
മലയാള സിനിമ ഇന്ന് ഏറെ മാറിയിരിക്കുന്നു. ഒരു കാലത്ത് വിരലിൽ എണ്ണാവുന്ന തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്ന മലയാള ചിത്രങ്ങളിൽ പലതും ഇന്ന് ആഗോള തലത്തിലാണ് പുറത്തിറങ്ങുന്നത്. ഗൾഫ് നാടുകളിലും യുഎസിലും യൂറോപ്പിലും തുടങ്ങി ചൈനയിൽ വരെ ഇപ്പോൾ നമ്മുടെ ചിത്രങ്ങൾക്ക് കാഴ്ചക്കാരുണ്ട്. പുറം നാടുകളിലെ ജനപ്രീതിയുടെ കാര്യത്തിൽ സൂപ്പർതാര ചിത്രങ്ങളെന്നോ പുതു തലമുറ നായകന്മാരുടെ ചിത്രങ്ങളെന്നോ വ്യത്യാസവുമില്ല. അതോടൊപ്പം മൾട്ടിപ്ലക്സുകൾ ഉൾപ്പടെയുള്ള തിയറ്ററുകളിലെ ഉയർന്ന ടിക്കറ്റ് നിരക്കുകൾ കൂടിയായപ്പോൾ പല വമ്പൻ ചിത്രങ്ങളുടെയും കളക്ഷൻ അമ്പതും നൂറും കോടി ക്ലബ്ബുകൾ കടന്ന് കുതിക്കുന്നതാണ് സമീപ കാല ചരിത്രം.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം എന്ന സിനിമ എറണാകുളം പോലുള്ള എ ക്ലാസ് റിലീസിംഗ് സെൻററുകളിൽ 365 ദിവസം ഓടിയത് ഞാൻ ഇപ്പോഴും ഓർക്കുന്നു. അക്കാലത്ത് അത് ഒരു വലിയ വാർത്തയായിരുന്നു. എന്നിരുന്നാലും ഏറ്റവും കൂടുതൽ ദിവസം റിലീസിംഗ് കേന്ദ്രങ്ങളിൽ തുടർച്ചയായി ഓടിയ മലയാള ചിത്രത്തിൻറെ റെക്കോർഡ് മുകേഷ് നായകനായ ഗോഡ്‌ഫാദറിനാണ് എന്നാണ് തോന്നുന്നത്. സ്വർഗ്ഗചിത്രയുടെ ബാനറിൽ സിദ്ധിക്ക്-ലാൽ സംവിധാനം ചെയ്ത സിനിമ നാനൂറിൽ പരം ദിവസമാണ് തിരുവനന്തപുരം ശ്രീകുമാർ തിയറ്ററിൽ പ്രദർശിപ്പിച്ചത്. കിലുക്കം, മണിച്ചിത്രത്താഴ് എന്നിങ്ങനെയുള്ള പല സിനിമകളും മാസങ്ങളോളമാണ് നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചത്. അന്നത്തെ മൂല്യം വച്ചു നോക്കുമ്പോൾ ഈ പറഞ്ഞ ചിത്രങ്ങളെല്ലാം ഇന്നത്തെ കോടി ക്ലബ്ബ് ചിത്രങ്ങളേക്കാൾ വലിയ വിജയമായിരുന്നു എന്ന് പറയേണ്ടി വരും.
അമ്പത് കോടിയും അതിന് മുകളിലുമുള്ള ക്ലബ്ബുകളിൽ ഇടം പിടിച്ച മലയാള ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം,
1. 2018

ജൂഡ് ആൻറണി ജോസഫ് സംവിധാനം ചെയ്ത 2018 ആണ് മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രം. ഏകദേശം 15 കോടി രൂപ ചിലവിൽ നിർമിച്ച ഈ ചിത്രം ഒരു മാസത്തിനുള്ളിൽ 150 കോടിയിലേറെയാണ് collect ചെയ്തത്.
വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമിച്ച 2018 ആ വർഷം കേരളം നേരിട്ട വെള്ളപ്പൊക്കത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് പറഞ്ഞത്. ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരേൻ, ലാൽ, എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ 2018 നൂറുകോടി ക്ലബ്ബിൽ എത്തിയ മൂന്നാമത്തെ മലയാള സിനിമ കൂടിയാണ്.
റിലീസ്: 2023 മെയ് 5
ഗ്രോസ് കളക്ഷൻ: 150 കോടി*
2. പുലി മുരുകൻ

