ഒടുവില്‍ ഉമ്മന്‍ ചാണ്ടി ഭയന്നത് പോലെ സംഭവിച്ചു. തന്‍റെ ആദര്‍ശ നിലപാടുകളില്‍ കടുകിട വെള്ളം ചേര്‍ക്കാന്‍ തയ്യാറാകാത്ത വിഎം സുധീരന്‍ ബാര്‍ ലൈസന്‍സിങ് വിഷയത്തിലൂടെ അദ്ദേഹത്തിന് ഒരിക്കല്‍ കൂടി തലവേദനയാകുകയാണ്. നിലവാരം കുറഞ്ഞ ബാറുകള്‍ക്ക് സൌകര്യം മെച്ചപ്പെടുത്താന്‍ ഒരു വര്‍ഷം വരെ സമയം കൊടുക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എക്സൈസ് മന്ത്രി കെ.ബാബുവും ഉള്‍പ്പടെ സംസ്ഥാന നേതൃത്വത്തിലെ ബഹുഭൂരിപക്ഷം പേരും വാദിച്ചെങ്കിലും സുധീരന്‍ ഇനിയും വഴങ്ങിയിട്ടില്ല. നിലവാരമില്ലാത്തവ അടഞ്ഞു തന്നെ കിടക്കട്ടെ എന്നാണ് കെപിസിസി അദ്ധ്യക്ഷന്‍റെ നിലപാട്. സാംസ്ക്കാരിക രംഗത്തെ വിവിധ നേതാക്കളും സംഘടനകളും പിന്തുണയുമായി രംഗത്ത് വരുന്നത് അദ്ദേഹത്തിന് ശക്തി പകര്‍ന്നിട്ടുണ്ട്.
മുഖ്യമന്ത്രിയും സുധീരനും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ പ്രശ്ന പരിഹാരത്തിനായി രമേശ് മുന്നോട്ട് വന്നെങ്കിലും പ്രതിസന്ധി പരിഹരിക്കാനുള്ള ഫോര്‍മുല ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല. വിഷയത്തില്‍ കെഎം മാണിയും പികെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പടെയുള്ള കക്ഷി നേതാക്കളെ പങ്കെടുപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരിക്കല്‍ രമേശിനെ തന്‍റെ മന്ത്രിസഭയിലെ രണ്ടാമന്‍ ആക്കാതിരിക്കാന്‍ ഈ ഘടക കക്ഷി നേതാക്കളെ സമര്‍ത്ഥമായി ഉപയോഗിച്ച ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ സുധീര വിഷയത്തില്‍ ഇവരെ ഉള്‍പ്പെടുത്തുക വഴി എന്താണ് മനസില്‍ കാണുന്നതെന്ന് വരും ദിനങ്ങളിലേ വ്യക്തമാകൂ.
ഉമ്മന്‍ ചാണ്ടിയും സുധീരനും എക്കാലവും പാര്‍ട്ടിക്കുള്ളില്‍ എതിര്‍ ചേരികളിലായിരുന്നു. ആന്‍റണിയോടുള്ള കൂറായിരുന്നു ഇരുവരെയും ഒന്നിപ്പിച്ച ഏക ഘടകം. ഉമ്മന്‍ ചാണ്ടി പ്രായോഗികവാദത്തിന്‍റെ വക്താവായപ്പോള്‍ സുധീരന്‍ തന്‍റെ ആദര്‍ശ നിലപാടുകളില്‍ ഉറച്ചു നിന്നു. അത്തരം അഭിപ്രായങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ടാണ് അദ്ദേഹം കെപിസിസി പ്രസിഡന്‍റ് ആകുന്നതിനെ ഉമ്മന്‍ ചാണ്ടി എതിര്‍ത്തത്. താന്‍ പറയുന്നതെന്തും ശരി വയ്ക്കുന്ന, സര്‍ക്കാര്‍ തീരുമാനങ്ങളെ ചോദ്യം ചെയ്യാത്ത രമേശ് ചെന്നിത്തലയെ പോലൊരാള്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ മനസില്‍. അതിനായി മുഖ്യമന്ത്രിയും ചെന്നിത്തലയും ചേര്‍ന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയനെ തല്‍സ്ഥാനത്തേയ്ക്ക് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സോളാര്‍ വിവാദത്തില്‍ പെട്ട് നിറം മങ്ങിയ യുഡിഎഫ് സര്‍ക്കാരിന് ഗുണം ചെയ്യുക സുധീരന്‍റെ അഴിമതി വിരുദ്ധ പ്രതിച്ഛായയാണെന്ന്‍ മനസിലാക്കിയ രാഹുല്‍ ഗാന്ധി ആ പേര് വെട്ടി. പകരം സുധീരനെ അവിടെ പ്രതിഷ്ഠിച്ചു.
