കുമാരസംഭവം: ഒറ്റയ്ക്ക് വളരാന്‍ മോദി; ലയിച്ചു പിളരാന്‍ ചെറു പാര്‍ട്ടികള്‍

കുമാരസംഭവം: ഒറ്റയ്ക്ക് വളരാന്‍ മോദി; ലയിച്ചു പിളരാന്‍ ചെറു പാര്‍ട്ടികള്‍ 1

നരേന്ദ്ര മോദി സഖ്യകക്ഷികളുടെ ചിറകരിയുന്നു എന്ന വാചകം കേട്ടപ്പോഴാണ് കുമാരന്‍ ടിവി ചാനലിലേക്ക് ശ്രദ്ധ തിരിച്ചത്. മഹാരാഷ്ട്രയാണ് വിഷയം. സംസ്ഥാനത്ത് ഭരണം കിട്ടിയ ബിജെപി പഴയ കൂട്ടു കക്ഷിയായ ശിവസേനയെ കണ്ട ഭാവം പോലും കാണിച്ചില്ലത്രേ. തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയാകാന്‍ വരെ ആശിച്ച ഉദ്ധവ് താക്കറെ രംഗം മാറിയതറിഞ്ഞു ഉപമുഖ്യമന്ത്രിപദത്തിലേക്കും പിന്നീട് സാദാ മന്ത്രി പദത്തിലേക്കും താണെങ്കിലും മോദിജിയും അമിത്ജിയും വഴങ്ങിയില്ല. തിരഞ്ഞെടുപ്പ് കാലത്ത് മോദിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ ഉദ്ധവ് മാപ്പ് പറയണം എന്നതായിരുന്നു ചിലരുടെ ആവശ്യം. അച്ഛന്‍ പണ്ട് പലപ്പോഴും എടുത്ത് പ്രയോഗിച്ചിരുന്ന സമ്മര്‍ദ്ദതന്ത്രം എന്ന രാഷ്ട്രീയക്കാരുടെ പതിവ് മരുന്ന്‍ അദ്ദേഹവും പുറത്തെടുത്തെങ്കിലും ഫലം കണ്ടില്ല. ശിവസേന പല്ല് കൊഴിഞ്ഞ സിംഹമാണെന്ന് ഫഡ്ഗാവിസും കൂട്ടരും പറഞ്ഞത് വെറുതെയല്ല.

ഏതായാലും നാടകാന്ത്യം നാഷണലിസ്റ്റ് കറപ്റ്റഡ് പാര്‍ട്ടി എന്ന്‍ ആഴ്ചകള്‍ക്ക് മുമ്പ് മോദി വിശേഷിപ്പിച്ച എന്‍സിപിയുടെ ചിറകിലേറി ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. അജിത്ത് പവാര്‍ ഉള്‍പ്പടെയുള്ള മുന്‍ എന്‍സിപി മന്ത്രിമാര്‍ക്കെതിരെ നേരത്തെ ബിജെപി ഉന്നയിച്ച ആരോപണങ്ങളുടെ ഗതി എന്താകുമെന്നേ ഇനി അറിയാനുള്ളൂ. രാഷ്ട്രീയം എന്നത് ഒരു അഡ്ജസ്റ്റ്മെന്‍റാണെന്ന് വിവരമുള്ളവര്‍ പറയുന്നത് വെറുതെയല്ല, കുമാരാ. കഴിഞ്ഞ ദിവസം പന്ന്യന്‍ സഖാവ് തന്നെ പറഞ്ഞത് കേട്ടില്ലേ ? ഇനി മുതല്‍ യുഡിഎഫുമായി ചേര്‍ന്ന് അഡ്ജസ്റ്റ്മെന്‍റ് സമരത്തിനില്ല എന്ന്‍. ഇതുവരെ നടത്തിയ സമരങ്ങളെല്ലാം അഡ്ജസ്റ്റ്മെന്‍റായിരുന്നുവെന്ന്‍ ആ വാക്കുകള്‍ വഴി അദ്ദേഹം പറയാതെ പറഞ്ഞു. സോളാറിന്‍റെ പേരിലും അല്ലാതെയും തല്ലുകൊണ്ട സഖാക്കളെല്ലാം മണ്ടന്മാരായി.

അതവിടെ ഇരിക്കട്ടെ, നമുക്ക് ഡല്‍ഹിയിലേക്ക് തിരിച്ചുവരാം. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ പേരില്‍ അഞ്ചു ലക്ഷം രൂപ വീതം മോദി പ്രഖ്യാപിച്ചത് അടുത്തിടെയാണ്. അത് ഇരകളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല, മറിച്ച് വരുന്ന ഡല്‍ഹി, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാനാണെന്ന് പറഞ്ഞു കേള്‍ക്കുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബിജെപി ഡല്‍ഹിയിലെ അധികാര രാഷ്ട്രീയത്തിന് പുറത്താണ്. 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചുണ്ടോടടുപ്പിച്ച വിജയം അവസാന നിമിഷം അവതരിച്ച കേജ്രിവാള്‍ കൊണ്ടുപോകുകയും ചെയ്തു. ഇത്തവണ ബിജെപി രണ്ടും കല്‍പ്പിച്ചാണ്.

