കുമാരസംഭവം: ഒരു വെജിറ്റേറിയന്‍ യാത്രയും ചില പക്ഷിപ്പനി ചിന്തകളും

image

വി എം സുധീരന്‍റെ ജനപക്ഷയാത്രയെ വെജിറ്റേറിയന്‍ യാത്രയെന്നാണ് കെ മുരളീധരന്‍ ഇന്നലെ വിളിച്ചത്. ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നതും പച്ചക്കറിവിത്ത് വിതരണം ചെയ്യുന്നതുമല്ലാതെ യാത്രയില്‍ കാര്യമായൊന്നും നടക്കാത്തതാണ് അദ്ദേഹത്തെ വേദനിപ്പിച്ചത്. കേന്ദ്രം ഭരിക്കുന്ന നരാധമനായ നരേന്ദ്ര മോദിയെയും സംസ്ഥാനത്തെ കാരണവര്‍ വിഎസ് അച്യുതാനന്ദനെയും ഓരോ വേദിയിലും വച്ച് സുധീരന്‍ പുലഭ്യം പറയുമെന്ന് നേരത്തെ മുരളീധര്‍ജി കിനാവ് കണ്ടിരുന്നു. എന്നാല്‍ അഭിനവ ഗാന്ധിയായ കെപിസിസി പ്രസിഡന്‍റ് ബാര്‍ മുതലാളിമാരെയാണ് പ്രധാന ശത്രുവായി കണ്ടത്. മൈക്ക് കിട്ടുന്ന അവസരത്തിലെല്ലാം അവരെ ആക്രമിച്ച അദ്ദേഹം കോണ്‍ഗ്രസ്സിന് മദ്യ വില്‍പ്പനക്കാരുടെ വോട്ട് വേണ്ടെന്ന്‍ പറയാനും മടിച്ചില്ല.

ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് കാലേക്കൂട്ടി പ്രഖ്യാപിച്ച ആളാണ് സുധീരന്‍. അങ്ങനെയുള്ള ആള്‍ ആരെ പേടിക്കാനാണ് ? മേലെ ആകാശം താഴെ ഭൂമി. അല്ലാതെന്താ ? പോരാത്തതിന് അടുത്ത വീതംവയ്പ്പില്‍ ഇന്ദിരാ ഭവനിലെ കസേര നഷ്ടപ്പെടുമെന്ന കാര്യത്തിലും ഏതാണ്ട് തീരുമാനമായിട്ടുണ്ട്. അതുകൊണ്ട് തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അന്നത്തെ കെപിസിസി പ്രസിഡന്‍റിന്‍റെ തലയില്‍ വച്ച് കെട്ടുകയുമാവാം. ഒടുക്കത്തെ ബുദ്ധി. സുധീരന്‍ വെറും ഗാന്ധിയനാണെന്ന് ഇനി ആരും പറയില്ല. അല്ലെങ്കില്‍ തന്നെ മദ്യ കച്ചവടക്കാരുടെയും മദ്യപാനികളുടെയും വോട്ടില്ലെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കേരളത്തില്‍ ഒരു പഞ്ചായത്ത് വാര്‍ഡ് പോലും ജയിക്കില്ലെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് ?