പുലിമുരുകനാണ് നൂറു കോടി ക്ലബ്ബിൽ ഇടം പിടിച്ച ആദ്യ മലയാള ചിത്രം. മോഹൻലാൽ ടൈറ്റിൽ റോൾ ചെയ്ത സിനിമ സംവിധാനം ചെയ്തത് വൈശാഖാണ്. മുളകുപാടം ഫിലിംസിൻറെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിച്ച പുലിമുരുകന് ഉദയ്‌കൃഷ്ണയാണ് രചന നിർവഹിച്ചത്. മുന്നൂറ്റമ്പതിൽ പരം കേന്ദ്രങ്ങളിൽ പ്രദർശനത്തിനെത്തിയ ചിത്രം നൂറ്റി നാൽപ്പത് കോടിയിലധികം കളക്റ്റ് ചെയ്തു.
കാടിനോട് ചേർന്ന് കിടക്കുന്ന പുലിയൂർ ഗ്രാമത്തിലെ പുലി മുരുകൻ എന്ന വേട്ടക്കാരൻറെ പകയുടെയും പോരാട്ടത്തിൻറെയും കഥ പറഞ്ഞ സിനിമ മലയാളത്തിന് പുറമെ തമിഴിലും തെലുഗുവിലും പുറത്തിറങ്ങിയിരുന്നു. കമാലിനി മുഖർജി, ജഗപതി ബാബു, ലാൽ, ബാല, വിനു മോഹൻ, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ ഒരു വൻ താരനിര അണി നിരന്ന പുലിമുരുകൻ മുളകുപാടം റിലീസാണ് വിതരണം ചെയ്തത്.
റിലീസ്: 2016 ഒക്ടോബർ 7
ഗ്രോസ് കളക്ഷൻ: 146 കോടി
3. ലൂസിഫർ

മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത സിനിമയാണ് ലൂസിഫർ. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ സംവിധാനം ചെയ്ത ചിത്രത്തിന് മുരളി ഗോപിയാണ് കഥയും തിരക്കഥയും എഴുതിയത്. ലോകമെമ്പാടുമുള്ള നാന്നൂറിൽ പരം തിയറ്ററുകളിൽ ഒരേ സമയം റിലീസ് ചെയ്ത സിനിമ നൂറ്റി മുപ്പത് കോടിയോളമാണ് കളക്റ്റ് ചെയ്തത്. മലയാളത്തിന് പുറമെ തമിഴിലും തെലുഗുവിലും പുറത്തിറങ്ങിയ ലൂസിഫർ രാഷ്ട്രീയ നേതൃത്വവും ഡ്രഗ്ഗ് മാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടിൻ്റെ കഥയാണ് പറഞ്ഞത്.
സ്റ്റീഫൻ നെടുമ്പള്ളി, അബ്രാം ഖുറേഷി എന്നിങ്ങനെ ഇരട്ട വ്യക്തിത്വത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ട സിനിമയിൽ ബോളിവുഡ് താരം വിവേക് ഒബ്‌റോയിയാണ് വില്ലനായി അഭിനയിച്ചത്. ലാലിൻ്റെ ആദ്യ ഹിന്ദി ചിത്രമായ കമ്പനിയിൽ കൂടി അഭിനയ ജീവിതം തുടങ്ങിയ വിവേക് ആദ്യമായി മലയാളത്തിൽ അഭിനയിച്ചപ്പോഴും അതേ സൂപ്പർതാരം കൂട്ടിനുണ്ടായിരുന്നു എന്നത് യാദൃശ്ചികതയായി. മഞ്ജു വാര്യർ, ടോവിനോ തോമസ്, കലാഭവൻ ഷാജോൺ, ബൈജു, ഇന്ദ്രജിത്ത് സുകുമാരൻ, സാനിയ ഇയ്യപ്പൻ എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ ചെയ്ത ലൂസിഫർ മാക്സ് ലാബ് സിനിമാസാണ് പ്രദർശനത്തിനെത്തിച്ചത്.
ലൂസിഫർ കണ്ട് ഇഷ്ടപ്പെട്ട സൂപ്പർസ്റ്റാർ രജനികാന്ത് തൻ്റെ അടുത്ത ചിത്രം സംവിധാനം ചെയ്യാനുള്ള ഓഫർ പ്രിഥ്വിരാജിന് നൽകിയത് വാർത്തയായിരുന്നു. എന്നാൽ കരാർ ചെയ്ത ചിത്രങ്ങളുടെ തിരക്കിലായത് കൊണ്ട് നടൻ അവസരം നിരസിക്കുകയായിരുന്നു. ചിരഞ്ജീവി നായകനായ ലൂസിഫറുടെ തെലുഗു റീമേക്ക് ഗോഡ്ഫാദർ വമ്പൻ ഹൈപ്പിൽ പുറത്തിറങ്ങിയെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
റിലീസ്: 2019 മാർച്ച് 28
ഗ്രോസ് കളക്ഷൻ: 130 കോടി
4. ഭീഷ്മപർവ്വം

