പതിനഞ്ച് മാസങ്ങള്‍ക്ക് ശേഷമുള്ള ഒരു മദ്ധ്യാഹ്നം.
ചുട്ടു പൊള്ളുന്ന വെയിലില്‍ വിയര്‍ത്ത് കുളിച്ച് അജിത്ത് കയറി ചെല്ലുമ്പോള്‍ സ്റ്റേഷന്റെ പൂമുഖത്തെ കസേരയില്‍ ഇരുന്ന് ഫയലില്‍ എന്തോ കുത്തിക്കുറിക്കുകയായിരുന്ന മധ്യവയസ്ക്കനായ പോലീസുകാരന്‍ ചോദ്യ ഭാവത്തില്‍ അയാളെ നോക്കി.
സര്‍, ഞാന്‍ അജിത്ത്. കുറച്ചു മുമ്പ് ഇവിടെ നിന്ന് വിളിച്ചിരുന്നു. അത്യാവശ്യമായി വരണമെന്ന് പറഞ്ഞ്………. : പരിഭ്രമത്തോടെ ചെറുപ്പക്കാരന്‍ പറഞ്ഞു.
ജയകൃഷ്ണന്‍ സാറായിരിക്കും വിളിച്ചത്. എന്തെങ്കിലും പരാതി കൊടുത്തിരുന്നോ ? : പോലീസുകാരന്‍ ചോദിച്ചു.
ഇല്ല സര്‍, : അജിത്ത് മുഖത്തെ വിയര്‍പ്പ് തുടച്ചുകൊണ്ട് പറഞ്ഞു.
ഉം. അദ്ദേഹം അകത്തുണ്ട്. ചെല്ല് : അയാള്‍ ചൂണ്ടിക്കാണിച്ച മുറിക്കു നേരെ അവന്‍ നടന്നു. സിവില്‍ പോലിസ് ഓഫിസര്‍ എന്നെഴുതിയ ബോര്‍ഡ് തൂക്കിയ മുറിയുടെ അടുത്ത് ചെന്ന് അജിത്ത് അകത്ത് മുഖം കാണിച്ചു. നാല്‍പതിനു മുകളില്‍ പ്രായം തോന്നിക്കുന്ന കട്ടി മീശക്കാരന്‍. ജയകൃഷ്ണന്‍ എന്നാണ് പേരെന്ന് മുന്നിലെ ടേബിളില്‍ ഉണ്ടായിരുന്ന ബോര്‍ഡ് സൂചിപ്പിച്ചു.
സര്‍, ഞാന്‍ അജിത്ത്. അത്യാവശ്യമായി വരണമെന്ന് പറഞ്ഞ് ഇവിടെ നിന്ന് എന്നെ വിളിച്ചിരുന്നു.
: ഓഫിസര്‍ നോക്കിയപ്പോള്‍ അജിത്ത് അകത്തു കയറി പറഞ്ഞു. അദ്ദേഹം ഒരു നിമിഷം ആലോചിച്ചു.
എവിടെയാ നിന്‍റെ സ്ഥലം ? : അദ്ദേഹം ചോദിച്ചു.
പഞ്ചായത്ത് ഓഫിസിനടുത്താണ്. സഖാവ് വിജയേട്ടന്‍ എന്തോ പരാതി തന്നിട്ടുണ്ടെന്നാ ഫോണില്‍ പറഞ്ഞത് : അജിത്ത് അങ്ങനെ പറഞ്ഞപ്പോള്‍ ഓഫിസര്‍ക്ക് പെട്ടെന്ന് ആളെ പിടി കിട്ടി.
ഓ ആ കക്ഷി നീയാണോ ? ഇരിക്ക് : ജയകൃഷ്ണന്‍ മുന്നിലുള്ള കസേര ചൂണ്ടിക്കാണിച്ചപ്പോള്‍ അവന്‍ പതുക്കെ ഇരുന്നു.
കാലിന് എന്ത് പറ്റി ? : അവന്‍റെ നടപ്പ് കണ്ടപ്പോള്‍ അദ്ദേഹം ആകാംക്ഷയോടെ ചോദിച്ചു. ഇതിനിടയില്‍ കയ്യിലുണ്ടായിരുന്ന ഫയല്‍ മടക്കി മറ്റൊരു കടലാസ് തപ്പിപ്പിടിക്കാനും ശ്രമിച്ചു.
