വെറുക്കപ്പെട്ടവനില്‍ നിന്ന് വാഴ്ത്തപ്പെട്ടവനിലേക്കുള്ള ദൂരം

Y7jorjo

നരേന്ദ്ര മോദി എന്ന പഴയ വെറുക്കപ്പെട്ടവനെ ഇന്ന് അധികമാരും ഓര്‍ക്കുന്നില്ല. സാധാരണക്കാര്‍ക്കും വന്‍കിടക്കാര്‍ക്കും തുടങ്ങി ലോക രാഷ്ട്രങ്ങള്‍ക്ക് വരെ ഇന്ത്യയുടെ പുതിയ പ്രധാനമന്ത്രിയെ വിശേഷിപ്പിക്കാന്‍ ഒരൊറ്റ വാക്കേയുള്ളൂവികസന നായകന്‍ അഥവാ വ്യക്തമായ ദിശാബോധമുള്ള നേതാവ്. മോദിയുടെ ഇന്നത്തെ ആരാധകരില്‍ പഴയ എതിരാളി ശശി തരൂര്‍ മുതല്‍ ഗുജറാത്ത് കലാപത്തിന്‍റെ പേരില്‍ വിസ നിഷേധിച്ച് അദ്ദേഹത്തെ നീണ്ടകാലം പടിക്കു പുറത്തു നിര്‍ത്തിയ അമേരിക്കയുടെ പ്രസിഡന്‍റ് ബറാക് ഒബാമ വരെ പെടും.

കഴിഞ്ഞ ഏതാനും മാസങ്ങളായി മോദി പറയുന്നതും ചെയ്യുന്നതുമെല്ലാം മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാണ്. അദ്ദേഹം കുട്ടിക്കാലത്ത് കഴിഞ്ഞ ഗ്രാമത്തിലേക്കും പിന്നീട് ചായ വിറ്റു നടന്ന റെയില്‍വേ സ്റ്റേഷന്‍ പരിസരത്തേക്കും തിരഞ്ഞെടുപ്പ് കാലത്ത് സന്ദര്‍ശകരുടെ കുത്തൊഴുക്ക് തന്നെയുണ്ടായി. അദ്ദേഹത്തിന്‍റെ വീര സാഹസങ്ങളെക്കുറിച്ച് ഏറെ കഥകളും പ്രചരിച്ചു. വിമര്‍ശകര്‍ ഏറെ പരിഹസിച്ചെങ്കിലും അടുത്ത കാലത്ത് ഒരു രാഷ്ട്രീയ നേതാവിനും ലഭിക്കാത്ത വന്‍ ജനപ്രീതിയാണ് വികസന സങ്കല്‍പ്പം വഴി മോദി സ്വന്തമാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിക്ക് ലഭിച്ച മൂന്നില്‍ രണ്ട് ഭൂരിപക്ഷം മോദിയുടെ മാത്രം സംഭാവനയാണെന്ന് എതിരാളികള്‍ പോലും സമ്മതിച്ചു കഴിഞ്ഞു. സിനിമാക്രിക്കറ്റ് താരങ്ങളെ പോലും കടത്തിവെട്ടുന്ന നമോ ബ്രിഗേഡ് പോലുള്ള ഫാന്‍സ് അസോസിയേഷനുകള്‍ രൂപം കൊള്ളുന്നതിനും സമകാലിക രാഷ്ട്രീയം സാക്ഷ്യം വഹിച്ചു. ഹൈന്ദവ രാഷ്ട്രീയത്തിന് പുറത്തുണ്ടായ അത്തരം കൂടിച്ചേരലുകള്‍ ഭൂരിപക്ഷത്തിന്‍റെ കാര്യത്തില്‍ വാജ്പേയിയെയും അഡ്വാനിയെയും മറികടക്കാന്‍ മോദിക്ക് ചെയ്ത സഹായം ചില്ലറയല്ല.

സംഘപരിവാര്‍ രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായിരുന്ന വാജ്പേയിക്ക് പാര്‍ട്ടിയെ ആദ്യമായി അധികാരത്തില്‍ എത്തിക്കാന്‍ കഴിഞ്ഞെങ്കിലും തനിച്ചുള്ള ഭൂരിപക്ഷം കിട്ടാക്കനിയായി. മിതവാദിയായ അദ്ദേഹത്തിന് കഴിയാത്തത് പൊതുവേ തീവ്ര നിലപാടുള്ള നരേന്ദ്ര മോദിക്ക് കഴിഞ്ഞത് ഒരുപക്ഷേ ചരിത്രത്തിലെ വിരോധാഭാസമാകാം.. ഇതിനുമുമ്പ് 1984ലാണ് കേന്ദ്രത്തില്‍ ഒരു കക്ഷിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചത്. ഇന്ദിരാ വധത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗം ഇല്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന് അതിനു കഴിയുമായിരുന്നോ എന്ന്‍ സംശയമാണ്. വാജ്പേയിക്ക് ശേഷം മോദിയുടെ ഗുരുസ്ഥാനിയന്‍ കൂടിയായ അഡ്വാനി പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ ഏറെ പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തന്ത്രങ്ങളിലെ പാളിച്ചയാണ് അദ്ദേഹത്തിന് വിനയായതെന്ന് തിരിച്ചറിഞ്ഞ നരേന്ദ്ര മോദി ഏറെ കരുതലോടെയാണ് കരുക്കള്‍ നീക്കിയത്. പഴയ കാലത്തിനൊപ്പം സഞ്ചരിച്ച അഡ്വാനിക്ക് ഇന്നത്തെ തലമുറയുടെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയി. അക്കാലത്ത് മോദിയുടെ പ്രതിച്ഛായയും മോശമായിരുന്നു. ഗുജറാത്തിലെ നരഹത്യയുടെ പേരില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള പലരും അദ്ദേഹത്തെ അകറ്റി നിര്‍ത്തി. യുഎസിലെ പ്രവാസി ഗുജറാത്തികളുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന്‍ അമേരിക്കന്‍ ഭരണകൂടം മോദിയെ വിലക്കി. വിസ നിഷേധത്തെ തുടര്‍ന്നു അദ്ദേഹത്തിന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സദസ്യരുമായി സംവദിക്കേണ്ടി വന്നു. അമേരിക്കയെ പിന്തുടര്‍ന്നു മറ്റ് അനവധി രാജ്യങ്ങളും ഗുജറാത്ത് മുഖ്യമന്ത്രിയെ അകറ്റി നിര്‍ത്തി. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ലോക രാജ്യങ്ങള്‍ തന്നെ മോദിക്കായി ചുവപ്പ് പരവതാനി വിരിക്കുന്നത് കാണാം.

