ആദ്യ രാത്രിയെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍

ആദ്യ രാത്രിയെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ 1

ആദ്യരാത്രി വൈവാഹിക ജീവിതത്തിലേക്കുള്ള നിര്‍ണ്ണായകമായ ഒരു കാല്‍വെയ്പ്പാണ്. അതുകൊണ്ടു തന്നെ പങ്കാളികള്‍ക്ക് അതേക്കുറിച്ച് ആശങ്കകളും ഭയവും ഉണ്ടാവുക സ്വാഭാവികമാണ്. ആദ്യം ആര് സംസാരിക്കും ? എന്താണ് സംസാരിക്കേണ്ടത് ? ആദ്യം ആര് സ്പര്‍ശിക്കും ? ബന്ധപ്പെടുന്നത് എങ്ങനെയായിരിക്കും ? തുടങ്ങിയ ചിന്തകളെല്ലാം അവരെ അലട്ടും. സ്ത്രീകളുടെ മനസ്സാകും ഇക്കാര്യങ്ങളില്‍ കൂടുതല്‍ ആകുലപ്പെടുക. പുരുഷ സുഹൃത്തുക്കളൊന്നുമില്ലാതെ യാഥാസ്ഥിതിക ചുറ്റുപാടില്‍ വളര്‍ന്ന പെണ്‍കുട്ടിയാണെങ്കില്‍ പിന്നെ പറയാനുമില്ല. പുരുഷനും ആദ്യ രാത്രിയെ കുറിച്ച് ടെന്‍ഷന്‍ ഉണ്ടാകുമെങ്കിലും അവളെക്കാള്‍ ശക്തിമാനാണെന്ന ചിന്ത അയാള്‍ക്ക് ആത്മവിശ്വാസം നല്‍കും.

ആദ്യരാത്രിയില്‍ തങ്ങളുടെ ദാമ്പത്യബന്ധത്തെ കൂടുതല്‍ ദൃഡമാക്കുകയാണ് സ്ത്രീയും പുരുഷനും ചെയ്യേണ്ടത്. ആദ്യരാത്രിയില്‍ തന്നെ ബന്ധപ്പെടണം, ഇല്ലെങ്കില്‍ അത് തന്‍റെ കുറവായി അവള്‍ വ്യാഖ്യാനിക്കും എന്നാണ് പല പുരുഷന്മാരുടെയും ധാരണ. പക്ഷേ അത് ശരിയല്ല. വിവാഹ ചടങ്ങുകളും ദിവസങ്ങളോളം നീണ്ട അലച്ചിലും ഉറക്കമില്ലായ്മയും മൂലം ഇരുവരും ആദ്യരാത്രിയില്‍ തീര്‍ത്തും ക്ഷീണിതരായിരിക്കും. ആ സമയത്ത് പരസ്പര ബന്ധത്തിന് മുതിരുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ആദ്യ സമാഗമം ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കേണ്ട മനോഹരമായ നിമിഷമാണ്. അത് കാളരാത്രിയാകാന്‍ ഒരിയ്ക്കലും ഇട വരുത്തരുത്.

ആദ്യ സാമീപ്യം തന്നെ മനോഹരമാക്കാന്‍ രണ്ടുപേരും പ്രത്യേകം ശ്രദ്ധിയ്ക്കുക. സുഗന്ധമുള്ള സോപ്പോ എണ്ണയോ ഉപയോഗിച്ച് കുളിച്ച് പരസ്പരം ഇഷ്ടം തോന്നുന്ന ഇളം നിറത്തിലുള്ള വസ്ത്രവും ധരിച്ച് വേണം ഇരുവരും കിടപ്പറയിലെത്തേണ്ടത്. ചെറു കുശലാന്വേഷണത്തില്‍ നിന്ന്‍ മണിയറയിലെ ആദ്യ നിമിഷങ്ങള്‍ തുടങ്ങാം. ഇഷ്ടാനിഷ്ടങ്ങള്‍, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാര്യങ്ങള്‍ എന്നിവ പരസ്പരം ചോദിച്ചറിയാം. പരസ്പരം ഇഷ്ടം തോന്നാനുള്ള കാരണം, പങ്കാളിയുടെ പെരുമാറ്റത്തിലെ പ്രത്യേകത എന്നിങ്ങനെയുള്ള കാര്യങ്ങള്‍ തുറന്നു പറയുന്നത് ഇരുവരുടെയും പിരിമുറക്കം കുറയ്ക്കുന്നതിനൊപ്പം പങ്കാളിയെ കൂടുതല്‍ അടുത്തറിയാനും സഹായിക്കും.