ഞാന്‍ ബൈ ബര്‍ത്ത് ഹാന്‍റിക്യാപ്പഡ് ആണ്, സര്‍ : കടലാസ് തപ്പിപ്പിടിച്ച് തനിക്ക് നേരെ തിരിഞ്ഞ ജയകൃഷ്ണനോട് അജിത്ത് മെല്ലെ പറഞ്ഞു.
ഓഹോ : തെല്ല് വിഷമത്തോടെ അവനെ നോക്കിയതിന് ശേഷം ഓഫിസര്‍ കയ്യിലുണ്ടായിരുന്ന കടലാസിലൂടെ കണ്ണോടിച്ചു.
നീ വിജയനില്‍ നിന്ന് പണം കടം വാങ്ങിയിരുന്നോ ? : മുഖമുയര്‍ത്തി അദ്ദേഹം ഇടയ്ക്ക് ചോദിച്ചു.
ഉവ്വ്. മുപ്പത്തേഴായിരം : അജിത്തിന്‍റെ വാക്കുകളില്‍ കുറ്റബോധം കലര്‍ന്നിരുന്നു.
ഇപ്പോള്‍ ഒരു വര്‍ഷവും മൂന്നു മാസവും കഴിഞ്ഞു അല്ലെ? രണ്ടു മാസത്തിനുള്ളില്‍ തിരിച്ചു തരാം എന്നല്ലേ അന്ന് അദ്ദേഹത്തോട് പറഞ്ഞത് ? : ജയകൃഷ്ണന്‍ ചോദിച്ചു. അതെയെന്ന മട്ടില്‍ അവന്‍ തലയാട്ടി.
പിന്നെയെന്താ കൊടുക്കാതിരുന്നത് ? : മേശയിലുണ്ടായിരുന്ന മൊബൈല്‍ ശബ്ധിച്ചപ്പോള്‍ ജയകൃഷ്ണന്‍ അതെടുത്ത് നമ്പര്‍ നോക്കിയതിന് ശേഷം കട്ട് ചെയ്തു.
സര്‍, ഒരു ജോലിക്ക് കൊടുക്കാനുള്ള ഡിപ്പോസിറ്റിനു വേണ്ടിയാണ് ഞാന്‍ പൈസ വാങ്ങിയത്. പക്ഷെ ഒന്നും ശരിയായില്ല. : വിഷമത്തോടെ അജിത്ത് മുഖം കുനിച്ചു.
എത്രയാ ഡിപ്പോസിറ്റ് കൊടുത്തത് ? : ഓഫിസര്‍ വീണ്ടും ചോദിച്ചു.
ഒരു ലക്ഷം : ചെറുപ്പക്കാരന്‍ പറഞ്ഞു.
എന്നിട്ട് ?
ഒന്നുമായില്ല. ഒരാഴ്ചക്കകം കിട്ടുമെന്നാ ആദ്യം പറഞ്ഞത്. പിന്നെ ഒരു മാസമെന്നായി. അങ്ങനെ തിയതികള്‍ പലതും മാറിയപ്പോള്‍ ഞാന്‍ ജോലി വേണ്ട, പൈസ തിരിച്ചു തന്നാല്‍ മതി എന്ന് പറഞ്ഞു. ഇപ്പോള്‍ ഒരു വര്‍ഷത്തില്‍ കൂടുതലായി തരാം തരാം എന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല : അറിയാതെ അവന്‍റെ കണ്ണുകള്‍ നിറഞ്ഞു. ആരും കാണാതിരിക്കാനായി അവന്‍ അത് പെട്ടെന്ന് തന്നെ തുടച്ചു.
ആര്‍ക്കാ പണം കൊടുത്തത് ?
തോമസുകുട്ടി എന്നയാള്‍ക്കാണ്. നേരത്തെ പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ഒരു സുഹൃത്ത് വഴി എല്ലാം ശരിയാക്കാമെന്നാണ് പറഞ്ഞത് : അജിത്ത് പറഞ്ഞു.
അയാള്‍ എവിടെയുള്ളതാണ് ? : ജയകൃഷ്ണന്‍ ചോദിച്ചു.
ചെന്നെയിലാണ്.
മലയാളിയല്ലേ ?
അതെ സര്‍. ഇവിടെയടുത്ത് തൃശൂരാണ് സ്ഥലം : അജിത്ത് പറഞ്ഞു.
തൃശൂര്‍ എവിടെ ? : സിവില്‍ ഓഫിസര്‍ വീണ്ടും ചോദിച്ചു.