പുതിയ അദ്ധ്യക്ഷന്‍ തലവേദനയാകുമെന്ന് മനസിലായ മുഖ്യമന്ത്രി ആദ്യമേ തന്നെ തന്‍റെ പ്രതിഷേധം പരസ്യമായി അറിയിച്ചു. സുധീരന്‍ ഇന്ദിരാ ഭവനില്‍ ചുമതലയെറ്റെടുക്കുന്ന സമയത്ത് സെക്രട്ടേറിയറ്റില്‍ ഉണ്ടായിട്ടും അദ്ദേഹം വന്നതുമില്ല. ഇരുവരും തമ്മിലുള്ള അകല്‍ച്ച വെറും മാധ്യമ സൃഷ്ടി മാത്രമാണെന്ന് ചില കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചെങ്കിലും കാര്യങ്ങള്‍ ഭദ്രമല്ലെന്ന് അന്നേ വ്യക്തമായിരുന്നു.
സുധീരന്‍റെ നിലപാടുകള്‍ കോണ്‍ഗ്രസ്സിനെ വിഷമവൃത്തത്തിലാക്കുന്നത് ഇതാദ്യമല്ല. അദ്ദേഹത്തിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന് 1985ലെ കരുണാകരന്‍ മന്ത്രിസഭയുടെ കാലത്തെ സ്പീക്കര്‍ പദവിയെക്കാളും പഴക്കമുണ്ട്. 2001ലെ ആന്‍റണി മന്ത്രിസഭയുടെ കാലത്ത് ആലപ്പുഴയിലെ കരിമണല്‍ ഖനന വിഷയത്തിലും ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ്ക്രീം പാര്‍ലര്‍ കേസിലും എടുത്ത വിവാദ നിലപാടുകള്‍ പാര്‍ട്ടിക്കതീതമായ പിന്തുണ അദ്ദേഹത്തിന് നേടിക്കൊടുത്തെങ്കിലും സര്‍ക്കാരിനെ ദോഷകരമായി ബാധിച്ചു. അക്കാലത്ത് ആലപ്പുഴയില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമായിരുന്നു അദ്ദേഹം. ഖനനം അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച സുധീരന്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പറയാനും മടിച്ചില്ല. ആന്‍റണിയുടെ നേരിട്ടുള്ള ഇടപെടലും അദ്ദേഹത്തിന്‍റെ നിലപാട് മയപ്പെടുത്താന്‍ സഹായകമായില്ല.
1971ല്‍ കെഎസ് യു സംസ്ഥാന പ്രസിഡന്‍റ് ആയത് മുതല്‍ ഓരോരോ വിഷയങ്ങളില്‍ എടുത്ത അത്തരം സത്യസന്ധമായ നിലപാടുകളാണ് സുധീരന്‍റെ വമ്പിച്ച ജനപിന്തുണയ്ക്ക് കാരണമെന്ന് കാണാം. സാധാരണ നേതാക്കള്‍ പാര്‍ട്ടി തീരുമാനങ്ങള്‍ മാറുന്നതിനനുസരിച്ച് തങ്ങളുടെ അഭിപ്രായവും മാറ്റിയപ്പോള്‍ സുധീരന്‍ അതില്‍ നിന്നെല്ലാം വേറിട്ട് നിന്നു. അതുകൊണ്ടാണ് ആലപ്പുഴ പോലൊരു മണ്ഡലത്തില്‍ വെള്ളാപ്പള്ളി നടേശന്‍റെയും വിഎസ് അച്യുതാനന്ദന്‍റെയും കടുത്ത എതിര്‍പ്പുണ്ടായിട്ടും തുടര്‍ച്ചയായി മൂന്നു വട്ടം വിജയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. അദ്ദേഹത്തിന് പാര്‍ട്ടിക്കകത്തും പുറത്തും പ്രബലരായ ശത്രുക്കള്‍ ഉണ്ടായതിന്‍റെ കാരണവും വേറൊന്നല്ല.
ആറന്മുള വിമാനത്താവള പ്രശ്നത്തിലും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും സലിം രാജ് ഉള്‍പ്പെട്ട ഭൂമി ഇടപാടിലും സോളാര്‍ വിഷയത്തിലുമെല്ലാം പാര്‍ട്ടിയില്‍ നിന്ന്‍ വേറിട്ട് ചിന്തിച്ച സുധീരന്‍ അതുവഴി തന്നേ പിന്തുണയ്ക്കുന്നവരുടെയും എതിര്‍ക്കുന്നവരുടെയും എണ്ണം കൂട്ടി. മന്നം സമാധിയിലെ വിവാദ സന്ദര്‍ശനം വഴി ജാതി–മത നേതാക്കളുടെ മുന്നില്‍ തല കുമ്പിട്ടു നില്‍ക്കുന്ന കോണ്‍ഗ്രസ് പാരമ്പര്യത്തിനും അദ്ദേഹം മാറ്റം വരുത്തി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി തന്‍റെ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച അദ്ദേഹത്തിന് പക്ഷേ ബാര്‍ ലൈസന്‍സിങ് വിഷയത്തിലെ നിലപാടുമായി എത്ര ദൂരം മുന്നോട്ട് പോകാന്‍ കഴിയുമെന്ന് കണ്ടു തന്നെ അറിയണം. കാരണം വിഎം സുധീരന്‍ എന്ന സാദാ കോണ്‍ഗ്രസ് നേതാവിനും കെപിസിസി പ്രസിഡന്‍റിനും ഇടയിലുള്ള ദൂരം വളരെ വലുതാണ്.
[ My article originally published in Britishpathram on 26.04.2014]
The End