കൂട്ടിലിട്ട തത്ത പറയുന്നത്……………

കൂട്ടിലിട്ട തത്ത പറയുന്നത്............... 1

1941ലാണ് സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്‍റ് എന്ന പേരില്‍ ഒരു ദേശിയ അന്വേഷണ സംഘം രൂപീകരിക്കുന്നത്. പിന്നീട് സി.ബി.ഐ രൂപീകരിക്കുന്നത് 1963 ഏപ്രില്‍ ഐ നാണ്. ഐ.പി.എസ് റാങ്കുള്ള ഡയറക്ടര്‍ ആണ് സി.ബിഐയുടെ തലവന്‍. കുറഞ്ഞത് രണ്ടു വര്‍ഷം എങ്കിലും സര്‍വീസ് ബാക്കിയുള്ള ആളെയാണ് ഡയറക്ടര്‍ ആക്കേണ്ടതെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്.

സി.ബി. ഐ എന്നത് ഒരു കാലത്ത് ഇന്ത്യയിലെ കുറ്റാന്വേഷണത്തിന്‍റെ അവസാന വാക്കായിരുന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും കൈവിട്ട പല കേസുകളും അവര്‍ അനായാസം തെളിയിച്ചു. സി.ബി.ഐ അന്വേഷിച്ചാല്‍ മാത്രമേ വാദികള്‍ക്ക് കുറ്റവാളിയെ കുറിച്ച് വിശ്വാസം വരൂ എന്ന സ്ഥിതി വരെയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാര്യങ്ങള്‍ ആകപ്പാടെ മാറിയിരിക്കുന്നു. അക്കാര്യത്തില്‍ വലിയ ഒരു പങ്കു വഹിച്ചത് സി.ബി.ഐ  സംവിധാനത്തെ പലപ്പോഴും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിച്ച ഭരണാധികാരികള്‍ തന്നെയാണ് എന്നത് സത്യമാണ്.

രാജ്യത്തെ കുറ്റകൃത്യത്തിന്‍റെ വേരറുക്കാനായി രൂപീകരിക്കപ്പെട്ട സി.ബി.ഐ സംവിധാനം മിക്കപ്പോഴും   മാറി മാറി വന്ന സര്‍ക്കാരുകളുടെ സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള ചട്ടുകമായി പ്രവര്‍ത്തിച്ചു. ഏതു നിസാര കേസും  പോലീസിനെ അവഗണിച്ച് സിബിഐയെ ഏല്‍പ്പിക്കാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ കാണിച്ച ഉല്‍സാഹവും അതിന്‍റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള അംഗബലമോ സൌകര്യങ്ങളോരാജ്യത്തെ പരമോന്നത കുറ്റാന്വേഷണ സംവിധാനത്തിന് ഇല്ലായിരുന്നു.

കൂട്ടിലിട്ട തത്ത പറയുന്നത്............... 2

കൂട്ടിലിട്ട തത്ത പറയുന്നത്............... 3

കഴിഞ്ഞ  രണ്ടു ദശകങ്ങള്‍ സി.ബിഐ.യുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളാണ് തീര്‍ത്തത്. രാഷ്ട്രീയ നേതൃത്വത്തിന്‍റെ നിര്‍ദേശമനുസരിച്ച് അന്വേഷണ സംഘത്തിന് പലപ്പോഴും റിപ്പോര്‍ട്ടുകളില്‍ യഥേഷ്ടം വെള്ളംചേര്‍ക്കേണ്ടി വന്നിട്ടുണ്ട്. ലാലു പ്രസാദ് യാദവിനെതിരെ കാലിത്തീറ്റ കുംഭകോണത്തിന്‍റെ പേരിലുംവരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സംബാധിച്ചതിന്‍റെ പേരിലും കേസെടുത്ത സി.ബി.ഐ പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് സ്ഥാപിച്ചത് ഇന്നും ദുരൂഹമാണ്. ഒരാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല. പക്ഷേ കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരിന് ആര്‍.ജെ.ഡി നിരുപാധികം പിന്തുണ നല്കാന്‍ തീരുമാനിച്ചതും തൊട്ടു പുറകെ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടും തമ്മില്‍ ചേര്‍ത്തു വായിക്കണം.

കല്‍ക്കരിക്കേസില്‍ കോടതിക്ക് സമര്‍പ്പിക്കേണ്ട അന്വേഷണ റിപ്പോര്‍ട്ടില്‍ ഭരണ നേതൃത്വം തിരുത്തല്‍ വരുത്തി എന്നു വ്യക്തമായിക്കഴിഞ്ഞു. സര്‍ക്കാരിനെതിരെയുള്ള ചില പരാമര്‍ശങ്ങളാണ് അങ്ങനെ ഒഴിവാക്കിയത്. അതുപോലെ മുമ്പും ചെയ്തിട്ടുണ്ടാവാം. അങ്ങനെ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിച്ചിട്ടുണ്ടോ എന്നു മാത്രമേ ഇനി അറിയാനുള്ളു. മായവതിക്കെതിരെയുള്ള താജ് കോറിഡോര്‍ അഴിമതിക്കേസിലും സമാനമായ റിപ്പോര്‍ട്ടാണ് കോടതിക്ക് മുമ്പാകെ എത്തിയത്. വന്‍ വിവാദമായ സംഭവത്തില്‍ മായാവതി കുറ്റക്കാരിയല്ല എന്ന നിലപാട് സി.ബി.ഐ കൈക്കൊണ്ടത് കേന്ദ്ര സര്‍ക്കാരിന് അവര്‍ പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ്. സ്വാര്‍ഥമതികളായ രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാരുകള്‍ക്ക് നിരുപാധികം പിന്തുണ പ്രഖ്യാപിക്കുന്നത് വെറുതെയല്ല എന്ന്‍ ജനം അടക്കം പറയുന്നത് ഇതുകൊണ്ടാണ്.

സര്‍ക്കാരുകളുടെ നിലനില്‍പ്പിന് വേണ്ടി ഇങ്ങനെ സി.ബി.ഐ അവരുടെ അന്വേഷണത്തില്‍ വെള്ളം   ചേര്‍ക്കുന്നുണ്ടെങ്കില്‍ അത് അക്ഷന്തവ്യമായ തെറ്റാണ്. പൊതു ഖജനാവിന് നഷ്ടം ഉണ്ടാക്കുന്നവര്‍ക്ക് കൂട്ട് നിന്ന് അവരെ വെള്ള പൂശാന്‍ ശ്രമിച്ചാല്‍ അത് രാജ്യ ദ്രോഹം തന്നെയാണ്. അക്കാര്യത്തില്‍ പൊതുജനത്തിന്‍റെ   സംശയങ്ങള്‍ക്ക് അറുതി വരുത്താനെങ്കിലും സര്‍ക്കാരുകളുടെ കയ്യില്‍ നിന്ന് സി.ബി.ഐയുടെ കടിഞ്ഞാണ്‍ എടുത്തു മാറ്റണം. ഇല്ലെങ്കില്‍ ഇപ്പോള്‍ തന്നെ പോലീസില്‍ വിശ്വാസം കുറവായ ജനത്തിന് സിബിഐയിലുള്ള  വിശ്വാസവും നഷ്ടപ്പെടും.

 

Leave a Comment

Your email address will not be published. Required fields are marked *