ഹായ് കൂട്ടുകാരെ
ഞാന്‍ ഓടി തുടങ്ങിയത് നിങ്ങളെല്ലാവരും അറിഞ്ഞു കാണുമല്ലോ. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ഇപ്പോള്‍ ഞാന്‍ ഓടുക. അത് പിന്നീട് രണ്ടു വര്‍ഷത്തിനകം തൃപ്പൂണിത്തുറ വരെയാകും.
ഇന്ന് എന്‍റെ യാത്ര ചെയ്യാന്‍ വലിയ വലിയ ആള്‍ക്കാരൊക്കെ ഉണ്ടായിരുന്നു, കേട്ടോ. എന്നെ കാണാന്‍ വേണ്ടി മാത്രമാ പ്രധാനമന്ത്രി കേരളത്തില്‍ വന്നത്. അദ്ദേഹം എന്നെ കുറിച്ച് ഓരോരോ കാര്യങ്ങള്‍ പറയുന്നത് കേട്ടപ്പോള്‍ എന്‍റെ കണ്ണു നിറഞ്ഞുപോയി.
ങേ എന്താ നിങ്ങള്‍ ചോദിച്ചത് ? എനിക്ക് ഹിന്ദി അറിയാമോയെന്നോ ?
കൊള്ളാം. എന്‍റെ പിതാവ് അല്‍സ്റ്റോം ഫ്രഞ്ചുകാരനാണെങ്കിലും ഞാന്‍ ജനിച്ചത് ആന്ധ്ര പ്രദേശിലാണ്. അതുകൊണ്ട് കൊറച്ചു കൊറച്ചല്ല സാമാന്യം നല്ല രീതിയില്‍ തന്നെ എനിക്ക് ഹിന്ദി അറിയാം. ഇവിടെ വന്നതിന് ശേഷം മലയാളവും പഠിച്ചു വരുന്നു. മറ്റുള്ളവര്‍ പറയുന്നത് പോലെ നിങ്ങളുടെ ഈ ഭാഷ കുറച്ചു കടുപ്പക്കാരനാണ് കേട്ടോ. ചില അക്ഷരങ്ങളും വാക്കുകളുമൊന്നും ഇനിയും എന്‍റെ നാക്കിന് വഴങ്ങിയിട്ടില്ല. അതിലും നന്നായി ഞാന്‍ ഇംഗ്ലിഷും ഫ്രഞ്ചും ബംഗാളിയുമൊക്കെ സംസാരിക്കും.
ഞാന്‍ ബംഗാളി എങ്ങനെ പഠിച്ചു എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ ചോദിക്കാന്‍ വരുന്നത്. എനിക്ക് വേണ്ടി പ്രാര്‍ഥിച്ചതും ചരട് വലിച്ചതുമൊക്കെ നിങ്ങളാണെങ്കിലും പാടുപെട്ടത് ബംഗാളികളാണല്ലോ. എനിക്ക് സഞ്ചരിക്കാന്‍ നല്ല വഴികളോരുക്കി, തൂണുകളുറപ്പിച്ചു, ഇടയ്ക്കിടെ വിശ്രമിക്കാനായി കൊച്ചു കൊച്ചു വീടുകളുണ്ടാക്കി. അങ്ങനെ അവരുമായിട്ടായിരുന്നു എന്‍റെ സഹവാസം കൂടുതല്‍. അതിനിടയില്‍ അവരുടെ ചില വലിയ വലിയ രഹസ്യങ്ങളും ഞാന്‍ മനസിലാക്കി കേട്ടോ. അതൊക്കെ പറഞ്ഞാല്‍ ഇവിടെ ഭൂകമ്പം ഉണ്ടാകും എന്നത് കൊണ്ട് ഞാനൊന്നും പറയുന്നില്ല.