narendra modi

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മോദിയെ ആദ്യം അഭിനന്ദിച്ചവരില്‍ ഒരാള്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഒബാമയാണ്. അതിനു വളരെ മുമ്പു തന്നെ അദ്ദേഹവുമായി സഹകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ യുഎസ് തുടങ്ങിയിരുന്നു. പഴയ മുറിവ് ഉണക്കാനായി അമേരിക്കന്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യുമെന്ന് കരുതപ്പെട്ടിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അതുണ്ടാവില്ല. എങ്കിലും ലോക വ്യാപാര കരാറിന്‍റെ പേരില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെത്തി മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. മോദിയുടെ വികസന സങ്കല്‍പ്പങ്ങളെക്കുറിച്ച് അറിയാനും പദ്ധതികള്‍ തയ്യാറാക്കാനുമായി ലോകബാങ്ക് പ്രസിഡന്‍റ് ഇന്ത്യയില്‍ എത്തിയത് കഴിഞ്ഞ മാസമാണ്. ഗുജറാത്ത് വികസന മാതൃക പഠിക്കാനായി ചൈനയില്‍ നിന്നുള്ള വിദഗ്ധ സംഘവും താമസിയാതെ വരുന്നുണ്ട്.

വെറുക്കപ്പെട്ടവന്‍ എന്ന തന്‍റെ പ്രതിച്ഛായ തിരിച്ചറിഞ്ഞു സമര്‍ത്ഥമായ ബ്രാന്‍റിങ്ങ് ആണ് നരേന്ദ്ര മോദി നടത്തിയത്. പ്രത്യേക ടീമിനെ വച്ച് സോഷ്യല്‍ മീഡിയ ഉള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ വ്യാപകമായ പ്രചരണം നടത്തിയ അദ്ദേഹം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ തനിക്കാകുമെന്ന തോന്നല്‍ ജനങ്ങളില്‍ വളര്‍ത്തിയെടുത്തു. ചെറുപ്പക്കാരനാണെങ്കിലും ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള മാധ്യമങ്ങളില്‍ നിന്ന്‍ അകന്നുനില്‍ക്കുന്ന രാഹുലിനെക്കാള്‍ യൂത്ത് ഐക്കണായി മോദിയെ യുവ തലമുറ പ്രതിഷ്ഠിച്ചത് സ്വാഭാവികമാണ്. അധികാരത്തിലേക്കുള്ള വഴിയില്‍ സോഷ്യല്‍ മീഡിയയുടെ പിന്തുണ അദ്ദേഹത്തിന് ഏറെ സഹായകമായി.

കലാപത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിബിസി ക്യാമറയ്ക്ക് മുന്നില്‍ നിന്ന്‍ ഇറങ്ങിപ്പോക്ക് നടത്തിയ മോദിയ്ക്ക് ഇപ്പോള്‍ പുതിയ മുഖമാണ് മാധ്യമങ്ങള്‍ കല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്. ജീത് ബഹാദൂര്‍ എന്ന നേപ്പാളുകാരനെ പഠിപ്പിച്ച് മിടുക്കനാക്കിയ ആ പഴയ മരണവ്യാപാരിയുടെ നല്ല മനസിനെ അവര്‍ പാടിപ്പുകഴ്ത്തുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ചതിന്‍റെ പേരില്‍ വിശദീകരണം നല്‍കേണ്ടി വന്ന ഷിബു ബേബി ജോണിനെയും സംസ്ഥാനത്തിന്‍റെ വ്യാവസായിക അംബാസഡര്‍ ആയതിന്‍റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന അമിതാഭ് ബച്ചനെയും ഇനി മറക്കാം. ഷിബുവിനോട് വിശദീകരണം ചോദിച്ച ഉമ്മന്‍ ചാണ്ടി സഹായം ചോദിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ മുന്നില്‍ ഇരിക്കുന്ന കാഴ്ച നമ്മള്‍ കണ്ടു കഴിഞ്ഞു. മോദിയെ ബഹിഷ്കരിച്ച ടോണി ചമ്മിണിയെ പോലുള്ളവരുടെ അവസ്ഥ എന്താകുമെന്ന് കണ്ടു തന്നെ അറിയണം. ചുരുക്കത്തില്‍ വെറുക്കപ്പെട്ടവനില്‍ നിന്ന്‍ വാഴ്ത്തപ്പെട്ടവനിലേക്കുള്ള ദൂരം ചെറുതാണെങ്കിലും ലക്ഷ്യം സുഖകരമാണെന്ന് മോദിയെ പോലുള്ളവര്‍ തിരിച്ചറിയുന്നുണ്ട്.


The End

[ My article published in British Pathram on Aug 6th, 2014]

Leave a Comment

Your email address will not be published. Required fields are marked *