നെഹ്രു കുടുംബവും കോണ്‍ഗ്രസ് രാഷ്ട്രീയവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. ജവഹര്‍ലാല്‍ നെഹ്രു മുതല്‍ രാഹുല്‍ വരെയുള്ള തലമുറ പറഞ്ഞതിനപ്പുറം പാര്‍ട്ടിയില്‍ ഒന്നും നടന്നിട്ടില്ലെന്ന് ദേശീയ രാഷ്ട്രീയത്തെ സസൂക്ഷ്മം വീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസിലാക്കാന്‍ സാധിയ്ക്കും. ഏത് വിഷയത്തിലും അവര്‍ പറയുന്നതായിരുന്നു കോണ്‍ഗ്രസിലെ അവസാന വാക്ക്. പ്രഗത്ഭരായ അനവധി നേതാക്കളുണ്ടെങ്കിലും നെഹ്രുവിന്റെ പിന്മുറക്കാര് പറയുന്നതാണ് പാര്‍ട്ടിയിലെ എല്ലാവരും വേദവാക്യമായി സ്വീകരിച്ചത്.
നെഹ്രു കുടുംബത്തിന്റെ ഏറ്റവും വലിയ തുറുപ്പ് ചീട്ട് അവരുടെ ജനസമ്മതിയായിരുന്നു എന്നതില്‍ തര്‍ക്കമില്ല. മറ്റു നേതാക്കളില്‍ നിന്നു വ്യത്യസ്തമായി രാജ്യത്തിന്റെ വിഭിന്ന ഭാഗങ്ങളില്‍ അവര്‍ ഒരുപോലെ സ്വീകരിക്കപ്പെട്ടു. എകെജി മുതല്‍ അദ്വാനി വരെയുള്ള പ്രതിപക്ഷ നേതാക്കളുടെ സ്വാധീനം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമാണ് പ്രകടമായത്. എന്നാല്‍ നെഹ്രുവിനും ഇന്ദിരയ്ക്കുമൊക്കെ പലപ്പോഴും സ്വന്തം വ്യക്തി പ്രഭാവമുപയോഗിച്ച് കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ സാധിച്ചു. കേന്ദ്രത്തില്‍ ആദ്യമായി ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ ഭരണത്തിലെത്തുന്നത് 1977ലാണ്. താന്‍പോരിമയും നേതാവ് ചമയാനുള്ള ഓരോരുത്തരുടെയും ശ്രമവും മൂലമാണ് അന്നത്തെ ജനതാപാര്‍ട്ടി സര്‍ക്കാര്‍ നിലംപൊത്തിയതെന്ന് പറഞ്ഞാല്‍ തെറ്റില്ല. ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലും സ്വാധീനമുള്ള ഒരു നേതാവില്ലാതെ പോയതും അവര്‍ക്ക് വിനയായി. കാമരാജ് ദക്ഷിണേന്ത്യയുടെ മാത്രം നേതാവായിരുന്നുവെങ്കില്‍ വടക്കും കിഴക്കുമുള്ള വിവിധ മേഖലകളായിരുന്നു മൊറാര്‍ജി ദേശായുടെയും ജയപ്രകാശ് നാരായണന്റെയും ശക്തികേന്ദ്രം.
കോണ്‍ഗ്രസിനകത്തെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല. സര്‍ദാര്‍ പട്ടേലും ജഗ്ജീവന് റാമും ശ്യാമ പ്രസാദ് മുഖര്‍ജിയും ആസാദും ഉള്‍പ്പടെയുള്ള പ്രഗത്ഭരായ നേതാക്കള്‍ അനവധിയുണ്ടായിട്ടും അവരെല്ലാം നെഹ്രു കുടുംബത്തിന്റെ നിഴലില്‍ ഒതുങ്ങി. പാര്‍ട്ടി അധ്യക്ഷ പദവും പ്രധാനമന്ത്രി സ്ഥാനവും മിക്കപ്പോഴും നെഹ്രു കുടുംബത്തിന് വേണ്ടി സംവരണം ചെയ്യപ്പെട്ടു. അവരെ എതിര്‍ത്തവരെല്ലാം പലപ്പോഴായി പാര്‍ട്ടിക്ക് പുറത്തായി. കാമരാജ് പാര്‍ട്ടിയില്‍ നിന്ന് ഇന്ദിരയെ പുറത്താക്കിയെങ്കിലും ക്രമേണ അദ്ദേഹം കോണ്‍ഗ്രസ് ചരിത്രത്തില്‍ നിന്നുതന്നെ അപ്രത്യക്ഷനായി. ഇന്ദിരയ്ക്കെതിരെ കലാപക്കൊടിയുയര്‍ത്തി പാര്‍ട്ടി വിട്ട ആന്റണിയും കൂട്ടരും അധികം താമസിയാതെ തിരിച്ചെത്തി. വിപിസിങ്ങും അരുണ്‍ നെഹ്രുവും കരുണാകരനും പവാറും പൈലറ്റുമെല്ലാം കുടുംബ വാഴ്ചയോട് കലഹിച്ച് സ്വന്തം പാര്‍ട്ടികളുണ്ടാക്കിയെങ്കിലും എങ്ങുമെത്തിയില്ല.
