കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്കും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനും ലഭിച്ച അപ്രതിക്ഷിത സ്ഥാന ചലനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായത്.
ഇരുവരും ചെയ്ത സ്ത്യുതര്‍ഹ സേവനങ്ങള്‍ക്കുള്ള പ്രതിഫലമാണ് ലഭിച്ചതെന്ന് അനുയായികള്‍ വാദിച്ചെങ്കിലും കുമ്മനത്തിന് ലഭിച്ചത് പണിഷ്മെന്‍റ് ട്രാന്‍സ്ഫറാണെന്നാണ് എതിരാളികള്‍ പ്രചരിപ്പിച്ചത്. ഏതായാലും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വന്ന തിരുമാനം ആര്‍ക്കാണ് ഗുണം ചെയ്യുക എന്ന് കാത്തിരുന്നു കാണാം. കുമ്മനം വഴി ആദ്യ ഗോളടിച്ച മോദിജിയാണോ ഉമ്മച്ചനിലൂടെ സമനില ഗോള്‍ നേടിയ രാഹുല്‍ജിയാണോ അതോ ഗ്യാലറിയിലിരുന്നു കളി കാണുന്ന യച്ചൂരിജിയാണോ കളി ജയിക്കുക എന്ന് അടുത്തു തന്നെയറിയാം.
അമിത്ഷായുടെ പാസിംഗ് മികവില്‍ ഗോളടിച്ചു കൊണ്ട് മോദിജിയാണ് പ്രമോഷന്‍ കപ്പിന് തുടക്കമിട്ടത്. കേരളത്തില്‍ തെക്ക്-വടക്ക് നടക്കുകയായിരുന്ന കുമ്മനത്തിനെ നൈസായിട്ട് നേരെയങ്ങ് മിസോറാമിലേക്ക് തട്ടി.
ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗത്ത് മിസോറാം എന്ന ഒരു ദേശമുണ്ടെന്നും അവിടെ മാലോകര്‍ അങ്ങിങ്ങായി പാര്‍ക്കുന്നുണ്ടെന്നും കേരളത്തിലെ പാര്‍ട്ടിക്കാര്‍ക്ക് പറഞ്ഞു കേട്ട അറിവേയുള്ളൂ. കേരളത്തില്‍ ശക്തിപ്പെടുത്തിയത് പോലെ അവിടെയും പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് കുമ്മനത്തിനെ കൊണ്ടു പോകുന്നതെന്നാണ് ബിജെപിക്കാര്‍ ആദ്യം വിചാരിച്ചത്. പിന്നെയാണ് അറിഞ്ഞത് ഐസ്വാളില്‍ പണ്ട് ബ്രിട്ടിഷുകാര്‍ പണി കഴിപ്പിച്ച ഒരു കൊട്ടാരമുണ്ടെന്നും അവിടെ രാജാവായി വാഴിക്കാനുമാണ് അദ്ദേഹത്തെ കൊണ്ടു പോകുന്നതെന്ന്. കേട്ടപ്പോള്‍ പാര്‍ട്ടിയിലെ അദ്ദേഹത്തിന്‍റെ ശത്രുക്കളുടെ പോലും കണ്ണു നിറഞ്ഞു പോയി.
മിസോറാമില്‍ ചെന്നു കഴിഞ്ഞാല്‍ കുമ്മനത്തിന് പ്രത്യേകിച്ച് പണിയൊന്നുമില്ലത്രേ. സര്‍ക്കാര്‍ തരുന്ന ഫയലും ഒപ്പിട്ട് മാസാമാസം മൂന്നു ലക്ഷത്തോളം ചില്ല്വാനവും വാങ്ങി കൊട്ടാരത്തിന്‍റെ സുഖ ശീതളിമയില്‍ അങ്ങനെ കഴിയാം. പക്ഷെ കുമ്മനമാണല്ലോ ആള്. ആറന്മുള പോലുള്ള ജനകീയ സമരങ്ങളുടെ നേതാവാണ്. ആ കയ്യിലിരുപ്പ് അങ്ങ് മിസോറാമിലും പുറത്തെടുക്കുമോ എന്ന ഒരു പേടി അമിത് ഷായ്ക്ക് ഇല്ലാതില്ല. അങ്ങനെയുള്ള ദു:ശീലമൊക്കെ മടക്കി പെട്ടിയിലാക്കി നാട്ടില്‍ വച്ചിട്ട് വന്നാല്‍ മതിയെന്ന് അദ്ദേഹം കുമ്മനത്തിനോട് കര്‍ശനമായി പറഞ്ഞിട്ടുണ്ട്. പുതിയ സ്ഥലവും രീതികളുമായി പരിചയപ്പെടാനായി ആറു മാസവും കൊടുത്തിട്ടുണ്ട്. അത് കഴിഞ്ഞാല്‍ മിസോറാമില്‍ ബിജെപി വരും. അതോടെ ഗവർണ്ണറുടെ ജോലി പിന്നെയും കുറയും. മുകളില്‍ നിന്ന് മോദിജിയും താഴെ നിന്ന് മുഖ്യനും പറയുന്നത് മാത്രം ചെയ്‌താൽ മതി. അല്ലെങ്കിലും കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ പാര്‍ട്ടി ഭരിക്കുമ്പോള്‍ ആ കീഴ്വഴക്കം കാലങ്ങളായുള്ളതാണല്ലോ. അതാണ് നമ്മുടെ പുകഴ്പ്പെറ്റ ജനാധിപത്യത്തിന്‍റെ ശക്തി. യേത്?