പഞ്ചാബിലാണെങ്കില്‍ ബിജെപിയും സഖ്യകക്ഷിയായ അകാലിദളും ഏറെ നാളായി അകല്‍ച്ചയിലുമാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ അവരെ കൂട്ടാതെ ഒറ്റയ്ക്ക് മല്‍സരിക്കാനാണ് ബിജെപിയുടെയും സംഘപരിവാറിന്‍റെയും തീരുമാനം. അതിന്‍റെ ഭാഗമായാണ് മോദി സിഖ് കലാപത്തിന്‍റെ ഇരകളെ പിടിക്കാന്‍ ചാക്കുമായി ഇറങ്ങിയിരിക്കുന്നതെന്നാണ് ഇന്ദ്രപ്രസ്ഥം അടക്കം പറയുന്നത്. സഹായ ധനം പ്രഖ്യാപിച്ച കൂട്ടത്തില്‍ ഗുജറാത്ത് കലാപത്തെ കുറിച്ച് എന്തെങ്കിലും പരാമര്‍ശമുണ്ടോ എന്ന്‍ കുമാരന്‍ ചികഞ്ഞു നോക്കി. ഇല്ല. അവര്‍ക്ക് വേണ്ടി പത്തു പൈസ പോലും നീക്കി വച്ചിട്ടില്ല. എങ്കിലും ആശ്വസിക്കാന്‍ വകയുണ്ട്. ഗുജറാത്തിന് വേണ്ടി ഒരു മൂവായിരം കോടി രൂപ നീക്കി വച്ചിട്ടുണ്ടെന്ന് ഇതിനിടയില്‍ എവിടെയോ കണ്ടു. എന്തോ ലോകാത്ഭുതം സൃഷ്ടിക്കാനാണത്രേ. 2018ല്‍ പണി പൂര്‍ത്തിയാകുമ്പോള്‍ കാണാന്‍ കുമാരനും പോകുന്നുണ്ട്, ഗോദ്രയും പോര്‍ബന്ദറും ബെസ്റ്റ് ബേക്കറിയും കടന്ന്‍………..

———————————————————

എന്‍സിപി ബിജെപിക്ക് പിന്തുണ കൊടുത്തത് അങ്ങ് മുംബെയിലാണെങ്കിലും ഇവിടെ എല്‍ഡിഎഫിലെ ഒരു ഇമ്മിണി ബല്ല്യ പാര്‍ട്ടിയില്‍ അടി തുടങ്ങിയിട്ടുണ്ട്. വര്‍ഗീയ പാര്‍ട്ടിയായ ബിജെപിയെ പിന്തുണച്ച കേന്ദ്ര ഘടകം തെറ്റ് തിരുത്തണമെന്നും അല്ലാത്ത പക്ഷം ബന്ധം വിച്ഛേദിക്കണമെന്നും ഒരു കൂട്ടര്‍, പവാര്‍ജി കാണപ്പെട്ട ദൈവമാണെന്നും അദ്ദേഹം പറയുന്നതെല്ലാം വേദവാക്ക്യമായി സ്വീകരിക്കണമെന്ന് മറ്റൊരു കൂട്ടര്‍. ഇതിനിടയില്‍ വിഷമ വൃത്തത്തിലാകുന്നത് കേരളത്തിലെ ലക്ഷക്കണക്കിനു പാര്‍ട്ടി അണികളാണ്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പവാര്‍ജിയുടെ മഹാരാഷ്ട്രയിലെ തീരുമാനം അവര്‍ ഒരു സൂചനയായി കണ്ടാല്‍ എല്‍ഡിഎഫിന്‍റെ കാര്യം കഷ്ടത്തിലാകും.

സംസ്ഥാന പ്രസിഡന്‍റ് ഇടപെട്ട് പവാര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന്‍ പുറത്താക്കുമോ അതോ അതിനുമുമ്പ് വല്ല്യേട്ടന്‍ എല്ലാവരെയും മുന്നണിയില്‍ നിന്ന്‍ ചവിട്ടിപ്പുറത്താക്കുമോ എന്നേ ഇനി അറിയാനുള്ളൂ. വലിയ വലിയ പാര്‍ട്ടികളില്‍ സ്ഥാപക നേതാക്കളെ പുറത്താക്കുന്നത് ഒരു ഫാഷനാണ് കുമാരാ. ഇതൊന്നുമോര്‍ക്കാതെ പാവം വീരന്‍ജിയും ലയിക്കാനായി ഇറങ്ങിത്തിരിച്ചിട്ടുണ്ട്. പണ്ട് ഗൌഡാജിയുമായി ഒന്നു ലയിച്ച അദ്ദേഹം ഇക്കുറി നോട്ടമിട്ടിരിക്കുന്നത് അങ്ങ് ബീഹാറിന് പുറത്ത് ഒന്നു പടരാന്‍ വെമ്പി നിന്ന നിതീഷ്ജിയെയാണ്. മോദിയെ പ്രധാനമന്ത്രിയാകാന്‍ അനുവദിക്കില്ലെന്ന് പണ്ട് പ്രഖ്യാപിച്ച അദ്ദേഹം ഇപ്പോള്‍ നാണക്കേട് കാരണം വീട്ടില്‍ നിന്ന്‍ പുറത്തിറങ്ങാറില്ലെന്നാണ് കേട്ടത്. അദ്ദേഹവും വരുന്നുണ്ട് ലയന സമ്മേളനത്തിന്. നടക്കട്ടെ, നാടു മുഴുവന്‍ അങ്ങനെ സോഷ്യലിസം തളച്ചു വളരട്ടെ.

[ My article published in British Pathram on 12.11.2014]


Image credit

DeshGujarat

 

Leave a Comment

Your email address will not be published. Required fields are marked *