അമ്മയുടെ ചിതയിലെ തീ കെടുന്നതിന് മുമ്പാണ് മകന് രാജീവിന് പ്രധാനമന്ത്രി പദം ഏറ്റെടുക്കേണ്ടി വന്നത്. മറ്റാരെയെങ്കിലും ആ ചുമതല ഏല്‍പ്പിക്കാന്‍ പാര്‍ട്ടിക്ക് താല്പര്യമോ വിശ്വാസമോ ഉണ്ടായിരുന്നില്ല. 1991ല്‍ രാജീവിന്റെ മരണശേഷം കോണ്‍ഗ്രസിലെ സമുന്നതരായ നേതാക്കള്‍ ഒന്നടങ്കം അധ്യക്ഷപദമേറ്റെടുക്കാന് സോണിയയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയാറായില്ല. ആ ഒരു ചെറിയ കാലയളവില്‍ മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വം നെഹ്രു കുടുംബത്തിന്റെ തണലില്‍ നിന്നകന്നു നിന്നത്. നരസിംഹ റാവുവിന്റെ ഭരണശേഷം പാര്‍ട്ടി രാഷ്ട്രീയമായ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ സോണിയയും അടുത്തകാലത്ത് രാഹുലും ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാര്‍ട്ടിയുടെ തലപ്പത്തേക്ക് മടങ്ങിയെത്തി.
പക്ഷേ ഇപ്പോള്‍ കോണ്‍ഗ്രസ് അതിലും വലിയ തകര്‍ച്ചയെയാണ് നേരിടുന്നത്. ചരിത്രത്തിലാദ്യമായി പാര്‍ട്ടി നൂറില്‍ താഴെ അതും കേവലം 44 സീറ്റുകളില്‍ ഒതുങ്ങി. പതിനാറാം ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒരു കോണ്‍ഗ്രസ് എംപി പോലുമില്ലാത്ത സംസ്ഥാനങ്ങള്‍ അനവധിയുണ്ട്. ഇതിന് മുമ്പ് ഏറ്റവും തിരിച്ചടി നേരിട്ട 1977ലെ തിരഞ്ഞെടുപ്പില്‍ പോലും 153 സീറ്റുകളും 40.98% വോട്ട് ഷെയറും പാര്‍ട്ടി നേടിയിരുന്നു. ഇക്കുറി പക്ഷേ 19.3% മാത്രമാണ് കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം. 2009ലെ 37.22% വോട്ടു വിഹിതത്തില്‍ നിന്നാണ് പാര്‍ട്ടി ഈ പരിതാപകരമായ അവസ്ഥയില്‍ എത്തിയത്.
1952 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ 489ല്‍ 364 സീറ്റുമായി പാര്‍ലമെന്റില്‍ അക്കൌണ്ട് തുറന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 1957ല്‍ രൂപീകരിച്ച രണ്ടാം ലോക്സഭയില്‍ 371 സീറ്റുകളാണ് നേടിയത്. 1962ലും നേട്ടം ആവര്‍ത്തിച്ച പാര്‍ട്ടിക്ക് നെഹ്രുവിന്റെ മരണശേഷം നടന്ന 1967ലെ തിരഞ്ഞെടുപ്പില്‍ സീറ്റ് പക്ഷേ സീറ്റ് കുറഞ്ഞു. എങ്കിലും അവര്‍ ഭരണം നിലനിര്‍ത്തി. 1971ല്‍ കോണ്‍ഗ്രസിനെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ഇന്ദിര അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന 1977ലെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ നിന്ന് പുറത്തായി. ദേശീയ തലത്തില്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ അപചയം അവിടെ നിന്നാണ് തുടങ്ങിയത്. അതുവരെ കൂടെ നിന്ന വലിയ ഒരു വിഭാഗം ജനങ്ങള്‍ അതോടെ പാര്‍ട്ടിയില്‍ നിന്നകന്നു. 1980ല്‍ ശക്തമായി അവര്‍ തിരിച്ചുവന്നെങ്കിലും അത് താല്‍ക്കാലികം മാത്രമായിരുന്നു.
സുവര്‍ണ്ണ ക്ഷേത്രത്തിലെ പട്ടാള നടപടിയും ഇന്ദിരാ വധത്തെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപവും സിഖ് വംശജരെ കോണ്‍ഗ്രസില്‍ നിന്നകറ്റി. ബോഫോഴ്സ് അഴിമതിയും ഇന്ത്യന്‍ സമാധാനസേനയുടെ ശ്രീലങ്കന്‍ ദൌത്യവും ബാബ്റി മസ്ജിദിന്റെ തകര്‍ച്ചയും അടുത്തകാലത്ത് നടന്ന കുംഭകോണങ്ങളും വിവിധ വിഭാഗങ്ങള്‍ക്ക് പാര്‍ട്ടിയോട് അതൃപ്തി തോന്നാന്‍ കാരണമായി.