ഒല്ലൂരാണ്. എനിക്ക് കൃത്യമായി അറിയില്ല. ഞങ്ങള്‍ തമ്മില്‍ അവസാനം കണ്ടത് ഹോട്ടല്‍ ശ്രീവല്‍സത്തില്‍ വച്ചാണ്. ഇത് അവിടത്തെ ലെറ്റര്‍ പാഡില്‍ അദ്ദേഹം എഴുതി തന്ന അക്കൌണ്ട് ഡീറ്റെയില്‍സാണ് : അജിത്ത് പോക്കറ്റില്‍ നിന്ന് ഒരു കടലാസ് കഷണമെടുത്ത് ഓഫിസര്‍ക്ക് നേരെ നീട്ടി.
2015 സെപ്തംബര്‍. ആ മാസമാണോ നീ പണം കൊടുത്തത് ? : അദ്ദേഹം കടലാസിന്‍റെ മറുവശം നോക്കിക്കൊണ്ട് ചോദിച്ചു.
അല്ല സര്‍, ഒക്ടോബര്‍ ഒന്നിന്. ഇത് തോമസുകുട്ടി റിസപ്ഷനില്‍ നിന്ന് വാങ്ങിച്ച കടലാസാണ് : അജിത്ത് പെട്ടെന്ന് പറഞ്ഞു.
ഇതില്‍ സെപ്തംബര്‍ മുപ്പതെന്ന് കൊടുത്തിട്ടുണ്ട്. അതാ ചോദിച്ചത്.
എന്നാണ് അയാള്‍ നിങ്ങളെ അവസാനമായി വിളിച്ചത് ? : ജയകൃഷ്ണന്‍ ചോദിച്ചു.
കുറച്ചു മാസമായി. അടുത്ത കാലത്തായി എപ്പോള്‍ വിളിച്ചാലും ഫോണ്‍ പരിധിക്ക് പുറത്തോ നോട്ട് റീച്ചബിളോ ആണ്. പക്ഷെ ഓണ്‍ലൈനില്‍ സ്ഥിരമായി കാണാറുണ്ട്. : കുടുംബത്തിന്‍റെ അവസ്ഥയും കടക്കാരുടെ കാര്യവുമൊക്കെ ഓര്‍ത്തപ്പോള്‍ അജിത്തിന് പരിഭ്രമം തോന്നി. ഇതിനിടയില്‍ കിട്ടാനുള്ള പണത്തിന് വേണ്ടി കടക്കാര്‍ പലപ്പോഴായി അവനെയും വീട്ടുകാരെയും ശല്യം ചെയ്തിരുന്നു. അതില്‍ ബന്ധുക്കളും ഉള്‍പ്പെടും. തോമസുകുട്ടി തിരിച്ചു കൊടുക്കാമെന്ന് പറഞ്ഞതനുസരിച്ച് അവന്‍ പല അവധികളും പറഞ്ഞെങ്കിലും അപ്പോഴും പണം തിരിച്ചു കിട്ടാതെ വന്നതോടെ അവരുടെ വൈരാഗ്യം ഇരട്ടിച്ചു.
Read തട്ടിപ്പുകാരന്‍
നിങ്ങള്‍ ഇപ്പോള്‍ എങ്ങനെയാണ് കോണ്ടാക്റ്റ് ചെയ്യുന്നത് ? : ജയകൃഷ്ണന്‍ വീണ്ടും ചോദിച്ചു.
വാട്ട്സ്ആപ്പിലും ഫെസ്ബുക്കിലും കൂടിയാണ്…………..: അജിത്ത് മൊബൈല്‍ കയ്യിലെടുത്തു കൊണ്ട് പറഞ്ഞു.
ആ നമ്പര്‍ താ. ഞാനൊന്ന് വിളിച്ചു നോക്കട്ടെ : പോലീസുകാരന്‍ പറഞ്ഞപ്പോള്‍ അവന്‍ കോണ്ടാക്റ്റ് ലിസ്റ്റ് നോക്കി നമ്പര്‍ പറഞ്ഞു കൊടുത്തു. ജയകൃഷ്ണന്‍ നമ്പര്‍ ഡയല്‍ ചെയ്തതിനു ശേഷം ചെവിയോട് ചേര്‍ത്ത് പിടിച്ചു. തമിഴിലുള്ള നോട്ട് റീച്ചബിള്‍ മെസേജാണ് അദ്ദേഹത്തെ പക്ഷെ വരവേറ്റത്.
