ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആരാധനാ വിഗ്രഹങ്ങള്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആരാധനാ വിഗ്രഹങ്ങള്‍ 1

ദൈവങ്ങളെ മാത്രമേ ആരാധിക്കുകയും പൂജിക്കുകയും ചെയ്യാവൂയെന്ന് പണ്ഡിതന്മാര്‍ പറയും. എന്നാല്‍ കാലം പുരോഗമിക്കും തോറും വിശ്വാസത്തിന്‍റെ കാര്യത്തില്‍ നമ്മള്‍ പിന്നോട്ടാണ് സഞ്ചരിക്കുന്നത്. നാട്ടില്‍ നിരീശ്വരവാദികളുടെ എണ്ണം പെരുകുകയാണെങ്കിലും സിനിമാ താരങ്ങളോടും ക്രിക്കറ്റ് കളിക്കാരോടുമുള്ള നമ്മുടെ ആരാധനയില്‍ യാതൊരു കുറവുമില്ല. കേവലം ആദരവിനപ്പുറം അവരുടെ കട്ടൌട്ടുകളെ പൂജിക്കുകയും അതില്‍ അഭിഷേകം നടത്തുകയും വരെ ചെന്നെത്തി നില്‍ക്കുന്നു കാര്യങ്ങള്‍. സച്ചിന്‍ ടെണ്ടുല്‍ക്കറെ ക്രിക്കറ്റ് ദൈവം എന്നു വിശേഷിപ്പിക്കുന്ന നമ്മള്‍ മറ്റ് വിഗ്രഹങ്ങളെ വിവിധ ചെല്ലപ്പേരുകളിലാണ് വിളിക്കുന്നത്. രാഷ്ട്രീയ നേതാക്കളും ചില ഭരണകര്‍ത്താക്കളും താരങ്ങളുടെ അതേ പാതയിലൂടെ ഇപ്പോള്‍ സഞ്ചരിക്കുന്നത് കാണാം.

പുരട്ച്ചി തലൈവി, കലൈഞ്ജര്‍ തുടങ്ങി നേതാക്കള്‍ക്കുള്ള അത്തരം വിളിപ്പേരുകള്‍ തമിഴ്നാട് പോലുള്ള ചില സംസ്ഥാനങ്ങളില്‍ ഒതുങ്ങി നില്‍ക്കുകയാണെങ്കിലും സ്വന്തം പാര്‍ട്ടിയോടും അതിന്‍റെ സാരഥികളോടും അന്ധമായ വിശ്വാസം പുറത്തുന്നവര്‍ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഉണ്ട്. തന്‍റെ നേതാവ് പറയുന്നതും ചെയ്യുന്നതും മാത്രമാണു ശരിയെന്നും മറ്റുള്ളവര്‍ തെറ്റാണെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു. ജയലളിതക്കെതിരായ കഴിഞ്ഞ ദിവസത്തെ പ്രത്യേക കോടതി വിധിയെത്തുടര്‍ന്നു തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിലാണ് അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തല്ലിതകര്‍ക്കുകയും കടകളും സ്ഥാപനങ്ങളും ബലമായി അടപ്പിക്കുകയും ചെയ്തു. സാധാരണഗതിയില്‍ ഒരു ഹര്‍ത്താലും പണിമുടക്കും ബാധിക്കാത്ത സംസ്ഥാനം അതോടെ പൊതുവേ നിശ്ചലമായി. ദേഹമാസകലം തീ കൊളുത്തി കഴിഞ്ഞ ദിവസം ചെന്നെയില്‍ ആത്മഹത്യക്ക് ശ്രമിച്ച അണ്ണാ ഡിഎംകെ അനുഭാവി ഇന്നലെ പുലര്‍ച്ചെയോടെ മരിച്ചു. സമാനമായ രീതിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ഥിനിയുടെ നില ഇപ്പൊഴും ഗുരുതരമായി തുടരുകയാണ്. പ്രതിഷേധക്കാര്‍ മുന്‍ മുഖ്യമന്ത്രി കരുണാനിധിയെയും കേസ് കൊടുത്ത സുബ്രഹ്മണ്യം സ്വാമിയെയുമാണ് വിധിയുടെ പേരില്‍ കുറ്റപ്പെടുത്തിയത്.