അമൽ നീരദ് രചനയും സംവിധാനവും നിർവഹിച്ച ഭീഷ്മപർവ്വമാണ് ഏറ്റവും കൂടുതൽ കളക്റ്റ് ചെയ്ത മമ്മൂട്ടി ചിത്രം. ഗോഡ്ഫാദർ എന്ന വിഖ്യാത ഹോളിവുഡ് ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒട്ടനവധി സിനിമകൾ വിവിധ ഭാഷകളിൽ ഉണ്ടായിട്ടുണ്ട്. തമിഴിൽ നായകൻ, ഹിന്ദിയിൽ സർക്കാർ എന്നിങ്ങനെയുള്ള ആ ശ്രേണിയിൽ ഉൾപ്പെടുത്താവുന്ന ഭീഷ്മപർവ്വത്തിൽ മമ്മൂട്ടി മൈക്കിൾ എന്ന പഴയ കാല ഗ്യാങ്സ്റ്ററുടെ വേഷമാണ് ചെയ്തത്.
സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, അബു സലിം, നദിയ മൊയ്തു, ദിലീഷ് പോത്തൻ എന്നിങ്ങനെയുള്ള വൻ താരനിര അണിനിരന്ന സിനിമ മട്ടാഞ്ചേരിയിലെ അഞ്ഞൂറ്റി കുടുംബവും കോച്ചേരി തറവാടും തമ്മിലുള്ള കുടിപ്പകയുടെയും പതിറ്റാണ്ടുകൾക്ക് ശേഷമുള്ള പക പോക്കലിൻറെയും കഥയാണ് പറഞ്ഞത്.
ഏകദേശം 15 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച ഭീഷ്മപർവ്വം സാറ്റലൈറ്റ് റൈറ്റ്, OTT എന്നിങ്ങനെയായി 115 കോടിയിലേറെ നേടി.
റിലീസ്: 2022 മാർച്ച് 3
ഗ്രോസ് കളക്ഷൻ: 87 കോടി
5. കുറുപ്പ്

ദുൽഖർ സൽമാന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമ എന്ന വിശേഷണവുമായെത്തിയ കുറുപ്പ് 2021 ലെ കോവിഡ് നിയന്ത്രണ കാലത്താണ് പുറത്തിറങ്ങിയത്. 50% സിറ്റിങ് കപ്പാസിറ്റിയിൽ റിലീസ് ചെയ്ത സിനിമ പക്ഷെ 80 കോടിയിലധികം തിയറ്ററുകളിൽ നിന്ന് മാത്രം collect ചെയ്തു.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതവും ഫിക്ഷനും കൂട്ടിക്കലർത്തിയ കുറുപ്പ് സംവിധാനം ചെയ്തത് ശ്രീനാഥ് രാജേന്ദ്രനാണ്. ദുൽഖർ തന്നെ നിർമിച്ച ചിത്രത്തിൽ ഇന്ദ്രജിത്, ഷൈൻ ടോം ചാക്കോ, ശോഭിത, സണ്ണി വെയ്ൻ എന്നിവരാണ് മറ്റ് വേഷങ്ങൾ ചെയ്തത്.
റിലീസ്: 2021 നവംബർ 12
ഗ്രോസ് കളക്ഷൻ: 83 കോടി
6. ദൃശ്യം