രക്ഷയില്ല, നോട്ട് റീച്ചബിളാണ്. തിരിച്ചു വിളിക്കാന്‍ പറഞ്ഞ് ഞാനയാള്‍ക്ക് മെസേജ് അയക്കാം. പേരെന്താ പറഞ്ഞത് ? തോമസുകുട്ടി എന്നല്ലേ ? : മൊബൈലില്‍ ടൈപ്പ് ചെയ്യുന്നതിനിടയില്‍ അദ്ദേഹം തലയുയര്‍ത്തി അജിത്തിനെ നോക്കി ചോദിച്ചു. അവന്‍ തലയാട്ടി.
നീ അയാള്‍ അവസാനം അയച്ച മെസേജൊന്ന് ഓപ്പണ്‍ ചെയ്യ് : ഓഫിസര്‍ പറഞ്ഞപ്പോള്‍ അജിത്ത് വാട്ട്സാപ്പ് ചാറ്റ് തുറന്ന് അദ്ദേഹത്തിന് കൈമാറി. തോമസുകുട്ടിയുമായുള്ള ചാറ്റ് ഹിസ്റ്ററിയുടെ തുടക്കം മുതലേ അവന്‍ സേവ് ചെയ്ത് വച്ചിരുന്നു. ഏതാനും നിമിഷങ്ങള്‍ അതിലൂടെ മുങ്ങിത്തപ്പിയതിന് ശേഷം ജയകൃഷ്ണന്‍ പറഞ്ഞു,
ഏത് ഏജന്‍സിക്കാണ് പണം കൈമാറിയതെന്ന് നീ പല പ്രാവശ്യം ചോദിച്ചെങ്കിലും അയാള്‍ മറുപടി പറഞ്ഞിട്ടില്ലല്ലോ. ഒരു കാര്യം ചെയ്യ്, നീ അത് ഒരിക്കല്‍ കൂടി ചോദിക്ക്. മറുപടി വരുന്നുണ്ടോ എന്ന് നോക്കാം. പോലിസ് സ്റ്റേഷനിലാണെന്നും പറയ്. ഇപ്പോഴും പേര് പറയുന്നില്ലെങ്കില്‍ അതിനര്‍ത്ഥം അങ്ങനെയൊരു ഏജന്‍സി ഇല്ല എന്നാണ്. തുടക്കം മുതല്‍ അയാളുടെ വാക്കുകളില്‍ നിന്ന് അത് വ്യക്തമാകുന്നുണ്ട്. പക്ഷെ നിങ്ങള്‍ക്ക് അത് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നു മാത്രം. കുറച്ചു നേരം നമുക്ക് വെയ്റ്റ് ചെയ്യാം. എന്നിട്ട് ബാക്കി തിരുമാനിക്കാം. : വാതില്‍ക്കല്‍ കാണാന്‍ കാത്തു നില്‍ക്കുന്ന അടുത്ത പരാതിക്കാരെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ചില തൊഴിലാളികളും വീട്ടമ്മമാരും കുറച്ചു നേരമായി അക്ഷമയോടെ പുറത്തു നില്‍ക്കുകയാണ്.
അജിത്ത് പതുക്കെ ഫോണുമായി പുറത്തേയ്ക്ക് നടന്നു. തമിഴ് സംസാരിക്കുന്ന താഴെക്കിടയിലുള്ള സ്ത്രീകളുടെ ശബ്ധം പതുക്കെ പതുക്കെ ആ പരിസരത്ത് അലയടിക്കാന്‍ തുടങ്ങി. എന്തോ വഴി പ്രശ്നമാണെന്ന് ഇരു കൂട്ടരുടെയും വാദപ്രതിവാദങ്ങള്‍ സൂചിപ്പിച്ചു.
ഏതാണ്ട് അര മണിക്കൂറിന് ശേഷം അജിത്ത് മടങ്ങിയെത്തുമ്പോഴേക്കും അന്തരിക്ഷം ഏറെക്കുറെ ശാന്തമായിരുന്നു. നേരത്തെ കണ്ട സ്ത്രീകള്‍ സ്റ്റേഷന് പുറത്ത് കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടു. യൂണിയന്‍കാരുടെ വേഷത്തിലുള്ള തൊഴിലാളികള്‍ റോഡില്‍ ഇറങ്ങി നില്‍ക്കുകയാണ്.