ഇപ്പോഴത്തെ തോല്‍വി താല്‍ക്കാലികമാണെന്ന് പറയാമെങ്കിലും പഴയ നിലയിലേക്ക് മടങ്ങിയെത്താന്‍ കോണ്‍ഗ്രസ് ഏറെ പാടുപെടേണ്ടി വരും. എതിരാളികള്‍ ഇന്ന് ശക്തരാണ്. നരേന്ദ്ര മോദി എന്ന ഒരൊറ്റ നേതാവിന്റെ പിന്‍ബലത്തില്‍ പതിനാറാം ലോക്സഭയില്‍ മുന്നൂറില്‍ പരം സീറ്റുകളാണ് എന്‍ഡിഎ നേടിയത്. ആദ്യമായാണ് ഒരു കോണ്‍ഗ്രസ് ഇതര പാര്‍ട്ടിക്ക് കേന്ദ്രത്തില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്നത്. രാഹുല്‍ പോരെന്നും പ്രിയങ്ക നേതൃത്വത്തിലെത്തണമെന്നുമുള്ള ആവശ്യങ്ങള്‍ പാര്‍ട്ടിയില്‍ ശക്തിപ്പെട്ടു കഴിഞ്ഞു. പക്ഷേ നേതാവിനെ നോക്കി വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞെന്നും വികസനത്തിനും അഴിമതിയില്ലായ്മക്കുമാണ് ജനവിശ്വാസം ആര്‍ജിക്കാന്‍ കഴിയുകയെന്നും തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.
തോല്‍വിക്കൊപ്പം കോണ്‍ഗ്രസിലെ കുടുംബവാഴ്ചയ്ക്കും കനത്ത തിരിച്ചടിയാണ് ജനം നല്‍കിയത്. സോണിയയും രാഹുലും രാജ്യം മുഴുവന്‍ പ്രചരണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അമേഠി എന്ന ശക്തികേന്ദ്രത്തില്‍ ഏറെ വിയര്‍ത്താണ് രാഹുല്‍ ജയിച്ചതെന്ന വസ്തുത കോണ്‍ഗ്രസിനെ ഏറെ ചിന്തിപ്പിക്കും. അദ്ദേഹത്തിന്റെ ഓഫീസില്‍ പ്രാദേശിക നേതാക്കള്‍ക്ക് പോലും പ്രവേശനമില്ലായിരുന്നുവെന്നും ഹെലികോപ്റ്ററില്‍ വന്ന് പ്രചരണം നടത്തി മടങ്ങുക മാത്രമാണ് രാഹുല്‍ ചെയ്തിരുന്നതെന്നുമുള്ള ആരോപണങ്ങള്‍ അന്നേ ശക്തമായിരുന്നു. ഒരുകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് എത്രമാത്രം ശക്തമായിരുന്നോ ആ അവസ്ഥയിലാണ് ബിജെപി ഇക്കുറി എത്തിയത്. ഉത്തര്‍പ്രദേശും രാജസ്ഥാനും ഡല്‍ഹിയും മധ്യപ്രദേശും ഉള്‍പ്പടെയുള്ള കോണ്‍ഗ്രസിന്റെ പഴയ ശക്തികേന്ദ്രങ്ങള്‍ കൂട്ടാളികള്‍ ഇല്ലാതെ തന്നെ ബിജെപി തൂത്തുവാരി. കേന്ദ്രമന്ത്രിമാരടക്കം പല മുതിര്‍ന്ന ഭരണമുന്നണി നേതാക്കള്‍ക്കും കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു.
രാജഭരണത്തിന്റെ കാലം കഴിഞ്ഞു. ഇത് ജനാധിപത്യ യുഗമാണ്. പാവപ്പെട്ടവരുടെ വീടുകള്‍ കയറിയിറങ്ങിയത് കൊണ്ടോ അഴിമതിക്കെതിരെ വാചകക്കസര്‍ത്ത് നടത്തിയത് കൊണ്ടോ വോട്ട് കിട്ടില്ലെന്ന് രാഹുലിനെ പോലുള്ളവര്‍ ഇനിയെങ്കിലും മനസിലാക്കണം. വാക്കിലല്ല പ്രവൃത്തിയിലാണ് കാര്യം. കാലത്തിന്റെ ഈ ചുവരെഴുത്ത് മനസിലാക്കാനായില്ലെങ്കില്‍ കുടുംബവാഴ്ചയുടെ അന്ത്യത്തിനും വരും നാളുകളില്‍ കോണ്‍ഗ്രസ് സാക്ഷിയാകും.
The End
[My article published in British Pathram on 21.05.2014]