ഉറ്റ സുഹൃത്തായ രാജീവ് ഗാന്ധിയുടെ പിന്‍ബലത്തില്‍ രാഷ്ടീയത്തിലിറങ്ങിയ ബോളിവുഡിന്‍റെ ഷഹന്‍ഷാ അമിതാഭ് ബച്ചന് പക്ഷേ ഏറെ നാള്‍ അവിടെ നില്‍ക്കാനായില്ല. 1984ല്‍ അലഹാബാദില്‍ നിന്ന് അതുവരെ രാജ്യം കണ്ട ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ അദ്ദേഹം പാര്‍ലമെന്‍റില്‍ എത്തിയെങ്കിലും ബോഫോഴ്സ് വിവാദത്തില്‍ വലിച്ചിഴക്കപ്പെട്ടതിനെ തുടര്‍ന്നു 87ല്‍ രാജിവച്ചു. സ്വന്തം നിലയ്ക്ക് നടത്തിയ സാമൂഹ്യ പ്രവര്‍ത്തനം രാഷ്ട്രീയത്തിന്‍റെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടതുകൊണ്ടാണ് സ്ഥാനമൊഴിഞ്ഞതെന്ന് പിന്നീട് വെളിപ്പെടുത്തിയ ബച്ചന്‍ രാഷ്ട്രീയത്തെ ഒരു വലിയ ചെളിക്കുണ്ടായാണ് വിശേഷിപ്പിച്ചത്. ആപത്ഘട്ടത്തില്‍ സഹായിച്ച അമര്‍സിങ്ങിന്‍റെ പ്രേരണയില്‍ അദ്ദേഹത്തിന്‍റെ സമാജ് വാദി പാര്‍ട്ടിയുമായി അമിതാഭ് അടുത്തിടെ സഹകരിച്ചു പ്രവര്‍ത്തിച്ചെങ്കിലും രാഷ്ട്രീയത്തില്‍ പക്ഷേ സജീവമായില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ ഭാര്യയും നടിയുമായ ജയ ബച്ചന്‍ സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെ രാജ്യസഭയിലെത്തി.
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ എന്‍.ടി രാമറാവു സ്വന്തം പാര്‍ട്ടി രൂപീകരിച്ച് മുഖ്യമന്ത്രിക്കസേരയില്‍ വരെയെത്തിയെങ്കിലും ആ നേട്ടം ആവര്‍ത്തിക്കാന്‍ ചിരഞ്ജീവിക്കായില്ല. കൊട്ടിഘോഷിച്ച് തുടങ്ങിയ പാര്‍ട്ടിയെ പിന്നീട് കോണ്‍ഗ്രസില്‍ ലയിപ്പിച്ച അദ്ദേഹം ഇപ്പോള്‍ കേന്ദ്രമന്ത്രിയാണ്. സ്റ്റൈല്‍ മന്നന്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന വാര്‍ത്ത ഏറെ നാള്‍ പ്രചരിച്ചെങ്കിലും വിവിധ കാലങ്ങളില്‍ ഡി.എം.കെ മുന്നണിക്കും എന്‍.ഡി.എക്കും വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാന്‍ മാത്രമാണ് അദ്ദേഹം താല്‍പര്യപ്പെട്ടത്. എന്നാല്‍ ശിവാജി ഗണേശന്‍ മുതല്‍ വിജയ് വരെയുള്ള നിരവധി വിഗ്രഹങ്ങള്‍ പലപ്പോഴായി രാഷ്ട്രീയഗോദയിലിറങ്ങി. വിജയകാന്തിനെ പോലെ ഭേദപ്പെട്ട പ്രകടനം നടത്തിയവരും വടിവേലുവിനെ പോലെ കൈ പൊള്ളിയവരും അതില്‍ പെടും.
എണ്‍പതുകളുടെ അവസാനം രാഷ്ട്രീയത്തിലിറങ്ങിയ പ്രേംനസീറിനെ പക്ഷേ വെള്ളിത്തിരയിലെ ഭാഗ്യം തുണച്ചില്ല.എങ്കിലും നിരവധി പിന്തുടര്‍ച്ചക്കാര്‍ പിന്നീട് അദ്ദേഹത്തിന് മലയാള സിനിമയിലുണ്ടായി. ആലപ്പുഴയില്‍ സുധീരനോടു തോറ്റ നടന്‍ മുരളിയും കന്നിയങ്കത്തില്‍ തന്നെ മന്ത്രിയായ ഗണേശ് കുമാറുമെല്ലാം അതില്‍പ്പെടും.
കലാകാരന്മാര്‍ മാത്രമല്ല കായിക താരങ്ങള്‍, വ്യവസായികള്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ എന്നിങ്ങനെ തങ്ങളുടെ പ്രശസ്തി വിറ്റ് വോട്ടാക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ നിരവധിയാണ്. പൊതുജന സേവനം എന്ന സദുദ്ദേശ്യം മാത്രം മനസില്‍ വച്ചാണ് ചിലര്‍ വന്നതെങ്കില്‍ അധികാരം എന്ന ആത്യന്തിക ലക്ഷ്യമാണ് കുറെപ്പേരെ പ്രലോഭിപ്പിച്ചത്. പണവും പ്രശസ്തിയും രാഷ്ട്രീയത്തില്‍ താല്‍ക്കാലിക നേട്ടം മാത്രമേ നല്‍കൂവെന്നും രാഷ്ട്രീയത്തില്‍ വിജയിക്കണമെങ്കില്‍ പ്രവര്‍ത്തന മികവ് തന്നെ വേണമെന്നും അനുഭവം അവരെ പഠിപ്പിച്ചു. ക്യാമറക്ക് മുന്നിലുള്ള അഭിനയം അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെങ്കിലും പറയുന്ന വാക്കും ചെയ്യുന്ന പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലെങ്കില്‍ ആര്‍ക്കും എങ്ങുമെത്താനാവില്ല എന്നതാണ് ബ്യൂറോക്കസിയുടെ ആപ്തവാക്യം. എന്നാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഏത് ഉന്നതപദവിയിലുമെത്താം. സ്വന്തം ബ്രാന്‍റ് ഇമേജിന്‍റെ ബലത്തില്‍ ഒരാള്‍ക്ക് രാഷ്ട്രീയ ജീവിതത്തിനു തുടക്കമിടാമെങ്കിലും അത് വളര്‍ന്നു പന്തലിക്കണമെങ്കില്‍ ജനവിശ്വാസവും കഷ്ടപ്പെടാന്‍ തയ്യാറുള്ള മനസും വേണമെന്ന്‍ ചുരുക്കം.