Read ഹര്‍ത്താലുകള്‍ ഉണ്ടാകുന്നത് -കഥ
വ്യത്യസ്ഥ ചേരികളില്‍ പെട്ട ആള്‍ക്കാരെയാണല്ലോ ഇന്ന് ഞാന്‍ തിന്നത് അഥവാ എന്‍റെ കൂടെ യാത്ര ചെയ്തത്. അതുകൊണ്ടാണെന്ന് തോന്നുന്നു എന്‍റെ വയറിനൊരു വിമ്മിഷ്ടം. പ്രധാനമന്ത്രിയെ കൂടാതെ മുഖ്യമന്ത്രിയും ഗവര്‍ണ്ണറും കുമ്മനംജീയുമാണ് ഇന്ന് എന്‍റെ ഉള്ളില്‍ കയറിയത്. വിരുദ്ധാഹാരം കഴിക്കാന്‍ പാടില്ല എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല. പ്രതിപക്ഷ നേതാവ് കൂടി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ വലഞ്ഞേന്നേ. എന്താ ശരിയല്ലേ ?
നാളെ എന്‍റെ കൂടെ യാത്ര ചെയ്യാനായി നിങ്ങളില്‍ കുറെ കുട്ടികളും മുത്തശ്ശന്‍മാരും മുത്തശ്ശിമാരുമൊക്കെ വരുന്നു എന്നറിഞ്ഞതിന്‍റെ ത്രില്ലിലാ ഞാന്‍ ഇപ്പോള്‍. നല്ല രസമായിരിക്കും. കുറേ പാട്ടുകളും തമാശയും കളി ചിരിമേളങ്ങളുമായി അങ്ങനെ യാത്ര ചെയ്യാന്‍.
അമ്മേ. വയ്യ. വയറ് വീണ്ടും വേദനിക്കുന്നു. ഞാന്‍ ബാത്ത്റൂമിലൊന്നു പോട്ടെ.
ഓ.അതിനു മുമ്പ് ഒരു കാര്യം പറയാന്‍ മറന്നു. ദയവായി എന്‍റെ ദേഹത്ത് പേരെഴുതാനോ ചിത്രം വരയ്ക്കാനോ ആരും ശ്രമിക്കരുത്. അടുത്ത കാലത്ത് നോര്‍ത്ത് ഇന്ത്യയില്‍ തുടങ്ങിയ തേജസ് എന്ന ട്രെയിനിന്‍റെ കാര്യം ഓര്‍ത്തപ്പോള്‍ പറഞ്ഞതാണ്. ആദ്യ യാത്രയില്‍ തന്നെ എല്ലാവരും ചേര്‍ന്ന് അത് അലങ്കോലമാക്കിയില്ലേ ? അതുപോലെ ഹര്‍ത്താലെന്നും വഴി തടയലെന്നും പറഞ്ഞ് കല്ലെറിയാനും വന്നേക്കരുത്. പ്രധാനമന്ത്രി എന്തെങ്കിലും ചെയ്തെങ്കില്‍ അദ്ദേഹത്തോട് പോയി ചോദിക്കണം, മുഖ്യമന്ത്രി എന്തെങ്കിലും ചെയ്തെങ്കില്‍ അദ്ദേഹത്തോടും. അല്ലാതെ ഒന്നുമറിയാതെ ഇവിടെ കിടന്നോടുന്ന എന്നെ തല്ലിയിട്ടെന്താ കാര്യം ? നിങ്ങള്‍ക്കെന്ത് തോന്നുന്നു ?
അയ്യോ. വീണ്ടും….. അപ്പോ ശരി. ഞാന്‍ ഇനി നിന്നാല്‍ ശരിയാകില്ല. ബാക്കി കാര്യങ്ങളൊക്കെ നേരില്‍ കാണുമ്പോള്‍ പറയാം. എല്ലാവരും എന്നെ കാണാന്‍ വരില്ലേ ? വരുമ്പോള്‍ കുട്ടികളെയും കുടുംബത്തെയുമൊക്കെ കൂട്ടണം കേട്ടോ. അവരെ കൂടി കാണുന്നതാ എന്‍റെ ഒരു സന്തോഷം.
എന്ന്
സ്നേഹപൂര്‍വ്വം
കൊച്ചി മെട്രോ
(ഒപ്പ്)
അനന്തരം കൊച്ചി മെട്രോ ട്രെയിന്‍ യാര്‍ഡിലേക്ക് പാഞ്ഞു.
Image credit