സുധീരന്‍റെ പാര തങ്ങള്‍ക്ക് നേരെയാണെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ്സിലെ രാഷ്ട്രീയ സിങ്കങ്ങളെല്ലാം ഒട്ടും വൈകാതെ സട കുടഞ്ഞെഴുന്നേറ്റു. മല്‍സരത്തില്‍ നിന്ന്‍ മാറി നില്‍ക്കുന്ന പ്രസിഡന്‍റിനു എന്തും പറയാമെന്ന് കെപിസിസിയിലെ രണ്ടാം സ്ഥാനക്കാരന്‍ കൂടിയായ വിഡി സതീശന്‍ പറഞ്ഞപ്പോള്‍ മദ്യ വില്‍പ്പനക്കാരുടെ മാത്രമല്ല വഴിയേ പോകുന്നവരുടെയും എന്തിന് ബംഗാളികളുടെ വരെ വോട്ട് വേണമെന്ന അഭിപ്രായമാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മറ്റുള്ളവരുമൊക്കെ പ്രകടിപ്പിച്ചത്. ബംഗാളികളെ മാവേലി നാട്ടിലെ പ്രജകളാക്കാനുള്ള ഊര്‍ജ്ജിതമായ നീക്കങ്ങളും ഒരു വശത്ത് നടക്കുന്നുണ്ട്. അസംഘടിതരായ ബംഗാളികളെ ഒന്നിപ്പിക്കാന്‍ അടുത്ത കാലത്ത് സിപിഎമ്മും മുന്നിട്ടിറങ്ങിയിരുന്നു.അവരുടെ പിന്തുണയുണ്ടെങ്കില്‍ കേരളത്തെ മറ്റൊരു ബംഗാളാക്കി മാറ്റാമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കാലം മാറിയെന്നും വംഗനാട്ടിലെ സഖാക്കള്‍ ഇപ്പോള്‍ തൃണമൂലിന്‍റെ പടയാളികളായെന്നുമാണ് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നത്. കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധരായ ദീദിയുടെ അനുയായികള്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും തങ്ങളുടെ കൂടെ നില്‍ക്കുമെന്നാണ് യുഡിഎഫ് വിശ്വസിക്കുന്നത്. ദീദിയുടെ പിന്തുണ സംസ്ഥാനത്ത് വരും തിരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായകമാകുമെന്ന് ചുരുക്കം.

പറഞ്ഞു വന്നത് മുരളീധര്‍ജിയുടെ പ്രസ്താവനയെക്കുറിച്ചാണല്ലോ. അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ കുമാരന്‍ ഒരു വേള വര്‍ഷങ്ങള്‍ പിന്നിലേക്ക് സഞ്ചരിച്ചു. മുരളീധരന്‍ കെപിസിസി പ്രസിഡന്‍റ് ആയിരിക്കുന്ന കാലം. അന്നും വിഎസും പിണറായിയും കോണ്‍ഗ്രസ്സിന്‍റെ എതിര്‍ചേരിയില്‍ ഉണ്ടായിരുന്നു. പക്ഷേ കരുണാകരനും പുത്രനും ശത്രുക്കളായി കണ്ടത് ആന്‍റണിയെയും ഉമ്മന്‍ ചാണ്ടിയെയുമാണ്. എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ അച്ഛന്‍ ടിവിക്കാരെയെല്ലാം ആശീര്‍വദിച്ചപ്പോള്‍ തിരുവല്ല ഉപതിരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ മുരളി ഇന്ദിരാ ഭവനിലെ കൊടിവച്ച കാറില്‍ വന്നിറങ്ങിയത് ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍ക്കുന്നു. മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചപ്പോള്‍ അത് ബിജെപി പിന്തുണ കൊണ്ടാണെന്ന് പറയാനും അദ്ദേഹം മടിച്ചില്ല. അതൊരു കാലം. പിന്നീട് മുരളിയും കൂട്ടരും എകെജി സെന്‍ററിന്‍റെ വരാന്തയില്‍ കാറ്റും മഴയും കൊണ്ട് ഏറെനാള്‍ കാത്തുക്കെട്ടി കിടന്നതും ഒടുവില്‍ അഷ്ടിക്ക് പോലും വകയില്ലാതെ വന്നപ്പോള്‍ മാനസാന്തരപ്പെട്ട് തിരികെ വന്നതും ഇന്ന്‍ ചരിത്രം. അന്ന് മുരളിയുടെ വരവിനെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ആവും വിധം എതിര്‍ത്തെങ്കിലും അദ്ദേഹത്തിന് അഭയം കൊടുക്കണമെന്ന് വാദിച്ചത് സുധീരനാണ്. ഒരിയ്ക്കലും വന്ന വഴി മറക്കരുത് മുരളീധര്‍ജി.

