Image Credit: The Indian Express
ഒരു സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ നരേന്ദ്ര മോദി ആദ്യം പാക്കിസ്ഥാനെയാണ് ഞെട്ടിച്ചത്. ഉറി ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനായി സെപ്തംബര്‍ 29ന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ സേന അതിര്‍ത്തി കടന്ന് അധിനിവേശ കാശ്മീരിലെത്തി മിന്നല്‍ പ്രഹരം നടത്തിയത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് അങ്ങനെയൊരു ആക്രമണം ഉണ്ടാകുമെന്ന് പാക്കിസ്ഥാന്‍ ഒരിക്കലും പ്രതിക്ഷിച്ചിരുന്നില്ല. കാശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ അവസരം കാത്ത് കഴിയുകയായിരുന്ന ഭീകരരും പാക് സൈനികരും ഉള്‍പ്പടെ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ ഏറെ നാളായി പ്രകോപനങ്ങള്‍ സൃഷ്ടിക്കുകയാണെങ്കിലും ഇന്ത്യ പൊതുവേ സംയമനത്തിന്‍റെ പാതയാണ് സ്വീകരിച്ചു പോന്നിരുന്നത്. അതില്‍ നിന്ന് വ്യതിചലിച്ച് ശത്രുവിന് ശക്തമായ തിരിച്ചടി കൊടുത്ത മോദിയുടെ നടപടി വ്യാപകമായ പ്രശംസയാണ് അദ്ദേഹത്തിനും സര്‍ക്കാരിനും നേടിക്കൊടുത്തത്.
ആഴ്ചകള്‍ക്ക് ശേഷം നടത്തിയ മറ്റൊരു സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ മോദി സ്വന്തം ജനങ്ങളെയും ഞെട്ടിച്ചു. കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ടെലിവിഷനിലെ തല്‍സമയ സംപ്രേക്ഷണത്തിലൂടെയാണ് ജനങ്ങളിലെത്തിയത്. സര്‍ക്കാരിന്‍റെ പൊടുന്നനെയുള്ള നടപടി എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കി. രാത്രി തിരുമാനം വന്നതുകൊണ്ട് ആര്‍ക്കും തയ്യാറെടുപ്പിനുള്ള സമയം കിട്ടിയില്ല. ഉപയോഗിക്കാനുള്ള സൌകര്യത്തിനായി വലിയ തുകയ്ക്കുള്ള നോട്ടുകളാക്കി സംഭരിച്ചു വച്ചിരുന്നവരെല്ലാം അടുത്ത പ്രഭാതം മുതല്‍ ചില്ലറയ്ക്കായുള്ള ഓട്ടം തുടങ്ങുകയും ചെയ്തു. മോദി, ധനമന്ത്രി അരുണ്‍ ജെറ്റ്ലി, റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേല്‍ എന്നിങ്ങനെ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് തിരുമാനത്തെ കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നത്. അടിയന്തിരമായി വിളിച്ച കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ വച്ചാണ് മറ്റ് മന്ത്രിമാര്‍ കാര്യങ്ങള്‍ അറിയുന്നത്.
കള്ളപ്പണത്തിനും പാക്കിസ്ഥാനില്‍ നിന്നെത്തുന്ന കള്ളനോട്ടിനും എതിരായ യുദ്ധത്തിന്‍റെ ഭാഗമായെടുത്ത പുതിയ നയത്തിന്‍റെ രഹസ്യാത്മകത ചോരാതിരിക്കാന്‍ നരേന്ദ്ര മോദി പ്രത്യേകം ശ്രദ്ധിച്ചു. എന്നാല്‍ വിഷയത്തില്‍ ജനങ്ങളുമായി നേരിട്ട് ഇടപെടേണ്ട ബാങ്കുകളാണ് അതിന്‍റെ തിക്തഫലം ഏറ്റവുമധികം അനുഭവിച്ചത്. അവരുടെ കൈവശം കൂടുതലുള്ള ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചു, പകരമുള്ള ചെറിയ നോട്ടുകള്‍ ആവശ്യത്തിന് എത്തിച്ചതുമില്ല. ബാങ്ക് അക്കൌണ്ടില്‍ പണമുണ്ടായിട്ടും ലഭിക്കാതായതോടെ പൊതുജനവും ബാങ്ക് ജീവനക്കാരും തമ്മില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. പിന്‍വലിക്കാനുള്ള പരിധി ഇടയ്ക്കിടെ മാറ്റിയതും എടിഎമ്മുകള്‍ അടച്ചിട്ടതും സകലരെയും വലച്ചു. കഷ്ടപ്പാടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ തിരുമാനം സോദ്ദേശ്യപരമായതുകൊണ്ട് മിക്കവരും സ്വാഗതം ചെയ്യുകയാണുണ്ടായത്. പക്ഷെ ശമ്പളവും പെന്‍ഷനും ഉള്‍പ്പടെ നിത്യോപയോഗ ചെലവിനുള്ള പണം പോലും മുടങ്ങിയത് സാധാരണക്കാര്‍ക്ക് തിരിച്ചടിയായി. സമൂഹത്തില്‍ വലിയൊരു വിഭാഗം ധന ഇടപാടുകള്‍ക്കായി ഇന്നും ഏറെ ആശ്രയിക്കുന്ന സഹകരണ ബാങ്കുകളെ കറന്‍സി വിതരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത് കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നയത്തെ പിന്നോട്ടടുപ്പിച്ചു.