എന്തായി, മറുപടി എന്തെങ്കിലും വന്നോ ? : വാതില്‍ക്കല്‍ അജിത്തിനെ കണ്ടപ്പോള്‍ തന്നെ സിവില്‍ വേഷത്തിലുള്ള മറ്റൊരു പോലീസുകാരനോട് സംസാരിച്ചിരിക്കുകയായിരുന്ന ജയകൃഷ്ണന്‍ മുഖം തിരിച്ച് അവനോട് ചോദിച്ചു.
ഇല്ല, സര്‍. മെസേജ് വായിച്ചു, പക്ഷെ ഒന്നും പറഞ്ഞില്ല : അജിത്ത് പറഞ്ഞു.
ഞാന്‍ നേരത്തെ പറഞ്ഞ ചീറ്റിംഗ് കേസാണ് : ജയകൃഷ്ണന്‍ പറഞ്ഞപ്പോള്‍ മനസിലായെന്ന മട്ടില്‍ മുഹമ്മദ് ഇക്ബാല്‍ എന്ന സിവില്‍ വേഷധാരി തലയാട്ടി.
ഞാന്‍ സൂചിപ്പിച്ചത് പോലെയാണ് കാര്യങ്ങള്‍. അങ്ങനെയൊരു റിക്രൂട്ട്മെന്‍റ് ഏജന്‍സിയോ സുഹൃത്തോ നിങ്ങളുടെ കേസിലില്ല. തോമസുകുട്ടി എന്ന് പറഞ്ഞ ആള്‍ നിങ്ങളെ പറ്റിച്ചതാണ് : ജയകൃഷ്ണന്‍ തുടര്‍ന്ന് പറഞ്ഞു.
ഇപ്പോള്‍ അയാളെ ഫോണിലും കിട്ടുന്നില്ല. പക്ഷെ വാട്ട്സാപ്പിലും സോഷ്യല്‍ മീഡിയയിലുമൊക്കെ ഏത് സമയത്തും ഉണ്ട് : അയാള്‍ സഹപ്രവര്‍ത്തകനോടായി പറഞ്ഞു.
അത് സാരമില്ല, സര്‍. നമുക്ക് സൈബര്‍ സെല്‍ വഴി ട്രാക്ക് ചെയ്യാം : ഇക്ബാല്‍ നിസാര ഭാവത്തില്‍ പറഞ്ഞു.
അങ്ങനെ കണ്ടുപിടിക്കാന്‍ പറ്റുമല്ലേ ? : ജയകൃഷ്ണന്‍റെ മുഖം തെളിഞ്ഞു.
മൊബൈലിന്‍റെ ലൊക്കേഷനും ഐപി അഡ്രസ്സും വച്ചൊക്കെ നമുക്ക് ഈസിയായി ഒരാളെ ട്രാക്ക് ചെയ്യാന്‍ സാധിക്കും : തടിച്ച് പൊക്കം കൂടിയ ആളാണ് ഇക്ബാല്‍. നല്ല വടിവൊത്ത വേഷം. അയാള്‍ ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോള്‍ അജിത്തിന്‍റെ മനസ്സും നിറഞ്ഞു. കടക്കാരുടെ ശല്യവും സാമ്പത്തിക പ്രശ്നങ്ങളും വലച്ചതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു അയാള്‍. ആരോഗ്യപ്രശ്നങ്ങള്‍ കാരണം അമ്മ ഇടയ്ക്ക് രണ്ടു വട്ടം ആശുപത്രിയിലുമായി. ദൈനംദിന ചെലവുകള്‍ക്ക് പണമില്ലാതെ വന്നതോടെ അജിത്തിന് വീണ്ടും പരിചയക്കാരില്‍ നിന്ന് കടം വാങ്ങേണ്ടി വന്നു. ജീവിതം വഴി മുട്ടിയപ്പോള്‍ ഭീരുവിനെ പോലെയായ അയാള്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ചില അടുപ്പക്കാരോടും തോമസുകുട്ടിയോടുമൊക്കെ ഇടയ്ക്ക് പറഞ്ഞിരുന്നു. വിശദമായ ആത്മഹത്യാ കുറിപ്പും എഴുതി വച്ചു. പക്ഷെ അവസാനം അയാള്‍ക്ക് അതിനും ധൈര്യം വന്നില്ല.