കുമ്മനത്തെ ബിജെപിയുടെ സംസ്ഥാന ചുമതല ഏല്‍പ്പിച്ച് മാസങ്ങളായെങ്കിലും പാര്‍ട്ടിയുടെ വളര്‍ച്ച കീഴ്പ്പോട്ടാണെന്നാണ് അസൂയാലുക്കള്‍ പറഞ്ഞു പരത്തുന്നത്. അതുകൊണ്ട് അദ്ദേഹത്തിന് കൊടുത്ത പണിഷ്മെന്‍റ് ട്രാന്‍സ്ഫറാണ് ഇതെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ കിട്ടാത്ത മുന്തിരി പുളിക്കുമെന്നും തനിക്ക് ഒരിക്കലും കിട്ടാനിടയില്ലാത്ത ഗവര്‍ണ്ണര്‍ പദവി കുമ്മനത്തിന് കിട്ടിയതിലുള്ള കൊതിക്കെറുവ് കൊണ്ടാണ് അദ്ദേഹം അങ്ങനെ പറയുന്നതെന്ന് ബിജെപിയും പറയുന്നു. പടവലങ്ങയുടെ വളര്‍ച്ച കീഴ്പ്പോട്ടല്ലേയെന്ന് ചോദിക്കുന്ന അവര്‍ അത് മലയാളിയുടെ നിത്യ ഭക്ഷണത്തിന്‍റെ ഭാഗമാണെന്ന കാര്യം കൂടി ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ ബിജെപിയും അതുപോലെയാണെന്നും എന്നാല്‍ സ്വാതന്ത്ര്യത്തിന് മുമ്പ് രൂപം കൊണ്ട്, മൂന്നു സംസ്ഥാനങ്ങളില്‍ അധികാരത്തിലിരുന്ന സിപിഎം പടവലങ്ങയെ പോലും തോല്‍പ്പിക്കുന്ന വിധത്തിലാണ് താഴേക്ക് വരുന്നതെന്ന പരിഹാസവും അവര്‍ ഉയര്‍ത്തുന്നുണ്ട്.
ഉടന്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മിസോറാമിലേക്ക് കുമ്മനത്തെ കൊണ്ടു പോകുന്നത് കുതിരക്കച്ചവടം മുന്നില്‍ കണ്ടുകൊണ്ടാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കര്‍ണ്ണാടകയില്‍ അടുത്തിടെ നടന്ന സംഭവവികാസങ്ങളും അവര്‍ തെളിവായി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പുതിയ നിയമനത്തിന് പിന്നില്‍ ദുഷ്ടലാക്കൊന്നുമില്ലെന്നാണ് അമിത് ഷാ ആണയിടുന്നത്. ബിജെപി അങ്ങനെയുള്ള പാര്‍ട്ടിയല്ലെന്നും കുമ്മനം പണ്ടേ അത്തരക്കാരനല്ലെന്നും അദ്ദേഹം സമര്‍ഥിക്കുന്നു.
മാരാര്‍ ഭവനിലെ കസേര ഒഴിഞ്ഞതോടെ സംസ്ഥാന ബിജെപിയിലെ ചെറുതും വലുതുമായ നേതാക്കള്‍ മനപായസമുണ്ണുകയാണെന്നും അതവസാനം ഉത്തരകൊറിയ നടത്തുന്ന അണുവിസ്ഫോടനം പോലെ പുറത്തറിയാത്ത പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നും എല്ലാവര്‍ക്കുമറിയാം. അത് കാണാന്‍ കെല്‍പ്പില്ലാത്ത സ്വതവേ ദുര്‍ബല ഹൃദയനായ കുമ്മനം താമസിയാതെ ഐസ്വാളിലേക്ക് വണ്ടി കയറുമെന്നും അതിനായി അദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞെന്നും അറിയുന്നു.