ദൃശ്യത്തിലൂടെയാണ് മലയാളത്തിലെ കോടി ക്ലബ്ബുകൾക്ക് തുടക്കമായത്. ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച്, മോഹൻലാൽ മുഖ്യവേഷത്തിലെത്തിയ ഈ സിനിമ ആശിർവാദ് സിനിമാസാണ് നിർമിച്ചത്. കേവലം 44 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയായ ദൃശ്യം എഴുപത് കോടിയിലധികം തിയറ്ററുകളിൽ നിന്ന് നേടി.
ജോർജ്ജു കുട്ടി എന്ന നാട്ടിൻപുറത്തുകാരനായി ലാൽ അഭിനയിച്ച ചിത്രത്തിൽ മീന, കലാഭവൻ ഷാജോൺ, ആശാ ശരത്, സിദ്ദിക്ക്, അൻസിബ, എസ്തർ എന്നിവരാണ് മറ്റ് വേഷങ്ങളിൽ അഭിനയിച്ചത്. സംവിധായകൻ ജിത്തു ജോസഫ് ദൃശ്യത്തിൻറെ കഥയുമായി ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആണെങ്കിലും നടന്റെ തിരക്ക് കാരണം ആ വേഷം മോഹൻലാലിൽ എത്തുകയായിരുന്നു.
പിന്നീട് തമിഴിലും തെലുഗുവിലും, കന്നടയിലും ഹിന്ദിയിലും തുടങ്ങി മാൻഡറിനിൽ വരെ പുനർ നിർമിച്ച ദൃശ്യം എല്ലായിടത്തും റെക്കോർഡ് വിജയമാണ് നേടിയത്. തുടർന്ന് ദൃശ്യം 2 എന്ന പേരിൽ സിനിമയുടെ പിന്തുടർച്ച വന്നെങ്കിലും കോവിഡ് നിയന്ത്രണം കാരണം ആമസോൺ പ്രൈം വഴി ഓൺലൈൻ സ്ട്രീമിങ് ചെയ്യുകയായിരുന്നു. എന്നാൽ അജയ് ദേവ്ഗൺ അഭിനയിച്ച ഹിന്ദിയിലെ ദൃശ്യം രണ്ടാം പതിപ്പ് നൂറു കോടിയിലധികം നേടി.
റിലീസ്: 2013 ഡിസംബർ 19
ഗ്രോസ് കളക്ഷൻ: 75 കോടി
7. തല്ലുമാല

ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ, ജോണി ആന്റണി എന്നിവർ അഭിനയിച്ച സിനിമ മണവാളൻ വസീമിന്റെയും സുഹൃത്തുക്കളുടെയും കഥയാണ് പറഞ്ഞത്.
അടുത്ത കാലത്ത് കണ്ട സിനിമകളിൽ താൻ ചെയ്യാൻ ആഗ്രഹിച്ച സിനിമയായി തമിഴ് സംവിധായകൻ ലോകേഷ് കനകരാജ് പറഞ്ഞത് തല്ലുമാലയെയാണ്. തുടർ പരാജയങ്ങളിൽ നിന്ന് ടോവിനോയെ രക്ഷിച്ച ഈ സിനിമയ്ക്ക് 70 കോടിയിലധികം ബോക്സ് ഓഫിസ് കളക്ഷൻ ആയി ലഭിച്ചു.
റിലീസ്: 2022 ആഗസ്റ്റ് 12
ഗ്രോസ് കളക്ഷൻ: 72 കോടി
8. കായംകുളം കൊച്ചുണ്ണി

നിവിൻ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റോഷൻ ആൻഡ്രൂസ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ശ്രീ ഗോകുലം മൂവീസിൻറെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച സിനിമയുടെ രചന നിർവഹിച്ചത് ബോബിയും സഞ്ജയും ചേർന്നാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ മധ്യ തിരുവിതാംകൂർ ജീവിതത്തിൻറെ പശ്ചാത്തലത്തിൽ ഒരുങ്ങിയ കായംകുളം കൊച്ചുണ്ണിയിൽ ടൈറ്റിൽ വേഷത്തിലാണ് നിവിൻ ഏത്തിയത്. നാല്പത്തഞ്ച് കോടി രൂപ ബഡ്ജറ്റിൽ ചിത്രീകരിച്ച സിനിമ എഴുപത് കോടിയോളം ബോക്സ് ഓഫിസിൽ നിന്ന് നേടി.
മോഹൻലാൽ, പ്രിയ ആനന്ദ്, സണ്ണി വെയിൻ, ബാബു ആൻറണി, ഷൈൻ ടോം ചാക്കോ എന്നിവർ കൂടി അഭിനയിച്ച കായംകുളം കൊച്ചുണ്ണി ഗോകുലം മൂവീസാണ് പ്രദർശനത്തിന് എത്തിച്ചത്.
റിലീസ്: 2018 ഒക്ടോബർ 11
ഗ്രോസ് കളക്ഷൻ: 72 കോടി
9. രോമാഞ്ചം