സ്വന്തം നേതാവ് നിരപരാധിയാണെന്നും തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും അണികളും മറ്റ് നേതാക്കളും വിശ്വസിക്കുന്നു. രാജാവിനെക്കാള്‍ വലിയ രാജഭക്തിയെന്നോ അല്ലെങ്കില്‍ ഈശ്വരതുല്യമായ വിശ്വാസമെന്നോ അതിനെ വിശേഷിപ്പിക്കാം. അതിനെ തമിഴന്‍മാരുടെ അറിവില്ലായ്മയെന്ന് ചിലര്‍ വിശേഷിപ്പിക്കുമെങ്കിലും സമാനമായ ചില സംഭവങ്ങള്‍ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും എന്തിന് കേരളത്തില്‍ പോലും ഉണ്ടായിട്ടുണ്ട്. മായാവതിക്കെതിരെയും ലാലു പ്രസാദ് യാദവിനെതിരെയും മുലായം സിങ്ങിനെതിരെയും അഴിമതിക്കേസുകള്‍ ഉണ്ടായപ്പോള്‍ അവര്‍ അതിനെ രാഷ്ട്രീയമായാണ് നേരിട്ടത്. തങ്ങള്‍ എന്തു പറഞ്ഞാലും വിശ്വസിക്കുന്ന അണികളായിരുന്നു അവരുടെ ഏറ്റവും വലിയ ബലം. പിറന്നാള്‍ ദിനത്തില്‍ മായാവതിക്ക് നോട്ടുമാലകളും നെക്ലസുകളും സമ്മാനമായി നല്‍കാന്‍ ഭക്തര്‍ മല്‍സരിക്കുന്നത് പതിവാണ്. പണ്ട് കുചേലന്‍ സമ്മാനവുമായി കൃഷ്ണനെ കാണാന്‍ ദ്വാരകയില്‍ എത്തിയ കഥ ഓര്‍ക്കുന്നു. പകരമായി കൃഷ്ണന്‍ അദ്ദേഹത്തിന് വിലപ്പിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയെങ്കിലും മായാവതിയെ പോലുള്ള നേതാക്കള്‍ എന്താണ് പകരം നല്‍കിയതെന്ന ചോദ്യം പ്രസക്തമാണ്.

ബൊഫോഴ്സ് കേസിലും സിക്ക് വിരുദ്ധ കലാപത്തിലും ഗുജറാത്ത് കലാപത്തിലും തുടങ്ങി കല്‍ക്കരി കുംഭകോണത്തില്‍ വരെ അണികളുടെ ഈ വിശ്വാസം ഒരു പ്രധാന ഘടകമായി വര്‍ത്തിച്ചു.സത്യസന്ധരായ തങ്ങളുടെ നേതാക്കള്‍ അവിഹിതമായി ഒന്നും സമ്പാദിച്ചിട്ടില്ലെന്ന് ഭക്തര്‍ ഉറച്ചു വിശ്വസിക്കുകയും അവര്‍ക്കായി വാദിക്കുകയും ചെയ്തു. രാവണ വധത്തിന് ശേഷമുള്ള നിര്‍ണ്ണായകമായ ഒരു സന്ദര്‍ഭത്തില്‍ സീതയുടെ പരിശുദ്ധിയില്‍ സാക്ഷാല്‍ രാമന്‍ പോലും സംശയം പ്രകടിപ്പിക്കുന്നുണ്ട്. പിന്നീട് ജ്യേഷ്ഠന്‍റെ ആജ്ഞ പ്രകാരം ഗത്യന്തരമില്ലാതെ ലക്ഷ്മണന്‍ അവരെ നിബിഡമായ വനപ്രദേശത്ത് ഉപേക്ഷിക്കുകയും അതോടെ അദ്ദേഹം ജ്യേഷ്ഠനില്‍ നിന്ന്‍ മാനസികമായി അകലുകയും ചെയ്യുന്നു.എന്നാല്‍ അഭിനവ രാഷ്ട്രീയ ദൈവങ്ങള്‍ക്ക് അത്തരം പ്രതിസന്ധികളെയൊന്നും അഭിമുഖീകരിക്കേണ്ടി വന്നില്ല. ജയിലില്‍ കിടന്നിട്ടാണെങ്കിലും ചൌട്ടാല തന്നെ ഹരിയാന ഭരിക്കും എന്ന്‍ അദ്ദേഹത്തിന്‍റെ അനുയായികള്‍ പ്രഖ്യാപിക്കുന്നതില്‍ വരെയെത്തി നില്‍ക്കുന്നു ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ശക്തി.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആരാധനാ വിഗ്രഹങ്ങള്‍ 2
ഒരു രാഷ്ട്രീയ നേതാവിന്‍റെ അറസ്റ്റിനെ തുടര്‍ന്നു കേരളത്തില്‍ നടന്ന ഹര്‍ത്താലില്‍ വലഞ്ഞ  വിനോദ സഞ്ചാരികള്‍

