഖങ്ങള്‍, 4 വൈദ്യുത പദ്ധതികള്‍, 99 യൂണിവേഴ്സിറ്റികള്‍ അഥവാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 41 പുരസ്ക്കാരങ്ങള്‍, 17 സ്കോളര്‍ഷിപ്പുകള്‍, 17 ദേശീയ പാര്‍ക്കുകള്‍, 37 ആശുപത്രികള്‍, 35 വിജ്ഞാന കേന്ദ്രങ്ങള്‍, 70 പ്രമുഖ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് സര്‍ക്കാര്‍ നെഹ്രു കുടുംബാംഗങ്ങളുടെ പേരുകള്‍ നല്‍കിയത്.
സ്ഥാപനങ്ങള്‍
1. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം എനര്‍ജി, റായ് ബറേലി
2. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്സ്, റാഞ്ചി
3. രാജീവ്ഗാന്ധി ടെക്നിക്കല്‍ യൂണിവേഴ്സിറ്റി, ഭോപ്പാല്‍
4. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ലോ, പട്ട്യാല, പഞ്ചാബ്.
5. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോട്ടയം
6. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി, അരുണാചല്‍ പ്രദേശ്
7. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബാംഗ്ലൂര്‍
8. രാജീവ്ഗാന്ധി ഹോപിയോപ്പതിക് മെഡിക്കല്‍ കോളേജ്, ഭോപ്പാല്‍
9. രാജീവ്ഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, മധ്യ പ്രദേശ്
10. രാജീവ് ഗാന്ധി മഹാ വിദ്യാലയ്, മധ്യ പ്രദേശ്
11. രാജീവ്ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് നോളഡ്ജ് ടെക്നോളജി, ആന്ധ്ര പ്രദേശ്
12. രാജീവ് ഗാന്ധി സയന്‍സ് സെന്‍റര്‍, മൌറീഷ്യസ്
13. ഇന്ദിര ഗാന്ധി ദേശീയ ഓപ്പണ്‍ യൂണിവേഴ്സിറ്റി
14. ഇന്ദിര ഗാന്ധി ദേശീയ ട്രൈബല്‍ യൂണിവേഴ്സിറ്റി, ഒറീസ
15. ഇന്ദിര ഗാന്ധി മെഡിക്കല്‍ കോളേജ്, സിംല
16. ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി, ഡല്‍ഹി
17. ജവഹര്‍ലാല്‍ നെഹ്രു സാങ്കേതിക സര്‍വ്വകലാശാല, ആന്ധ്ര പ്രദേശ്
ആശുപത്രികള്‍
1. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ്, ബാംഗ്ലൂര്‍
2. രാജീവ്ഗാന്ധി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍, ഡല്‍ഹി
3. രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, റെയ്ച്ചൂര്‍
4. രാജീവ് ഗാന്ധി മെഡിക്കല്‍ കോളേജ്, മുംബൈ
5. രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ഡല്‍ഹി
6. ഇന്ദിര ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പട്ന
7. ഇന്ദിര ഗാന്ധി പീഡിയാട്രിക് ഹോസ്പിറ്റല്‍, അഫ്ഗാനിസ്ഥാന്‍
8. ഇന്ദിര ഗാന്ധി ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍, കൊല്‍ക്കത്ത
9. ഇന്ദിര ഗാന്ധി ആയുര്‍വേദിക് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍, ഭുവനേശ്വര്‍
10. കമല നെഹ്രു ഹോസ്പിറ്റല്‍, സിംല
11. ജവഹര്‍ലാല്‍ നെഹ്രു കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍റ് റിസര്‍ച്ച് സെന്‍റര്‍, ഭോപ്പാല്‍
12. ജവഹര്‍ലാല്‍ നെഹ്രു മെഡിക്കല്‍ കോളേജ്, റായ്പൂര്‍
13. നെഹ്രു ഹോമിയോപതിക് മെഡിക്കല്‍ കോളേജ് ആന്‍റ് ഹോസ്പിറ്റല്‍, ഡല്‍ഹി
മറ്റ് പ്രമുഖ കേന്ദ്രങ്ങള്‍
1. ജവഹര്‍ലാല്‍ നെഹ്രു ഭവന്‍(വിദേശ കാര്യ മന്ത്രാലയത്തിന്‍റെ ആസ്ഥാനം)
2. രാജീവ് ഗാന്ധി പാര്‍ക്ക്, ഡല്‍ഹി
3. നെഹ്രു പാര്‍ക്ക്, ഡല്‍ഹി
4. രാജീവ് ഗാന്ധി എഡ്യൂക്കേഷന്‍ സിറ്റി, ഹരിയാന
5. രാജീവ് ഗാന്ധി ഐടി പാര്‍ക്ക്, പൂനെ
6. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഹൈദരാബാദ്
7. ഇന്ദിര ഗാന്ധി സുവോളജിക്കല്‍ പാര്‍ക്ക്
8. രാജീവ് ഗാന്ധി സീ ലിങ്ക്, മുംബൈ
9. ഇന്ദിര ഗാന്ധി സ്പോര്‍ട്ട്സ് കോംപ്ലക്സ്, ഡല്‍ഹി
10. ഇന്ദിര ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, ഡല്‍ഹി
11. ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം, ഡല്‍ഹി
12. രാജീവ് ഗാന്ധി ദേശീയ ഫുട്ബോള്‍ അക്കാദമി, ഹരിയാന
13. രാജീവ് ഗാന്ധി എസി സ്റ്റേഡിയം, വിശാഖപ്പട്ടണം
14. രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, പോണ്ടിച്ചേരി
15. രാജീവ്ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം, ഹൈദരാബാദ്
16. ഇന്ദിര ഗാന്ധി സ്റ്റേഡിയം, ആന്ധ്ര പ്രദേശ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍
17. രാജീവ്ഗാന്ധി കണ്ടൈനര്‍ ടെര്‍മിനല്‍, കൊച്ചി
18. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഡല്‍ഹി
പട്ടിക അനന്തമായി നീളുന്നു. ഇന്ദിരയുടെയും രാജീവിന്‍റെയും ജന്മ–ചരമദിനങ്ങള്‍ ആചരിക്കുന്നതിനും പത്ര പരസ്യങ്ങള്‍ നല്‍കുന്നതിനുമായി 30.49 കോടി രൂപ ഇതിനകം ചെലവിട്ടതായി വിവരാവാകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് അടുത്തിടെ സര്‍ക്കാര്‍ മറുപടി നല്‍കി. വിവിധ സ്ഥാപനങ്ങളുടെ പേരില്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സ്മാരകങ്ങള്‍ തീര്‍ത്ത കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പക്ഷേ മറ്റ് ദേശീയ നേതാക്കളെ കണ്ടില്ലെന്ന്‍ നടിച്ചു. നേതാക്കളെ അനുസ്മരിക്കാനായി പൊടിച്ച കോടികള്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ക്കുവേണ്ടി വിനിയോഗിച്ചിരുന്നെങ്കില്‍ എന്ന്‍ പൊതുജനം ആശിച്ചാല്‍ ഇതാണ് ജനാധിപത്യം എന്നു മറുവാക്ക് പറഞ്ഞ് അവരോടു സഹതപിക്കാനേ നിര്‍വാഹമുള്ളൂ.
[ My article published in KVartha in early August]