ആദ്യ രാത്രിയെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ 2

പ്രണയ വിവാഹമാണെങ്കില്‍ നേരത്തെ തന്നെ പരസ്പരം എല്ലാ കാര്യവും അറിയാമായിരിക്കും. എന്നാല്‍ വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ സ്വാഭാവികമായി പങ്കാളിയെ കുറിച്ചുള്ള അറിവ് പരിമിതമായിരിക്കും. ഇന്നത്തെ കാലത്ത് പരസ്പരം ബന്ധപ്പെടാന്‍ മൊബൈലും ഇന്‍റര്‍നെറ്റുമൊക്കെയുണ്ടെങ്കിലും അതുവഴി മനസിലാക്കാവുന്ന കാര്യങ്ങള്‍ക്ക് ഒരു പരിധിയുണ്ട്. സംസാരിക്കുന്ന കൂട്ടത്തില്‍ ജീവിത പങ്കാളിയുടെ ഭൂതകാലം ചികഞ്ഞെടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക. കഴിഞ്ഞത് കഴിഞ്ഞു, ഇനി ഭാവിജീവിതം ശ്രദ്ധിക്കാം എന്ന രീതിയില്‍ ഇരുവരും മനസിനെ ആദ്യം തന്നെ പാകപ്പെടുത്തിയെടുക്കണം. അശ്ലീല മാസികകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ബ്ലൂ ഫിലിമുകളില്‍ നിന്നുമൊക്കെ ലഭിക്കുന്ന അറിവ് വെച്ചാണ് പലരും ആദ്യരാത്രിയിലേക്ക് പ്രവേശിക്കുന്നത്. പക്ഷേ അത്തരം അറിവുകളുടെ ജയവും പരാജയവും നിങ്ങളുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോരുത്തരുടെയും കഴിവുകളും ഇഷ്ടാനിഷ്ടങ്ങളുമെല്ലാം വ്യത്യസ്ഥമാണ്. അതനുസരിച്ചുള്ള സമീപനം മാത്രമേ ആദ്യ സമാഗമത്തിന്‍റെ കാര്യത്തിലും വിജയിക്കൂ. പരസ്പരമുള്ള ഭയാശങ്കകള്‍ ദൂരീകരിച്ചു കൊണ്ടുള്ള സമീപനമാണ് ലൈംഗികതയുടെ കാര്യത്തില്‍ ഏറെ നല്ലത്. അതിന് പക്ഷേ സമയമെടുക്കും.

വ്യത്യസ്ഥമായ സാഹചര്യങ്ങളില്‍ നിന്നു വന്ന, വളരെ ചുരുങ്ങിയ നാളത്തെ പരിചയം മാത്രമുള്ള രണ്ടുപേര്‍. അങ്ങനെയുള്ള ആളുടെ മുന്നില്‍ ഒരു മറയുമില്ലാതെ കിടക്കേണ്ടി വരുന്ന സാഹചര്യമാണ് പലരുടേയും നെഞ്ചിടിപ്പ് കൂട്ടുന്നത്. ഇവിടെ സിനിമകളിലും കഥകളിലും കണ്ട നിറം പിടിപ്പിച്ച ബലപ്രയോഗങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. ജീവിതകാലം മുഴുവന്‍ താങ്ങും തണലുമായി നില്‍ക്കേണ്ട, താന്‍ തന്നെ തിരഞ്ഞെടുത്ത ആളാണ് കൂടെയുള്ളതെന്ന ചിന്ത പുരുഷന് ആദ്യം ഉണ്ടാവണം. അല്‍പ നേരം മനസ്സ് തുറന്നു സംസാരിച്ചാല്‍ ഇരുവരുടെയും മനസിലെ ആകുലതകള്‍ പകുതി കുറയും. അതോടെ സ്പര്‍ശനം എന്ന മണിയറയിലെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാം.