ഐസ്ക്രീംഇടമലയാര്‍ കേസുകളിലും ടിപി ചന്ദ്രശേഖരന്‍ ഉള്‍പ്പടെയുള്ളവരുടെ രാഷ്ട്രീയ കൊലപാതകങ്ങളിലും അത്തരം വിശ്വാസ പ്രഖ്യാപനങ്ങള്‍ നമ്മള്‍ കണ്ടതാണ്. ഐസ്ക്രീം കേസില്‍ പികെ കുഞ്ഞാലിക്കുട്ടി നിരപരാധിയാണെന്ന് കോടതിക്ക് മുമ്പേ വിധിച്ച അനുഭാവികള്‍ എല്ലാം രാഷ്ട്രീയ ഗൂഡാലോചനയാണെന്നും സമര്‍ഥിച്ചു. കണ്ണൂര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പാപഭാരം എതിരാളികളുടെ മേലാണ് എല്ലാ പാര്‍ട്ടികളും ചാര്‍ത്തിക്കൊടുക്കുന്നത്. തങ്ങള്‍ നിരപരാധികളാണെന്നും എല്ലാം മറ്റവന്‍മാരാണ് ചെയ്തതെന്നും പറയാന്‍ സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ മല്‍സരിക്കുന്നു. ടിപി വധക്കേസിലെ പ്രതികള്‍ പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന്‍ പിടിയിലായപ്പോഴും വിവിധ പ്രാദേശിക നേതാക്കള്‍ പ്രതി ചേര്‍ക്കപ്പെട്ടപ്പോഴും ആ പല്ലവിക്ക് മാറ്റമൊന്നുമുണ്ടായില്ല.

നേതാക്കള്‍ പറയുന്നതെല്ലാം അതേപടി വിശ്വസിക്കുന്ന അണികള്‍ ഇക്കാലത്തും ഉണ്ട് എന്നതാണു വിചിത്രം. അക്കാര്യത്തില്‍ മലയാളിയെന്നോ തമിഴനെന്നോ ബംഗാളിയെന്നോ വ്യത്യാസവുമില്ല. ഒരര്‍ഥത്തില്‍ ഇതാണ് വിശ്വാസം. അചഞ്ചലമായ ഈശ്വര വിശ്വാസം

എന്നും അതിനെ വിശേഷിപ്പിക്കാം. അല്ലെങ്കിലും ഒരിക്കലും കണ്ടിട്ടില്ലാത്ത അമാനുഷിക ശക്തികളെ മാത്രമേ വിശ്വസിക്കാവൂ എന്ന്‍ എവിടെയും പറഞ്ഞിട്ടില്ലല്ലോ. അപ്പോള്‍ മനുഷ്യ ദൈവങ്ങളുമാകാം. പറയുന്നതെന്തും സാധിപ്പിച്ചു തരുന്ന അസംഖ്യം ദൈവങ്ങള്‍ രാഷ്ട്രീയത്തില്‍ ഉള്ളപ്പോള്‍ അതിനു മാതാ അമൃതാനന്ദമയി തന്നെ വേണമെന്നില്ല. അതുകൊണ്ട് ഇനി നമുക്കും പറയാം, വിശ്വാസം അതല്ലേ എല്ലാം ?

[ My article published in KVartha on 28.09.2014]

Leave a Comment

Your email address will not be published. Required fields are marked *