ജിത്തു മാധവൻ രചനയും സംവിധാനവും നിർവഹിച്ച രോമാഞ്ചമാണ് 2023ലെ ആദ്യ സൂപ്പർ ഹിറ്റ്. അർജുൻ അശോകൻ, സൗബിൻ ഷാഹിർ, സജിൻ ഗോപു എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തിയ ആ കോമഡി ഹൊറർ ചിത്രം നീണ്ട ഇടവേളക്ക് ശേഷം പ്രേക്ഷകരെ തിയറ്ററുകളിൽ എത്തിച്ചു.
സിനിമയ്ക്ക് തുടർച്ചയുണ്ടാകും എന്ന സൂചനയോടെയാണ് ആദ്യ ഭാഗം അവസാനിച്ചത്. രോമാഞ്ചം 70 കോടിയിലധികം തിയറ്ററുകളിൽ നിന്ന് നേടി.
റിലീസ്: 2023 ഫെബ്രുവരി 3
ഗ്രോസ് കളക്ഷൻ: 71 കോടി
10. പ്രേമം

നേരം എന്ന ആദ്യ ചിത്രത്തിൻറെ വിജയത്തിന് ശേഷം അൽഫോൻസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് പ്രേമം. ജോർജ്ജിൻറെ വിവിധ കാലഘട്ടങ്ങളിലെ പ്രണയത്തിൻറെ കഥ പറഞ്ഞ ചിത്രത്തിൽ നിവിൻ പോളിയാണ് നായകനായത്. അൻവർ റഷീദ് എൻ്റെ൪ടെയ്൯മെ൯റിൻ്റെ ബാനറിൽ സംവിധായകൻ അൻവർ റഷീദ് നിർമിച്ച സിനിമയ്ക്ക് അന്യഭാഷാ പ്രേക്ഷകർക്കിടയിൽ നിന്നും വ്യാപകമായ പ്രശംസയാണ് കിട്ടിയത്. എഴുപത് കോടിയോളമാണ് പ്രേമത്തിന് കിട്ടിയ ആഗോള കളക്ഷൻ.
മലയാളത്തിൽ 175 ദിവസം ഓടിയ സിനിമ പക്ഷെ ചെന്നെയിൽ 250 ദിവസമാണ് തുടർച്ചയായി പ്രദർശിപ്പിച്ചത്. അതോടെ തമിഴ്‌നാട്ടിൽ ഏറ്റവുമധികം ദിവസം ഓടിയ സിനിമയെന്ന പെരുമയും പ്രേമത്തിന് സ്വന്തമായി. പിന്നീട് തെലുഗുവിൽ പുനർനിർമിച്ച സിനിമ തരക്കേടില്ലാത്ത സാമ്പത്തിക വിജയം നേടിയിരുന്നു. സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ, അനുപമ പരമേശ്വരൻ എന്നിങ്ങനെ മൂന്ന് നായികമാരാണ് പ്രേമത്തിൽ ഉണ്ടായിരുന്നത്. സിജു വിത്സൺ, വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ, കൃഷ്ണ ശങ്കർ, ഷറഫുദീൻ, രഞ്ജി പണിക്കർ തുടങ്ങിയ ചെറുതും വലുതുമായ താരങ്ങൾ അണി നിരന്ന സിനിമ ചുരുങ്ങിയ മുടക്കുമുതലിലാണ് നിർമിച്ചത്.
റിലീസ്: 2015 മെയ് 29
ഗ്രോസ് കളക്ഷൻ: 69 കോടി
11. ടൂ കൺട്രീസ്

ദിലീപ്, മമ്ത മോഹൻദാസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച കോമഡി എൻറർടെയ്‌നറാണ് ടൂ കൺട്രീസ്. റാഫിയുടെ രചനയിൽ ഷാഫി സംവിധാനം ചെയ്ത സിനിമ നിർമിച്ചത് എം രഞ്ജിത്താണ്. അമ്പത്തഞ്ച് കോടിയോളം കളക്ഷൻ നേടിയ ടൂ കൺട്രീസ് പിന്നീട് കന്നടയിലും തെലുഗുവിലും റീമേക്ക് ചെയ്യുകയുണ്ടായി.
ദിലീപിൻ്റെയും മമ്തയുടെയും മത്സരിച്ചുള്ള അഭിനയമാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. മുകേഷ്, ലെന, വിജയരാഘവൻ, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, റാഫി എന്നിവർ കൂടി അഭിനയിച്ച സിനിമ എല്ലാ വിഭാഗം പ്രേക്ഷകരെയും രസിപ്പിക്കുന്നതായിരുന്നു.
റിലീസ്: 2015 ഡിസംബർ 25
ഗ്രോസ് കളക്ഷൻ: 55 കോടി
12. ഞാൻ പ്രകാശൻ