അവളുടെ കൈവിരലുകളില്‍ നിന്ന്‍ വേണം സ്പര്‍ശിച്ചു തുടങ്ങേണ്ടത്. അവിടെ നിന്ന്‍ തോളറ്റം വരെയും കഴുത്തിലും മൃദുവായി മസാജ് ചെയ്യുന്നത് സ്ത്രീയെ തരളിതയാക്കും. ഇണയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിന് പകരം ബാഹ്യലീലകള്‍ക്കാണ് ഈ ഘട്ടത്തില്‍ പ്രാധാന്യം കൊടുക്കേണ്ടത്. ആവേശം കാണിക്കുന്നത് വൈവാഹിക ജീവിതത്തെകുറിച്ചുള്ള അവളുടെ ഭയാശങ്കകള്‍ വര്‍ദ്ധിപ്പിക്കും. എന്നാല്‍ അതുവരെയുള്ള നിമിഷങ്ങള്‍ പങ്കാളി ആസ്വദിക്കുകയാണെന്ന് ബോധ്യമായാല്‍ പതുക്കെ അവളുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയോ ചുംബിക്കുകയോ ആവാം. ഭര്‍ത്താവ് ആക്രമണകാരിയല്ലെന്ന തോന്നല്‍ സ്ത്രീക്ക് ആശ്വാസം നല്‍കും.

ആദ്യ രാത്രിയെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ 3

പങ്കാളി മാനസികമായും ശാരീരികമായും സന്നദ്ധയാണെങ്കില്‍ തുടര്‍ന്നു ലൈംഗിക ബന്ധത്തിലേര്‍പ്പെടാം. പക്ഷേ ക്ഷീണം കൊണ്ടും പരിചയമില്ലായ്മയും മൂലം അത് പൂര്‍ണ്ണമായും വിജയിക്കണമെന്നില്ല. ആദ്യ സംഭോഗത്തില്‍ പെണ്‍കുട്ടി കന്യകയാണെങ്കില്‍ കന്യാചര്‍മം പൊട്ടി രക്തം വരും എന്നാണ് പലരുടേയും ധാരണ. അങ്ങനെ സംഭവിക്കാത്തതുകൊണ്ട് വിവാഹ ജീവിതം തകര്‍ന്നവര്‍ നിരവധിയാണ്. എന്നാല്‍ കേവലം 40% പെണ്‍കുട്ടികളിലാണ് കന്യാചര്‍മം പൊട്ടിയാല്‍ രക്തം വരുക. അത് വളരെ നേര്‍ത്തതായത് കൊണ്ട് നൃത്തം, വ്യായാമം, കായിക വിനോദങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടത് വഴി മറ്റുള്ളവരില്‍ നേരത്തെ തന്നെ അത് പൊട്ടിയിട്ടുണ്ടാവും. അതുകൊണ്ട് അനാവശ്യമായ തെറ്റിദ്ധാരണകള്‍ മനസില്‍ നിന്നു കളഞ്ഞ് ആദ്യ സമാഗമം പരമാവധി ആസ്വദിക്കുകയാണ് വേണ്ടത്.

ഇത് ഒരു ബലപരീക്ഷണമല്ല. മറിച്ച് പരസ്പരം ഇഷ്ടപ്പെടുന്ന രണ്ടു മനസ്സുകളുടെ കൂടിച്ചേരലാണ്. അതുകൊണ്ട് ഇരുവര്‍ക്കും ഇച്ഛാശക്തിയുണ്ടെങ്കില്‍ ആദ്യരാത്രിയെ ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കുന്ന മനോഹര രാത്രിയാക്കി മാറ്റാം.

The End

Leave a Comment

Your email address will not be published. Required fields are marked *