അവിടെയിപ്പോ ആരാ നമ്മുടെ ആളുള്ളത് ? : ജയകൃഷ്ണന്‍ ചോദിച്ചു.
പ്രകാശന്‍. ട്രാഫിക്കിലുണ്ടായിരുന്ന. കഴിഞ്ഞയാഴ്ച്ച മുതല്‍ അയാള്‍ സൈബര്‍ സെല്ലിലല്ലേ ? രണ്ടു ദിവസം മുമ്പ് ഇവിടെ വന്നിരുന്നു. സാറിന് ആളെ മനസിലായില്ലേ? : ആളെ തിരിച്ചറിയാത്ത മട്ടില്‍ ഓഫിസര്‍ ഇരിക്കുന്നത് കണ്ട് ഇക്ബാല്‍ ഓര്‍മിപ്പിച്ചു.
ഉവ്വ്. മനസിലായി. പക്ഷെ അയാള്‍ സൈബറിലേക്ക് മാറിയെന്ന് എനിക്കറിയില്ലായിരുന്നു. അടുത്തിടെ കൂടി ഞാന്‍ അയാളെ ട്രാഫിക്കില്‍ കണ്ടതല്ലേ ? : ജയകൃഷ്ണന്‍ പറഞ്ഞു.
അത് ഒരാഴ്ച മുമ്പാണ്. പ്രകാശന്‍റെ ഫാദര്‍ ഇന്‍ ലോ അത്യാവശ്യം പൊളിറ്റിക്സോക്കെ ഉള്ളയാളാണെന്നറിയാമല്ലോ. അങ്ങേര് വഴി തലസ്ഥാനത്ത് ആരെയൊക്കെയോ കണ്ടാണ് പുള്ളി ഈ ട്രാന്‍സ്ഫര്‍ സാധിച്ചെടുത്തത്. പ്രകാശന്‍ വിചാരിച്ചാല്‍ നമുക്കീ ആളെ പൊക്കാം : ഇക്ബാല്‍ പുറത്ത് വെല്‍ക്കം ഡസ്ക്കില്‍ ഇരിക്കുന്ന ടെലിഫോണ്‍ ഓപ്പറേറ്ററെ നോക്കി വിരല്‍ കൊണ്ട് എന്തോ ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു. അയാള്‍ക്ക് ഏതോ അത്യാവശ്യ ഫോണ്‍ വന്നുവെന്നും കാള്‍ ഹോള്‍ഡ് ചെയ്യുകയാണെന്നും ഇരുവരുടെയും ഭാവങ്ങള്‍ തെളിയിച്ചു.
അപ്പോള്‍ അങ്ങനെ ചെയ്യാം. എന്നാല്‍ ഇക്ബാല്‍ ചെല്ല് : ജയകൃഷ്ണന്‍ അനുവാദം കൊടുത്തപ്പോള്‍ ഇക്ബാല്‍ സല്യൂട്ട് ചെയ്ത് പുറത്തേയ്ക്ക് പോയി.
നീ ഒരു കാര്യം ചെയ്യ്. ആദ്യം ബാങ്ക് സ്റ്റേറ്റ്മെന്‍റ് എടുക്കണം, പണം അയച്ചതിന് തെളിവായിട്ട്. വിജയേട്ടനെ എനിക്ക് നേരിട്ട് അറിയാം. പൈസ കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ കാര്യം കഷ്ടത്തിലാകും. ജപ്തി ഉടനെ ഉണ്ടാകുമെന്നാ അറിഞ്ഞത്. നിന്‍റെ പണം കിട്ടിയാല്‍ അദ്ദേഹത്തിന് ചെറിയ ഒരു ആശ്വാസമാകും. പക്ഷെ കൊടുത്ത പണം തിരിച്ചു കിട്ടാതെ നിനക്ക് ഒന്നും ചെയ്യാനുമാവില്ല. ങേ ? ഞാനൊന്ന് നോക്കട്ടെ. നീ ആദ്യം ഈ പറഞ്ഞ കാര്യങ്ങള്‍ കൊണ്ടു വാ. പിന്നെ എന്നെ നേരത്തെ കാണിച്ച ആ കടലാസിന്‍റെ ഫോട്ടോ കോപ്പിയും വേണം. രണ്ടു വശത്തിന്റെയും. അവിടെ ഹോട്ടലില്‍ തിരക്കിയാല്‍ ചിലപ്പോള്‍ ഇയാളെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയും. എന്നിട്ട് നമുക്ക് എസ് ഐ സാറിനെ കാണാം : ജയകൃഷ്ണന്‍ സൌമ്യതയോടെ പറഞ്ഞു. അജിത്ത് യാത്ര പറഞ്ഞ് പതുക്കെ പുറത്തിറങ്ങി. റോഡിന്‍റെ നേരെ എതിര്‍വശത്ത് പാര്‍ട്ടി ഓഫിസാണ്. അകത്ത് ആരൊക്കെയോ കൂട്ടം കൂടിയിരിക്കുന്നു. പുറത്ത് ഉണ്ടായിരുന്നവരില്‍ ചിലര്‍ക്ക് വിജയേട്ടന്‍റെ പരാതിയുടെ കാര്യം അറിയാമെന്ന് തോന്നി. അവര്‍ തന്നേ തന്നെ സൂക്ഷിച്ചു നോക്കുന്നത് അജിത്ത് ശ്രദ്ധിച്ചു. കുടുംബ പ്രാരാബ്ധങ്ങള്‍ കാരണം അടുത്ത കാലത്തായി മുഖ്യ ധാരാ രാഷ്ട്രീയത്തില്‍ നിന്ന് മാറിയെങ്കിലും ഇന്നും വിജയേട്ടന്‍ പാര്‍ട്ടിയുടെ അവിഭാജ്യ ഘടകമാണ്. അവര്‍ ഇരുകൂട്ടരും മറ്റേയാള്‍ക്ക് വേണ്ടി എന്തും ചെയ്യും.
അടുത്ത ശനിയാഴ്ച മൊബൈല്‍ നിര്‍ത്താതെ അടിക്കുന്നത് കേട്ടാണ് അജിത്ത് ഉച്ചമയക്കത്തില്‍ നിന്നെഴുന്നേറ്റത്. നോക്കിയപ്പോള്‍ പരിചയമില്ലാതെ ഏതോ ലാന്‍റ് ഫോണ്‍ നമ്പറാണ്. അവന്‍ ഫോണ്‍ കയ്യിലെടുത്ത് ചെവിയോട് ചേര്‍ത്തു.
ഹലോ……
അജിത്തല്ലേ ? : മറുവശത്ത് കേട്ട് പരിചയമുള്ള ഒരു ശബ്ദം മുഴങ്ങി.
അതെ.
ഞാന്‍ ജയകൃഷ്ണനാണ്. ടൌണ്‍ പോലിസ് സ്റ്റേഷനില്‍ നിന്ന്.
എന്താ സര്‍ ? ഞാന്‍ സ്റ്റേറ്റ്മെന്‍റ് കഴിഞ്ഞ ആഴ്ച തന്നെ എടുത്തിരുന്നു. സാര്‍ അവിടെ ഇല്ലാതിരുന്നത് കൊണ്ട് ഇക്ബാല്‍ സാറിനേയാ ഏല്‍പ്പിച്ചത് : അജിത്ത് ഭവ്യതയോടെ പറഞ്ഞു.
ങാ, ഞാന്‍ കണ്ടു. അതേക്കുറിച്ച് പറയാനാ ഇപ്പോള്‍ വിളിച്ചത്. നിങ്ങള്‍ പറഞ്ഞ തോമസുകുട്ടിയെ കുറിച്ച് ഞങ്ങള്‍ ചുരുക്കത്തില്‍ അന്വേഷിച്ചു. വൈകുന്നേരം വന്ന് എസ് ഐ സാറിനെ ഒന്നു കാണണം. : ജയകൃഷ്ണന്‍ പറഞ്ഞു.
ശരി സര്‍. ഞാന്‍ വരാം.
അഞ്ചു മണിയോടെ സ്റ്റേഷന്‍റെ മുന്നില്‍ ഓട്ടോയില്‍ വന്നിറങ്ങിയ അജിത്ത് ആദ്യം സിവില്‍ പോലിസ് ഓഫിസറുടെ മുറിയിലേക്കും തുടര്‍ന്ന് എസ് ഐയുടെ മുറിയിലേക്കും നടന്നു. മഹേഷ് ചന്ദ്രന്‍, എസ്ഐ എന്ന് തൂവെള്ള നിറത്തില്‍ എഴുതിയ ബോര്‍ഡ് കടന്ന് അകത്തേയ്ക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ അവന്‍റെ ഹൃദയം പട പടാ മിടിച്ചു കൊണ്ടിരുന്നു.