സഹകരണ ബാങ്കുകളെ കേരളത്തിന്‍റെ സ്വന്തം സ്വിസ് ബാങ്ക് എന്നാണ് സംസ്ഥാന ബിജെപി ഘടകം വിശേഷിപ്പിക്കുന്നത്. അവിടങ്ങളില്‍ രേഖകളൊന്നുമില്ലാതെയാണ് പണമിടപാടുകള്‍ നടത്തുന്നതെന്നും അക്കൌണ്ടുകളില്‍ കോടികളുടെ കള്ളപ്പണമുണ്ടെന്നുമൊക്കെ അവര്‍ ആരോപിക്കുന്നു. ബാങ്കിംഗ് സ്ഥാപനങ്ങളില്‍ തെറ്റായിട്ടെന്തെങ്കിലും നടന്നാല്‍ ഇടപെടാന്‍ റിസര്‍വ് ബാങ്കിന് അധികാരമുണ്ട്. അനധികൃതമായി നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും പണമിടപാടുകള്‍ നടത്തുകയും ചെയ്ത സ്ഥാപനങ്ങളെ നിയമം വഴി പൂട്ടിച്ച ചരിത്രവും നമുക്കുണ്ട്. സഹകരണ ബാങ്കുകള്‍ക്കെതിരായ തിരുമാനത്തെ ന്യായികരിക്കാനായി പശ്ചിമ ബംഗാളില്‍ നിന്നുള്ള സിപിഎം പോളിറ്റ് ബ്യൂറോ അംഗം സംസ്ഥാനത്തെ തൃണമൂല്‍ നിയന്ത്രിത സഹകരണ ബാങ്കുകള്‍ക്കെതിരെ ധന മന്ത്രാലയത്തിന് നല്‍കിയ കത്ത് ബിജെപി ആയുധമാക്കിയെങ്കിലും ഗുജറാത്തില്‍ പാര്‍ട്ടി നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകള്‍ തന്നെ നയത്തെ വിമര്‍ശിച്ചത് തിരിച്ചടിയായി.
Image Credit: Seattlepi
കള്ളക്കടത്തിലൂടെയും പ്രദേശത്തെ വ്യവസായികളെ ഭീഷണിപ്പെടുത്തിയുമൊക്കെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകള്‍ കോടികളാണ് സംഭരിച്ചു വച്ചിരുന്നത്. അവ ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും കെട്ടുകളാക്കി തങ്ങളുടെ ശക്തി കേന്ദ്രങ്ങളിലെ വന മേഖലകളില്‍ രഹസ്യമായി കുഴിച്ചിട്ടിരിക്കുകയായിരുന്നു. നോട്ടുകള്‍ അസാധുവായതോടെ സമീപവാസികളെയും ബാങ്ക് ജീവനക്കാരെയും വിരട്ടി കുറേ നോട്ടുകള്‍ അവര്‍ മാറ്റിയെടുത്തെങ്കിലും അവശേഷിച്ച ഭൂരിപക്ഷവും നശിപ്പിച്ചു കളയേണ്ടി വന്നു. ജാര്‍ഘണ്ടിലെ ഒരു കുഗ്രാമത്തില്‍ നിന്ന് ഇത്തരത്തില്‍ നശിപ്പിച്ച 25 ലക്ഷം രൂപയാണ് പോലിസ് കണ്ടെടുത്തത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രവര്‍ത്തിക്കാന്‍ പണമില്ലാതായതോടെ ചിലയിടങ്ങളില്‍ മാവോയിസ്റ്റുകള്‍ കൂട്ടത്തോടെ സര്‍ക്കാരിന് കീഴടങ്ങിയതും കഴിഞ്ഞ ദിവസങ്ങളിലാണ്. ബാങ്കുകളില്‍ നിന്ന് മാറ്റാനുള്ള പണത്തിന് പരിധി വച്ചതും രണ്ടര ലക്ഷത്തിന് മുകളിലുള്ള പുതിയ നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി പരിശോധന ഏര്‍പ്പെടുത്തിയതും അധികൃതമായി സ്വത്ത് സമ്പാദിച്ചവരെയും കുടുക്കി. അതില്‍ ചിലര്‍ക്കെങ്കിലും കള്ളപ്പണം വെളിപ്പെടുത്താനുള്ള സര്‍ക്കാര്‍ പദ്ധതിയിയുടെ ഭാഗമായി തങ്ങളുടെ സ്വത്തുവകകളെ കുറിച്ച് വെളിപ്പെടുത്തേണ്ടി വന്നു. ഗുജറാത്ത് ബിസിനസ്സുകാരനായ മഹേഷ് ഷാ ഇത്തരത്തില്‍ 13,860 കോടി രൂപയുടെ അനധികൃത സമ്പാദ്യമാണ് വെളിപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ ബാന്ദ്ര വെസ്റ്റില്‍ താമസിക്കുന്ന അബ്ദുല്‍ സയ്യിദും കുടുംബവും രണ്ടു ലക്ഷം കോടി രൂപയുടെ സ്വത്തും വെളിപ്പെടുത്തി. എന്നാല്‍ പരിശോധനകള്‍ പൂര്‍ത്തിയാകാത്തത് കൊണ്ട് ഈ അവകാശവാദങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ മുഖവിലക്കെടുത്തിട്ടില്ല. കള്ളപ്പണം സ്വമേതയാ വെളിപ്പെടുത്തിയവരില്‍ നിന്ന് നികുതി ഇനത്തില്‍ 65,250 കോടി രൂപയാണ് സര്‍ക്കാരിന് ഇതുവരെ ലഭിച്ചത്.