പതിവ് പോലെ ഇടത്തരക്കാരുടെ ജീവിത പ്രശ്നങ്ങളും അവരുടെ കുശുമ്പും കുന്നായ്മയുമൊക്കെയായാണ് സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ടീം ഇക്കുറിയും പ്രേക്ഷകരിലെത്തിയത്. ഫഹദ് ഫാസിൽ നായകനായ ഞാൻ പ്രകാശൻ ആസ്വാദകരെ തൃപ്തിപ്പെടുത്തുന്നതിൽ തീർത്തും വിജയിച്ചു എന്നുവേണം പറയാൻ. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമിച്ച ചിത്രം അമ്പത്തഞ്ച് കോടി രൂപയാണ് നേടിയത്.
ഫഹദിന് പുറമെ ശ്രീനിവാസൻ, നിഖില വിമൽ, ദേവിക സഞ്ജയ്, അഞ്ജു കുര്യൻ, കെ പി എ സി ലളിത എന്നിവർ കൂടി അഭിനയിച്ച ഞാൻ പ്രകാശൻ്റെ കഥയും തിരക്കഥയും ശ്രീനിവാസൻ തന്നെയാണ് എഴുതിയത്. സിനിമയ്ക്ക് മലയാളി എന്ന പേരാണ് ആദ്യം ഉദ്ദേശിച്ചതെങ്കിലും ആ പേരിൽ കലാഭവൻ മണിയുടെ ഒരു സിനിമ നേരത്തെ വന്നത് കൊണ്ട് പേര് മാറ്റുകയായിരുന്നു.
റിലീസ്: 2018 ഡിസംബർ 21
ഗ്രോസ് കളക്ഷൻ: 55 കോടി
13. രാമലീല

ദിലീപിന്റെ തിരിച്ചുവരവ് എന്ന് വിശേഷിപ്പിക്കപ്പെട്ട രാമലീല ഏറെ തടസങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷമാണ് റിലീസ് ചെയ്തത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ എടുത്ത ഈ പൊളിറ്റിക്കൽ ത്രില്ലർ നവാഗതനായ അരുൺ ഗോപിയാണ് സംവിധാനം ചെയ്തത്. സച്ചി തിരക്കഥ എഴുതിയ ചിത്രത്തിൽ അഡ്വക്കേറ്റ് രാമനുണ്ണി എന്ന രാഷ്ട്രീയക്കാരനെയാണ് ദിലീപ് അവതരിപ്പിച്ചത്.
മുകേഷ്, വിജയരാഘവൻ, കലാഭവൻ ഷാജോൺ, പ്രയാഗ മാർട്ടിൻ, രാധിക ശരത്കുമാർ, സിദ്ദിക്ക് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ രാമലീല നിർമിച്ചത് ടോമിച്ചൻ മുളകുപാടമാണ്. പുലിമുരുകനെക്കാൾ തനിക്ക് ലാഭമുണ്ടാക്കി തന്നത് രാമലീലയാണെന്ന് നിർമാതാവ് പറഞ്ഞത് അക്കാലത്ത് വാർത്തയായിരുന്നു.
റിലീസ്: 2017 സെപ്തംബർ 28
ഗ്രോസ് കളക്ഷൻ: 55 കോടി
14. ഒടിയൻ