മോദിജി ഒരു ഗോളടിക്കുമ്പോള്‍ രാഹുല്‍ജിക്ക് കയ്യും കെട്ടി നോക്കിനില്‍ക്കാനാവില്ലല്ലോ. അല്ലെങ്കില്‍ തന്നെ സമയത്ത് ഒന്നും ചെയ്യില്ല എന്ന ഒരു ദുഷ്പ്പേര് അദ്ദേഹത്തിന് പാര്‍ട്ടിക്കകത്ത് തന്നെയുണ്ട്. ഇത്തവണ ഏതായാലും അതുണ്ടായില്ല.
ഒരു തകര്‍പ്പന്‍ കോര്‍ണര്‍ കിക്കിലൂടെ എതിരാളിയുടെ ഗോള്‍ വല ചലിപ്പിച്ച അദ്ദേഹം അനുയായികളുടെ പ്രതിക്ഷ നിലനിര്‍ത്തി. ഉമ്മച്ചന്‍ ഗോള്‍ വര കടന്ന് അകത്തെത്തിയപ്പോള്‍ പാര്‍ട്ടിക്കകത്തെയും പുറത്തെയും ശത്രുക്കള്‍ ഒരുവേള നിശബ്ദരായി. രാഹുല്‍ജിയുടെ ഷോട്ട് അങ്ങ് ആന്ധ്ര ബോര്‍ഡറിലാണ് ചെന്ന് വീണത്. അടുത്ത ഒരു വര്‍ഷത്തേക്ക് ആരും അതെടുത്ത് പോകരുതെന്നാണ് അദ്ദേഹം കല്‍പ്പിക്കുക കൂടി ചെയ്തതോടെ എല്ലാം വ്യക്തമായി.
ആന്ധ്ര ദേശത്ത് ജഗന്‍ മോഹന്‍ എന്ന ക്രൌഡ് പുള്ളറായ ഒരു കളിക്കാരനുണ്ടത്രേ. പണ്ട് കോണ്‍ഗ്രസ് ടീമിലായിരുന്ന അയാള്‍ ഇപ്പോള്‍ അവിടെ സെവന്‍സ് കളിച്ചു നടക്കുകയാണ്. അയാളെ തിരിച്ച് ടീമിലെത്തിക്കുക എന്നതാണ് ഉമ്മച്ചന്‍റെ ദൌത്യം എന്നറിയുന്നു. ആള്‍ക്കാരെ സോപ്പിട്ട് ചാക്കിലാക്കി കൊണ്ടു വരാന്‍ ഉമ്മച്ചനോളം മിടുക്കുള്ളവര്‍ പാര്‍ട്ടിയിലില്ലെന്ന് പാണന്മാര്‍ വഴി രാഹുല്‍ജി വരെ അറിഞ്ഞിരിക്കുന്നു. പാണന്മാരാണോ അതോ ചേര്‍ത്തലക്കാരന്‍ അന്തോണിച്ചനാണോ ആരാണ് ഉമ്മച്ചന് പണി കൊടുത്തതെന്ന് അന്തപ്പുരങ്ങളില്‍ മാത്രം അറിയുന്ന രഹസ്യമാണ്.
മോദിജിയും രാഹുല്‍ജിയും കളിച്ച് മുന്നേറുമ്പോഴും ഗ്യാലറിയിലിരുന്ന് കളി കാണാനാണ് യച്ചൂരിജിയുടെ വിധി. കേന്ദ്രത്തില്‍ പിടിപാടോ മറ്റ് സംസ്ഥാനങ്ങളില്‍ ആള്‍ബലമോ ഇല്ലാത്തതാണ് അദ്ദേഹത്തിന് വിനയായത്. എങ്കിലും കിട്ടിയ തക്കത്തിന് ഗോളടിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിക്കുന്നുണ്ട്. കളി നടക്കുന്ന ചെങ്ങന്നൂരില്‍ അതിനുള്ള അവസരം ഒരുക്കാമെന്ന ഇരട്ടച്ചങ്കന്‍റെ വാക്കാണ് യച്ചൂരിയുടെ ഒരേയൊരു പ്രതിക്ഷ. വിജയന്‍ പറഞ്ഞാല്‍ പറഞ്ഞതാണെന്ന് അദ്ദേഹത്തിന് നന്നായറിയാം. ആ ഉറപ്പില്‍ ഗോളടിക്കാന്‍ ഒരവസരവും നോക്കി കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരിക്കുകയാണ് പാവങ്ങളുടെ പാര്‍ട്ടിയുടെ പടത്തലവന്‍.
The End
Image Credit
ഉമ്മൻ ചാണ്ടി (ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്) & കുമ്മനം രാജശേഖരൻ (ദി വീക്ക്)