കറന്‍സി നിയന്ത്രണത്തെ തുരങ്കം വയ്ക്കുന്ന വിധം ചില ബാങ്കുകളെങ്കിലും വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി വഴിവിട്ട സഹായം ചെയ്യുന്ന കാഴ്ചയും നമ്മള്‍ കണ്ടു. കൊച്ചിയിലെ ഒരു വ്യവസായിയില്‍ നിന്ന് രണ്ടായിരത്തിന്‍റെ രണ്ടു ലക്ഷം രൂപയാണ് ഇത്തരത്തില്‍ എന്‍ഫോഴ്സ്മെന്‍റ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ചില ബാങ്ക് ജീവനക്കാരും പോലിസ് കസ്റ്റടിയിലായി. അനധികൃത ഇടപാടുകള്‍ നടത്താനായി അര്‍ദ്ധരാത്രിയിലും പ്രവര്‍ത്തിച്ച ചെന്നൈയിലെ ഒരു ബാങ്ക് നാട്ടുകാരും പോലീസും ഇടപ്പെട്ട് പൂട്ടിച്ച സംഭവവുമുണ്ടായി. രാജ്യമെങ്ങുമുള്ള ആയിരക്കണക്കിന് ബാങ്കിംഗ് ജീവനക്കാര്‍ അഹോരാത്രം ജോലി ചെയ്ത് തങ്ങളുടെ കടമ നിര്‍വഹിക്കുമ്പോഴാണ് ചില കള്ളനാണയങ്ങള്‍ മേഖലയ്ക്കാകെ പേരുദോഷമുണ്ടാക്കുന്നത്.
രാജ്യ നന്മയ്ക്ക് വേണ്ടിയാണ് പഴയ വലിയ നോട്ടുകള്‍ റദാക്കുന്നതെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. പക്ഷെ അതിലും വലിയ രണ്ടായിരത്തിന്‍റെ നോട്ടിറക്കിയത് നയത്തിന്‍റെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതായി. ആയിരത്തിന്‍റെ നോട്ട് പോലും ചില്ലറയാക്കാന്‍ സാധാരണക്കാര്‍ പാടുപെടുമ്പോഴാണ് ഇരട്ടി മൂല്യമുള്ള പുതിയ നോട്ടിന്‍റെ വരവ്. കള്ളപ്പണക്കാര്‍ക്ക് കൂടുതല്‍ എളുപ്പമാകും എന്നല്ലാതെ മറ്റുള്ളവര്‍ക്ക് രണ്ടായിരം കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടാകില്ല. കൂടിയ വിലയ്ക്കുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ കാര്‍ഡ് ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നത്. അതിന് പകരം കൂടിയ നോട്ട് ഇറക്കിയത് ഫലത്തില്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതായി. അഞ്ഞൂറിന് മുകളിലുള്ള നോട്ടുകള്‍ ക്രമേണ ഇല്ലാതാക്കുകയും കൊടുക്കല്‍ വാങ്ങലുകള്‍ക്ക് കാര്‍ഡ്, മൊബൈല്‍ വാലറ്റ്, യുപിഐ പോലുള്ള നവീന മാര്‍ഗ്ഗങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കുകയുമാണ് കള്ളപ്പണത്തിനും കള്ളനോട്ടുകള്‍ക്കും എതിരായ പോരാട്ടത്തില്‍ അടിയന്തിരമായി ചെയ്യേണ്ടത്.
The End