രാഷ്ട്രീയ ഭീഷ്മാചാര്യരുടെ സീമന്ത പുത്രന് രാഷ്ട്രീയമറിയില്ലെന്നാണ് സുധീരന്‍ ഇന്നലെ വൈകിട്ട് പ്രതികരിച്ചത്. അതുകൊണ്ടാണത്രേ വെജിറ്റേറിയന്‍ യാത്രയെന്ന് പറഞ്ഞു അദ്ദേഹം ജനപക്ഷ യാത്രയെ പരിഹസിച്ചത്. മോദി വാഴുന്ന നാട്ടില്‍ ഗാന്ധിസമാണ് ഏക രക്ഷാ മാര്‍ഗ്ഗമെന്നാണ് സുധീര പക്ഷം. അതുകൊണ്ടാണ് ഗാന്ധി മാര്‍ഗ്ഗത്തില്‍ ആരെയും വേദനിപ്പിക്കാതെ താന്‍ യാത്ര നടത്തുന്നതെന്നും അദ്ദേഹം പറയുന്നു. ഗാന്ധി മാര്‍ഗ്ഗത്തില്‍ നിന്ന്‍ വ്യതിചലിക്കുന്നതാണ് നാട്ടിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് നേരെത്തെയും പലരും പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് കുമാരന് കഴിഞ്ഞ ദിവസമാണ് ബോധ്യപ്പെട്ടത്. പത്രങ്ങളിലും ചാനലുകളിലും പക്ഷിപ്പനി വാര്‍ത്തകളാണ് ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത്. പക്ഷികളെ കടത്തുന്നതും ഇറച്ചിയും മുട്ടയും വില്‍ക്കുന്നതും പല ജില്ലകളിലും നിരോധിച്ചു. ചുമ്മാതല്ല സുധീരന്‍ജി വെജിറ്റേറിയന്‍ യാത്ര നടത്തിയത്. ഗാന്ധിജിയും സസ്യാഹാരിയായിരുന്നല്ലോ. ഒരിക്കല്‍ ആട്ടിറച്ചി കഴിച്ചതിന്‍റെ പേരിലുണ്ടായ വിഷമതകള്‍ അദ്ദേഹം വിവരിച്ചത് ആത്മകഥയില്‍ നമ്മള്‍ വായിച്ചിട്ടുമുണ്ട്. എന്നിട്ടും പഠിക്കാത്തവരാണ് ഇപ്പോള്‍ പക്ഷിപ്പനിയുടെ പേരില്‍ അനുഭവിക്കുന്നത്.

കുടുംബം തകര്‍ക്കുന്നതിന്‍റെ പേരില്‍ മദ്യം നിരോധിക്കാന്‍ മുന്നിട്ടിറങ്ങിയ സുധീരന്‍ പനി പടര്‍ത്തി ആളുകളെ കൊല്ലാന്‍ പോലും മടിക്കാത്ത പക്ഷികള്‍ക്കെതിരെ എന്നാണ് തിരിയുക എന്നേ ഇനി അറിയാനുള്ളൂ. പക്ഷി വളര്‍ത്തലും ഇറച്ചിയും നിരോധിക്കണമെന്ന് അദ്ദേഹം പറയേണ്ട താമസം, ഒരു പക്ഷേ ചാണ്ടിച്ചന്‍ ദേശാടന പക്ഷികളുടെ വരവ് പോലും നിരോധിച്ചു കളയും. അവരാണല്ലോ ഈ പ്രശ്നങ്ങളുടെയെല്ലാം മൂലവാഹകര്‍.

[ My article published in BritishPathram on 28.11.2014]

 

Leave a Comment

Your email address will not be published. Required fields are marked *