ഇഡ്ഡലിയും സാമ്പാറും ഇന്ത്യയിലെ ഏറ്റവും നല്ല പ്രഭാത ഭക്ഷണം

ഇഡ്ഡലിയും സാമ്പാറും ഇന്ത്യയിലെ ഏറ്റവും നല്ല പ്രഭാത ഭക്ഷണം 1

 ഇന്ത്യയിലെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണമായി ഇഡ്ഡലിയും സാമ്പാറും തെരഞ്ഞെടുക്കപ്പെട്ടു. മുംബൈ കോളേജ് ഓഫ് ഹോം സയന്‍സ് ഡയറക്ടര്‍ മാലതി ശിവരാമകൃഷ്ണന്‍റെ നേതൃത്വത്തില്‍ രാജ്യത്തെ നാല് മെട്രോ നഗരങ്ങളില്‍ നടത്തിയ സര്‍വ്വേയിലാണ് ഇഡ്ഡലിയും സാമ്പാറും ജേതാവായത്.

ചെന്നൈ, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ എട്ടിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള 3600 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. പുതുതലമുറ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധാലുക്കളാണെങ്കിലും ഭക്ഷണകാര്യങ്ങളില്‍ ഉദാസീന മനോഭാവമാണ് കാണിക്കുന്നതെന്ന് മാലതി ശിവരാമകൃഷ്ണന്‍ പറഞ്ഞു. പലരും പ്രാതലിന്‍റെ കാര്യത്തില്‍ അലംഭാവമാണ് കാണിക്കുന്നത്.

മുംബെയില്‍ നിന്ന്‍ പഠനത്തില്‍ പങ്കെടുത്ത 79% പേരും പോഷകസമ്പന്നമായ പ്രഭാത ഭക്ഷണം കഴിക്കാറില്ല. ഡെല്‍ഹിയിലും കൊല്‍ക്കത്തയിലും ഇത് യഥാക്രമം 76ഉം 75ഉം ശതമാനമാണ്. എന്നാല്‍ ചെന്നെയില്‍ ഇത് 60 ശതമാനം മാത്രമാണ്. പ്രമുഖ ഉല്‍പ്പാദന കമ്പനിയായ കെല്ലോഗ്സാണ് സര്‍വ്വെ സ്പോണ്‍സര്‍ ചെയ്തത്.

മൈദ ഉല്‍പന്നങ്ങളാണ് കൊല്‍ക്കത്തയിലെ പ്രധാന പ്രാതല്‍. ഇതില്‍ കൂടിയ അളവില്‍ കാര്‍ബോ ഹൈഡ്രേറ്റ്സും കുറഞ്ഞ പ്രോട്ടീനുമാണ് ഉള്ളത്. ഫൈബര്‍ ഒട്ടുമില്ല. ഡെല്‍ഹിയുടെ മുഖ്യ പ്രഭാത ഭക്ഷണം പൊറോട്ടയാണെങ്കില്‍ മുംബെയില്‍ അത് കൂടുതലും ബ്രെഡ് പോലുള്ള റെഡിമെയ്ഡ് ഉല്‍പന്നങ്ങളാണ്. പോഷകം കൂടുതലുള്ള ഇഡ്ഡലിയും സാമ്പാറുമാണ് ചെന്നൈക്കാരുടെ പ്രിയപ്പെട്ട പ്രാതല്‍ ഭക്ഷണം.

മലയാളികളുടെയും പ്രിയ വിഭവമായ ഇഡ്ഡലിയെയും സാമ്പാറിനെയും സമ്പൂര്‍ണ്ണ ഭക്ഷണം എന്നാണ് മാലതി വിശേഷിപ്പിച്ചത്.

അരിയും ഉഴുന്നും പരസ്പര പൂരകങ്ങളാണെന്ന് മാത്രമല്ല, അവ പ്രോട്ടീനുകളാല്‍ സമ്പന്നവുമാണ്. വിവിധതരം പച്ചക്കറികളും പരിപ്പും ചേര്‍ന്ന സാമ്പാര്‍ കൂടി ചേരുമ്പോള്‍ ഒരാളുടെ ദൈനംദിന പ്രവര്‍ത്തനത്തിന് വേണ്ട പോഷകങ്ങള്‍ ലഭിക്കും.

ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ റാഗി ഭക്ഷണം കൂടുതലായി കഴിക്കുന്നത് കൊണ്ട് അവിടെയുള്ളവര്‍ക്ക് വന്‍നഗരങ്ങളിലുള്ളവരെക്കാള്‍ ആരോഗ്യ പ്രശ്നങ്ങള്‍ കുറവാണെന്ന് സര്‍വ്വേയില്‍ കണ്ടെത്തി. വിറ്റമിന്‍ ബി, ഫൈബര്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അടങ്ങിയ റാഗി ഒരു ഉത്തമ ഭക്ഷണമാണ്. 

About The Author

Leave a Comment

Your email address will not be published. Required fields are marked *