2018 ൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്ന സിനിമകളിൽ ഒന്നായ ഒടിയൻ വി എ ശ്രീകുമാർ മേനോനാണ് സംവിധാനം ചെയ്തത്. മോഹൻലാൽ ഒടിയൻ മാണിക്യനായി അഭിനയിച്ച ചിത്രം ഏതാണ്ട് ആറു മാസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. റിലീസ് ദിവസം അപ്രതീക്ഷിതമായി ഹർത്താൽ വന്നുപെട്ടെങ്കിലും ഒടിയൻ അമ്പത് കോടിയിലധികം കളക്റ്റ് ചെയ്തു.
പ്രകാശ് രാജ്, മഞ്ജു വാര്യർ, നരേൻ എന്നിവർ മറ്റ് മുഖ്യവേഷങ്ങളിൽ എത്തിയ സിനിമയ്ക്ക് ഹരികൃഷ്ണനാണ് തിരക്കഥ ഒരുക്കിയത്. ആശിർവാദ് സിനിമാസ് ഒടിയൻ മാക്സ്‌ലാബാണ് വിതരണം ചെയ്തത്.
റിലീസ്: 2018 ഡിസംബർ 14
ഗ്രോസ് കളക്ഷൻ: 54 കോടി
15. എന്ന് നിൻ്റെ മൊയ്‌ദീൻ

പ്രിഥ്വിരാജ്, പാർവതി തിരുവോത്ത് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി നവാഗതനായ ആർ.എസ് വിമൽ സംവിധാനം ചെയ്ത എന്ന് നിൻ്റെ മൊയ്‌ദീൻ മനോഹരമായ ഒരു പ്രണയകഥയാണ് പറഞ്ഞത്. ന്യൂട്ടൻ മൂവിസിൻ്റെ ബാനറിൽ സുരേഷ് രാജ്, ബിനോയ് ശങ്കരത്ത്, രാഗി തോമസ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന് സംവിധായകൻ തന്നെയാണ് കഥയും തിരക്കഥയും എഴുതിയത്. സിനിമ അറുപത് കോടി രൂപയോളം തിയറ്ററുകളിൽ നിന്ന് നേടി.
മൊയ്ദീനും കാഞ്ചനമാലയും തമ്മിലുള്ള യഥാർത്ഥ പ്രണയത്തിൻ്റെ പശ്ചാത്തലത്തിൽ എടുത്ത എന്ന് നിൻ്റെ മൊയ്‌ദീനിൽ ടോവിനോ തോമസ്, സായ് കുമാർ, ശശി കുമാർ, ബാല, ലെന, സുധീഷ് തുടങ്ങി അനവധി പേരാണ് അഭിനയിച്ചത്.
റിലീസ്: 2015 സെപ്തംബർ 19
ഗ്രോസ് കളക്ഷൻ: 50 കോടി
16. അഞ്ചാം പാതിര

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ. കുഞ്ചാക്കോ ബോബൻ, ഷറഫുദ്ദീൻ, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ അഞ്ചാം പാതിര ബോക്സോഫീസ് കളക്ഷനൊപ്പം നിരൂപക പ്രശംസയും നേടിയെടുത്തു.
തെലുഗു, ഹിന്ദി ഭാഷകളിൽ മൊഴി മാറ്റം നടത്തിയ സിനിമ പിന്നീട് ബംഗാളിയിൽ പുനർനിർമ്മിക്കുകയും ചെയ്തു. തുടർ പരാജയങ്ങളിൽ നിന്ന് കുഞ്ചാക്കോ ബോബന് മോചനം നൽകിയ അഞ്ചാം പാതിര അമ്പത് കോടിയാണ് കളക്റ്റ് ചെയ്തത്.
റിലീസ്: 2020 ജനുവരി 10
ഗ്രോസ് കളക്ഷൻ: 50 കോടി
17. ബാംഗ്ലൂർ ഡെയ്‌സ്

ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, നസ്രിയ നസിം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാംഗ്ലൂർ ഡെയ്‌സ് യുവത്വത്തിൻ്റെ ആഘോഷവും സ്നേഹബന്ധങ്ങളുടെ കെട്ടുറപ്പുമാണ് വരച്ചു കാട്ടിയത്. അഞ്ജലി മേനോൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം അമ്പത് കോടി രൂപയോളം കളക്റ്റ് ചെയ്തു.
അൻവർ റഷീദും സോഫിയ പോളും ചേർന്ന് നിർമിച്ച ബാംഗ്ലൂർ ഡെയ്‌സിൽ ഇഷ തൽവാർ, പാർവതി തിരുവോത്ത്, നിത്യ മേനോൻ, കല്പന, പ്രതാപ് പോത്തൻ തുടങ്ങിയവരും അഭിനയിച്ചു. ചിത്രം പിന്നീട് തമിഴിൽ റീമേക്ക് ചെയ്‌തെങ്കിലും അവിടെ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല.
റിലീസ്: 2014 മെയ് 30
ഗ്രോസ് കളക്ഷൻ: 45 കോടി